മലയാളിയുടെ ഹജ്ജ് തീര്‍ത്ഥാടനം: സര്‍ക്കാറിനും വേണം കൂടുതല്‍ ശ്രദ്ധ
hajjഇസ്‌ലാമിലെ അടിസ്ഥാന കർമങ്ങളിലൊന്നാണു ഹജ് തീർഥാടനം. അതിനുവേണ്ടി മനസ്സൊരുക്കി അപേക്ഷ നൽകുന്നവർ ഏറെ പ്രതീക്ഷയോടെയാണു മക്കയിലേക്കു പുറപ്പെടാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നത്. എന്നാൽ, കേരളത്തിലെ അപേക്ഷകരിൽ ഒട്ടേറെ പേർക്ക് ഇത്തവണയും അതിനുള്ള അവസരം നിഷേധിക്കപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. കേരളത്തിൽനിന്നുള്ള അപേക്ഷകരുടെ എണ്ണം ഇത്തവണ 75,000 കവിഞ്ഞു. രാജ്യത്ത് ഒരു സംസ്ഥാനത്തുനിന്നുള്ള ഹജ് അപേക്ഷകരുടെ എണ്ണത്തിലെ സർവകാല റെക്കോർഡാണിത്. അതേസമയം, എല്ലാ സംസ്ഥാനത്തുനിന്നുമുള്ളവർക്കായി കേന്ദ്ര ഹജ് കമ്മിറ്റിയുടെ പക്കൽ ആകെയുള്ളത് ഒരുലക്ഷം സീറ്റ് മാത്രവും. കഴിഞ്ഞ വർഷത്തെ 65,165 ആയിരുന്നു ഇതുവരെയുള്ള കൂടിയ അപേക്ഷാ കണക്ക്. അപേക്ഷകരുടെ എണ്ണവും പലവട്ടം അപേക്ഷിച്ചു കാത്തിരിക്കുന്നവരുടെ എണ്ണവും വർധിച്ചുവരുമ്പോഴും തീരെ യുക്തിസഹമല്ലാത്ത രീതിയിൽ ഉള്ള സീറ്റുകൾ വീതിച്ചു ചടങ്ങുതീർക്കുകയാണു ബന്ധപ്പെട്ട അധികൃതർ. കഴിഞ്ഞ തവണ അവസരം കിട്ടാത്ത നാലാം വർഷ അപേക്ഷകർ മാത്രം ഒൻപതിനായിരത്തോളമുണ്ട്. അവരിൽ എണ്ണായിരത്തിലേറെ പേർ ഇത്തവണയും അപേക്ഷിച്ചുകഴിഞ്ഞു. സാങ്കേതിക കാരണങ്ങളും സീറ്റ് കണക്കുകളും പറഞ്ഞ് അവസരം നിഷേധിക്കപ്പെടരുതെന്നും ഇത്തവണയെങ്കിലും പുണ്യകർമം നിർവഹിക്കാൻ കഴിയണമെന്നുമാണ് അവർ ആഗ്രഹിക്കുന്നത്. സീറ്റുകളുടെ എണ്ണം കൂട്ടാതെ അതിനു മാർഗമില്ല. നിലവിലുള്ള ക്വോട്ടയനുസരിച്ച് ഏഴായിരത്തിൽ താഴെ സീറ്റുകളേ അവർക്കു കിട്ടൂ. അത് ഇത്തവണ അഞ്ചാംവർഷക്കാർക്കുപോലും തികയില്ല. കഴിഞ്ഞ വർഷം ഇതേ അവസ്‌ഥവന്ന ഗുജറാത്തിൽ അഞ്ചാംവർഷ അപേക്ഷകർക്കെല്ലാം പോകാൻ മൂവായിരത്തിലേറെ സീറ്റുകൾ അധികമായി അനുവദിക്കുകയുണ്ടായി. അപേക്ഷകർ കൂടുതലുള്ള കേരളത്തിനും ഈ പരിഗണന ലഭിക്കേണ്ടതല്ലേ? തീർഥാടകർക്കു കൂടുതൽ സൗകര്യങ്ങളൊരുക്കാൻ മക്കയിലും മദീനയിലും നിർമാണജോലികൾ നടക്കുന്നതിനാൽ സൗദി അറേബ്യൻ ഭരണകൂടം കഴിഞ്ഞ മൂന്നു വർഷമായി വിദേശത്തുനിന്നുള്ള തീർഥാടകരുടെ എണ്ണം 20% വെട്ടിക്കുറച്ചിരുന്നു. പഴയ ക്വോട്ട ഇത്തവണ പുനഃസ്‌ഥാപിച്ചേക്കുമെന്നതു പ്രതീക്ഷയേകുന്നുണ്ട്. കൂടുതൽ സൗകര്യം ഉണ്ടാകുന്നതോടെ കൂടുതൽ സീറ്റുകൾ നൽകാനാകുമെന്നു സൗദി നേരത്തേ അറിയിക്കുകയുമുണ്ടായി. കഴിഞ്ഞ വർഷം സൗദിയിലുണ്ടായ അപകടത്തിന്റെയും ജോലികൾ പൂർത്തിയാകാത്തതിന്റെയും പശ്ചാത്തലത്തിൽ സീറ്റ് പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല എന്നു മാത്രം. മുസ്‌ലിം ജനസംഖ്യയനുസരിച്ചാണു സൗദി അറേബ്യ ഓരോരാജ്യത്തിനും ഹജ് തീർഥാടകരുടെ ക്വോട്ട നിശ്‌ചയിക്കുന്നത്. ഇന്ത്യയുടെ 2001ലെ സെൻസസ് കണക്കാണ് സൗദി ഭരണകൂടത്തിനു മുൻപിലുള്ളത്. 2011ലെ കണക്കു സമർപ്പിച്ച് അതനുസരിച്ച് ക്വോട്ട ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തണം. പുതിയ സെൻസസ് അനുസരിച്ച് കേരളത്തിൽ മുസ്‌ലിം ജനസംഖ്യയുടെ വളർച്ചനിരക്ക് കുറഞ്ഞിട്ടുണ്ട്. നേരത്തേ 5.69% ആയിരുന്നതു പുതിയ കണക്കനുസരിച്ച് 5.15% ആണ്. അതിനാൽ, സൗദി അധികൃതർ പഴയ കണക്കനുസരിച്ച് ക്വോട്ട നിശ്‌ചയിക്കുകയും ഇന്ത്യയിൽ പുതിയ കണക്കനുസരിച്ചു സംസ്‌ഥാനങ്ങൾക്കു സീറ്റ് വീതിക്കുകയും ചെയ്‌താൽ കേരളത്തിന് ഇപ്പോഴുള്ള ക്വോട്ടയും കുറയും. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ നീതിപൂർവമായ ഏകീകരണമുണ്ടാകണം. 70 വയസ്സ് കഴിഞ്ഞവരും തുടർച്ചയായി നാലാംവർഷം അപേക്ഷിക്കുന്നവരും സംവരണവിഭാഗത്തിലാണ്. നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം കിട്ടേണ്ട അവർ പിന്നെയും കാത്തിരിപ്പിന്റെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരുന്നതു നിർഭാഗ്യകരമാണ്. സംവരണവിഭാഗത്തിൽ അപേക്ഷിച്ചവരെയെല്ലാം രാജ്യമാകെ ഒറ്റ വിഭാഗമായി പരിഗണിച്ച് സീറ്റ് നൽകുക, ബാക്കി സീറ്റുകൾ സംസ്‌ഥാനങ്ങൾക്കിടയിൽ ജനസംഖ്യാടിസ്‌ഥാനത്തിൽ വീതിക്കുക എന്ന ആവശ്യം പരിഗണിച്ചാലും കേരളത്തിലെ പൊതു അപേക്ഷകർക്കു കൂടുതൽ അവസരം നൽകാനാകും. അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് വീതംവയ്ക്കേണ്ടതെന്ന ന്യായം ഇപ്പോഴും പരിഗണിക്കപ്പെടുന്നില്ല. ഹജിനു കൂടുതൽ അപേക്ഷകരുള്ള സംസ്‌ഥാനങ്ങൾക്കു പ്രത്യേക പരിഗണന നിഷേധിക്കപ്പെടുന്നു. പുണ്യഭൂമിയിലേക്കുള്ള തീർഥാടനത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവരുടെ വികാരം കേന്ദ്ര ഹജ് കമ്മിറ്റിയും സർക്കാരും തിരിച്ചറിയണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter