ആധുനിക ഉപകരണങ്ങള്‍ ചെറുപ്രായക്കാരില്‍ മറവി വര്‍ധിപ്പിക്കുന്നുവെന്ന്
ആധുനിക ഉപകരണങ്ങളും അന്തരീക്ഷ മലിനീകരണവും കാരണം ആളുകള്‍ ചെറിയ പ്രായത്തില്‍ തന്നെ തലച്ചോര്‍ കേന്ദ്രീകൃതമായ രോഗങ്ങള്‍ക്ക് അടിമയാവുന്നത് കൂടിവരുന്നതായി പഠനം. മറവിരോഗം പോലുള്ള രോഗങ്ങള്‍ക്ക് കൂടുതല്‍ അടിമപ്പെടുന്നതായാണ് ‘ജേണല്‍ പബ്ളിക് ഹെല്‍ത്തി’ല്‍ പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് പഠനം വ്യക്തമാക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ ആധുനിക ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത ഉപകരണങ്ങളുടെയും അന്തരീക്ഷ മലിനീകരണവും ഭക്ഷണത്തിലെ രാസപദാര്‍ഥങ്ങളുടെ ആധിക്യവുമെല്ലാം വാര്‍ധക്യത്തിനു മുമ്പുതന്നെ മറവിരോഗം വിളിച്ചു വരുത്തുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 30 വര്‍ഷങ്ങളിലായി, 55 വയസ്സിനു മുമ്പുതന്നെ ഇത്തരം രോഗങ്ങള്‍ക്ക് അടിപ്പെടുന്ന കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ് കോളിന്‍ പ്രിച്ചാഡ് അഭിപ്രായപ്പെട്ടു. 1979-2010 കാലഘട്ടത്തിലെ കേസുകളാണ് പഠനവിധേയമാക്കിയത്. മറവി-നാഡീസംബന്ധമായ രോഗങ്ങളിലെ വര്‍ധനയില്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. കഴിഞ്ഞ 30 വര്‍ഷങ്ങളിലാണ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അതിവിപ്ളവമുണ്ടായത്. കമ്പ്യൂട്ടര്‍, ടി.വി, മൊബൈല്‍ ഫോണ്‍, മൈക്രോവേവ് എന്നിവയുടെ റേഡിയേഷനും റോഡ്-വ്യോമ ഗതാഗതത്തിലെ വര്‍ധനകൊണ്ട് ഉണ്ടായ പെട്രോകെമിക്കല്‍ മലിനീകരണവും ഭക്ഷണത്തിലെ രാസപദാര്‍ഥ സാന്നിധ്യവുമെല്ലാം അധികരിച്ചു. ഒരേസമയം ഇത്തരം സാഹചര്യങ്ങളുമായുള്ള നിരന്തരസമ്പര്‍ക്കം മനുഷ്യനില്‍ പല മാറ്റങ്ങളും വരുത്തുന്നു. മറവിരോഗത്തിനു പുറമെ മറ്റു പല അപകടങ്ങള്‍ക്കും ഇത് കാരണമാകാമെന്നും പഠനം സൂചിപ്പിക്കുന്നു. കാന്‍സര്‍ മരണങ്ങള്‍ കുറയുമ്പോഴും കാന്‍സര്‍ കേസുകള്‍ കൂടിവരുന്നു. വര്‍ധിച്ചു വരുന്ന ആസ്ത്മ രോഗം, പുരുഷബീജത്തിലെ കൗണ്ട് കുറയുന്ന പ്രതിഭാസം തുടങ്ങിയവയെല്ലാം ജീവിതശൈലിയുമായും പ്രകൃതിവ്യവസ്ഥയില്‍വന്ന മാറ്റങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു -പ്രിച്ചാഡ് ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter