ശൈഖ് അബൂ ഇസ്ഹാഖ് ശീറാസി(റ)യും മുഹദ്ദബും

കര്‍മശാസ്ത്രത്തിലെ പ്രസിദ്ധമായ ഗ്രന്ഥരചനാശ്രേണിയില്‍ ഉള്‍പ്പെടില്ലെങ്കിലും ഇന്നും ശാഫിഈ ഫിഖ്ഹില്‍ വളരെ പ്രാധാന്യമുള്ള ഗ്രന്ഥമാണ് ശൈഖ് അബൂ ഇസ്ഹാഖ് ശീറാസി(റ) (393-476)യുടെ മുഹദ്ദബ്. പേര് സൂചിപ്പിക്കും പോലെ, കര്‍മശാസ്ത്ര വികാസ ചരിത്രത്തിലെ ശോഭനമായ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ മദ്ഹബിനെ തന്നെ സംസ്‌കരിച്ചെടുക്കുക എന്ന ദൗത്യമാണ് ശൈഖ് ശീറാസി(റ) തന്റെ മുഹദ്ദബിന്റെ ഗ്രന്ഥരചനയിലൂടെ നിര്‍വ്വഹിച്ചത്. പില്‍ക്കാലത്ത് മുഹദ്ദബിനെ വിശദീകരിച്ചു രചിക്കപ്പെട്ട ഇമാം നവവി(റ)വിന്റെ ശര്‍ഹുല്‍ മുഹദ്ദബ് (മജ്മൂഅ്) മദ്ഹബിന്റെ തന്നെ ശര്‍ഹായി (ശര്‍ഹുല്‍ മദ്ഹബ്) പരഗണിക്കപ്പെട്ടതോടെയാണ് മുഹദ്ദബിനും മുഹദ്ദബിന്റെ രചയിതാവായ അബൂ ഇസ്ഹാഖ് ശീറാസി(റ)വിനും ശാഫിഈ കര്‍മശാസ്ത്ര തീര്‍പ്പുകളില്‍ വലിയ സ്ഥാനം ലഭിച്ചത്.

പഴയ പേര്‍ഷ്യയില്‍ ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ശൈഖ് ശീറാസി എന്ന മഹാവിസ്മയം ഉദയം ചെയ്യുന്നത്. ഫീറൂസാബാദില്‍ (വഫയാത്തില്‍ ഇബ്‌നു ഖല്ലികാന്‍(റ) ഫൈറൂസാബാദല്ല ഫീറൂസാബാദാണെന്ന് സ്ഥിരപ്പെടുത്തിയിട്ടുണ്ട്.) ഹിജ്‌റ 393-നായിരുന്നു അത്. ശീറാസ് എന്ന വലിയ നാടിന്റെ ഭാഗമാണ് ഫീറോസാബാദ്. അബൂ ഇസ്ഹാഖ് ഓമനപ്പേരാണ്. ഇബ്‌റാഹീംബ്‌നു അലിബ്‌നു യൂസുഫ് ബ്‌നു അബ്ദില്ല ശീറാസി എന്നതാണ് പൂര്‍ണ്ണ നാമം. പേര്‍ഷ്യയില്‍ അബുല്‍ ഫറജ് ബ്‌നുല്‍ ബൈളാവി(റ)യില്‍ നിന്നും ബസ്വറയില്‍ ബര്‍സി(റ)യില്‍നിന്നുമാണ് ശീറാസി(റ) ഫിഖ്ഹ് കരസ്ഥമാക്കിയത്. ഖാളി അബൂ ത്വയ്യിബ് ത്വബ്‌രി(റ)യടക്കമുള്ള വലിയ പണ്ഡിതന്മാരില്‍ നിന്നും ശൈഖ് ജ്ഞാനം സ്വീകരിച്ചിട്ടുണ്ട്. ത്വബ്‌രി(റ)യുടെ ശിഷ്യഗണങ്ങളിലെ ഉന്നതനായി അദ്ദേഹം പിന്നീട് അറിയപ്പെട്ടു.

തന്റെ വൈജ്ഞാനിക ജീവിതം പൂര്‍ണ്ണമായി ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചക്ക് വേണ്ടി സമര്‍പ്പിക്കുകയായിരുന്നു ശൈഖ് ശീറാസി(റ). ഫത്‌വകള്‍ക്കും മസ്അലാന്വേഷണങ്ങള്‍ക്കും ഭൂമിയുടെ അതിര്‍ത്തികള്‍ തടസ്സമായിരുന്നില്ല. ഇബ്‌നു സുറൈജ്(റ)വിന്റെ പാഥേയമാണ് ശൈഖ് ശീറാസി(റ)യുടേതെന്ന് വരെ പറയാന്‍ തുടങ്ങി. ഇബ്‌നു സുറൈജി(റ)വിനെപ്പോലെ ഫിഖ്ഹിനെ അടിസ്ഥാനവല്‍കരിക്കുന്നതിനും വര്‍ഗീകരിക്കുന്നതിനും ശൈഖ് ശീറാസി(റ) ഏറ്റെടുത്ത ശ്രമങ്ങള്‍ വളരെ വലുതായിരുന്നു.

ശൈഖ് ശീറാസി(റ) ആദ്യം പള്ളിയില്‍ വെച്ചായിരുന്നു അദ്ധ്യാപനം നടത്തിയിരുന്നത്. പിന്നീട് നിളാമുല്‍ മലികി(റ)ന്റെ മദ്‌റസത്തുന്നിളാമിയ്യയില്‍ സേവനമനുഷ്ഠിച്ചു. ഹിജ്‌റ 459-നായിരുന്നു അത്. ശൈഖിന്റെ ജ്ഞാനമുത്തുകള്‍ സമ്പാദിക്കാന്‍ ലോകത്തിന്റെ വിദൂരദിക്കുകളില്‍നിന്നുപോലും ആളുകള്‍ വന്നിരുന്നു. ആവര്‍ത്തിച്ചു പറഞ്ഞു കാര്യങ്ങള്‍ ഗ്രഹിക്കുന്ന ശൈലിയായിരുന്നു ശീറാസി(റ)വിന്റേത്. അദ്ദേഹം പറയുന്നു: ''ഞാന്‍ എല്ലാ ഖിയാസും ആയിരം പ്രാവശ്യം ആവര്‍ത്തിക്കും. അതുകഴിഞ്ഞാല്‍ മറ്റേ ഖിയാസെടുത്തും അപ്രകാരം ചെയ്യും. എല്ലാ പാഠവും ഞാന്‍ ആയിരം പ്രാവശ്യം ആവര്‍ത്തിക്കും. മസ്അലയില്‍ തെളിവു പിടിക്കപ്പെടുന്ന വല്ല കാവ്യ വരികളുമുണ്ടെങ്കില്‍ ഖസീദ തന്നെ ഞാന്‍ മനഃപ്പാഠമാക്കും.'' അമരച്ചാറു പുരട്ടിയ റൊട്ടി കഴിക്കാനുള്ള തന്റെ ആഗ്രഹം പോലും സഫലീകൃതമാക്കാന്‍ പഠനം അദ്ദേഹത്തിനു സമയം നല്‍കിയില്ല.

ശീറാസി(റ)വിന്റെ മുഖത്ത് പ്രസന്നതയേ സ്ഫുരിച്ചിരുന്നുള്ളൂ. നല്ല ഉദ്ധരണികളും (ഹികായത്ത്) കവിതകളുമൊക്കെ മനഃപ്പാഠമാക്കുമായിരുന്നു അദ്ദേഹം. ഏത് സമയവും എന്തു ചോദിച്ചാലും ഉത്തരം പറയാന്‍ സന്നദ്ധരായിരുന്നു ശീറാസി(റ). ഒരിക്കല്‍ അദ്ദേഹം കടയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഒരാള്‍ മസ്അല അന്വേഷിച്ചു വന്നു. ഉടനെ തന്റെ പേനയും മഷിയും എടുത്ത് മറുപടി എഴതി നല്‍കുകയും പേന വസ്ത്രത്തില്‍ തുടക്കുകയും ചെയ്തു. 39

നബി(സ)യെ സ്വപ്നത്തില്‍ കണ്ട് അനുഗ്രഹം കിട്ടിയ സംഭവം ശൈഖ് ശീറാസി(റ) അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: ഞാന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഞാന്‍ നബി(സ)യെ സ്വപ്നം കണ്ടു. നബി(സ)യോടൊപ്പം അബൂബക്കര്‍(റ)വും ഉമര്‍(റ)വുമുണ്ട്. ഞാന്‍ നബി(സ)യോട് പറഞ്ഞു: ''തിരുദൂതരേ, അങ്ങയില്‍നിന്നും റാവികള്‍ വഴി ഞാന്‍ ഒരുപാട് ഹദീസ് കേട്ടിട്ടുണ്ട്. അതിനാല്‍ എനിക്ക് ഭൗതിക ലോകത്ത് മഹത്വം പറയാനും പരലോകത്ത് സൂക്ഷിപ്പുധനമായി കരുതിവെക്കാനുമുതകുന്ന ഒരു വാക്ക് ഞാന്‍ അങ്ങയില്‍നിന്നും കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നു.'' അപ്പോള്‍ നബി(സ) എന്നെ 'ശൈഖേ' എന്നു വിളിച്ചു. എനിക്ക് നബി(സ) ശൈഖ് എന്ന് പേര് വെക്കുകയും അതുകൊണ്ട് സംബോധനചെയ്യുകയും ചെയ്തുവല്ലോ?

വല്ല നാടുകളിലും ശൈഖ് ശീറാസി(റ) എത്തിയാല്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അദ്ദേഹത്തെ പൊതിയുമായിരുന്നു. അദ്ദേഹത്തിന്റെ കാല്‍ തടവി ചെരുപ്പിലുള്ള മണ്ണെടുക്കുകയും അതുകൊണ്ട് അവര്‍ സഹായം തേടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. അബുല്‍ ഹസന്‍ ഹമദാനി(റ) ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്.

അഭിപ്രായഭിന്നതയുള്ള വിഷയങ്ങള്‍ ശൈഖ് ശീറാസി(റ)ക്ക് നല്ല പിടുത്തമുണ്ടായിരുന്നു. തന്റെ ജ്ഞാനസമ്പത്തുകൊണ്ട് അദ്ദേഹം സംവാദവേദികളെ തന്നെ വിറപ്പിച്ചു. സംവാദങ്ങളിലെ സിംഹം എന്നാണ് താജുദ്ദീന്‍ ഇബ്‌നു സുബ്കി(റ) ശീറാസി(റ)യെ ത്വബായത്തില്‍ വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഫാതിഹ മനഃപ്പാഠമുള്ളത് പോലെ ശൈഖ് ശീറാസി(റ)വിന് ഭിന്നതയുള്ള മസ്അലകള്‍ (മസാഇലുല്‍ ഖിലാഫ്) പാഠമായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. ഇമാമുല്‍ ഹറമൈനി(റ), ശൈഖ് അബൂ അബ്ദില്ലാഹ് ദാമിഗാനി(റ) എന്നിവരോടുള്ള ശീറാസി(റ)യുടെ കര്‍മശാസ്ത്ര സംവാദങ്ങള്‍ പ്രസിദ്ധമാണ്.

ജീവിതത്തില്‍ കടുത്ത ദാരിദ്ര്യം അനുഭവിച്ചവരാണ് ശൈഖ് ശീറാസി(റ). ഖാളി അബുല്‍ അബ്ബാസ് ജുര്‍ജാനി(റ) പറയുന്നു: ''ഭൗതിക ലോകത്തുള്ള ഒന്നും അബൂ ഇസ്ഹാഖ് ശീറാസി(റ)വിന് സ്വന്തമായുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹത്തിന് കടുത്ത ദാരിദ്ര്യമെത്തുകയും ഭക്ഷണവും വസ്ത്രവും ലഭിക്കാതെ വരികയും ചെയ്തു. ഇതുകാരണം ശൈഖ് ശീറാസി(റ)ക്ക് ഹജ്ജിന് പോകാന്‍പോലും ഭാഗ്യം ലഭിച്ചില്ല.''

നിസ്സാര കാര്യമാണെങ്കില്‍ പോലും ശൈഖ് ശീറാസി(റ) നിലപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായിരുന്നു. അതിന് ഉപോല്‍ബലകമായ രണ്ട് സംഭവങ്ങള്‍ ഇമാം നവവി(റ) ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ തന്റെ അസ്വ്ഹാബുകളോടൊപ്പം ശൈഖ് ശീറാസി(റ) നടന്നുപോകുകയായിരുന്നു. പെട്ടെന്ന് ഒരു നായ പ്രത്യക്ഷപ്പെട്ടു. അസ്വ്ഹാബുകളിലെ ഒരാള്‍ അതിനെ ആട്ടിയോടിച്ചു. അതിനെ വിലക്കി ശീറാസി(റ) പറഞ്ഞു: നിനക്കറിയില്ലേ, എന്റെയും നായയുടെയും ഇടയില്‍ കൂട്ടുപങ്കാളിത്തമുള്ളതാണ് വഴിയെന്ന്?

ഒരിക്കല്‍ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ഭക്ഷണത്തിനു നേരമായപ്പോള്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങി. വഴിയില്‍ വെച്ചാണ് ദീനാര്‍ പള്ളിയില്‍ മറന്നുവെച്ച കാര്യം ശീറാസി(റ) ഓര്‍ക്കുന്നത്. ഉടനെ തിരിച്ചു ചെന്നു ദീനാര്‍ അന്വേഷിച്ചു. പള്ളിയില്‍ ദീനാര്‍ കണ്ടെങ്കിലും അദ്ദേഹം ചിന്തിച്ചു. ഇതു ഒരുപക്ഷേ മറ്റൊരാളില്‍നിന്ന് വീണതായിരിക്കാം. ദീനാര്‍ തൊട്ടുനോക്കുക പോലും ചെയ്യാതെ ശീറാസി(റ) അതുപേക്ഷിച്ചു പോയി.40

ശൈഖ് ശീറാസി(റ)വിന് ചില അശുഭകരമായ സംഭവങ്ങളും ജീവിതത്തിലുണ്ടായിട്ടുണ്ട്. അശ്അരികളുടെയും ഹമ്പലികളുടെയും ഇടയിലുണ്ടായ ചില തര്‍ക്കങ്ങളായിരുന്നു അതിന് കാരണം. ചില ഹമ്പലികള്‍ അബൂമൂസല്‍ അശ്അരി(റ)വിനെ ചീത്തപറയാനും അശ്അരിയും ഇമാം ഖുശൈരി(റ)വിന്റെ മകനുമായ അബൂനസ്വര്‍(റ)വിനെ മര്‍ദ്ധിക്കാനും തുടങ്ങിയപ്പോള്‍ ശൈഖ് ശീറാസി(റ)വിന് അതു സഹിക്കാനായില്ല. അദ്ദേഹം ഹമ്പലികള്‍ക്കെതിരെ ശക്തമായി രംഗത്തുവരികയും നിളാം മലികിനോട് പരാതിപ്പെട്ട് കത്തയക്കുകയും ചെയ്തു. ഇതു മുതലെടുത്ത് ചില ഹമ്പലികള്‍ (ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിന്റെ അനുയായികള്‍) തങ്ങളുടെ മദ്ഹബ് പൊളിക്കാന്‍ ശൈഖ് ശീറാസി(റ) ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്തുവന്നു. ഹമ്പലികള്‍ ധാരാളമുള്ള ഒരു പ്രദേശമായിരുന്നു അത്. ഹിജ്‌റ 470-ല്‍ ശൈഖ് ശീറാസി(റ)യുടെ പരാതി സ്വീകരിച്ച് നിളാം മലിക് പ്രശ്‌നമുണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുകയും ഹമ്പലികളുടെ ശൈഖായ അബൂ ജഅ്ഫരി(റ)നെ ജയിലിലടക്കുകയും ചെയ്തു. ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ)വിനോടോ ഹമ്പനി മദ്ഹബിനോടോ എതിര്‍പ്പുണ്ടായതുകൊണ്ടല്ല ശൈഖ് ശീറാസി(റ) ഹമ്പലികള്‍ക്കെതിരെ രംഗത്തുവന്നതെന്ന് ചരിത്രം സ്ഥിരപ്പെടുത്തുന്നുണ്ട്.41

ജീവിച്ചിരിക്കുമ്പോള്‍തന്നെ ശൈഖ് ശീറാസി(റ)യുടെ സ്ഥാനം ആളുകള്‍ മനസ്സിലാക്കിയിരുന്നു. ശൈഖ് അബൂ മുഹമ്മദ് അബ്ദുല്ലാഹ് മുഅയ്യിദി(റ)വിന്റെ പ്രസിദ്ധമായ ഒരു സ്വപ്നമുണ്ട്. അദ്ദേഹം പറയുന്നു: ഹിജ്‌റ 468-ന് മുഹര്‍റം വെള്ളിയാഴ്ച രാവില്‍ ശൈഖ് അബൂ ഇസ്ഹാഖ് ശീറാസി(റ)യെ (അല്ലാഹു അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ) ഞാന്‍ സ്വപ്നം കണ്ടു. തന്റെ അസ്വ്ഹാബുകളോടൊപ്പം അദ്ദേഹം ആകാശത്തിലൂടെ പറക്കുകയാണ്. ഞാന്‍ പറഞ്ഞു: ഇത് ശൈഖും ശൈഖിന്റെ അസ്വ്ഹാബുകളുമാണല്ലോ? ഞാനും അവരോടൊപ്പമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെയിരിക്കെ ഒരു മാലാഖ വന്ന് ശൈഖിനോട് സലാം പറഞ്ഞു. മാലാഖ പറഞ്ഞു: ''അല്ലാഹു നിങ്ങള്‍ക്ക് സലാം പറയുന്നുണ്ട്. നിങ്ങളുടെ അസ്വ്ഹാബുകള്‍ നിങ്ങള്‍ എന്താണ് പഠിപ്പിച്ചുകൊടുക്കുന്നതെന്നും ചോദിക്കുന്നു.'' അപ്പോള്‍ ശൈഖ് ശീറാസി(റ) പറഞ്ഞു: ''ശര്‍ഇന്റെ സ്വാഹിബില്‍ നിന്നും ഉദ്ധരിക്കപ്പെട്ട കാര്യങ്ങളാണ് ഞാന്‍ പഠിപ്പിക്കുന്നത്.'' അവയില്‍ നിന്ന് വല്ലതും കേള്‍പ്പിച്ചുകൊടുക്കാന്‍ മാലാഖ ശൈഖിനോട് ആവശ്യപ്പെട്ടു. എന്തോ ഒരു മസ്അല (ഞാന്‍ ഓര്‍ക്കുന്നില്ല) ശീറാസി(റ) പറഞ്ഞുകൊടുത്തു. മാലാഖ അതു കേട്ടു തിരിച്ചുപോയി. ശൈഖും അസ്വ്ഹാബുകളും വീണ്ടും പറക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞ് മാലാഖ വീണ്ടുമെത്തി. ശൈഖ് ശീറാസി(റ)യോട് പറഞ്ഞു: അല്ലാഹു പറയുന്നു- സത്യം നിങ്ങളും നിങ്ങളുടെ അസ്വ്ഹാബുകളും നിലകൊള്ളുന്ന കാര്യമാണ്. അവരെയും കൂട്ടി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക.'' ഇമാം അബുല്‍ ഹസ്സന്‍ മാവര്‍ദി(റ) പറയുന്നു: ''അബൂ ഇസ്ഹാഖ്(റ)വിനെപ്പോലെ ആരെയും ഞാന്‍ കണ്ടിട്ടില്ല. ഇമാം ശാഫിഈ(റ) അദ്ദേഹത്തെ കാണുകയാണെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് ഇമാം അഭിമാനംകൊള്ളും.''

ശേഷം വരുന്ന എല്ലാ കാലത്തും ഓര്‍ക്കപ്പെടാനും പറയപ്പെടാനും മാത്രം ബൃഹത്തായ നിരവധി ഗ്രന്ഥങ്ങള്‍ ശൈഖ് ശീറാസി(റ) തന്റെ ജീവിതകാലയളവില്‍ രചിച്ചുവെച്ചിട്ടുണ്ട്. തന്‍ബീഹ്, അല്‍മുഹദ്ദബ് ഫില്‍ ഫിഖ്ഹ് (മുഹദ്ദബ്), അന്നകത്തു (ഖിലാഫ്), അല്ലംഅ്, ശര്‍ഹുല്ലംഅ്, അത്തബ്‌സ്വിത്തു (ഉസ്വൂലില്‍ ഫിഖ്ഹ്), അല്‍ മുലഖ്ഖസ്വ, അല്‍ മഊനത്തു (ജദ്‌ല്), ത്വബഖാത്തുല്‍ ഫുഖഹാഅ്, നുസ്വഹു അഹ്‌ലില്‍ ഇല്‍മി തുടങ്ങി വ്യത്യസ്ത ജ്ഞാനശാഖകള്‍ ശൈഖ് ശീറാസി(റ) തന്റെ പണ്ഡിതോചിത ശേഷിപ്പുകളില്‍ ഉമ്മത്തിനു വേണ്ടി ബാക്കിവെച്ചു. ഇവയില്‍ തന്‍ബീഹും മുഹദ്ദബും ഇന്നും വളരെ പ്രസിദ്ധമാണ്. തന്‍ബീഹിനെ കുറിച്ച് ഹസന്‍ ത്വബരി(റ) പറയുന്നു: കഅ്ബയുടെ ഉള്‍ഭാഗത്തു നിന്നും ആരെങ്കിലും മതത്തില്‍ ഉണര്‍വ്വ് (തനബ്ബുഹ്) ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അയാള്‍ തന്‍ബീഹ് അന്വേഷിക്കട്ടെ എന്ന് പറയുന്നതായി ഞാന്‍ കേട്ടു.

തന്റെ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച മുഹദ്ദബ് രചിക്കാന്‍ ശൈഖ് ശീറാസി(റ) വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ശൈഖിന് നിരവധി പ്രാവശ്യം മുഹദ്ദബ് രചിക്കേണ്ടിവന്നു. ഓരോ പ്രാവശ്യവും തന്റെ ഉദ്ദേശ്യത്തോട് യോജിക്കാതിരിക്കുമ്പോള്‍ അദ്ദേഹം ടൈഗ്രീസില്‍ കൊണ്ടുപോയി എറിയും. അവസാനമാണ് കരുതിയപോലെ ആശയഗരിമയുള്ള ഗ്രന്ഥമായി രൂപാന്തരപ്പെട്ടത്. ഹിജ്‌റ 455-ല്‍ തുടങ്ങിയ ഗ്രന്ഥരചന 469-ലാണ് അവസാനിച്ചത്. പതിനാലു വര്‍ഷത്തെ നിരന്തരമായ അദ്ധ്വാനത്തിന്റെ ഫലമാണ് അബൂ ഇസ്ഹാഖ് ശീറാസി(റ)യുടെ മുഹദ്ദബ്. ഇമാമുകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ അറിയൂ എന്ന ബോധത്തെ റദ്ദ് ചെയ്യാന്‍ വേണ്ടിയാണ് ശൈഖ് ശീറാസി(റ) മുഹദ്ദബ് രചിക്കുന്നത്. ഇബ്‌നു സുബ്കി(റ) ഉദ്ധരിക്കുന്നു: ''ഇമാം ശാഫിഈ(റ)വും ഇമാം അബൂ ഹനീഫ(റ)വും യോജിച്ചാല്‍ അബൂ ഇസ്ഹാഖ് ശീറാസി(റ)യുടെ അറിവ് വെറുതെയാകും'' എന്ന് ഇബ്‌നു സ്വബാഗ് പറഞ്ഞുവെന്ന് ശൈഖ് ശീറാസി(റ)ക്ക് വിവരം ലഭിച്ചു. ഉടനെ ശൈഖ് മുഹദ്ദബിന്റെ രചനയില്‍ മുഴുകുകയായിരുന്നു. മുഹദ്ദബിലെ ഓരോ ഫസ്വലുകള്‍ തീരുമ്പോഴും ശീറാസി(റ) രണ്ട് റക്അത്ത് നിസ്‌കരിക്കുമായിരുന്നു. മുഹദ്ദബിലെ ഉള്ളടക്കം ശരീഅത്തിന്റെ അകക്കാമ്പ് തന്നെയായിരുന്നുവെന്ന് ശൈഖ് ശീറാസി(റ)വിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: ഞാന്‍ രചിച്ച ഈ ഗ്രന്ഥം (മുഹദ്ദബ്) നബി(സ) കാണുകയാണെങ്കില്‍ നബി(സ) പറയും: ഇതാണ് എന്റെ ഉമ്മത്തിനോട് ഞാന്‍ കല്‍പ്പിച്ച ശരീഅത്ത്. 42

മുഹദ്ദബിന്റെ രചനാശൈലി സരളമാണെങ്കിലും അതില്‍ പരാമര്‍ശിക്കപ്പെട്ട പണ്ഡിതരുടെ പേരുകള്‍ ചിലപ്പോള്‍ നിര്‍ണയിക്കാന്‍ പ്രയാസമായിരിക്കും. ഈ പ്രയാസം മുന്നില്‍ കണ്ട് ഇമാം നവവി(റ) തന്റെ ശര്‍ഹുല്‍ മുഹദ്ദബിന്റെ (മജ്മൂഅ്) തുടക്കത്തില്‍ വിശദമായി വിശദീകരിക്കുന്നുണ്ട്.

മുഹദ്ദബില്‍ അബുല്‍ അബ്ബാസ് എന്നു മാത്രം പറഞ്ഞാല്‍ അബുല്‍ അബ്ബാസ് ഇബ്‌നു സുറൈജ്(റ)വാണ് ഉദ്ദേശ്യം. അബുല്‍ അബ്ബാസ് ഇബ്‌നുല്‍ ഖാസ്വ(റ)വിനെ പരാമര്‍ശിക്കുന്നുവെങ്കില്‍ അപ്രകാരം തന്നെ പറയും. അസ്വ്ഹാബുകളുടെ ഗ്രന്ഥങ്ങള്‍ പലവുരു ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും മുഹദ്ദബില്‍ ഇസ്ഹാഖ് ഇസ്ഫറായിനി(റ) പരാമര്‍ശിക്കപ്പെടുന്നില്ല. ശൈഖ് അബൂഹാമിദ് ഇസ്ഫറായിനി(റ) ഖാളി അബൂ ഹാമിദ് മര്‍വൂദി(റ)യും ശൈഖ് ഖാളി എന്ന വിശേഷണങ്ങളില്‍ തന്നെയാണ് മുഹദ്ദബിലുള്ളത്.

സ്വഹാബാക്കളുടെ കൂട്ടത്തില്‍ അബ്ദുല്ലാഹ് എന്നു മുഹദ്ദബ് പറഞ്ഞാല്‍ അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ)വാണ് ഉദ്ദേശ്യം. കിതാബില്‍ സ്വഹാബാക്കളിലെ രണ്ട് അബ്ദുല്ലാഹ് ബ്‌നു സൈദും രണ്ട് മുആവിയയുമുണ്ട്. വാങ്ക് സംഭവത്തിലെ അബ്ദുല്ലാഹ്ബ്‌നു സൈദ് ഔസി(റ)യാണ് ഒരു സ്വഹാബി. അബ്ദുല്ലാഹിബ്‌നു സൈദ് അല്‍ മാസിനി(റ)യാണ് മറ്റൊന്ന്. രണ്ട് മുആവിയകളില്‍ ഒന്ന് മുആവിയത്തു ബ്‌നുല്‍ ഹകം(റ), നിസ്‌കാരത്തെ ഫാസിദാക്കുന്ന കാര്യങ്ങള്‍ പറയുന്ന ബാബില്‍ മാത്രമാണ് പരാമര്‍ശം. രണ്ട് മുആവിയത്തുബ്‌നു അബീ സുഫ്‌യാന്‍(റ). നിരവധി സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നു.

അസ്വ്ഹാബുകളുടെ കൂട്ടത്തില്‍ റബീഅ് എന്ന് മാത്രം മുഹദ്ദബ് പറഞ്ഞാല്‍ റബീഅ് ബ്‌നു സുലൈമാന്‍ മുറൂദി(റ)യാണ് ഉദ്ദേശ്യം. റബീഅ് ബ്‌നു സുലൈമാന്‍ ജൈസി(റ)യുടെ പേര് ഒരു മസ്അലയില്‍ മാത്രമാണ് വരുന്നത്. മുഹദ്ദബിലെ അത്വാഅ് കൊണ്ട് ഉദ്ദേശ്യം താബിആയ അത്വാഅ് ബ്‌നു അബീ റബാഹ് (റ) ആണ്. മൂന്ന് സ്ഥലങ്ങളിലാണ് മുഹദ്ദബില്‍ അത്വാഅ്(റ) പരാമര്‍ശിക്കപ്പെടുന്നത്. അത്വാഅ് എന്ന് പേരുള്ളവര്‍ ത്വാബിഉകളില്‍ നിരവധിയുണ്ടെങ്കിലും മുഹദ്ദബില്‍ അദ്ദേഹത്തിന്റെ പേര് മാത്രമാണുള്ളത്. മുഹദ്ദബിലെ ഒരേയൊരു ഖഫ്ഫാന്‍ നികാഹിന്റെ ആദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട ഖഫ്ഫാന്‍ കബീര്‍ ശാശി(റ) യാണ്. ഇബാന, ഖാളി ഹുസൈനി(റ)വിന്റെ തഅ്‌ലീഖ്, കിതാബുല്‍ മസ്ഊദി(റ) എന്നിവരുടെ ഗ്രന്ഥങ്ങള്‍ നിഹായ, ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങള്‍ തത്തിമ്മത്ത്, തഹ്ദീബ് തുടങ്ങി ഖുറാസാനിലെ പില്‍ക്കാലക്കാരായ പണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍ ഖഫ്ഫാന്‍ സ്വഗീര്‍ മറൂസി(റ) നിരവധി തവണ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ശൈഖ് ശീറാസി(റ)യുടെ മുഹദ്ദബില്‍ അദ്ദേഹത്തിന്റെ പേരില്ല. 43

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ കര്‍മ്മശാസ്ത്ര വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ച ശൈഖ് ശീറാസി(റ) എട്ടു പതിറ്റാണ്ടുകാലത്തെ ജീവിതത്തിനുശേഷം ലോകത്തോട് വിടപറഞ്ഞു. ഹിജ്‌റ 476-ല്‍ ഒരു ഞായറാഴ്ചയായിരുന്നു ശൈഖ് ശീറാസി(റ)യുടെ വഫാത്ത്. ബഗ്ദാദിലെ മണ്ണും മനസ്സും ആ ധന്യജീവിതത്തിനു മുന്നില്‍ താഴ്ന്നുകൊടുത്തു.

റഫറന്‍സ് 39. ശദറാത്തുദ്ദഹബ് ഫീ അഖ്ബാരി മന്‍ ദഹബ / അബുല്‍ ഫലാഹ് അബ്ദുല്‍ ഹയ്യ് ഹമ്പലി (മ. 1089, പേജ് 351 വാള്യം 3) 40. മജ്മൂഅ് (ശറഹുല്‍ മുഹദ്ദബ് / ഇമാം നവവി(റ), പേജ് 14, വാള്യം 1 41. ത്വബഖാത്തു ശ്ശാഫിഇയ്യത്തില്‍ കുബ്‌റാ / താജുദ്ദീന്‍ ബ്‌നു അലി സുബ്കി(റ), പേജ് 493 - 494, വാള്യം 2 42. ടി. പുസ്തകം, പേജ് 481, 485, 489, വാള്യം 2 43. മജ്മൂഅ് / ഇമാം നവവി(റ), പേജ് 70 - 71 വാള്യം 1.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter