അറിവും അഹന്തയും
പ്രവാചകർ (സ്വ)യുടെ വഹ്‌യ് എഴുത്തുകാരനാണ് സൈദ് ഇബ്‌നു സാബിത്(റ). കര്‍മശാസ്ത്രം, ഖുര്‍ആൻ പാരായണ നിയമങ്ങൾ, അനന്തരാവകാശ നിയമങ്ങൾ തുടങ്ങിയവയിലെല്ലാം അവഗാഹം നേടിയ പണ്ഡിതനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒട്ടകപ്പുറത്ത് കയറി അദ്ദേഹം യാത്രക്കൊരുങ്ങിയപ്പോള്‍ തന്റെ ഒട്ടകത്തിന്റെ കയർ പിടിച്ച് അടിമയെപ്പോലെ നടന്നുനീങ്ങുന്ന ഇബ്‌നു അബ്ബാസ്(റ) വിനെ കണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ഇബ്‌നു അബ്ബാസ്(റ)വിനോടായി പറഞ്ഞു: ''അല്ലയോ തിരുനബിയുടെ പിതൃവ്യ പുത്രാ! നിങ്ങള്‍ എന്താണീ ചെയ്യുന്നത്? താങ്കള്‍ ആ കയര്‍ ഉപേക്ഷിക്കൂ.'' ഇബ്‌നു അബ്ബാസ്(റ) മന്ദഹാസത്തോടെ മറുപടി പറഞ്ഞു: ''പണ്ഡിതന്മാരോട് ഇങ്ങനെ പെരുമാറാനാണ് ഞങ്ങൾ കല്‍പിക്കപ്പെട്ടിരിക്കുന്നത്.''
മറ്റൊരിക്കൽ ഒരു ഹദീസ് സംബന്ധമായ സംശയം ദൂരീകരിക്കാൻ സൈദ് ഇബ്‌നു സാബിത് (റ)വിന്റെ വീട്ടിൽ വന്നപ്പോൾ അദ്ദേഹം ഉച്ചയുറക്കത്തിലായിരുന്നു. ഇബ്നു അബ്ബാസ് (റ) വീടിന്റെ പുറത്ത് പൊള്ളുന്ന മരുഭൂമിയില്‍ തന്റെ വസ്ത്രം വിരിച്ച് കൈ തലയിണയാക്കി അദ്ദേഹം ഉണരുന്നത് വരെ വിശ്രമിച്ചു. ഉറക്കില്‍നിന്നുണര്‍ന്ന സൈദ്(റ) വീടിന്റെ വാതില്‍ തുറന്നപ്പോള്‍ പൊടിപുരണ്ട വസ്ത്രങ്ങളിൽ വിശ്രമിക്കുന്ന ഇബ്നു അബ്ബാസ് (റ)വിനെ കണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ചോദിച്ചു: ''തിരുദൂതരുടെ പിതൃവ്യ പുത്രാ! എന്തിന് വേണ്ടിയാണ് താങ്കള്‍ ഇവിടേക്ക് വന്നത്? ഒരാളെ പറഞ്ഞയച്ചാല്‍ ഞാന്‍ താങ്കളുടെ അരികിലേക്ക് വരുമായിരുന്നില്ലേ...!'' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ആവശ്യക്കാരന്‍ ഞാനാണ്. വിജ്ഞാനം നമ്മെ തേടി വരികയല്ല. നാം വിജ്ഞാനം തേടി പോവുകയാണ് വേണ്ടത്''.
ഇബ്‌നുഅബ്ബാസ്(റ)വും ചില്ലറക്കാരനായിരുന്നില്ല. സ്വഹാബാക്കൾക്കിടയിൽ പോലും ആദരിക്കപ്പെട്ട, അറിവിന്റെ സാഗരമായി വാഴ്ത്തപ്പെട്ട അദ്ദേഹം ഗുരു ശിഷ്യ ബന്ധത്തിന്റെ ഉദാത്ത മാതൃകയാണിവിടെ വരച്ചുകാണിക്കുന്നത്.
അറിവ് അഹങ്കാരമോ അലങ്കാരമോ ആവരുത്. മറ്റുള്ളവരെ അവഗണിക്കാനോ അവമതിക്കാനോ അറിവുള്ളവൻ തുനിയരുത്. വൃക്ഷങ്ങളിൽ ഫലം കൂടുന്തോറും കനം അതിന്റെ കൊമ്പുകളെ താഴ്ത്തുമെന്നപോലെ അറിവ് കൂടുന്തോറും മനുഷ്യൻ കൂടുതൽ താഴ്‌മയുള്ളവനാവണം. വിനീതനാവണം. അറിവുണ്ടായിട്ടും പിശാച് അഭിശപ്തനായത് അറിവ് അഹന്തയ്ക്കും ന്യായീകരണത്തിനും വഴിവെച്ചപ്പോഴായിരുന്നു.
ഒന്നാം ഖലീഫ അധികാരമേറ്റ സന്ദർഭം. കാര്യങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കാൻ വിളിച്ചുകൂട്ടിയ യോഗ്യരായ പ്രമുഖരിൽ കുട്ടിയായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)വും ഉണ്ടായിരുന്നു. ഖലീഫയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വിനീതനായി കടന്നുചെന്നു. തലയെടുപ്പുള്ള സ്വഹാബികൾ ബഹുമാനപൂർവ്വം സ്വീകരിച്ചു. ചർച്ച തുടങ്ങി. പലരും പല അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. ഇബ്‌നു അബ്ബാസ് (റ) മുതിർന്നവരെ മാനിച്ച് മനസ്സിൽ രൂപപ്പെട്ട അഭിപ്രായം പറയാൻ മടിച്ചു. അബ്ദുല്ലാഹി ബ്നു അബ്ബാസ്, പറയൂ, താങ്കളുടെ അഭിപ്രായമെന്താണ്? വലിയ ഒരാളോടെന്ന പോലെ ബഹുമാനപൂർവമാണ് സദസ്സ് ചോദിച്ചത്. ഇബ്‌നു അബ്ബാസ് (റ) അഭിപ്രായം പറഞ്ഞു. എല്ലാവരെയും അതിശയിപ്പിച്ചതും കൂടുതൽ ഉചിതവുമായ അഭിപ്രായം. കൃത്യമായ വിശദീകരണം. സദസ്സ് കൗതുകത്തോടെ അത് കേട്ടു. ശരിവെച്ചു. അറിയുമെന്ന് കരുതി എന്തും വിളിച്ചുകൂവരുത്. സാഹചര്യങ്ങളും സന്ദർഭങ്ങളും നോക്കി ഉചിതമായി ഇടപെടുന്നവനാണ് വിവേകി.
അഹന്തയുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഉണര്‍ത്തിയ നബി (സ്വ)അഹന്തയെ നിർവചിക്കുന്നത് ഇങ്ങനെയാണ്. ''അഹങ്കാരമെന്നത് സത്യത്തെ അവമതിക്കലും മറ്റുള്ളവരെ ചെറുതാക്കലുമാണ്''(മുസ്‌ലിം).
Leave A Comment