ശ്രീലങ്കയിലെ അക്രമം മാപ്പര്‍ഹിക്കുന്നതല്ല: ഹൈദരലി തങ്ങള്‍

ശ്രീലങ്കയിലെ അക്രമം മാപ്പര്‍ഹിക്കുന്നതല്ലെന്നും ഇരകളെയല്ല, വേട്ടകാരെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഫൈസ്ബുക്ക് കുറിപ്പിലൂടെയാണ് തങ്ങള്‍ അക്രമത്തെ അപലപിച്ചത്.

ഫെെസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം വായിക്കാം

 

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന അതി നിഷ്ടൂരമായ സ്‌ഫോടനങ്ങളും നിരപരാധികള്‍ക്ക് നേരെ നടത്തിയ അക്രമവും ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അക്രമം നടത്തിയവര്‍ ആര് തന്നെയായാലും ഈ കൊടും പാപം മാനവരാശിയുടെ നേര്‍ക്കുള്ള കൊടും ഹത്യയായി കണക്കാക്കപ്പെടും.

നിരപരാധികളുടെ ജീവനും സ്വത്തിനും അങ്ങേയറ്റം വില കല്‍പ്പിക്കുന്ന മതമാണ് ഇസ്ലാം. ‘ഒരു നിരപരാധിയുടെ ജീവന്‍ ഹനിച്ചവന്‍ മുഴുവന്‍ മനുഷ്യരെയും കൊല ചെയ്തവനെ പോലെയാണ്’ എന്ന സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 5 ല്‍ 32 ആം വചനത്തില്‍ നല്‍കുന്നത്.

മറ്റൊരു വചനം കാണുക:

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്.(അദ്ധ്യായം 17 ,വചനം 33)

പ്രവാചകന്‍ (സ) പറഞ്ഞു:

‘മുസ്ലിംകളുമായി സൗഹൃദം പുലര്‍ത്തുന്ന ഒരാളെ ആരെങ്കിലും വധിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല’. (സഹീഹ് മുസ്‌ലിം)

വിവിധ വിശ്വാസി സമൂഹങ്ങള്‍ പരസ്പര സഹവര്‍ത്തിത്വം പുലര്‍ത്തുന്ന കാലമാണിത്. എല്ലാ മനുഷ്യരുടെയും വേദനയും സ്വപ്‌നവും ജീവിതവും ഒരു പോലെയാണ്. എല്ലാ ജീവനും ഒരുപോലെ വിലമതിക്കപ്പെടേണ്ടതാണ്. മതം വ്യക്തമായ ഭാഷയില്‍ വിലക്കിയ അക്രമമാണ് എല്ലായ്‌പ്പോഴും ഭീകരതയുടെ പേരില്‍ അരങ്ങേറുന്നത്. അത്തരം വികല ചിന്തകള്‍ക്ക് ദീനില്‍ ഒരു അടിത്തറയുമില്ലെന്ന് വീണ്ടും വീണ്ടും ഉറക്കെയുറക്കെ വിളിച്ചു പറയുക തന്നെ ചെയ്യണം.

അത്ര കൊടും പാപം ചെയ്തവര്‍ അതിനുള്ള ന്യായീകരിക്കാന്‍ മത പ്രമാണങ്ങളെ വികലമാക്കി ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ മാസം നടന്ന അതി നീചമായ അക്രമത്തെ ആ രാജ്യവും ലോക മനസ്സാക്ഷിയും എങ്ങനെ തള്ളിപ്പറഞ്ഞുവോ, അതേ രൂപത്തില്‍ ഈ അക്രമത്തെയും നാം തള്ളിപ്പറയുന്നു. ഇരകളായ നിരപരാധികളായ മനുഷ്യരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. നിങ്ങള്‍ ഒറ്റക്കല്ല, ഭീകരതയുടെ ഇരകള്‍ മുഴുവന്‍ മാനവരാശിയുമാണ് എന്ന സത്യത്തിന് നാം അടിവരയിടേണ്ട സന്ദര്‍ഭമാണിത്.

തീര്‍ച്ചയാണ്. ഈ അക്രമം മാപ്പര്‍ഹിക്കുന്നതല്ല. മതത്തെ വികലമാക്കി ചിത്രീകരിച്ചു കൊണ്ടുള്ള ചാവേര്‍ അക്രമമായത് കൊണ്ട് തന്നെ മുസ്ലിം സമൂഹം പ്രത്യേകിച്ചും ഈ അക്രമത്തെ തള്ളിക്കളയുന്നു. മാനവികത പൂത്തുലഞ്ഞു നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഇരകള്‍ ഒറ്റക്കല്ല. വേട്ടക്കാര്‍ മാത്രമാണ് ഒറ്റപ്പെടേണ്ടത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter