ഹൗലാഅ്(റ): സുഗന്ധങ്ങളുടെ തോഴി
flowerഈ നാമമറിയാത്തവര്‍ അന്ന് മദീനയില്‍ ഉണ്ടായിരുന്നില്ല. അത്രയും സുസമ്മതയും ജനപ്രീതി നേടിയവരുമാണ് മഹതി.. അവര്‍ ഒരു വഴിയിലൂടെ നടന്നുപോയാല്‍ മതി.. ആരും നോക്കിപ്പോകും.. ശ്വാസം ആഞ്ഞുവലിച്ചെന്നുവരും.. കാരണം അത്രമാത്രം നല്ല മേത്തരം സുഗന്ധദ്രവ്യങ്ങളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. എപ്പോഴും വൃത്തിയോടെയും മാനസികോല്ലാസത്തോടെയും കഴിയുന്നത് അവര്‍ ശീലമാക്കിയിരുന്നു. മാത്രമല്ല ശുദ്ധി ഈമാനിന്റെ പാതിയാണെന്നും സുഗന്ധമുപയോഗിക്കുന്നത് അടുത്തുള്ള മാലാഖാര്‍ക്ക് സന്തോഷമാണെന്നും അവര്‍ കേട്ടിട്ടുണ്ട്.. എല്ലാറ്റിനും പുറമെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന തിരുനബി തന്നെ സുഗന്ധദ്രവ്യമുപയോഗിക്കുകയും ചെയ്യാറുണ്ട്.. അവര്‍ കുളിച്ച് വസ്ത്രം മാറ്റിയാല്‍ പിന്നെ ചിന്തിക്കുന്നത് ഇത്തരം കാര്യങ്ങളാണ്. അതിനാല്‍ ഒരു നിര്‍ബന്ധമെന്നോണം ഹൗല (റ) എപ്പോഴും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ നടന്നു... എത്രത്തോളമെന്നാല്‍ ജനങ്ങള്‍ അവരെ 'ഹൗലാഉല്‍ അത്ത്വാറ' (സുഗന്ധക്കാരി) എന്നാണ് വിളിച്ചിരുന്നത്. ജനങ്ങളെ സന്തോഷിപ്പിക്കുക എന്നതിലുപരി അല്ലാഹുവിന്റെ പ്രീതി നേടുക എന്നത് മാത്രമായിരുന്നു ഹൗലാഅ്(റ) ഇതിലൂടെ ലക്ഷീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ രാത്രി ഉറങ്ങാന്‍ പോകുമ്പോഴും അവര്‍ സുഗന്ധം ഉപയോഗിച്ചു. പുത്തന്‍ ഉടയാടകളണിഞ്ഞ് മോഡിയായിട്ടാണ് അവര്‍ കിടപ്പറയിലെത്തിയിരുന്നത്. പക്ഷേ, അവരുടെ ഭര്‍ത്താവിന് ഇത് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഭാര്യ വിരിപ്പിലേക്ക് കടന്നുവരുന്നത് കണ്ടാല്‍ തന്നെ അയാള്‍ തിരിഞ്ഞുകളയും. അങ്ങനെ ദിനങ്ങള്‍ കഴിഞ്ഞതല്ലാതെ ഭര്‍ത്താവില്‍ ഒരു മാറ്റവുമുണ്ടായില്ല. ഇത് മഹതിയെ വേദനിപ്പിച്ചു. ഞാന്‍ അല്ലാഹുവിന് വേണ്ടിയാണല്ലോ ഇത് ചെയ്യുന്നത്. പിന്നെ എന്തിന് അദ്ദേഹം എന്നെ വെറുക്കണം. ഇത് എത്രകാലം നീണ്ടുനില്‍ക്കും. അവരങ്ങനെ ചിന്തിച്ചു. ഇനിയും വൈകാന്‍ കാത്തുനിന്നുകൂടാ.. അവര്‍ ഒരു പ്രതിവിധിക്കായി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ ബിവിയെ സമീപിച്ചു. പ്രിയഉമ്മുല്‍ മുഅ്മിനീന്‍.. എനിക്ക് ഒരു പ്രത്യേക കാര്യം ചോദിക്കാനുണ്ട്. എല്ലാ ദിവസവും സുഗന്ധദ്രവ്യങ്ങള്‍ പൂശി ഒരു മണവാട്ടിയെ പോലെയാണ് ഞാന്‍ ഭര്‍ത്താവിനടുത്തേക്ക് പോവാറ്. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഞാനതിലൂടെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിന്റെ പേരില്‍ ഭര്‍ത്താവ് എന്നോട് കോപിക്കുകയാണ്. ഞാന്‍ എന്തുചെയ്യണം? അവര്‍ പറഞ്ഞു: സഹോദരീ..തിരുമേനിയോട് തന്നെ ചോദിക്കേണ്ടതാണിത്... ഇവിടത്തന്നെ നില്‍ക്കുക. അവരിപ്പോള്‍ വരും. താമസിയാതെ തിരുമേനി കടന്നുവരികയായി. ''ഹൗലാഅ് ഉണ്ടോ ഇവിടെ.. അവരുടെ വാസനയുണ്ടല്ലോ?'' അവിടന്ന് ഉറക്കെ ചോദിച്ചു. ആഇശബീവി(റ) പറഞ്ഞു: അതെ, തന്റെ ഭര്‍ത്താവിനെ കുറിച്ച ചില ആവലാതികളുമായി വന്നിട്ടുണ്ട്. ''എന്താ ഹൗലാഅ്, പ്രശ്‌നം?'' തിരുമേനി അവളോട് തന്നെ തിരക്കി. ഹൗലാഅ്(റ) ആഇശാ ബീവിയോട് പറഞ്ഞതെല്ലാം നബിതങ്ങള്‍ക്കും വിവരിച്ചുകൊടുത്തു. എല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചശേഷം തിരുമേനി പറഞ്ഞു: സഹോദരീ.. നീ വീട്ടിലേക്ക് മടങ്ങുക. ഭര്‍ത്താവിനെ അങ്ങേയറ്റം വഴിപ്പെട്ട് ജീവിക്കുക.. അതാണ് അല്ലാഹുവിന്റെ മുമ്പില്‍ നിനക്കുത്തമം. 'റസൂലേ.. എങ്കിലെനിക്ക് പ്രതിഫലമുണ്ടാകുമോ?' ഹൗലാഅ് ചോദിച്ചു. തിരുമേനി പറഞ്ഞു: ഹൗലാ.. ഒരു ഭാര്യ ഭര്‍ത്താവുമൊത്ത് ജീവിക്കുമ്പോള്‍ ഒരുപാട് കടമകള്‍ പാലിക്കേണ്ടതുണ്ട്. അവന്‍ ക്ഷണിക്കുന്ന പക്ഷം-ഒട്ടകപ്പുറത്തായാലും ശരി-പിന്തിരിഞ്ഞുനില്‍ക്കാന്‍ പാടില്ല. ഒരിക്കലും അവനോട് സമ്മതം ചോദിച്ചിട്ടല്ലാതെ (സുന്നത്തായ) നോമ്പനുഷ്ഠിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം അവള്‍ കുറ്റക്കാരിയാകുന്നതും... ആ ആരാധന തള്ളപ്പെടുന്നതുമാണ്. പിന്നെ, തന്റെ ഭര്‍ത്താവിന്റെ അനുമതി ലഭിക്കാതെ വീട്ടില്‍നിന്നു ഒരു സാധനവും മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ല.. വീട്ടില്‍നിന്ന് പുറത്തിറങ്ങാനും പാടില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ തൗബ ചെയ്ത് മടങ്ങുന്നതുവരെ അവളുടെമേല്‍ അല്ലാഹുവിന്റെയും മലാഇകതിന്റെയും ശാപമിറങ്ങുന്നതാണ്. ''റസൂലേ..! ഭര്‍ത്താവ് അക്രമിയാണെങ്കിലോ?'' ഹൗലാഅ്(റ) തിരക്കി. ''അക്രമിയാണെങ്കിലും ശരി.. അവനെ വഴിപ്പെടണം.'' തിരുമേനി ഗൗരവത്തോടെ പറഞ്ഞു. ''അപ്പോള്‍.. ഞാന്‍ ഭര്‍ത്താവിനെ അംഗീകരിച്ചാല്‍ പ്രതിഫലമെന്തായിരിക്കും'' തിരുമേനി പറഞ്ഞു: സഹോദരീ.. ആരെങ്കിലുമൊരാള്‍ തന്റെ ഭര്‍ത്താവിന് വേണ്ടപോലെ വഴിപ്പെടുകയും അവനുമായുള്ള കടപ്പാടുകള്‍ വീട്ടുകയും ശരീരത്തിലോ സമ്പത്തിലൊ വഞ്ചന നടത്താതെ അവന്റെ നന്മകള്‍ മാത്രം പറയുകയും ചെയ്താല്‍ നാളെ സ്വര്‍ഗത്തില്‍ രക്തസാക്ഷികളുടെ തൊട്ടടുത്ത സ്ഥാനമായിരിക്കും അവര്‍ക്ക്.. ഭര്‍ത്താവ് സദ്‌വൃത്തനാണെങ്കില്‍ അവന്‍ തന്നെയായിരിക്കും സ്വര്‍ഗത്തിലും ഭര്‍ത്താവ്. അതല്ലയെങ്കില്‍ രക്തസാക്ഷികളില്‍ നിന്നും ഒരാളെ അല്ലാഹു തെരഞ്ഞെടുത്തു നല്‍കുന്നതാണ്. ഹൗലാഅ്(റ) ശാന്തയായി. പിന്നെ ചിന്താമഗ്‌നയായി വീട്ടിലേക്കു തന്നെ ഇറങ്ങിനടന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter