കൊറോണയുടെ മറവിൽ വിദ്യാഭ്യാസ രംഗത്തിന് വർഗീയ നിറം നൽകുന്നു
ലോകത്തുടനീളം മനുഷ്യരുടെ കണക്കു കൂട്ടൽ തെറ്റിച്ചുകൊണ്ട് കൊറോണ വൈറസ് താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുമ്പോഴും ഈ അവസരത്തെ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ഉപയോഗപ്പെടുത്തുകയാണ് ചില രാജ്യങ്ങളിലെ ഭരണാധികാരികൾ.

തുറന്ന ചർച്ചയോടും വൈവിധ്യങ്ങളോടുമുള്ള സഹിഷ്ണുതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അമേരിക്കയിൽ നടക്കുന്നതെങ്കിൽ മതേതരത്വ, ജനാധിപത്യ കാഴ്ചപ്പാടുകളുടെ അടിവേരിളക്കാനുള്ള പദ്ധതികളാണ് തിരക്കിട്ട് ഇന്ത്യയിൽ നടപ്പിൽ വരുത്തുന്നത്.

ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തെ ചൂണ്ടി കൊറോണ വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്തം മുസ്‌ലിം സമുദായത്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം നടത്തിയതിനു പിന്നാലെ വിദ്യാർത്ഥികളുടെ സിലബസ് ഭാരം കുറക്കാനെന്ന പേരിൽ ഇന്ത്യൻ ദേശീയത, ജനാധിപത്യം എന്നിവ സംബന്ധിച്ചുള്ള പാഠ ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുകയാണ് കേന്ദ്രസർക്കാർ. ഫെഡറൽ സംവിധാനം, പൗരത്വം ദേശീയത, മതേതരത്വം മനുഷ്യാവകാശങ്ങൾ, നിയമ സഹായം, പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.

തങ്ങളുടെ അജണ്ട നടപ്പിലാക്കാനായി വർഗീയശക്തികൾ ഉന്നമിടുന്ന പ്രധാന മേഖല വിദ്യാഭ്യാസമാണ്. ഇടതുപക്ഷം കാലങ്ങളായി വിദ്യാഭ്യാസരംഗം തങ്ങളുടെ അജണ്ടകൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവരുടെ ആരോപണം. അതിനാൽ മാർക്സ്, മക്കൂലെ, മുഹമ്മദ് നബി എന്നിവരുടെ സ്വാധീനങ്ങൾ വിദ്യാഭ്യാസ രംഗത്ത് നിന്ന് പാടെ നിഷ്കാസനം ചെയ്ത് അവ ഇന്ത്യൻ വൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണവരുടെ ഭാഷ്യം.

ഇത്തരമൊരു ശ്രമം തുടങ്ങിയത് 1998 ൽ ബിജെപി അധികാരത്തിൽ എത്തിയപ്പോയാണ്. മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷിയുടെ കീഴിൽ വിദ്യാഭ്യാസം കാവി വൽക്കരിക്കാനായി സാമൂഹിക ശാസ്ത്രത്തെയായിരുന്നു അവർ ലക്ഷ്യമിട്ടത്. സാമൂഹിക ശാസ്ത്രത്തിലൂടെ ജ്യോതിഷം, പൗരോഹിത്യം, ജാതി സമ്പ്രദായം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങൾ അവർ കൂട്ടിച്ചേർത്തു.

2004 കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയപ്പോൾ വിദ്യാഭ്യാസ കാവിവൽക്കരണം കുറെയൊക്കെ എടുത്തുകളഞ്ഞിരുന്നു. എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതോടെ പഴയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തി. തങ്ങളുടെ ഹിന്ദുത്വ അജണ്ടയോട് അനുകൂലമായ രീതിയിൽ ടെക്സ്റ്റ് ബുക്കുകൾ തയ്യാറാക്കുവാനാണ് മാനവവിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം. അതിന്റെ ഭാഗമായി പാഠഭാഗങ്ങളിലെ ഇംഗ്ലീഷ്, ഉറുദു വാക്കുകൾ നീക്കം ചെയ്യാൻ ശക്തമായ സമ്മർദ്ദമുണ്ട്.

രവീന്ദ്രനാഥ ടാഗോറിന്റെ ദേശീയതയെ കുറിച്ചുള്ള ചിന്തകൾ, എം എഫ് ഹുസൈന്റെ ആത്മകഥയിലെ ഭാഗങ്ങൾ, മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ചരിത്രം, ബിജെപി ഹൈന്ദവ പാർട്ടിയാണെന്ന പരാമർശം, 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ ഖേദപ്രകടനം, 2002ലെ ഗുജറാത്ത് വംശഹത്യ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നീക്കം ചെയ്തിരിക്കുകയാണ്. സംഘപരിവാര ആശയങ്ങളുടെ ഈ ഒളിച്ചു കടത്തലിനെ വിദ്യാഭ്യാസത്തിൻറെ ഭാരത് വൽക്കരണം എന്നാണ് അവർ ഓമനപ്പേരിട്ട് വിളിക്കുന്നത്.

ഈ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനായി ആർഎസ്എസ്എസ് കൂടുതൽ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നത്. ആർഎസ്എസ് പ്രചാരകൻ ദിനനാഥ് ബത്ര ഇതിനായി ശിക്ഷ ബച്ചാവോ അഭിയാൻ സമിതി എന്ന പേരിൽ ഒരു സംഘടന തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ഹിന്ദുത്വ ആശയങ്ങളോട് സമരസപ്പെടാത്ത പുസ്തകങ്ങൾ നീക്കം ചെയ്യാൻ ഈ സംഘടന വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ വലിയ സമ്മർദമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നത്.

വെൻഡി ഡോണിഗർ രചിച്ച 'ഹിന്ദൂസ് 'എന്ന ഗ്രന്ഥം പിൻവലിക്കാനായി കടുത്ത സമ്മർദ്ദം നേരിട്ടത് വിവരിക്കുന്നുണ്ട് ഒരു പ്രമുഖ പ്രസിദ്ധീകരണ ശാലയിലെ അംഗം. പുരാതന ഇന്ത്യയെ ദലിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും കണ്ണിലൂടെ ചിത്രീകരിക്കുന്ന രചനയാണിത്.

സ്കൂൾ സിലബസിനായി ഒമ്പത് പുസ്തകങ്ങൾ ബത്ര തയ്യാർ ചെയ്തിട്ടുണ്ട്. ഇതിൽ ചിലത് ഗുജറാത്തി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ഗുജറാത്തിലെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ദേശീയത, മതേതരത്വം, മനുഷ്യാവകാശം എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കിയത് ഈ കാവിവത്ക്കരണത്തിന്റെ തുടർച്ചയായിട്ടാണ് മനസ്സിലാക്കാനാവുന്നത്. സമീപകാലത്തായി ഹിന്ദുത്വ ശക്തികൾക്ക് ഏറെ തലവേദന സൃഷ്ടിച്ച ഭാഗങ്ങളാണിത്. മതേതരത്വമാണ് അവരുടെ പ്രധാന വെല്ലുവിളി, 2015 ൽ റിപ്പബ്ലിക് ദിനത്തിന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഒരു പരസ്യത്തിൽ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കി കളഞ്ഞത് അവരുടെ ഉദ്ദേശം വ്യക്തമാക്കുന്നുണ്ട്. രാമ ക്ഷേത്ര മൂവ്മെന്റ് സജീവമായ കഴിഞ്ഞ പതിറ്റാണ്ടിൽ ഭരണഘടനയുടെ മതേതരത്വ മൂല്യങ്ങളെ നിരന്തരമായി വിമർശനത്തിന് വിധേയമാക്കിയിരുന്നു അവർ. ഇക്കാരണം കൊണ്ട് തന്നെ നിരവധി ബിജെപി നേതാക്കൾ ഭരണഘടനയുടെ ഭേദഗതിക്കായി നിരന്തരം മുറവിളി കൂട്ടുന്നുണ്ട്.

മതേതരത്വം ഇന്ത്യൻ ദേശീയതയുടെ ഭാഗമാണ്. എന്നാൽ മത ദേശീയതയുടെ മറവിൽ മതേതര ആശയങ്ങളുമായി പ്രവർത്തിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ ഹിന്ദുത്വ ശക്തികൾ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. വിവിധ മതവിഭാഗങ്ങൾ ഒന്നിച്ചണിനിരന്ന അധിനിവേശ വിരുദ്ധ പോരാട്ടം ഇന്ത്യൻ ദേശീയതയുടെ ആത്മാവിൽ മായാതെ കിടപ്പുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദു, മുസ്‌ലിം ജനത തോളോടുതോളുരുമ്മി പോരാടി രാജ്യത്തെ സ്വതന്ത്രമാക്കിയതിനാൽ ഇന്ത്യൻ ദേശീയത രൂപപ്പെടുത്തുന്നതിൽ എല്ലാ മതക്കാരും നിർണായക വഹിച്ചിട്ടുണ്ടെന്ന് അർത്ഥ ശങ്കയില്ലാതെ പറയാനാവും. ഇന്ത്യയിൽ എല്ലാവരും തുല്യ പൗരന്മാരാണ്. എല്ലാവരെയും തുല്യമായി കാണാത്തതിനാലാണ് ഈ തുല്യ പൗരത്വം സംബന്ധിച്ചുള്ള പാഠഭാഗങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത്. ഇന്ത്യൻ ഭരണ, രാഷ്ട്രീയ, ഘടനയുടെ ആണിക്കല്ലാണ് ഇന്ത്യൻ ഫെഡറലിസം. ഏകാധിപത്യ പ്രവണതകൾ സർക്കാർ അടിച്ചേൽപ്പിക്കുന്നതിനാൽ ഫെഡറലിസം സംബന്ധിച്ചുള്ള പാഠഭാഗങ്ങളും നീക്കിയിരിക്കുകയാണ്. അധികാരവികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. നഗരം ഗ്രാമം, സംസ്ഥാനം, കേന്ദ്രം തുടങ്ങി സമൂഹത്തിന്റെ താഴെ തട്ടിലേക്കടക്കം അധികാരം എത്തുമ്പോൾ മാത്രമേ ജനാധിപത്യത്തിന്റെ അർഥം പൂർണമാവുകയുള്ളൂ. ഇത് തടയാനാണ് സ്വയം ഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയിരിക്കുന്നത്.

ഈ ഒഴിവാക്കലുകളിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടത് മനുഷ്യാവകാശത്തെ സംബന്ധിച്ചുള്ള പാഠങ്ങൾ നീക്കം ചെയ്തതാണ്. കാരണം അവ മനുഷ്യന്റെ അന്തസ്സുമായി ബന്ധപ്പെട്ടുള്ളതാണ്. മാത്രമല്ല അതിന് അന്താരാഷ്ട്ര മാനങ്ങളും ഉണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം സംബന്ധിച്ച നിരവധി ഉടമ്പടികളിൽ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. ആ ഉടമ്പടികളെല്ലാം പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥവുമാണ്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയത് അവകാശങ്ങൾ ചില ഉന്നത വർഗ്ഗത്തിനും കർത്തവ്യങ്ങൾ മറ്റുള്ളവർക്കും എന്ന രീതിയിൽ മാറ്റം വരുത്താനാണ്.

ചുരുക്കത്തിൽ കൊറോണ ജനങ്ങളുടെ ജീവൻ പന്താടുന്ന സന്ദർഭത്തിൽ ഗൂഢമായി തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ സംഘപരിവാരം. ഇവ യാഥാർഥ്യമാകുന്നതോടെ മഹാഭാരതം, രാമായണം തുടങ്ങിയ ഐതിഹ്യങ്ങൾ ചരിത്രമായിരുന്നു എന്ന് നമ്മുടെ കുട്ടികൾ പഠിക്കേണ്ടിവരും. പുരാതനകാലം മുതൽ തന്നെ ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി, ഗോള ശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയവ ഉണ്ടായിരുന്നു എന്ന നിരർത്ഥകമായ വാദങ്ങളും ഇതിൽ കടന്നു വരാവുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter