ശാസ്ത്രം ദൈവകണം കണ്ടെത്തുമ്പോള്‍
പ്രപഞ്ചം എല്ലാ കാലത്തും മനുഷ്യന്റെ ജിജ്ഞാസ ഉണര്‍ത്തിയിട്ടുണ്ട്‌. അതിന്റെ അന്യൂനമായ സൃഷ്‌ടിപ്പ്‌, വൈവിധ്യമാര്‍ന്ന ഭംഗി തുടങ്ങിയവയൊക്കെ തന്നെ കാരണം. പ്രകൃതി അതിസാധാരണമാംവിധം ലാളിത്യമാര്‍ന്നതാണ്‌. ഒപ്പം അനുകരണം അസാധ്യമാക്കുന്നത്ര സങ്കീര്‍ണ്ണവും. ഇങ്ങനെയുള്ള പ്രപഞ്ചത്തെ കുറിച്ച്‌ മനുഷ്യന്‍ ജനിച്ചകാലം തൊട്ട്‌ തന്നെ പഠിക്കാന്‍ ശ്രമിച്ചിരുന്നു. മറ്റെല്ലാ ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നുവല്ലോ. അത്‌ കൊണ്ട്‌ മറ്റു ജീവികള്‍ സൃഷ്‌ടിക്കപ്പെട്ട അവസ്ഥയില്‍ സാധാരണമായ മാറ്റങ്ങള്‍ക്കപ്പുറം വളരാതെയോ മാറാതെയോ നില്‍ക്കുന്നു. മനുഷ്യനാവട്ടെ വന്യമൃഗം എന്ന അവസ്ഥയില്‍ നിന്ന്‌ സംസ്‌കൃതനും പരിഷ്‌കൃതനും ആയി മാറി. മാറാന്‍ പ്രാപ്‌തമാക്കിയത്‌ വിശേഷബുദ്ധിയാണ്‌. മാറ്റങ്ങള്‍ ഉണ്ടാക്കുവാനാവശ്യമായ അടിസ്ഥാനവിഭവം ബുദ്ധിയാണ്‌. അത്‌ പ്രായോഗിക്കാന്‍ കഴിയുന്ന അളവില്‍ മനഷ്യന്‌ മാത്രമാണ്‌ ഉള്ളത്‌. ഒരുദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ഒരു മാനിന്റെ കുട്ടി ജനിച്ച്‌ വളര്‍ന്ന്‌ മരിക്കുന്നതിനിടയില്‍ ആകെ ചെയ്യുന്ന പ്രവര്‍ത്തികളുടെ ഒരു പട്ടിക തയ്യാറാക്കുക. ഈ മാന്‍കുട്ടിയുടെ തള്ളമാന്‍ ചെയ്‌ത പ്രവര്‍ത്തികളുടെ പട്ടികയുമായി ഇത്‌ താരതമ്യം ചെയ്‌താല്‍ ഏറെക്കുറേ ഒന്നായിരിക്കും. ഇര തേടുക, ആഹരിക്കുക, വിസര്‍ജ്ജനം നടത്തുക, പ്രത്യുല്‌പാദനം നടത്തുക, വേട്ടമൃഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുക, താമസസ്ഥലം കണ്ടെത്തുക തുടങ്ങിയ മൃഗീയമായ പ്രവര്‍ത്തികളില്‍ തള്ളയും കുഞ്ഞും 98.7% സാമ്യത പുലര്‍ത്തുന്നു എന്ന്‌ ശാസ്‌ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മനുഷ്യന്റെ കാര്യം ഇങ്ങനെയല്ല. മതപരമായ നൈതികമൂല്യങ്ങള്‍ കൃത്യമായി ഉള്‍കൊണ്ട ഒരാളുടെ മകന്‍ അങ്ങനെ തന്നെ ആവണമെന്നില്ല. ഒരു കര്‍ഷകന്റെ മകന്‍ ഭിഷഗ്വരനോ വാസ്‌തുശില്‌പവിദഗ്‌ദനോ ആവുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്തയാളുടെ മകന്‍ അറിവ്‌ നേടി മികച്ച ജീവിതം കണ്ടെത്തുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പിതാവില്‍ നിന്ന്‌ പുത്രന്‍ വ്യത്യസ്ഥനാവുന്നു, മനഷ്യന്റെ കാര്യത്തില്‍. ഇങ്ങനെയുള്ള വിവേചനശേഷിയാണ്‌ മനുഷ്യന്‍ അറിവ്‌ കണ്ടെത്താന്‍ ഉപയോഗിക്കുന്നത്‌. നിലവിലില്ലാത്തത്‌ അറിവ്‌ ഉപയോഗിച്ച്‌ സൃഷ്‌ടിക്കാനും (Innovation) ഉള്ളവയെ അടുത്തറിയാനും (Discovery) അവന്‍ ബുദ്ധി ഉപയോഗിക്കുന്നു ഈ പ്രക്രിയയെ പൊതുവായ അര്‍ത്ഥത്തില്‍ നമ്മള്‍ ശാസ്‌ത്രം എന്ന്‌ പറയുന്നു. ശാസ്‌ത്രം എന്നത്‌ മനുഷ്യരില്‍ ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകയൊന്നുമല്ല. അഥവാ ഏറ്റവും ചെറിയ കണ്ടെത്തലും ശാസ്‌ത്രം തന്നെ. അങ്ങനെ ശാസ്‌ത്രം ഇന്നത്തെ മനുഷ്യന്റെ നിത്യജീവിതത്തെ ആകെ ചൂഴ്‌ന്നു നില്‍ക്കുന്നു. ലളിതമായി പറഞ്ഞാല്‍ ശാസ്‌ത്രം നമ്മുടെ ജീവിതത്തെ കൂടുതല്‍ മികച്ചതും സുഗമവുമാക്കിയിരിക്കുന്നു. എന്നാല്‍ ശാസ്‌ത്രം സൃഷ്‌ടിച്ച കാര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ പ്രപഞ്ചത്തില്‍ നിലവിലുള്ളവയെ പറ്റി പറയുന്നതെല്ലാം ഉള്‍കൊള്ളുക പലപ്പോഴും പ്രയാസകരമാണ്‌. കാരണം ശാസ്‌ത്രസത്യങ്ങള്‍ ആപേക്ഷികമാണ്‌ എന്നത്‌ തന്നെ. മനസ്സിലാക്കിയതില്‍ വെച്ച്‌ ഏറ്റവും വലിയ ശരിയാണ്‌ ശാസ്‌ത്രസത്യം എന്നത്‌. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു സത്യം കണ്ടെത്തുന്നതോടെ ആദ്യത്തെ ശരി അസത്യമാവുന്നു. നിലവിലുള്ളവയില്‍ നിന്ന്‌ ഇല്ലാത്തതിലേക്ക്‌ എത്തുക എന്നതാണ്‌ ശാസ്‌ത്രം ഉപയോഗിക്കുന്ന ഒരു രീതി. പറക്കുന്ന പക്ഷി വിമാനം ഉണ്ടാക്കാന്‍ പ്രചോദനമായത്‌ ഉദാഹരണം. നിലവിലുള്ളതിന്റെ കുരുക്കഴിച്ച്‌ അതെന്താണ്‌ എന്ന്‌ മനസ്സിലാക്കുന്നത്‌ മറ്റൊരു രീതി. ജീവവായുവായ ഓക്‌സിജന്‌ ആ പേരിട്ടത്‌ ഉദാഹരണം. ആ പേരിടുന്നതിന്റെ മുമ്പും ആ വാതകം ഇവിടെ ഉണ്ട്‌. അതെന്താണ്‌ എന്ന്‌ 1772ല്‍ കണ്ടെത്തി. 1777ല്‍ ആ പേരിട്ടു. എന്നാല്‍ ഇതിന്‌ മുമ്പും മനുഷ്യരുണ്ടായിരുന്നു. അവര്‍ ശ്വസിച്ചതും ഇതേ വാതകം തന്നെയായിരുന്നു. ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്‌ കഴിഞ്ഞ മാസം (2012 ജൂലൈ 4) തുടക്കത്തില്‍ സേണ്‍ എന്ന ബഹുരാജ്യശാസ്‌ത്രകേന്ദ്രം പ്രഖ്യാപനം ചെയ്‌ത ഹിഗ്‌സ്‌ ബോസോണ്‍ എന്ന അടിസ്ഥാനകണത്തെ കുറിച്ച്‌ പറയാനാണ്‌. നേരത്തെ ഓക്‌സിജന്റെ കാര്യം പറഞ്ഞുവല്ലോ. അത്‌ പോലെ നിലവില്‍ ഉണ്ട്‌ എന്ന്‌ വിശ്വസിക്കപ്പെടുന്ന ഈ കണം 99.999% കണ്ടെത്തിയതായി ശാസ്‌ത്രകാരന്മാര്‍ പറയുകയുണ്ടായി. 1954ല്‍ സ്ഥാപിക്കപ്പെട്ട ശാസ്‌ത്രഗവേഷണ സ്ഥാപനമാണ്‌ സേണ്‍ എന്ന്‌ അറിയപ്പെടുന്നത്‌. യൂറോപിലെ 20 രാജ്യങ്ങള്‍ ഈ സ്ഥാപനത്തിലെ അംഗങ്ങളാണ്‌. പുറത്ത്‌ നിന്നുള്ള 7 നിരീക്ഷകരാജ്യങ്ങളുമുണ്ട്‌. സ്വിറ്റ്‌സര്‍ലാന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പഠനകേന്ദ്രം ലോകത്തിലെ ഏറ്റവും വലിയ ശാസ്‌ത്രഗവേഷണകേന്ദ്രമായി ഗണിക്കപ്പെടുന്നു. 2400 മുഴുവന്‍സമയ ജോലിക്കാരും 1500റോളം താല്‌കാലികജീവനക്കാരും ഇവിടെയുണ്ട്‌. 10000ത്തിലേറെ ഗവേഷകര്‍ സേണില്‍ പഠിക്കുന്നു, പഠിപ്പിക്കുന്നു. 608 സര്‍വ്വകലാശാലകള്‍ സേണിനോട്‌ നേരിട്ട്‌ ബന്ധപ്പെടുന്നു. 113 രാജ്യങ്ങളിലായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പരന്ന്‌ കിടക്കുന്നുമുണ്ട്‌. നമ്മുടെ മാതൃരാജ്യവും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്ക്‌ ചേരുന്നുണ്ട്‌ എന്നത്‌ നമുക്ക്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു. പദാര്‍ത്ഥഭൗതികശാസ്‌ത്രത്തില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുക എന്നതാണ്‌ സ്ഥാപനത്തിന്റെ ലക്ഷ്യം. ഈ സ്ഥാപനം 2008ല്‍ ഹിഗ്‌സ്‌ ബോസോണിനെ പറ്റി പഠിക്കാനായി ലോഹങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച ഒരു പ്രത്യേകസംവിധാനം ഉണ്ടാക്കി. ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ എന്നാണ്‌ ഇതിന്‌ അവര്‍ നല്‍കിയ പേര്‌. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ കണം കണ്ടെത്താനായി നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാന്‍ ഈ സംവിധാനത്തിലൂടെ ശാസ്‌ത്രജ്ഞര്‍ക്ക്‌ സാധിച്ചു. ഇവിടെ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി ഈ കണത്തിന്റെ സാന്നിധ്യം കാണാനും പ്രവര്‍ത്തനം മനസ്സിലാക്കാനും സാധിച്ചു. അറ്റ്‌ലസ്‌, സി എം എസ്‌ എന്നീ രണ്ട്‌ വിദഗ്‌ദസംഘങ്ങളാണ്‌ ഈ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയത്‌. ഒന്നാമത്തേതിന്‌ ഫാബിയോള ഗനോട്ടി എന്ന വനിതയും രണ്ടാമത്തേതിന്‌ ജോ ഇന്‍ കാന്‍ഡല്‍ എന്നയാളും നേതൃത്വം നല്‍കുന്നു. 5100 പേര്‍ നേരിട്ട്‌ ഈ പരീക്ഷണങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിച്ചു. എന്താണ്‌ ഹിഗ്‌സ്‌ ബോസോണ്‍ എന്ന്‌ പറയുന്നതിന്‌ മുമ്പ്‌ മറ്റ്‌ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്‌. സ്ഥിതി ചെയ്യാന്‍ സ്ഥലം (space) ആവശ്യമുള്ളവയെയാണ്‌ പദാര്‍ത്ഥം അഥവാ ദ്രവ്യം എന്ന്‌ ശാസ്‌ത്രം പറയുന്നത്‌. പദാര്‍ത്ഥങ്ങള്‍ക്ക്‌ രണ്ട്‌ തരം ഭാരമുണ്ട്‌. ഒന്ന്‌ ഭൂമിയുടെ ആകര്‍ഷണ (Gravitation) -ത്തിന്‌ വിധേയമായി മാറുന്നത്‌. ഇതിനെയാണ്‌ നമ്മള്‍ ഭാരം എന്ന്‌ പറയുന്നത്‌. ഭൂമിയില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‌ 70 കിലോഗ്രാം ഭാരമുണ്ട്‌ എന്ന്‌ വിചാരിക്കൂ. ഇയാള്‍ക്ക്‌ ചന്ദ്രനില്‍ എത്തിയാല്‍ 70 ഗ്രാം ഭാരമാണ്‌ ഉണ്ടാവുക. ഇത്‌ കൃത്യമായ കണക്കല്ല. മനസ്സിലാക്കാവുന്ന തരത്തില്‍ പറഞ്ഞു എന്ന്‌ മാത്രം. അഥവാ ഇയാളുടെ ഭാരം ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നില്‍ക്കുമ്പോള്‍ ഉള്ളതല്ല അതിന്റെ പുറത്ത്‌ നില്‍ക്കുമ്പോള്‍ ഉണ്ടാവുന്നത്‌. രണ്ടാമത്തെ ഭാരം അടിസ്ഥാനപരമാണ്‌. ഇതിനെ പിണ്‌ഡം Mass എന്ന്‌ ശാസ്‌ത്രലോകം പറയുന്നു. ഇത്‌ മാറുന്നില്ല. പദാര്‍ത്ഥത്തിന്റെ പ്രതിരോധബലത്തെയാണ്‌ ഇങ്ങനെ പറയുന്നത്‌. നേരത്തെ പറഞ്ഞ ആള്‍ക്ക്‌ ഭൂമിയില്‍ 50 പിണ്‌ഡം ഉണ്ട്‌ എന്ന്‌ വെക്കുക. അയാള്‍ക്ക്‌ ഭൂമിയുടെ പരിധിയുടെ പുറത്തും ഇതേ പിണ്‌ഡം ഉണ്ടായിരിക്കും. ഇപ്പറഞ്ഞ രണ്ടാമത്തെ ഭാരം അഥവാ പിണ്‌ഡം പദാര്‍ത്ഥങ്ങള്‍ക്ക്‌ താനെ ഉണ്ടാവുന്നില്ല. ദ്രവ്യത്തിന്‌ പിണ്‌ഡം നല്‍കുന്ന പുറത്ത്‌ നിന്നുള്ള അടിസ്ഥാനകണമാണ്‌ ഹിഗ്‌സ്‌ബോസോണ്‍ എന്ന്‌ പറയുന്നത്‌. ഇതില്‍ ഹിഗ്‌സ്‌ എന്നത്‌ പീറ്റര്‍ ഹിഗ്‌സ്‌ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രകാരന്റെ പേരില്‍ നിന്നെടുത്തതാണ്‌. ഹിഗ്‌സ്‌ കണങ്ങളുടെ കാര്യത്തില്‍ വിലപ്പെട്ട സംഭാവന നല്‍കിയ ആളാണ്‌ ഇദ്ദേഹം. ബോസോണ്‍ എന്നത്‌ ഒരേ സ്വഭാവം കാണിക്കുന്ന കണങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന വര്‍ഗ്ഗനാമമാണ്‌. വൃത്താകാരത്തില്‍ ചലിക്കുന്ന സമയത്ത്‌ ഇവയുടെ ശേഷിയെ അഠിസ്ഥാനമാക്കിയാണ്‌ ഇങ്ങനെ ചെയ്‌തത്‌. പദാര്‍ത്ഥ ഭൗതികശാസ്‌ത്രത്തിലാണ്‌ ഇവ ഈ പേരില്‍ അറിയപ്പെടുന്നത്‌. സത്യേന്ദ്രനാഥ ബോസ്‌ എന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഒരു ആശയത്തില്‍ നിന്നാണ്‌ ഇങ്ങനെ വര്‍ഗ്ഗീകരണം ചെയ്‌തത്‌. അതിനാല്‍ അവക്ക്‌ അദ്ദേഹത്തിന്റെ പേര്‌ നല്‍കി. അപ്പോള്‍ ഹിഗ്‌സ്‌ കണം എന്ന്‌ ഈ അഠിസ്ഥാന പദാര്‍ത്ഥത്തെ പറയാം. പദാര്‍ത്ഥഭൗതികശാസ്‌ത്രത്തില്‍ ഈ കണത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ഈ കണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം നോക്കൂ. ഇതില്ലായിരുന്നുവെങ്കില്‍ പദാര്‍ത്ഥങ്ങള്‍ക്ക്‌ പ്രകാശരശ്‌മികള്‍ പോലെ ചിതറിത്തെറിക്കുന്ന പ്രകൃതം ഉണ്ടാവുമായിരുന്നു. പ്രപഞ്ചത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട്‌ നിരവധി സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്ത്‌ നിലവിലുണ്ട്‌. അവയില്‍ പ്രധാനപ്പെട്ടതാണ്‌ സ്റ്റാന്‍ഡേഡ്‌ സിദ്ധാന്തം എന്ന്‌ പറയുന്നത്‌. 20ാം നൂറ്റാണ്ടിന്റെ പകുതിയിലാണ്‌ ഇത്‌ രൂപപ്പെടുന്നത്‌. ഇതനുസരിച്ച്‌ പ്രപഞ്ചത്തെ രൂപപ്പെടുത്തിയ അഠിസ്ഥാനകണങ്ങള്‍ 12 എണ്ണമുണ്ട്‌. ഇവയില്‍ 11 എണ്ണം നേരത്തെ കണ്ടെത്തിയിട്ടുണ്ട്‌. 12ാമത്തേതാണ്‌ ഇപ്പോള്‍ കണ്ടെത്തിയത്‌. 11 കണങ്ങള്‍ക്കും നിലനില്‍പുണ്ട്‌. താരതമ്യേന ആയുസ്സും. എന്നാല്‍ ഹിഗ്‌സ്‌ ബോസോണിന്‌ അങ്ങനെ നിലനില്‍പില്ല. ദ്രവ്യത്തിന്‌ പിണ്‌ഡം നല്‍കുക എന്ന ധര്‍മ്മം നിര്‍വ്വഹിച്ച്‌ ഇവ അപ്രത്യക്ഷമാവുകയോ മറ്റു കണങ്ങളുടെ ആന്തരികഘടനയില്‍ ലയിക്കുകയോ ചെയ്യുന്നു. പിണ്‌ഡമുള്ള കണങ്ങള്‍ പ്രാഥമിക കണിക സൃഷ്‌ടിക്കുന്നു. ഇത്‌ തന്മാത്രകള്‍ക്കും അവ ദ്രവ്യത്തിനും ദ്രവ്യം കോശത്തിനും പിറവി നല്‍കുന്നു. കോശങ്ങള്‍ കൊണ്ടാണ്‌ പദാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. പ്രപഞ്ചം ഇന്ന്‌ കാണുന്ന തരത്തില്‍ രൂപപ്പെട്ടത്‌ മഹാസ്‌ഫോടനത്തെ തുടര്‍ന്നാണ്‌ എന്ന്‌ പരക്കെ വിശ്വസിക്കപ്പെട്ട്‌ പോരുന്നതാണ്‌. ഈ സിദ്ധാന്തം അനുസരിച്ച്‌ അതിശക്തമായ ചൂടിനെ തുടര്‍ന്ന്‌ പ്രപഞ്ചം അതിവേഗം വികസിച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രപഞ്ചം വികസിക്കാനാരംഭിച്ചു. ഈ വികാസം ആരംഭിച്ചത്‌ 13.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. ശ്രദ്ധേയമായ കാര്യം ഈ വികാസം ഇപ്പോഴും നടക്കുന്നു എന്നാണ്‌. അനിയന്ത്രിതമായ ഒഴുക്ക്‌ Inflation എന്നാണ്‌ ശാസ്‌ത്രം ഇതിന്‌ പറയുന്ന പേര്‌. ഈ ഒഴുക്കിന്‌ പ്രേരകമാവുന്നത്‌ ഹിഗ്‌സ്‌കണങ്ങളുടെ പ്രവര്‍ത്തനമാണ്‌ എന്ന്‌ ശാസ്‌ത്രലോകം വിശ്വസിക്കുന്നു. ഹിഗ്‌സ്‌ കണം മറ്റെല്ലാവരെയും പോലെ മതത്തിന്റെ ആളുകളെയും പുതിയ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രേരിപ്പിക്കുന്നു. ഈ കണത്തിന്റെ മറ്റൊരു പേരാണ്‌ ഇതിന്‌ കാരണമായിട്ടുള്ളത്‌ എന്നത്‌ രസകരമാണ്‌ താനും. ദൈവകണം(God Particle) എന്നതാണ്‌ ആ പേര്‌. സത്യത്തില്‍ ഈ കണത്തിന്‌ പ്രപഞ്ചസ്രഷ്‌ടാവായ അല്ലാഹുവുമായി സൃഷ്‌ടി, സ്രഷ്‌ടാവ്‌ എന്നതിനപ്പുറം ബന്ധമൊന്നുമില്ല. അതീന്ദ്രിയമായി നിലകൊണ്ടിരുന്നതിനാല്‍ ഈ കണത്തിന്‌ പടിഞ്ഞാറന്‍ ശാസ്‌ത്രകാരന്മാര്‍ നല്‍കിയ പേരാണ്‌ ഇത്‌. ലിയോണ്‍ ലിഡര്‍മാന്‍, ഡിക്‌ ടെരേസ്‌ എന്നീ ശാസ്‌ത്രകാരന്മാര്‍ എഴുതിയ ദൈവകണം: പ്രപഞ്ചം ഉത്തരം എങ്കില്‍ ചോദ്യം എന്ത്‌ (The God Particle: If the universe is the question what is the answer?) എന്ന ഗ്രന്ഥത്തെ പുരസ്‌കരിച്ചാണ്‌ ഈ കണത്തിന്‌ ദൈവകണം എന്ന പേര്‌ കിട്ടിയത്‌. ഇസ്‌ലാം എല്ലാ കാര്യത്തിലുമെന്ന പോലെ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ചും ഖുര്‍ആനിലൂടെ സുപ്രധാനമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ജലത്തില്‍ നിന്ന്‌ എല്ലാ (ജൈവങ്ങളെയും) വസ്‌തുക്കളെയും നാം ജീവനുള്ളതാക്കി എന്ന്‌ ഒരിടത്ത്‌ പറയുന്നുണ്ട്‌. മറ്റൊരിടത്ത്‌ ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു. പിന്നീട്‌ നാമതിനെ പിളര്‍ത്തി. അവര്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുന്നില്ലേ എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്‌. പ്രാപഞ്ചികപ്രതിഭാസങ്ങളില്‍ നിരവധി തെളിവുകളുണ്ട്‌ എന്ന്‌ പല സ്ഥലങ്ങളിലും വിശുദ്ധഗ്രന്ധം പ്രേരണ പോലെ പറയുന്നുണ്ട്‌. ദൈവകണമാവട്ടെ ഉത്‌പത്തിയുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന എന്തെങ്കിലും സിദ്ധാന്തങ്ങളെ എതിര്‍ക്കുന്നില്ല. സൂക്ഷ്‌മാര്‍ത്ഥത്തില്‍ ശക്തിപ്പെടുത്തുന്നുണ്ട്‌ താനും. പ്രപഞ്ചത്തെ കുറിച്ച്‌ മനുഷ്യന്‍ ധാരാളം മനസ്സിലാക്കിയിട്ടുണ്ട്‌ എന്നത്‌ ശരി തന്നെ. എന്നാല്‍ ഭൂമിയില്‍ ഉള്ളതല്ലാത്ത മറ്റൊന്നും മനുഷ്യന്‌ സൃഷ്‌ടിയുടെ കാര്യത്തില്‍ ഉപയോഗിക്കാനായില്ല. മികച്ച കണ്ട്‌പിടുത്തങ്ങള്‍ പോലും ഉള്ള മാതൃകകളെ ആസ്‌പദിച്ചാണ്‌ നടത്തിയിട്ടുള്ളത്‌. പൂര്‍വ്വമാതൃകകളില്ലാതെ സൃഷ്‌ടിക്കുക എന്നത്‌ അല്ലാഹുവിന്‌ മാത്രം സാധ്യമായതാണല്ലോ. ഈ കണം കണ്ടെത്താന്‍ പരിശ്രമിച്ചവര്‍ ദൈവത്തെ അന്വോഷിക്കുകയല്ല അവന്റെ സൃഷ്‌ടിയിലെ ഒരു കാര്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ ചെയ്‌തത്‌. ഇപ്പോള്‍ ഇത്‌ ശരി എന്ന്‌ ശാസ്‌ത്രം പറയുന്നു. മറ്റൊരു ശരി വരുന്നതോടെ ഇത്‌ അസത്യമാവുന്നു. പ്രപഞ്ചത്തെ കുറിച്ച്‌ മനുഷ്യന്‌ ഉള്ള അറിവുകള്‍ മൊത്തം എടുത്ത്‌ ഒരു വലിയ മേശപ്പുറത്ത്‌ വെച്ചു എന്ന്‌ വിചാരിക്കൂ. എങ്കില്‍ ആ മേശപ്പുറത്ത്‌ കാറ്റില്‍ പാറി വീണ, ഒരു സൂചിമുനയില്‍ പറ്റിപ്പിടിച്ച പൊടിയുടെ അത്രപോലും വരില്ല ആ അറിവുകളാകെ. എന്നാലും ചിലര്‍ അഹങ്കരിക്കുന്നു പ്രപഞ്ചരഹസ്യം ഇതാ കൈപിടിയില്‍ എന്ന്‌. ഹിഗ്‌സ്‌ ബോസോണ്‍ കണ്ടെത്തിയതായി സേണ്‍ ഡയറക്‌റ്റര്‍ ജനറല്‍ റോള്‍ഫ്‌ ഡൈറ്റര്‍ ഹോഗര്‍ പ്രഖ്യാപിച്ചു. അത്‌ മുഴുവന്‍ ശരിയായിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു എന്ന ആത്മഗതത്തോടെയാണ്‌ സംസാരം അവസാനിപ്പിച്ചത്‌. ചുരുക്കത്തില്‍ കേട്ടതിലേറെ കേള്‍ക്കാനിരിക്കുന്നു. പരിധിയില്ലാതെ. ആകാശഭൂമികളുടെ സൃഷ്‌ടിപ്പിലും രാവും പകലും വ്യത്യസ്ഥമായി വരുന്നതിലും ചിന്തിക്കുന്നവര്‍ക്ക്‌ ദൃഷ്‌ഠാന്തമുണ്ട്‌. അവര്‍ അല്ലാഹുവിനെ കുറിച്ച്‌ നിന്നും ഇരുന്നും കിടന്നും ആലോചിക്കുന്നു. രക്ഷിതാവേ നീ ഇതൊന്നും വൃഥാ സൃഷ്‌ടിച്ചതല്ലല്ലോ. നിന്റെ വിശുദ്ധിയെ ഞങ്ങള്‍ വാഴ്‌ത്തുന്നു. നീ നരകത്തില്‍ നിന്ന്‌ ഞങ്ങളെ കാത്ത്‌ കൊള്ളേണമേ�. വിശുദ്ധഖുര്‍ആന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ മറക്കാതിരിക്കാം. കൂട്ടത്തില്‍ ഡോക്‌ടര്‍ അബ്‌ദുസ്സലാം എന്ന ഒരു മുസ്‌ലിംശാസ്‌ത്രകാരനും ഈ പ്രവര്‍ത്തനത്തില്‍ പങ്ക്‌ ചേര്‍ന്നിട്ടുണ്ട്‌. നോബേല്‍ സമ്മാനജേതാവുമാണ്‌ ഇദ്ദേഹം. മുസ്‌ലിംകളെന്ന പേരില്‍ നമുക്ക്‌ സന്തോഷിക്കാം. ഭാരതവും ഈ ശ്രമത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. മാതൃരാജ്യം ഇനിയും വളരട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter