കണ്ണീരുണങ്ങാതെ പൊന്നുമോള്‍ ഫാത്വിമയും
തിരുജീവിതത്തിന് തിരശ്ശീല വീഴുന്നു - ഭാഗം മൂന്ന്
ഫാത്വിമ.. നബിﷺയുടെ പുന്നാര മോൾ.. ഏറ്റവും ഇളയവൾ. മക്കയിലെ മലഞ്ചെരുവിൽ ഖുറൈശി ഊരുവിലക്കിൽ പട്ടിണി കിടന്ന കാലം മുതൽ പുണ്യനബിﷺയുടെ ഓരോ വേദനയിലും പങ്കാളിയായവൾ..
പ്രിയ പത്നി ഖദീജയും മൂത്താപ്പ അബൂ ത്വാലിബും പിറകെപ്പിറകെ വിട പറഞ്ഞപ്പോൾ ഉമ്മയുടെയും ഉപ്പയുടെയും ഭാര്യയുടെയും വിടവുകൾ നികത്തുന്ന താങ്ങും തണലുമായി നബിﷺയുടെ പ്രിയപ്പെട്ട പുത്രി..
ആ സ്നേഹ സാന്ത്വനത്തിൽ നബി പൊന്നു മോൾക്ക് നല്കിയ പേരാണ് – ഉമ്മു അബീഹാ –‘വാപ്പാന്റെ മോൾ’.
മോള്‍ വീട്ടിലേക്ക് വന്നാല്‍ നബിﷺ എഴുന്നേറ്റ് ചെന്ന് സ്വീകരിക്കും. നെറ്റിയില്‍ ഉമ്മവെക്കും. തന്റെയടുത്ത് ചേര്‍ത്തിരുത്തി സംസാരിക്കും.
തിരിച്ചും അങ്ങനെ തന്നെ. മോളെ കാണാന്‍ വാപ്പ വന്നാല്‍ ഉമ്മവെച്ച് സ്വീകരിച്ചു തന്റെയടുത്ത് ഇരുത്തും ആ പൂമകള്‍ ...
നബിﷺക്ക് ഖദീജ സമ്മാനിച്ച ഈ ഇളയ പുത്രി മാത്രമാണ് തന്റെ ഏഴുമക്കളില്‍ ഇപ്പൊ ജീവിച്ചിരിപ്പുള്ളത്.
ജനനത്തിനു മുമ്പേ വാപ്പയേയും കുഞ്ഞു നാളിലേ ഉമ്മയെയും നഷ്ടപ്പെട്ട പ്രവാചകന്ﷺ ജീവിതകാലത്ത് തന്നെ തന്റെ ആറു മക്കളെയും വേദനയോടെ ആറടിമണ്ണില്‍ വെക്കേണ്ടി വന്നിട്ടുണ്ട്.
നബിﷺയുടെ അവസാന നാളുകളില്‍ ഒരു ദിവസം. പത്നിമാര്‍ എല്ലാവരും ചുറ്റുമുണ്ട്. ഫാത്തിമ അങ്ങോട്ട് കയറി വന്നു. ആ നടത്തം പോലും നബിﷺയുടെത് തന്നെ.
അല്ലെങ്കിലും സംസാരത്തിലും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും നബിﷺയെ എടുത്തവെച്ചത് പോലെയാണ് ഫാത്വിമ. ആ നടത്തത്തിലും ഇരുത്തത്തിലും പോലും വാപ്പാന്റെ മോള്‍ തന്നെയായിരുന്നുവെന്ന് ആഇശ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഫാത്തിമയെ കണ്ടപാടെ സന്തോഷത്തോടെ നബിﷺ പറഞ്ഞു: പൊന്നുമോള്‍ക്ക് സ്വാഗതം. ശേഷം അടുത്തുരിത്തി . ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.
പെട്ടെന്ന് ഫാത്തിമയുടെ മുഖം വിവര്‍ണമായി. കണ്ണുകള്‍ സജലമായി.. അതൊരു നിലക്കാത്ത പ്രവാഹമായി മാറി..
Read More:തിരുജീവിതത്തിന് തിരശ്ശീല വീഴുന്നു ഒന്ന്: നട്ടുച്ചക്ക് സൂര്യനസ്തമിച്ചപ്പോള്‍
അത് കണ്ട നബിﷺ വീണ്ടും എന്തോ രഹസ്യം പറഞ്ഞു. അതോടെ ആ ദു:ഖം സന്തോഷത്തിനു വഴിമാറി.. മുഖം വര്‍ണാഭമായി.. തേങ്ങല്‍ സാന്തോഷ ചിരിയായി ..
ഫാത്വിമ പോകാനായി എഴുന്നേറ്റു.
ആഇശക്ക് ജിജ്ഞാസ അടക്കാനായില്ല. ചിരിയുടെയും കരച്ചിലിന്റെയും കാര്യമന്വേഷിച്ചു. പക്ഷേ ഫാത്തിമ ആ രഹസ്യം വെളിപ്പെടുത്തിയില്ല.
ഇപ്പോള്‍ നബിﷺ മരണശയ്യയിലാണ്. ഇടയക്ക്കിടെ ബോധം പോയി വന്നിരിക്കുന്നു.
ഫാത്തിമ അടുത്തുണ്ട്. “വാ കര്‍ബ അബതാഹ് “ : ഈ സങ്കടം കണ്ടു നില്‍ക്കാനാവുന്നില്ലല്ലോ വാപ്പാ..
“ഈ ദിവസം കഴിഞ്ഞാല്‍ നിന്റെ വാപ്പാക്ക് ഒരു സങ്കടവുമില്ല മോളേ...” നബിﷺയുടെ മറുപടി..
മണിക്കൂറുകൾ കഴിഞ്ഞില്ല... നബിﷺ യാത്രയായി.. സങ്കടകടലുമായി ഫാത്വിമ അവിടെയുണ്ട്
“യാ അബതാ.. നാഥന്റെ വിളി കേട്ടാണല്ലോ അങ്ങ് പോയത്... യ അബതാ ... അങ്ങയുടെ വാസ സ്ഥലം ഇനി സ്വര്‍ഗ്ഗമാണല്ലോ .. യാ അബതാ.. ഇനി ജിബ്രീലിനോട് ഞങ്ങള്‍ വിവരം പറയാം..”
അനുചരര്‍ നബിﷺയുടെ പുണ്യ ശരീരം വിറയാര്‍ന്ന കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മണ്ണില്‍ ചേര്‍ത്ത് വെച്ചു.. അപ്പോഴും അവര്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല...
കുടുംബത്തിലെ ഒരംഗമെന്ന പോലെ നബയോടൊപ്പമുണ്ടായിരുന്ന അനസിനോട് ഫാത്തിമ ചോദിച്ചു: അനസേ, എങ്ങനെ ആ പുണ്യ നബിയുടെ മേല്‍ നിങ്ങള്‍ക്ക് മണ്ണു വാരിയിടാന്‍ മനസ്സ് വന്നത്?
നബിയെ മണ്ണിലേക്ക് ഇറക്കി എല്ലാവരും യാത്രയായപ്പോൾ ഫാത്തിമ നബിﷺയുടെ ഖബ്റിനരികിലെത്തി..
തിരു ശരീരത്തിന്റെ സുഗന്ധം ഏറ്റു വാങ്ങിയ ആ ഖബ്റിൽ നിന്നു ഒരു പിടി മണ്ണ് കോരിയെടുത്തു. മതിവരുവോളം ചുംബിച്ചു.. എന്നിട്ടിങ്ങനെ പാടി
അഹ്മദിനെ ചേർത്തുവെച്ചൊരു
മണ്ണിന്റെ പരിമളം
മിസ്കും അംബറും ചേർത്തുവെച്ചാലും
ലഭ്യമല്ല നിശ്ചയം
ഞാനേറ്റു വാങ്ങിയ ഈ ദുഖഭാരങ്ങൾ
ഏറ്റുവാങ്ങുന്നത് പകലുകളെങ്കിൽ
കാളരാത്രിയായി മാറും
അവ താമസംവിനാ
പിതാവ് വിടപറഞ്ഞതോടെ ഫാത്തിമയുടെ മുഖത്ത് നിന്നും ചിരിയും മാഞ്ഞു.. കദനഭാരവുമായി നടക്കുന്ന അവരുടെ മുഖം ഓരോ പ്രാവശ്യവും കാണുമ്പോഴും നബിവിയോഗത്തിന്റെ കണ്ണീരോർമകൾ മദീനക്കാരുടെ ഉള്ളുലച്ചു.
ആ വിരഹ വേദനകൾക്ക് പലപ്പോഴും അക്ഷരങ്ങൾ ജീവൻ നല്കി. ചില വരികൾ ഇങ്ങനെ വായിക്കാം.
അങ്ങയുടെ ഓർമ്മകൾ
കണ്ണുനീർ തുള്ളികളായി
എന്റെ കവിൾത്തടത്തിൽ
ചിത്രം വരച്ചു
എന്റെ ഹൃത്തടത്തിൽ
മുറിപ്പാടുകളായി
അവയാഴ്ന്നിറങ്ങി
സ്ഥൈര്യം നല്ലതെങ്കിലും
അങ്ങയുടെ കാര്യത്തിൽ
അതിനെന്തു സ്ഥാനം
അണമുറിയാതെ
എന്റെയീ കണ്ണുകൾ
എത്ര ഒഴുകിയാലും
ആ നൊമ്പരങ്ങൾ
എന്തു പിഴച്ചു.
ആ സങ്കടങ്ങള്‍ക്കിടയിലും ഫാത്തിമയുടെ യുള്ളില്‍ മറ്റൊരു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.
നേരത്തെ ആഇശയോടു പറയാന്‍ മടിച്ച ആ രഹസ്യം. നബിയുടെ മരണ ശേഷം ആഇശ വീണ്ടും ചോദിച്ചപ്പോള്‍ ഫാത്തിമ ആ രഹസ്യം വെളിപ്പെടുത്തി.
നബിﷺ യാത്രയാകാന്‍ ഇനി അധിക നാളില്ലെന്ന് പറഞ്ഞപ്പോഴാണ് ഫാത്തിമക്ക് കരിച്ചലടിക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ നബിﷺക്ക് ശേഷം കുടുംബത്തില്‍ നിന്ന് ആദ്യമായി നബിﷺയോടൊപ്പം ചേരുന്നത് ഫാത്തിമയായിരിക്കുമെന്ന് അറിയിച്ചപ്പോള്‍ അത് സന്തോഷമായി മാറി.
അതെ, മരണം സ്നേഹിക്കുന്നവരെ കണ്ടുമുണ്ടാനുള്ള അവസരമാണ്. വിട പറച്ചിലിന്റെ വേദനയല്ല വീണ്ടും കാണാമെന്ന സന്തോഷമാണ്. ആറുമാസം കഴിഞ്ഞില്ല... പിതാവിന്റെ ലോകത്തേക്ക് ഫാത്തിമയും യാത്രയായി.
Read More നബിയേ... അങ്ങ് സുഗന്ധമാണ്... ജീവിതത്തിലും മരണത്തിലും..
Read more at: https://islamonweb.net/ml/The-curtain-falls-on-the-holy-life-O-Prophet-You-are-the-fragrancein-life-and-death
Leave A Comment