ദുആ ചെയ്യേണ്ടത് എങ്ങനെ
ദൈവത്തോട് പ്രാര്‍ഥിക്കുക മനുഷ്യസഹജമാണ്. അതിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ മതങ്ങളിലും പ്രാര്‍ത്ഥനയുണ്ട്. ഹസ്‌റത്ത് ആദം നബി(അ)യുടെയും മറ്റു ചില പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. പരിശുദ്ധ ഇസ്‌ലാം പ്രാര്‍ത്ഥനയ്ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായ നിസ്‌കാരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പ്രാര്‍ത്ഥനകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സത്യവിശ്വാസിയുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും പ്രാര്‍ത്ഥന അനിവാര്യമാണ്. അവന്റെ ഭക്ഷണം, മലമൂത്ര വിസര്‍ജനം, ശുചീകരണം, ഉറക്കം, ഉണര്‍വ് എന്നുവേണ്ട എന്തെല്ലാം പ്രവര്‍ത്തനങ്ങളുണ്ടോ അവയിലെല്ലാം പ്രാര്‍ത്ഥനയുണ്ട്. പ്രാര്‍ത്ഥനാ വേളയിലാണ് മനുഷ്യന്‍ അവന്റെ സ്രഷ്ഠാവുമായി ഏറ്റവുമധികം അടുക്കുന്നത്. എന്താണ് പ്രാര്‍ത്ഥന? ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടത്? എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? ഇത്യാദി കാര്യങ്ങളൊക്കെ മനസ്സിലാക്കിയായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്. അല്ലാതിരുന്നാല്‍ ഫലം മറിച്ചാകും. പ്രാര്‍ത്ഥിച്ച് പുണ്യം നേടുന്നവരും പാപം പേറുന്നവരും മനുഷ്യരുടെ കൂട്ടത്തിലുള്ളതായി കാണാം. സര്‍വം നല്‍കുന്നവരും എല്ലാറ്റിനും കഴിവുള്ളവനുമായ അല്ലാഹുവാണ് പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുക. സ്വീകരിക്കപ്പെടുന്ന പ്രാര്‍ത്ഥനയ്ക്ക് എന്തിനേക്കാളും വീര്യം ഉണ്ടാകും. മിന്നല്‍ വേഗതയിലാണ് അതിന്റെ ഫലം അനുഭവപ്പെടുക. ഇത്തരം ഒരു പ്രാര്‍ത്ഥനയുടെ ചരിത്രം ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. മൂന്നു യുവാക്കള്‍ ഒരു വനപ്രദേശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കെ പ്രകൃതിക്ഷോഭം ഉണ്ടായി. ശക്തമായ പേമാരിയും കാറ്റും നേരിട്ട അവര്‍ ഗുഹയില്‍ അഭയം പ്രാപിച്ചു. ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരു വന്‍പാറക്കല്ല് വന്ന് അവരുടെ ഗുഹാമുഖം മൂടിക്കളഞ്ഞു. സര്‍വശക്തിയുമുപയോഗിച്ച് തള്ളിനോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഓരോരുത്തരും തങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച സല്‍കര്‍മങ്ങള്‍ എടുത്തുപറഞ്ഞ് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു. അവരുടെ പ്രാര്‍ത്ഥന കാരണം ആ ഭീമാകാരമായ കല്ല് നീങ്ങുകയും അവര്‍ രക്ഷ പ്രാപിക്കുകയും ചെയ്തു. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്ന സ്ഥലവും സമയവും ദിനങ്ങളുമുണ്ട്. ചില നിബന്ധനകളും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പുണ്യദിനങ്ങള്‍, ചില പ്രത്യേക സ്ഥലങ്ങള്‍, ഫര്‍ള് നിസ്‌കാരാനന്തരം, അര്‍ധരാത്രിക്ക് ശേഷം, മഴ പെയ്യുന്ന അവസരം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. സത്യവിശ്വാസി ദുആ ഇരന്നാല്‍ മൂന്നു കാര്യത്തില്‍ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്. എന്താണോ അര്‍ത്ഥിച്ചത് അത് കിട്ടുക, അല്ലെങ്കില്‍ പാപം പൊറുക്കുക, അതുമല്ലെങ്കില്‍ ചോദിച്ചത് സ്വര്‍ഗത്തില്‍ വച്ച് കരഗതമാവുക. ഹൃദയസാന്നിധ്യത്തോടെയും ഭക്തിപുരസ്സരവുമായിരിക്കണം പ്രാര്‍ത്ഥന. തുടക്കത്തിലും ഒടുക്കത്തിലും ഹംദും സ്വലാത്തും ഉണ്ടായിരിക്കണം. കൈ രണ്ടും ഉയര്‍ത്തി നെഞ്ചിന്റെ നേരെ മലര്‍ത്തിയാണു പിടിക്കേണ്ടത്. തപിക്കുന്ന ഹൃദയത്തോടും ഒലിക്കുന്ന കണ്ണുകളോടും അതീവ ശ്രദ്ധയോടും കൂടിയാണ് അതു നിര്‍വഹിക്കേണ്ടത്. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളില്‍ ചിലതാണ് മേലുദ്ധരിച്ചത്. നമ്മില്‍ മിക്കവരുടെയും പ്രാര്‍ത്ഥന മുകളില്‍ പറഞ്ഞ രൂപത്തിലാകാറുണ്ടോ? നാം സ്വയം ചോദിക്കുക. അശ്രദ്ധരായി കൈ രണ്ടും താടിക്ക് കൊടുത്തോ തുടകളില്‍ വച്ചോ ആയിരിക്കും പലപ്പോഴും ചിലരുടെ പ്രാര്‍ത്ഥന. ആര്‍ക്കോ വേണ്ടി നടത്തുന്ന ഒരു ചടങ്ങായി തോന്നും പലരുടെയും പ്രാര്‍ത്ഥന കാണുമ്പോള്‍. ഇതെങ്ങനെ സ്വീകരിക്കപ്പെടും. ഈയവസ്ഥ മാറണം. എങ്കിലേ നമുക്കും നമ്മുടെ സമുദായത്തിനും പുരോഗതിയുണ്ടാവുകയുള്ളൂ. നമ്മുടെ പ്രാര്‍ത്ഥന വൃഥാവേലയാകാതിരിക്കാന്‍ ശ്രദ്ധ എന്നും ഉണ്ടാവണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter