മനുഷ്യന്‍റെ ചൊവ്വാ യാത്ര പ്രതിസന്ധിയില്‍
ചുവന്ന ഗ്രഹമായ ചൊവ്വ കീഴടക്കുക എന്ന ശാസ്ത്രലോകത്തിന്‍റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. സൂര്യനില്‍ നിന്നും മറ്റു നക്ഷത്രങ്ങളില്‍ നിന്നുമുള്ള വികിരണങ്ങള്‍ മനുഷ്യന്‍റെ ചൊവ്വാ ദൗത്യത്തിന് തടസം സൃഷ്ടിക്കുമെന്നതിന്‍റെ സൂചനകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ചൊവ്വയില്‍ ഇറങ്ങിയ നാസയുടെ ക്യൂരിയോസിറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ, 2030 ഓടെ മനുഷ്യനെ ചൊവ്വയിലെത്തിക്കുക എന്ന നാസയുടെ സ്വപ്നപദ്ധതി അനിശ്ചിതത്വത്തിലായി. മനുഷ്യന് ചൊവ്വയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് . ഇക്കാലയളവിനുള്ളില്‍ യാത്രികരുടെ ജീവനെ തന്നെ അപായപ്പെടുത്തുന്ന വികിരണ ബാധക്ക് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കോസ്മിക കിരണങ്ങളും സൂര്യനില്‍ നിന്നുള്ള ഊര്‍ജകണങ്ങളുമാണ് ഇതില്‍ ഏറ്റവും അപകടകരം. ഒരാള്‍ക്ക് ജീവിതകാലത്ത് 1000 മില്ലീ സിവര്‍ട്ടില്‍ കൂടുതല്‍ വികിരണമേല്‍ക്കെരുതെന്നാണ് ശാസ്ത്രത്തിന്‍റെ പക്ഷം. എന്നാല്‍, ചൊവ്വയിലേക്ക് യാത്ര തിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 662 മില്ലീ സിവര്‍ട്ട് വികിരണം ഏല്‍ക്കുമെന്ന് ക്യൂരിയോസിറ്റി വ്യക്തമാക്കുന്നു. ഈ വിവരത്തെ അപഗ്രഥിച്ചാണ് ചൊവ്വാപര്യവേക്ഷണത്തിന് ഇനിയും കാലമേറെ കാത്തിരിക്കണമെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter