ദുരിതാശ്വാസ പ്രവര്‍ത്തനവും ബലിപെരുന്നാളും

ബലിപെരുന്നാളിനറുക്കുന്ന ബലിയുരുക്കുകളുടെ എണ്ണം കുറച്ചും / ഈ വര്‍ഷം ബലിയറുക്കല്‍ നിര്‍ത്തിവെച്ചും പുതിയ വസ്ത്രങ്ങളും മുന്തിയയിനം ഭക്ഷണങ്ങളും വാങ്ങുന്നത് ഒഴിവാക്കിക്കൊണ്ടും പണം മിച്ചമുണ്ടാക്കി പ്രളയബാധിതരെ സഹായിക്കണമെന്ന ആഹ്വാനങ്ങള്‍ ഇടതടവില്ലാതെ എന്റെ ഫോണിലും എത്തുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇത്തരം കുറിപ്പുകള്‍  അങ്ങേയറ്റം സക്രിയകരവും കുറിപ്പുകാര്‍ തികഞ്ഞ മനുഷ്യസ്‌നേഹികളുമായതിനാല്‍ ഇസ്ലാമിന്റെ ആത്മപക്ഷം അനാവരണം ചെയ്യുന്ന  ഹൃസ്വമായ ഒരു വിശദീകരണത്തിന് ശ്രമിക്കുകയാണ്. 

കൂടെ , രണ്ട് വര്‍ഷം മുമ്പ് ഗസ്സയിലെ കുഞ്ഞുങ്ങളോടൊപ്പം എന്ന് ഹാഷ്ടാഗിട്ട് ചെറിയപെരുന്നാള്‍ നിര്‍ത്തിവെക്കാന്‍ ആഹ്വാനം ചെയ്തതിന്റെ തുടര്‍ച്ചയൊരു ട്രെന്റായി  സ്പിരിച്വല്‍ഇസ്ലാം തൊപ്പിവെച്ച ഗാന്ധിസമായി പരിണമിക്കുന്ന കാലത്ത് ഒന്നാമത്തേത്  രണ്ടാമത്തേതാവുന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ടതുമാണ്.

ഒന്ന്: ഇസ്ലാം ഒരു സര്‍ഗാത്മക വിശ്വാസമായതിനാലാവണം അതിന്റെ മര്‍മ്മസ്ഥലികളെ സ്പര്‍ശിച്ച് നില്‍ക്കുന്ന ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന്റെ നിര്‍വ്വഹണത്തില്‍ സാന്ദര്‍ഭികവും സാഹചര്യാനുസാരിയുമായി ഗതിമാറ്റം വരുത്തിക്കൂടേ എന്ന് ചിലര്‍ ചിന്തിക്കുന്നത്. ഭിന്നാഭിപ്രായങ്ങളുടെ അന്തര്‍ധാരകളിലൂടെ ശരികളുടെ ഏകത സംവിധാനിക്കപ്പെട്ട കര്‍മ്മശാസ്ത്രമാണ് ഇസ്ലാമിന്റേത്. 

ഭാവനാത്മകത, കലാചാരുതി, ആവിശ്ക്കരണഭംഗി തുടങ്ങിയവ കര്‍മ്മശാസ്ത്രത്തിനഴകായ രീതികള്‍ അധികം ചര്‍ച്ചയാകാറില്ലെന്ന് മാത്രം. ഭിന്നാഭിപ്രായങ്ങളെ അഭിപ്രായഭിന്നതകളാക്കി തമ്മില്‍ തല്ലാന്‍ പഴുതുണ്ടാക്കാനാണ്  സമയം ഏറെയെടുക്കുന്നത്. 

ഇതേ സീസണില്‍ ഹൈന്ദവസമൂഹം എന്ന ദേശീയഗാത്രത്തില്‍ നടക്കുന്ന ഓണാഘോഷം നിര്‍ത്തലാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടണമെന്ന് ഒരാഹ്വാനവും കണ്ടിട്ടില്ല. പാവങ്ങളുടെ തൊഴുത്തില്‍ പിറന്ന നക്ഷത്രങ്ങളുടെ രാജകുമാരനായ യേശുക്രിസ്തുവിന്റെ പിറന്നാളായി ആധുനിക ലോകം ആഘോഷിക്കുന്ന ക്രിസ്തുമസിനും അങ്ങനെ ആഘോഷം കുറച്ച് സഹായം വര്‍ദ്ധിപ്പിക്കുന്നമെന്ന ആഹ്വാനം കാണാറില്ലല്ലോ. പരസഹായം മതത്തിന്റെ ജീവനോളം പ്രധാനപ്പെട്ടതായതിനാല്‍ മുസ്ലിംകളിലെ ഒരു വിഭാഗം മേല്‍പ്പറഞ്ഞത് പോലെ ചിന്തിച്ചതിനെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം.

രണ്ട് : പക്ഷെ, പരസ്പരവിരുദ്ധങ്ങളല്ലാത്ത, എന്നാല്‍ പരസ്പരസഹായകങ്ങളായ  രണ്ട്കാര്യങ്ങള്‍ക്കിടയില്‍ - ബക്രീദും ജീവകാരുണ്യവും - സെമിപാരഡോക്‌സി ഉണ്ടെന്നാക്കുന്ന ഒരു വൃഥാവേല മുകളിലെ അഭിപ്രായത്തില്‍ ഉണ്ടെന്ന് പറയാതെ വയ്യ. അത് ദുരുദ്ദേശ്യപരമല്ല, ധാരണപ്പിശകാണ്.

അതായത്, ഇത്തരം കുറിപ്പുകാര്‍ പൊതുവേ ഇസ്ലാമിക് ജുറിഡിസ്‌പെന്‍സിയെ അത്ര ഗൗരവത്തില്‍ കാണാത്ത ഇസ്ലാം അനുഭാവികളാണധികവും. സ്വന്തം മഹല്ലുകളില്‍ പേര് വെട്ടാതിരിക്കാന്‍ വേണ്ട മിനിമം  ലൈനിലാണ് അവരുടെ ട്രഡീഷന്‍. ബലിയറുക്കുകയോ അതിന് കാഷിറക്കുകയോ ചെയ്യാതെ അതിന്റെ രാഷ്ട്രീയവും സാംസ്‌ക്കാരികതയും ആലോചിക്കുന്ന സ്‌പെക്ടാറ്റിക് ജനുസ്.

അത്‌കൊണ്ട് അവര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ലെന്ന ഇസ്ലാമിലെ 'സവര്‍ണ്ണബോധമല്ല' ഈ പറയുന്നത്. പ്രത്യുത, ആ ധാരണപ്പിശക് രൂപപ്പെടുന്ന പശ്ചാത്തലം സൂചിപ്പിച്ചതാണ്. 

പരലോക പ്രതിഫലം അതിയായി കാംക്ഷിക്കുന്ന തികഞ്ഞ വിശ്വാസികളാണ് പൊതുവേ ബലിയറുക്കാനും ഇറക്കാനുമൊക്കെ മുമ്പന്തിയില്‍ ഉണ്ടാവുന്നത്. അവര്‍ അതേ പ്രാധാന്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇടപെടുന്നവരാണ് . രണ്ട് കര്‍മ്മങ്ങളേയും ഒരേ പ്രേരണയാല്‍ ഉദ്ധേശ്യപ്പെടുത്തുന്ന വിഭാഗമാണത്. ഒന്ന് മറ്റൊന്നിന് പ്രചോദനമാവുന്ന രൂപത്തില്‍ മതവിശ്വാസത്തെ രാഷ്ട്രീയമുക്തമായി കൊണ്ട് നടക്കുന്ന ഒരു ജനതയെ അഭിസംബോധന ചെയ്ത്‌കൊണ്ട് ഇപ്പോള്‍ ഇങ്ങനെ പ്രസ്താവനകള്‍ ഇറക്കുന്നത് അപ്രായോഗികമാണ്, അനാവശ്യവും. 

ഇനി, അങ്ങനെയൊരു പണം മിച്ചം വരാനും പോവുന്നില്ല. ഓരോ മേഖലയിലേക്കും പണം വകതിരിക്കുന്ന പൊതുബോധങ്ങള്‍ വ്യത്യസ്തമാണ്. ബലിയുടെ പോത്തുകളുടെ പണം ടോട്ടല്‍ ചെയ്ത് അത്രയും പണം പാവങ്ങള്‍ക്ക് കൊടുത്താല്‍ അമ്പമ്പോ പുണ്യം കിട്ടില്ലേ എന്ന് ചോദിക്കുന്നത് പ്രായോഗിക ധനശാസ്ത്രത്തിന്റെ വട്ടപ്പൂജ്യത്തിലിരുന്നു കൊണ്ടാണ്. 

'നിങ്ങള്‍ക്ക് ഭക്ഷണം കുറച്ച് മിച്ചം വരുന്ന കാഷ് കൊണ്ട് കാറ് വാങ്ങിക്കൂടേ ചങ്ങാതിമാരേ' എന്ന ലോജിക്കിന്റെ പാരലല്‍ ആണത്. ഭക്ഷണം പകുതിക്ക് നിര്‍ത്താന്‍ ത്യാഗമനസുള്ളവന്‍ അത്ര റിസ്‌ക്കെടുത്ത് കാറില്‍ സഞ്ചരിക്കാന്‍ ആഗ്രഹം കാണിക്കില്ലല്ലോ. 

ധനവിനിയോഗ പൊതുബോധം എന്ന റിയാലിറ്റിയെ കേവലം അക്ഷരപൂജ കൊണ്ട് കടഞ്ഞെടുത്ത സങ്കല്‍പ്പം കൊണ്ട് മാറ്റാനാവില്ല, മാറ്റേണ്ടതുമില്ല.


കേരളത്തിലങ്ങോളമിങ്ങോളം മുസ്ലിം സംഘടനകളും സമ്പന്നരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാല്‍സര്യ ബുദ്ധിയോടെ വ്യാപൃതരാണ്. ഇതൊക്കെ - മിക്കതും - മുസ്ലിം പൊതുജനങ്ങളില്‍ നിന്ന് കളക്ട് ചെയ്യുന്നതാണ് താനും. 

അവിടെ കയറിച്ചെന്ന്  'നിങ്ങളാപ്പോത്തിന് കണക്കാക്കിയ പണം കൂടി ഇങ്ങെടുക്കൂ ' എന്ന് പറഞ്ഞാല്‍ 'അറവുംവെട്ടും' വര്‍ദ്ധിക്കുക മാത്രമേയുള്ളൂ .
ഓരോന്നിനും കൊടുക്കേണ്ട മെറിറ്റല്‍ വാല്യുവിനെ കുറിച്ച് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകള്‍ക്കും മികച്ച ധാരണയുണ്ട് . വോട്ട് രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ സംഘടനാ ധാരാളിത്തം അനുഗ്രഹം കൂടിയാണെന്ന് ഇത്തരം സാഹചര്യം വിളിച്ചറിയിക്കുന്നു. ഹറമുകളില്‍ , മെഡിക്കോളേജുകളില്‍ , ദുരന്തമുഖങ്ങളില്‍ ....സംഘടനാ മാല്‍സര്യം ഗുണകരമായി ഭവിക്കുന്നത് കാണാതിരുന്നു കൂടാ.

മറ്റൊന്ന് , പതിനായിരങ്ങള്‍ മുടക്കി 'ഉളുഹിയ്യത്' അറുക്കുന്നവര്‍ തന്നെയാണ് ലക്ഷങ്ങള്‍ ദുരിതാശ്വാസങ്ങള്‍ക്ക് നല്‍ക്കുന്നത്. ബലികര്‍മ്മത്തെ നിരുല്‍സാഹപ്പെടുത്തി അപ്‌ഡേഷന് ശ്രമിക്കുന്നവരുടെ വലിയ സേവനം ദാനം നല്‍കുന്ന സെല്‍ഫിക്ക് ചുവട്ടിലെ ലൈക്കും ഷയറുമാണ് പലപ്പോഴും.

മാത്രമല്ല, ബലിദാനം വകമാറ്റി അന്നദാനമാക്കല്‍ മാത്രമല്ല രാഷ്ട്രീയം. പ്രളയഭൂമിയില്‍ പോലും മുസ്ലിംകള്‍ ജലദേവതയെ വാട്ടര്‍ജിഹാദില്‍ കുടുക്കുന്നുവെന്ന അവിശ്വസിനീയ പോഴത്തവുമായി രംഗത്തെത്തിയവര്‍ കേരളത്തിന് പുറത്ത് ഗോ സംരക്ഷകരായി ചെയ്യുന്ന ക്രൂരതകള്‍ എത്ര മാരകമാണ്. ആടുമാടുകളെ കശാപ്പുന്നത് വധശിക്ഷാര്‍ഹമാണെന്ന് ജല്‍പ്പിക്കപ്പെടുന്ന ഒരു സാഹചര്യത്തോടുള്ള പ്രതിഷേധം കൂടിയാണ് ബലിയറുക്കല്‍ എന്ന രാഷ്ട്രീയം. ബീഫ് വരട്ടല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായിട്ട് കുറച്ചായില്ലേ.

മൂന്ന് : ഈ ഭാഗമാണ് പ്രധാനം .നോക്കിന്‍, പടച്ചവനോടുള്ളതും പടപ്പുകളോടുള്ളതും എന്നീ ദ്വിമാനങ്ങള്‍ ഇസ്ലാമിലുണ്ട്. ജനസേവനത്തേക്കാള്‍ വലിയ ദൈവികപ്രീതിയില്ല എന്ന ഒരു ജുംല കൊണ്ട് പാലമിട്ടൊന്നാക്കാനാവില്ല ആ രണ്ടിനെ. ഗാന്ധിസം പിന്നെന്തായാലാണ് ഇസ്ലാമാവുക എന്ന അജ്ഞതയാണ് പല ദേശീയ ഇസ്ലാമിസ്റ്റുകളും നേരിടുന്ന ഏറ്റവും വലിയ ഇരുട്ട് . ബലിദാനവും പെരുന്നാള്‍ ഭക്തിയും അല്ലാഹുവിനുള്ളതാണ്, ഇറച്ചി പാവങ്ങള്‍ക്കും അറവിന്റെ പ്രേരണ അല്ലാഹുവിനും എന്ന അര്‍ത്ഥത്തില്‍. (സൗദിയില്‍ ഹജ്ജിന്റെ പ്രായശ്ചിത്തമായും ബലിയായും അറുക്കപ്പെടുന്ന 'ദശലക്ഷക്കണക്കിന് ' മൃഗങ്ങളുടെ മാംസമാണ് ആഫ്രിക്കയില്‍ മാസങ്ങളോളം അന്നം). ഇത് മനസ്സിലാക്കിയാലും .

മനസ് മാത്രമല്ല ,അതിലെ വികാരങ്ങള്‍ സൃഷ്ടിച്ചതും ബലികര്‍മ്മം പുണ്യമാക്കിയ ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹുവാണ്. ആ വികാരങ്ങളില്‍ ഏറ്റവും സാന്ദ്രമായതില്‍ പെട്ടതാണ് അലിവ്, കൃപ, ദയ, ദീനാനുകമ്പ എന്നിവ. ഇംഗ്ലീഷിലെ pitty എന്ന വാക്കാണ് അവിടെ സമഗ്രം.

അത്തരം വികാരങ്ങള്‍ ഉണരുന്നത് കൊണ്ടാണ് ബലിയറുക്കുമ്പോഴും അല്ലാതെയറുക്കുമ്പോഴും 'അയ്യോപാവം' തോന്നുന്നത്. അവിടെയാണ് എന്താണ് ഇസ്ലാം എന്ന് പഠിക്കേണ്ടി വരുന്നത്. 

ആ തോന്നിയ കൃപാവികാരം പോലും അല്ലാഹുവിന് വേണ്ടി മാറ്റിവെക്കുകയാണ് വിശ്വാസം. അതാണ് ബലികര്‍മ്മത്തിന്റെ ആത്മാവ്. കാരണം ആ തോന്നിയ 'അയ്യോപാവം' അല്ലാഹു തന്ന തോന്നലാണ്. അത് അവന് തന്നെ തിരിച്ച് നല്‍കുകയാണവിടെ. 

ആളുകള്‍ക്ക് സമ്പത്തും സമയവുമൊക്കെ അല്ലാഹുവിന് നല്‍കാന്‍ കഴിഞ്ഞേക്കാം. ചില ഘനവികാരങ്ങളും അവന്റെ മാര്‍ഗത്തില്‍ തിരിച്ചുവിടാനായേക്കാം, ഇഷ്ടവും ദേഷ്യവും ഒക്കെപ്പോലെ. പക്ഷെ നിര്‍മ്മല വികാരമായ അലിവ് അവന് വേണ്ടി ഗതിമാറ്റണമെങ്കില്‍ ചില്ലറ വിശ്വാസബലം പോരാ. അതിനാലാണല്ലോ അല്ലാഹുവിന്റെ ചങ്ങാത്തം നല്‍കപ്പെടാനുള്ള യോഗ്യതക്ക് ഇബ്‌റാഹീം പ്രവാചകനോട് അ പുത്രനെ അറുക്കാന്‍ കല്‍പ്പന വന്നത്. കാരുണ്യപ്രഹര്‍ഷം എന്ന് ഖുര്‍ആന്‍ തന്നെ വാഴ്ത്തിയ അന്ത്യപ്രവാചകന്‍ ചെയ്തയേക ഹജ്ജില്‍ 63 മൃഗങ്ങളെ സ്വന്തം കരങ്ങള്‍ കൊണ്ട് അറുത്തുമുറിച്ചിട്ടുണ്ട്. തന്റെ വക നൂറ് തികക്കാന്‍ ബാക്കി 37 ജാമാതാവ് അലിബിന്‍ അബീത്വാലിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നും സമൂഹത്തില്‍ നല്ല ദാരിദ്രവും ഒട്ടകത്തിനും ആടിനും പൊന്നും വിലയും ഉണ്ടായിരുന്നു. 

അത് വിശ്വാസത്തില്‍ ക്രൂരതയല്ല, കാരുണ്യമാണ്. കാരണം സ്വാഭാവികമായി നാശമടഞ്ഞു പോവുന്ന മൃഗങ്ങള്‍ മൃഗങ്ങള്‍ മാത്രമാണ്. ബലിയുരുക്കള്‍ സ്വര്‍ഗത്തിലെ വാഹനങ്ങളും. 

പറഞ്ഞുവന്നത്, ബലിയറുക്കുമ്പോള്‍ നടക്കുന്ന വൈകാരിക വിശ്ശേഷണവും പാവങ്ങള്‍ക്ക് ദാനം നല്‍കുമ്പോള്‍ തോന്നുന്ന വൈകാരികയുണര്‍വ്വും രണ്ടും രണ്ടാണ്. ഒന്നാമത്തേതില്‍ വിശ്വാസി അല്ലാഹുവിന് വേണ്ടി മാത്രം മരവിക്കുന്നു. കാണാനാവാതെ കണ്ണുചിമ്മിപ്പോവുമ്പോഴും തക്ബീര്‍ ചൊല്ലി മൃഗത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നു. വിശ്വാസം ഏറ്റവും മുഗ്ധമാവുന്ന സമയമാണത്. ഒരു പക്ഷെ ജീവിതകാലം മുഴുവന്‍ അല്ലാഹുവിനായി മാറാന്‍ പ്രേരിപ്പിച്ചേക്കാവുന്ന അനുരണനങ്ങള്‍.

രണ്ടാമത്തേത് ആനന്ദമാണ്. മറ്റുള്ളവര്‍ക്കിടയില്‍ പോരിമ കൊള്ളാനും അവസരമുള്ള ഉല്ലാസക്രിയ. അപ്പോള്‍ പിന്നെ ഒന്നാമത്തേത് നിര്‍ത്തിവെച്ച് രണ്ടാമത്തേത് മാത്രം മതി എന്ന് പറയുന്നവര്‍ക്ക് എന്താണ് ഇസ്ലാം എന്ന് മനസിലായിട്ടില്ല എന്ന് പറയേണ്ടി വരും.

'ഇരകളോട്' ഐക്യദാര്‍ഡ്യപ്പെട്ട് പുതുവസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നവര്‍ ചെയ്യുന്നതും മറ്റൊന്നല്ല. 'ഇര' കള്‍ ഇസ്ലാമില്‍ ഇല്ല. കാരണം അല്ലാഹു 'വേട്ടക്കാരന്‍' അല്ല. മറിച്ച് പരീക്ഷിക്കപ്പെട്ടവരേയുള്ളൂ. ആത്യന്തികപ്രതിഫലം ഏറെ ലഭിക്കുന്നവരെങ്ങനെ ഇരകളാവും ?

മരണപ്പെട്ടവരെച്ചൊല്ലി കരിങ്കൊടി നാട്ടുന്നത് ഇസ്ലാമില്‍ അഹിതകരമാണ്. 'കറാഹത് ' എന്ന സാങ്കേതിക പദത്തിന്റെ അര്‍ത്ഥം അല്ലാഹുവും അവന്റെ ദൂതനും വെറുത്തത് എന്നാണ്. 

'ദൈവികവിധിക്കെതിരായ പ്രതിഷേധം ' ആ കരിങ്കൊടിയില്‍ വരുന്നുവെന്ന ന്യായത്തിലാണ് കണ്ടവര്‍ ' കറാഹത് ' കണ്ടെത്തിയത്. 

പ്രത്യക്ഷത്തില്‍ സങ്കടവികാരങ്ങള്‍ ജനിക്കുമ്പോഴും അല്ലാഹു സ്ഥാപിച്ച സന്തോഷമുഹൂര്‍ത്തത്തെ ഹൃദ്യാ കണ്ടെത്തലാണ് ബലിപെരുന്നാള്‍. ബാഹ്യലോകം സന്തുഷ്ടമായാല്‍ മാത്രമേ പെരുന്നാള്‍ പാടുള്ളൂ എന്ന ശാഠ്യമനുസരിച്ച് ഈദിന്റെ ആത്മാവ് അന്യമാണ്. അല്ലാഹുവിന് വേണ്ടി ആനന്ദവസ്ത്രമണിയമന്ന്, വിശേഷ രുചികള്‍ നുണയണമന്ന്. കാരണം മാനുഷിക മണ്ഡലങ്ങളെ നോക്കിയല്ല ഇസ്ലാമിലെ പെരുന്നാള്‍ നിലകൊള്ളുന്നത്. 

ഒരുദാഹരണം കൂടിയാവാം,
ജീവിതത്തില്‍ ഒരിക്കല്‍ പോലും കുളിക്കാത്ത, സുഗന്ധം തൊടാത്ത, നഗ്‌നത മറക്കാത്ത ഒരാള്‍ മരണപ്പെട്ടാലും കുളിപ്പിച്ച് മൂന്ന് തുണിയില്‍ ആവരണം ചെയ്ത് അത്തറില്‍ കുളിപ്പിച്ച് അവനെ രാജാവിനെപ്പോലെ തോളിലേറ്റി ആനയിക്കുകയാണ് വിശ്വാസികള്‍. പ്രത്യക്ഷത്തില്‍ മണ്ണിലേക്ക് പോവുന്ന ദു:ഖസന്ദര്‍ഭത്തില്‍ എന്തിനീ ആര്‍ഭാഢവും കൊണ്ട് നടത്തവും എന്ന് ചോദിക്കാം . പക്ഷെ അത് മതകല്‍പ്പനയാണ്. മൃതദേഹത്തോടുള്ള മനസാക്ഷിയുടെ ബാധ്യത എന്നാണ് നിരീശ്വരര്‍ അതിനെക്കുറിച്ച്  പറയാറുള്ളത്. മനസാക്ഷിന്യായങ്ങളുടെ ശാസ്ത്രീയ വ്യവസ്ഥയാണ് ഇസ്ലാം .

സുഖദുഃഖ മിശ്രണം കൊണ്ടാണ് അല്ലാഹു ജീവിതത്തെ, സാമൂഹിക സന്ധാരണങ്ങളെ നിറംപിടിപ്പിച്ചത്. 

ഗസ്സകള്‍ കറുക്കുന്ന നേരം തന്നെ വെളുക്കുന്ന വേറെ ഭൂമികകള്‍, ചുവക്കുന്ന മരുഭൂമികള്‍, നീലിമയണിഞ്ഞ കടലാഴങ്ങള്‍ ... എല്ലാം അവന്റെ നിര്‍ണ്ണയകലകളാണ്. 

ആ കലാപ്രകടനത്തിന്റെ മഹാവേദിയില്‍ നമ്മുടെ കടമ അപ്പം ചുട്ട് പെരുന്നാള്‍ ആഘോഷിക്കാനാണ്. പണ്ട് കപ്പലില്‍ ഹജ്ജിന് പോകുന്ന കാലത്ത് അങ്ങനെ പോയവരുടെ വീട്ടില്‍ വലിയപെരുന്നാള്‍ ഉണ്ടാകുമായിരുന്നില്ല, പോയവര്‍ക്ക് എന്ത്പറ്റിക്കാണും എന്ന ഭയത്താല്‍ .ആ ജഹാലതിന്റെ 4G വേഴ്ഷണ്‍ മാത്രമാണ് ഇപ്പോഴത്തെ പെരുന്നാള്‍ ബഹിഷ്‌ക്കരണങ്ങള്‍. ആയിരങ്ങള്‍ ദുരിതത്തിലായപ്പോഴും പടച്ചവന്‍ നമ്മെ കാത്തതിന്റെ നന്ദി കൂടിയാണ് പെരുന്നാള്‍ . അവരെ അകപ്പെടുത്തിയതിനാല്‍ പെരുന്നാള്‍ വെറും നാളാക്കി ആഘോഷം  വേണ്ടെന്ന് വെക്കുമ്പോള്‍ ദൈവികവിധിക്കെതിരായ സമരമാവുന്നു അത്. നാം കൊതിക്കുന്നത് പോലെ വിധിക്കാനാണവന്‍ എങ്കില്‍ ആരാണ് നാഥന്‍ എന്നതാവും പ്രശ്‌നം.

ദുരന്തബാധിതര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുകയാണ് പെരുന്നാളിനും വെറുന്നാളിനും നാം ചെയ്യേണ്ടത്. 

അത് രണ്ടിനുമുള്ള ഊര്‍ജ്ജമാണ് ആത്യന്തിക ലക്ഷ്യം അല്ലാഹുവാകല്‍. 
ഏറ്റവുമുചിതം രണ്ട് ജോഡി പുത്തനുടുപ്പകളെടുത്ത് കൂടുതല്‍ നല്ലത് ദുരിതാശ്വാസ ക്യാമ്പിലേക്കും ഒന്ന് സ്വന്തം ഉടലിലേക്കും നീക്കലാണ്. അതായത് , അവരെ ഓര്‍ത്ത് പെരുന്നാള്‍ ചെറുതാക്കലല്ല, അവരിലേക്ക് കൂടി പെരുന്നാള്‍ വലുതാക്കലാണ് മനസിന്റെ വലിപ്പം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter