അധികാരവും അനുസരണയും: മഖാസിദുകളുടെ വെളിച്ചത്തില്‍ ഒരു വിശകലനം

ഇസ്‌ലാമിക കര്‍മ്മശാസ്ത്ര ചരിത്രത്തിലും സമകാലിക ചര്‍ച്ചകളിലും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും അതേസമയം സങ്കീര്‍ണ്ണവുമായ ഒരു വിഷയമാണ് ഭരണാധികാരികളോടുള്ള അനുസരണയും അതിന്റെ പരിധികളും. പ്രവാചക ചര്യകളെയും ഇസ്‌ലാമിക കര്‍മ്മശാസ്ത്ര പാരമ്പര്യത്തെയും മുന്‍നിര്‍ത്തിക്കൊണ്ട്, കേവലം അന്ധമായ വിധേയത്വത്തിനപ്പുറം ലക്ഷ്യാധിഷ്ഠിതമായി (മഖാസിദി) രാഷ്ട്രീയ അനുസരണത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിലെ അടിസ്ഥാന ആശയങ്ങളെയും ചരിത്രപരമായ അനുഭവങ്ങളെയും സമകാലിക യാഥാർത്ഥ്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് ഈ വിഷയത്തെ നമുക്ക് പഠനവിധേയമാക്കാം.

രാഷ്ട്രീയ അധികാരത്തിന്റെ ആവശ്യകതയെയും കേന്ദ്രീകൃത സ്വഭാവത്തെയും പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യന്‍ സാമൂഹികജീവിയായതിനാല്‍ തന്നെ, സമൂഹത്തിന്റെ പൊതുക്രമം നിലനിര്‍ത്തുന്നതിനും ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും ഒരു നേതൃത്വം അത്യന്താപേക്ഷിതമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രവാചക വചനങ്ങളില്‍ "ഭരണാധികാരി നീതിമാനായാലും ശരി, അനീതിമാനായാലും ശരി ജനങ്ങള്‍ക്ക് ഒരു ഭരണകൂടം കൂടിയേ തീരൂ" എന്ന് വ്യക്തമാക്കുന്നത് ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. എളിയ യാത്രകളില്‍ പോലും മൂന്നുപേരുണ്ടെങ്കില്‍ ഒരാളെ അമീറായി തിരഞ്ഞെടുക്കാന്‍ പ്രവാചകര്‍ നിര്‍ദ്ദേശിച്ചത് യാദൃശ്ചികമല്ല. ചെറിയ സംഘങ്ങളില്‍ പോലും ഐക്യവും ക്രമവും പാലിക്കപ്പെടാന്‍ നേതൃത്വം അനിവാര്യമാണെങ്കില്‍, വിപുലമായ സമൂഹത്തില്‍ അത് എത്രകണ്ട് പ്രധാനമാണെന്ന് വ്യക്തമാണ്.

ഈ അധികാരം കേവലം ഒരധികാരപ്രയോഗം എന്നതിലുപരി, മതപരവും ഭൗതികവുമായ കാര്യങ്ങള്‍ സംരക്ഷിക്കുക എന്ന ചുമതലയുള്ള ധാര്‍മ്മിക ഉത്തരവാദിത്തമാണ്. വിശുദ്ധ ഖുര്‍ആനിലെ "അനുസരിക്കുക അല്ലാഹുവിനെ, അനുസരിക്കുക റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും" (അന്നിസാഅ്: 59) എന്ന സൂക്തത്തിലെ 'ഉുലുല്‍ അംറ്' (കൈകാര്യകര്‍ത്താക്കള്‍) എന്ന പദം ഏറെ ശ്രദ്ധേയമാണ്. പണ്ഡിതന്മാരും വ്യാഖ്യാതാക്കളും ഈ പദത്തിന് വിവിധ അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ടെങ്കിലും, ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, നീതിപാലകര്‍, സമൂഹത്തിലെ വിവിധ തുറകളിലെ വിദഗ്ധര്‍ എന്നിവരൊക്കെ അടങ്ങുന്ന ഒരു പങ്കാളിത്ത ഭരണസംവിധാനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇമാം ശവ്വാനി ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം, ജനങ്ങളില്‍ നിന്ന് അംഗീകാരം നേടിയ, നിയമപരമായ അധികാരം കൈയാളുന്നവരാണ് ഇക്കൂട്ടര്‍. ഖുര്‍ആന്‍ തൊട്ടടുത്ത സൂക്തത്തില്‍ തന്നെ അമാനത്തുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കാനും നീതിപൂര്‍വ്വം വിധിക്കാനും കല്‍പ്പിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ, രാഷ്ട്രീയ അനുസരണം എന്നത് കേവലം നിരുപാധികമായ ഒന്നല്ലെന്നും, അത് അമാനത്തും നീതിയും പുലര്‍ത്തുന്നവര്‍ക്കുള്ളതാണെന്നും വ്യക്തമാകുന്നു.

ഹദീസുകളില്‍ പരാമര്‍ശിക്കപ്പെടുന്ന അനുസരിക്കാനുള്ള കല്‍പ്പനകളെ പണ്ഡിതന്മാര്‍ കേവലം യാന്ത്രികമായ കീഴ്‌വഴക്കമായിട്ടല്ല വ്യാഖ്യാനിക്കുന്നത്. സാഹചര്യങ്ങളുടെ ഗൗരവവും പ്രത്യാഘാതങ്ങളും അനുസരിച്ച് അനുസരണയെ മൂന്നു പ്രധാന വിഭാഗങ്ങളായി തരംതിരിക്കാം. ആദ്യത്തേത് സാമാന്യ അനുസരണയാണ്' (Normative Obedience). ശരീഅത്തിന്റെ നിയമങ്ങളും നീതിയും പൂര്‍ണ്ണമായി പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് നല്‍കുന്ന സ്വാഭാവികമായ അനുസരണമാണിത്. രണ്ടാമത്തേത് 'ആവശ്യകതയുടെ അനുസരണയാണ്' (Obedience of Necessity). ഭരണകൂടത്തിന് അപൂര്‍ണ്ണതകളോ ചില നീതികേടുകളോ ഉണ്ടെങ്കിലും, വലിയ കുഴപ്പങ്ങളും ഫിത്‌നയും ഒഴിവാക്കുന്നതിനായി പൊതുസുരക്ഷ മുന്‍നിര്‍ത്തി തുടരേണ്ടിവരുന്ന അനുസരണയാണിത്. മൂന്നാമത്തേത് 'അടിയന്തിര ഘട്ടങ്ങളിലെ അനുസരണയാണ്' (Exceptional Obedience). 'ഏറ്റവും ചെറിയ ഭവിഷത്ത് തിരഞ്ഞെടുക്കുക' (اخف الضررين), 'തിന്മ തടയുന്നത് നന്മ നേടുന്നതിനേക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നു' തുടങ്ങിയ കര്‍മ്മശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ വിപത്തുകള്‍ തടയാന്‍ വേണ്ടി മാത്രം സ്വീകരിക്കുന്ന നിലപാടുകളാണിത്.

ഇസ്‌ലാമിക പ്രമാണങ്ങളില്‍ 'ഫിത്‌ന' അഥവാ ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും കഠിനമായി വിലക്കപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലം ഈ തരംതിരിവിലൂടെ വ്യക്തമാകും. അരാജകത്വവും രക്തച്ചൊരിച്ചിലും ഒഴിവാക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായാലും ക്ഷമ പാലിക്കാന്‍ പ്രവാചകൻ പഠിപ്പിച്ചത് സമൂഹത്തിന്റെ ഐക്യം തകരാതിരിക്കാനാണ്. ചരിത്രത്തില്‍ അബൂബക്കര്‍ സിദ്ദീഖ്(റ) മുതല്‍ ഖുലാഫാഉര്‍റാശിദുകളുടെ കാലത്തും തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ഭരണസംവിധാനങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഈ നയത്തിന്റെ പ്രായോഗികത വെളിപ്പെടുത്തുന്നു.

ഖിലാഫത്തിന് ശേഷം വന്ന രാജഭരണ കാലഘട്ടങ്ങളിലും (ഉമവി, അബ്ബാസി കാലഘട്ടങ്ങള്‍) സുല്‍ത്താനേറ്റുകളുടെ കാലഘട്ടങ്ങളിലും ഭരണാധികാരികളില്‍ ചില അനീതികള്‍ കടന്നുകൂടിയിരുന്നെങ്കിലും, അതിര്‍വരമ്പുകളില്ലാത്ത സായുധ വിപ്ലവങ്ങളേക്കാള്‍ സാമൂഹിക സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കാന്‍ പണ്ഡിതന്മാര്‍ തയ്യാറായി. എന്നാല്‍, ഇതിന്റെ പേരില്‍ ഏകാധിപത്യത്തെയും അനീതിയെയും പൂര്‍ണ്ണമായി ന്യായീകരിക്കുകയാണ് ഇസ്‌ലാം എന്ന് അര്‍ത്ഥമാക്കുന്നില്ല. നീതി നിഷേധവും സ്വേച്ഛാധിപത്യവും സംജാതമാകുന്ന അവസ്ഥകളെ ശക്തമായി ചോദ്യം ചെയ്യാനും നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനുമുള്ള ബാധ്യതയും ഇസ്‌ലാം കല്‍പ്പിച്ചിട്ടുണ്ട്. പ്രമുഖ ഹനഫി കര്‍മ്മശാസ്ത്ര പണ്ഡിതനായ അല്‍ജസ്സാസ് അടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ, ഭരണാധികാരികളുടെ ഏകാധിപത്യത്തിനും അനീതിക്കും എതിരെ ശബ്ദിക്കാതിരിക്കുന്നത് വലിയ തിന്മകള്‍ക്ക് വഴിതുറക്കുമെന്നും അത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പണ്ഡിതര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇമാം അബൂഹനീഫയെ പോലുള്ളവരുടെ ചരിത്രപരമായ നിലപാടുകളും പ്രതിരോധങ്ങളും ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ഹദീസുകളില്‍ "ഏറ്റവും മികച്ച ജിഹാദ് അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ സത്യം പറയലാണെന്ന്" പഠിപ്പിച്ചതും, സ്വേച്ഛാധിപത്യത്തിനെതിരെ മൗനം പാലിക്കരുത് എന്നതിന്റെ തെളിവാണ്.

സമകാലിക ലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് വരുമ്പോള്‍ ഈ ചര്‍ച്ചക്ക് പ്രസക്തിയേറുന്നു. ആധുനിക ദേശീയ രാഷ്ട്രങ്ങളുടെ രൂപീകരണവും പരമാധികാര സങ്കല്‍പ്പങ്ങളിലെ മാറ്റങ്ങളും ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വാഇല്‍ ഹാല്ലാഖ് പോലുള്ള ആധുനിക ചിന്തകര്‍ പറയുന്നത് പ്രകാരം, മുന്‍കാലങ്ങളിലെ ഭരണാധികാരികള്‍ ശരീഅത്തിന് വിധേയപ്പെട്ടിരുന്നവരായിരുന്നുവെങ്കില്‍, ആധുനിക കാലത്തെ ഭരണകൂടങ്ങള്‍ സ്വന്തമായി നിയമ നിര്‍മ്മാണ അധികാരം കൈയാളുന്ന മതേതര-ദേശീയ ഘടനകളുള്ളവയാണ്. അതിനാല്‍ സമകാലിക ഭരണാധികാരികളെ ഖുര്‍ആന്‍ പറഞ്ഞ അര്‍ത്ഥത്തിലുള്ള 'ഉലുല്‍ അംറ്' ആയി പൂര്‍ണ്ണമായി കാണാന്‍ കഴിയില്ലെങ്കിലും, അരാജകത്വവും രക്തച്ചൊരിച്ചിലും ഒഴിവാക്കാന്‍ വേണ്ടി മാത്രം അവരോടുള്ള നിലപാടുകളെ 'ആവശ്യകതയുടെ അനുസരണയായി' (ضرورة) വ്യാഖ്യാനിക്കേണ്ടതുണ്ടെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തില്‍ അറബ് ലോകത്ത് നടന്ന പല വിപ്ലവങ്ങളെയും ഈ ഉരകല്ല് വെച്ച് നമുക്ക് അളന്ന് നോക്കാവുന്നതാണ്.

ചുരുക്കത്തില്‍, ഇസ്‌ലാമിലെ രാഷ്ട്രീയ അനുസരണ എന്നത് യാതൊരുവിധ ചോദ്യങ്ങളുമില്ലാത്ത അന്ധമായ വിധേയത്വമല്ല; മറിച്ച്, മതസംരക്ഷണം, ജീവന്റെയും പൊതുക്രമത്തിന്റെയും സംരക്ഷണം, നീതി നടപ്പിലാക്കല്‍ എന്നീ ഉന്നതമായ മഖാസിദുകളുമായി (ലക്ഷ്യങ്ങളുമായി) ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഏകാധിപത്യത്തെയും അക്രമങ്ങളെയും നിയമവിധേയമാക്കാനല്ല, മറിച്ച് സമൂഹത്തിന്റെ സുസ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ അനീതികള്‍ക്കെതിരെ ധാര്‍മ്മികമായ പ്രതിരോധം തീര്‍ക്കാനുമാണ് പ്രവാചകന്റെ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ അധികാരത്തെയും ഭരണകൂടത്തെയും കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണങ്ങള്‍ കേവലം ലളിതമല്ല, മറിച്ച് അതിന്റെ സമഗ്രമായ ലക്ഷ്യങ്ങളുടെയും പ്രായോഗിക സന്ദര്‍ഭങ്ങളുടെയും പശ്ചാത്തലത്തിലാവണം അവ വായിക്കേണ്ടത്. ആ രംഗത്ത് ഇനിയും ഏറെ ചര്‍ച്ചകള്‍ നടക്കേണ്ടതും അവയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ദര്‍ശനങ്ങളിലൂടെ സമൂഹം മുന്നോട്ട് ഗമിക്കേണ്ടതുമുണ്ട്.

About the Author: 

മണിയൂര്‍ ശംസുൽ ഉലമാ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് വിദ്യാര്‍ത്ഥിയാണ് ലേഖകന്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter