വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍

 

നാഥന്റെ കല്‍പനയനുസരിച്ച് മുപ്പത് ദിവസം നോമ്പെടുത്ത വ്രതശുദ്ധിയുമായി കേരളത്തിലെ മുസ്‌ലിംകള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു.
പുണ്യം പൂത്തുലഞ്ഞ റമദാനിലെ വ്രതാനുഷ്ഠാന നാളുകള്‍ നല്‍കിയ ആത്മീയ,ശാരീരിക ചൈതന്യം സമ്മാനിച്ച ഊര്‍ജവുമായാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നത്. കേരളത്തില്‍ എവിടെയും ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.
കര്‍ണാടകയിലെ ഭഡ്കലില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഒഴികെയുള്ള പ്രദേശങ്ങളിലും കര്‍ണാടകയിലെ ചില മേഖലകളിലും ഇന്നലെയായിരുന്നു പെരുന്നാള്‍. ഡല്‍ഹിയില്‍ ഇന്നാണ് പെരുന്നാള്‍.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. ഒമാനില്‍ ഇന്നലെ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇന്നാണ് ഈദുല്‍ ഫിത്വര്‍.
റമദാനിലെ ആത്മീയ ചൈതന്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് ഗള്‍ഫിലെ ഭരണകൂടങ്ങള്‍ പദ്ധതിയാവിഷ്‌കരിച്ചത്.
ബ്രിട്ടന്‍, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും മാസപ്പിറവി ദര്‍ശനത്തെ തുടര്‍ന്ന് ഇന്നലെയാണ് പെരുന്നാള്‍ ആഘോഷിച്ചത്.
ഫിത്വര്‍ സകാത്താണ് ഈദുല്‍ ഫിത്വറിന്റെ സവിശേഷത. ഫിത്വര്‍ സകാത്ത് വിതരണത്തിനു ശേഷം വിശ്വാസികള്‍ പുതുവസ്ത്രമണിഞ്ഞ് രാവിലെ പള്ളികളിലേക്ക് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കും.
തുടര്‍ന്ന് കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും മറ്റും സമയം ചെലവഴിക്കും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter