ബദര്‍ യുദ്ധം

ഇസ്‌ലാമിന്റെ വികാസചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മഹത്തായ പ്രഥമ പ്രതിരോധ സമരമായിരുന്നു ബദര്‍ യുദ്ധം. മക്കക്കും മദീനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബദര്‍ എന്ന സ്ഥലത്തുവെച്ചാണ് ഇത് നടന്നിരുന്നത് എന്നതിനാല്‍ അതേ പേരില്‍തന്നെ അറിയപ്പെട്ടു. ഹിജ്‌റവര്‍ഷം രണ്ട് റമദാന്‍മാസം പതിനേഴിനായിരുന്നു സംഭവം. യുദ്ധത്തിന്റെ പെട്ടന്നുണ്ടായ കാരണങ്ങളും പശ്ചാത്തലവും ഇങ്ങനെ സംഗ്രഹിക്കാം:

യുദ്ധകാരണം

അബൂ സുഫ്‌യാനും കൂട്ടരും കച്ചവടംകഴിഞ്ഞ് വന്‍ ലാഭവിഹിതവുമായി ശാമില്‍നിന്നും മടക്കമാരംഭിച്ചിട്ടുണ്ടെന്ന വിവരം പ്രവാചകന്‍ അറിഞ്ഞു. തങ്ങളെ മക്കയില്‍നിന്നും ആട്ടിപ്പുറത്താക്കിയ ശേഷം അവര്‍ നേടുന്ന വന്‍ ലാഭമായിരുന്നു ഇത്. ഈ ഘട്ടത്തില്‍ അവരെ നേരിടുന്ന പക്ഷം സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും ഇത് അവര്‍ക്കു നേരെയുള്ള കനത്ത തിരിച്ചടിയായിരിക്കും. ബിംബാരാധകരായ അവരുടെ ധിക്കാരപരമായ മുന്നേറ്റത്തിനേല്‍ക്കുന്ന ആഘാതവുമായിരിക്കും. പ്രവാചകന്‍ ഈ അവസരം മുതലെടുക്കാനും അവര്‍ക്കെതിരെ പുറപ്പെടാനും തീരുമാനിച്ചു. ആയിരം ഒട്ടകങ്ങള്‍ക്ക് വഹിക്കാവുന്നത്ര ചരക്കുകളുമായിട്ടായിരുന്നു ശത്രുക്കളുടെ കച്ചവട സംഘം. നാല്‍പത് പേരായിരുന്നു പാറാവുകാര്‍. അന്ന് ഇസ്‌ലാമിന്റെ കൊടിയ ശത്രുവായിരുന്ന അബൂസുഫ്‌യാനാണ് സംഘത്തെ നയിച്ചിരുന്നത്. വലിയൊരു യുദ്ധം മുന്നില്‍ കണ്ടിരുന്നില്ലെങ്കിലും തങ്ങളുടെ വന്‍ സ്വത്തുക്കള്‍ കൊള്ളയടിച്ച അവര്‍ക്ക് ഒരു നഷ്ടം വരുത്തിവെക്കുകയെന്നതായിരുന്നു മുസ്‌ലിംകളുടെ ഉദ്ദേശ്യം.

മുഹമ്മദും അനുയായികളും തങ്ങള്‍ക്കുനേരെ പുറപ്പെട്ടിട്ടുണ്ടെന്ന വിവരമറിഞ്ഞ അബൂ സൂഫ്‌യാന്‍ താമസിയാതെ മക്കയിലേക്ക് ദൂതനെ പറഞ്ഞയക്കുകയും സഹായമാവശ്യപ്പെടുകയും ചെയ്തു. വിവരംകിട്ടിയാപാടെ മക്കയിലെ പ്രമുഖരൊന്നടങ്കം അദ്ദേഹത്തിന് ഉത്തരം നല്‍കി. അബൂലഹബ് ഒഴികെ ബാക്കിയെല്ലാവരും പുറപ്പെട്ടു. എന്നാല്‍, വളരെ ശ്രദ്ധയോടെയാണ് അബൂസുഫ്‌യാന്‍ തന്റെ സൈന്യത്തെ മുന്നോട്ടു നയിച്ചിരുന്നത്. മുസ്‌ലിംകളുടെ വഴിയില്‍നിന്നും മാറി സഞ്ചരിച്ച അദ്ദേഹം അവരുടെ പിടിത്തത്തില്‍നിന്നും രക്ഷപ്പെടുമെന്നു കണ്ടപ്പോള്‍ മടങ്ങിപ്പോയ്‌കൊള്ളാന്‍ മക്കക്കാര്‍ക്ക് സന്ദേശം നല്‍കി. സന്ദേശം ലഭിച്ച അവര്‍ തിരിച്ചുപോവാന്‍ സന്നദ്ധമായെങ്കിലും അബൂ ജഹല്‍ സമ്മതിച്ചില്ല. ബദറില്‍പോയി മൂന്നു ദിവസം വിജയം ആഘോഷിച്ച ശേഷം മടങ്ങാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഒടുവില്‍ ഭൂരിപക്ഷം ഈ തീരുമാനം സ്വീകരിക്കുകയും ബദറിലേക്ക് പുറപ്പെടുകയും ചെയ്തു.

വിശ്വാസികളുടെ സന്നദ്ധത

മക്കക്കാര്‍ ബദറിലേക്കു പുറപ്പെട്ട വിവരം പ്രവാചകനു ലഭിച്ചു. അവര്‍ സ്വഹാബികളെ വിളിച്ചുകൂട്ടുകയും ഒരു യുദ്ധത്തിനുവേണ്ടി തയ്യാറാവുന്നതുസംബന്ധമായി അവരോട് ചര്‍ച്ചചെയ്യുകയും ചെയ്തു. അബൂബക്ര്‍ സിദ്ദീഖ്(റ) വും ഉമര്‍(റ) വും പ്രവാചകന് പരിപൂര്‍ണ പിന്തുണ നല്‍കി. ഒരു യുദ്ധമാണെങ്കില്‍ അതിന് തങ്ങളെല്ലാവരും തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ശേഷം മുഹാജിറുകളുമായി പ്രവാചകന്‍ സംസാരിച്ചു. തങ്ങളുടെ നേതാവായ അങ്ങ് എന്തു പറഞ്ഞാലും അതു ചെയ്യാന്‍ തങ്ങള്‍ സജ്ജരാണെന്നായിരുന്നു അവരുടെ പ്രിതകരണം. ശേഷം, അന്‍സ്വാറുകള്‍ക്കു നേരെ തിരിഞ്ഞ് അഭിപ്രായമാരാഞ്ഞു. അവരുടെ നേതാവായ സഅദ് ബ്‌നു മുആദ് (റ) എഴുന്നേറ്റു നിന്ന് പറഞ്ഞു: 'പ്രവാചകരെ, അങ്ങ് ഉദ്ദേശിക്കുന്നത് ചെയ്യുക; പോകാനുദ്ദേശിക്കുന്നിടത്ത് പോവുക; നിശ്ചയം ഞങ്ങള്‍ അന്‍സ്വാറുകള്‍ അങ്ങയോടൊപ്പം ഉണ്ടായിരിക്കും. ആവശ്യമുള്ളത് ചോദിക്കുക; അങ്ങേക്കു നല്‍കുന്നതാണ് ഞങ്ങള്‍ക്ക് ശേഷിക്കുന്നതിനെക്കാള്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. അങ്ങ് ഞങ്ങളോട് ഒരു നദിയില്‍ ചാടാന്‍ പറഞ്ഞാലും ശങ്കലേശമന്യെ ഞങ്ങളതിന് തയ്യാറാണ്.' മിഖ്ദാദ് (റ) പറഞ്ഞു: 'പ്രവാചകരെ, പണ്ട്, മൂസാ നബിയോട് തന്റെ അനുയായികള്‍ പറഞ്ഞതുപോലെ, 'നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്യുക; ഞങ്ങള്‍ ഇവിടെ വിശ്രമിക്കാം' എന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നതല്ല.' അനുചരന്മാരുടെ പ്രതികരണങ്ങള്‍ കേട്ട് പ്രവാചകന് സന്തോഷമായി. വേണ്ടിവന്നാല്‍ മക്കക്കാരുമായി യുദ്ധം ചെയ്യാന്‍തന്നെ അവര്‍ തീരുമാനിച്ചു.

യുദ്ധം പ്രവാചകാനുയായികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയത്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദിന്റെയും അനന്തര ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കിയ അവര്‍ യുദ്ധാനുമതി ലഭിക്കാന്‍ പ്രവാചക സവിധം ഓടിയെത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍പോലും അനുമതി ലഭിക്കാനായി പ്രവാചകനു മുമ്പില്‍ കെഞ്ചുകയായിരുന്നു. തങ്ങള്‍ക്ക് കൈവന്ന ഒരു ഭാഗ്യംപോലെ സ്വഹാബികല്‍ ഇതിനെ സ്വീകരിച്ചു.

സൈന്യങ്ങള്‍

വന്‍സൈന്യവും സന്നാഹവുമായാണ് ഖുറൈശികള്‍ യുദ്ധത്തിനു വന്നത്. മുസ്‌ലിംകളെ അപേക്ഷിച്ച് മൂന്നു മടങ്ങ് കൂടുതലായിരുന്നു അവരുടെ അംഗബലം. നൂറ് കുതിരപ്പടയാളികളും അറുനൂറ് അങ്കികളും അനവധി ഒട്ടകങ്ങളുമുണ്ടായിരുന്നു അവര്‍ക്ക്. ആയിരത്തിലേറെ അംഗബലമുള്ള സൈന്യത്തെ അബൂ ജഹലാണ് നയിച്ചിരുന്നത്. അഹങ്കാരവും ദുരഭിമാനവും കാണിച്ച് അവര്‍ ബദര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, വളരെ ലളിതവും ചെറുതുമായിരുന്നു മുസ്‌ലിംസൈന്യം. വലിയ തയ്യാറെടുപ്പുകളോ യുദ്ധ സന്നാഹങ്ങളോ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. ഭടന്മാരായി മുഹാജിറുകളും അന്‍സ്വാറുകളുമടക്കം 313 പേരാണ് അവര്‍ ഉണ്ടായിരുന്നത്. കുതിരകളും ഒട്ടകങ്ങളും അംഗുലീപരിമിതം. ആയുധങ്ങളുടെയും അവസ്ഥ അതുതന്നെയായിരുന്നു. അലി(റ) മുഹാജിറുകളുടെയും സഅദ് ബിന്‍ മുആദ് (റ) അന്‍സ്വാറുകളുടെയും നേതാവായി നിശ്ചയിക്കപ്പെട്ടു. മുസ്അബ് ബിന്‍ ഉമൈറായിരുന്നു മുഖ്യസൈന്യാധിപന്‍. ബദ്‌റിലെത്തിയ മുസ്‌ലിം സൈന്യം അവിടത്തെ ജലസംഭരണിക്കടുത്ത് സ്ഥാനമുറപ്പിച്ചു. ബണ്ട് കെട്ടി ആവശ്യത്തിന് വെള്ളം ശേഖരിച്ചു. മക്കാമുശ്‌രിക്കുകള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. അന്നു രാത്രി ശക്തമായ മഴ വര്‍ഷിച്ചു. മുസ്‌ലിംകള്‍ക്കിത് വലിയ അനുഗ്രഹമായി. എന്നാല്‍, ശത്രുക്കള്‍ക്കിത് വലിയൊരു വിപത്തിറങ്ങിയ പ്രതീതിയായിരുന്നു.

യുദ്ധക്കളത്തില്‍ മുഖാമുഖം

മുസ്‌ലിംകളും മുശ്‌രിക്കുകളും മുഖാമുഖം നിന്നു; യുദ്ധത്തിനു തയ്യാറായി. പടക്കളത്തിനരികില്‍ പ്രവാചകനു നില്‍ക്കാനായി ഒരു കൂടാരം തയ്യാറാക്കപ്പെട്ടു. യുദ്ധമാരംഭിക്കാനായപ്പോള്‍ പ്രവാചകന്‍ അനുയായികളെയും കൂട്ടി പടക്കളത്തിലിറങ്ങി ചുറ്റും നടന്നു. യുദ്ധത്തില്‍ ഓരോ ഖുറൈശീ നേതാവും പിടഞ്ഞുവീഴുന്ന സ്ഥലം അവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. റമദാന്‍മാസം പതിനേഴിനായിരുന്നു ഇത്. രണ്ടു സൈന്യവും ഇരു ഭാഗങ്ങളിലായി അണിനിരന്നു. പ്രവാചകന്‍ സൈന്യത്തെ ശരിപ്പെടുത്തി.  ശേഷം, അബൂബക്ര്‍ സിദ്ദീഖ് (റ) വിനൊപ്പം കൂടാരത്തിലേക്കു കയറി. ഇരു കരങ്ങളും ആകാശത്തിലേക്കുയര്‍ത്തി കുറേ നേരം പ്രാര്‍ത്ഥിച്ചു: 'നാഥാ, ഇത് നിന്റെ സൈന്യമാണ്. ഇന്നിവര്‍ പരാചയപ്പെടുത്തപ്പെട്ടാല്‍ മേലില്‍ നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല. അതിനാല്‍, ഞങ്ങളെ നീ സഹായിക്കേണമേ.' തേങ്ങിക്കൊണ്ടുള്ള പ്രവാചകരുടെ പ്രാര്‍ത്ഥന കേട്ട് അബൂബക്ര്‍ സിദ്ദീഖ് (റ) അവരെ സമാധാനിപ്പിച്ചു. ശേഷം പ്രവാചകന്‍ സൈന്യത്തിനിടയിലേക്ക് ഇറങ്ങിവന്നു. അനുചരന്മാര്‍ക്ക് ആവേശം പകര്‍ന്നു. യുദ്ധമാരംഭിക്കുകയായി. ഖുറൈശി പ്രമുഖരായ ഉത്ബയും ശൈബയും വലീദും രംഗത്തുവന്നു. തങ്ങളോട് ദന്ത്വയുദ്ധത്തിന് തയ്യാറുള്ളവര്‍ ആരെന്ന് വെല്ലുവിളിച്ചു. അന്‍സ്വാറുകളില്‍നിന്നും മൂന്നു പേര്‍ അതിന് ഉത്തരം നല്‍കി. തങ്ങളോട് പോരാടാന്‍ തറവാട്ടുകാര്‍തന്നെ വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതനുസരിച്ച് ഉബൈദത്തു ബ്‌നുല്‍ ഹാരിസ്, ഹംസ, അലി (റ) എന്നിവര്‍ മുന്നോട്ടു വന്നു. താമസിയാതെ യുദ്ധം തുടങ്ങി. ഉബൈദ ഉത്ബയെയും ഹംസ ശൈബയെയും അലി വലീദിനെയും നേരിട്ടു. ഹംസയും അലിയും താമസംവിനാ തങ്ങളുടെ പ്രതിയോഗികളെ വെട്ടിവീഴ്ത്തി. ഉത്ബയും ഉബൈദത്തും തമ്മില്‍ ഘോരമായ യുദ്ധം നടക്കുകയായിരുന്നു. ഹംസയും അലിയും ഉത്ബക്കുനേരെ ചാടിവീണു. അയാളെ വകവരുത്തി. മുറിവ് പറ്റിയ ഉബൈദത്തിനെ എടുത്തുകൊണ്ടുവന്നെങ്കിലും താമസിയാതെ അദ്ദേഹവും ശഹീദായി.

വിജയത്തിലേക്ക്

അടുത്ത നിമഷം. മുസ്‌ലിംകള്‍ക്കും മുശ്‌രിക്കുകള്‍ക്കുമിടയില്‍ ഘോരമായ യുദ്ധമാരംഭിച്ചു. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് സൈന്യം മുന്നോട്ടുനീങ്ങി. ശത്രുക്കള്‍ക്കിടയിലേക്കു പാഞ്ഞുകയറിയ വിശ്വാസികളെ കണ്ട് അവര്‍ അമ്പരന്നു. ഒരിക്കലും പിടിച്ചുനില്‍ക്കാനാവില്ലായെന്നു കണ്ടപ്പോള്‍ അവര്‍ പിന്തിരിഞ്ഞോടി. മാലാഖമാരുടെ സാഹായം ബദറില്‍ മുസ്‌ലിംകള്‍ക്ക് വലിയൊരു അത്താണിയായിരുന്നു. യുദ്ധത്തില്‍ പലരും ശഹീദായി. അനവധി മുശ്‌രിക്കുകള്‍ വധിക്കപ്പെട്ടു. ഉമൈര്‍ ബിന്‍ ഹുമാം എന്ന അന്‍സ്വാരിയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ട പ്രഥമ വിശ്വാസി. അബൂജഹല്‍, ഉത്ബ, ശൈബ തുടങ്ങി തങ്ങളുടെ വലിയൊരു നായക നിരതന്നെ ഈ യുദ്ധത്തില്‍ ഖുറൈശികള്‍ക്ക് നഷ്ടപ്പെട്ടു. ഖുറൈശികള്‍ പിന്തിരിഞ്ഞതോടെ പ്രവാചകന്‍ വിജയം പ്രഖ്യാപിച്ചു. അസത്യത്തിനുമേല്‍ സത്യം വിജയിച്ചപ്പോള്‍ അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു. യുദ്ധത്തില്‍ ശത്രുക്കളുടെ ഭാഗത്തുനിന്നും എഴുപത് പേര്‍ വധിക്കപ്പെടുകയും എഴുപത് പേര്‍ ബന്ധികളായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം പക്ഷത്തുനിന്നു ആറു മുഹാജിറുകളും എട്ടു അന്‍സ്വാറുകളും ശഹീദായി. വധിക്കപ്പെട്ട മുശ്‌രിക്കുകളെ ബദറിലെ ഒരു കിണറ്റില്‍ മറമാടപ്പെട്ടു. ബന്ധികളെ പ്രവാചകാനുയായികള്‍ക്കിടയില്‍ വിഹിതിക്കപ്പെടുകയും ചെയ്തു. യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും വിജയ ശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തി. മുസ്‌ലിംകളുടെ വിജയം കണ്ട് ഇസ്‌ലാമിന്റെ ശത്രുക്കള്‍ പേടിച്ചു. പലരും ഇസ്‌ലാമിലേക്കു കടന്നുവന്നു. അതേസമയം തോല്‍വി വിവരമറിഞ്ഞ മക്കയില്‍ കൂട്ടക്കരച്ചില്‍ ഉയരുകയായിരുന്നു. തങ്ങളുടെ നേതാക്കന്മാര്‍ വധിക്കപ്പെട്ടത് അവര്‍ക്ക് വലിയ തിരിച്ചടിയായി. അംഗബലം കുറവാണെങ്കിലും മുസ്‌ലിംകളുടെ ശക്തി ബദറിലൂടെ സത്യനിഷേധികള്‍ തിരിച്ചറിഞ്ഞു. യുദ്ധത്തില്‍ പിടിക്കപ്പെട്ട ബന്ധികളെ പിന്നീട് മോചനദ്രവ്യം വാങ്ങി വെറുതെ വിട്ടു. മോചനദ്രവ്യം നല്‍കാന്‍ കഴിവില്ലാത്തവരെ അന്‍സ്വാരീ കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കണമെന്ന നിബന്ധനയോടെ വിട്ടയച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter