സംസ്ഥാനത്ത് മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും
keralaസംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 21 തിങ്കളാഴ്ച മുതല്‍ 23 ബുധനാഴ്ച വരെ നടക്കും. 21ന് രാവിലെ പത്ത് മുതല്‍ 12.30 വരെ എന്‍ജിനീയറിങ്ങിന്‍െറ ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും 22ന് രാവിലെ പത്തിന് രണ്ടാം പേപ്പറായ മാത്സ് പരീക്ഷയുമാണ്. 23ന് രാവിലെ പത്തിന് മെഡിക്കല്‍ കോഴ്സ് പ്രവേശത്തിനുള്ള ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കുശേഷം 2.30 മുതല്‍ രണ്ടാം പേപ്പര്‍ ബയോളജി പരീക്ഷയും നടക്കും. ഇത്തവണ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള 1,48,589 വിദ്യാര്‍ഥികളില്‍ 1,19,019 പേര്‍ എന്‍ജിനീയറിങ്ങിനും 1,02,458 പേര്‍ മെഡിക്കല്‍ കോഴ്സുകളിലേക്കുമുള്ള പരീക്ഷ എഴുതും. 73,163 വിദ്യാര്‍ഥികള്‍ രണ്ട് പരീക്ഷയും എഴുതുന്നുണ്ട്. കേരളത്തില്‍ ഒരുക്കിയിട്ടുള്ള 332 കേന്ദ്രങ്ങള്‍ക്കു പുറമെ സംസ്ഥാനത്തിന് പുറത്ത് മുംബൈ, റാഞ്ചി, ഡല്‍ഹി, ഗള്‍ഫില്‍ ദുബൈ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷകരുടെ കുറവ് മൂലം ഷില്ലോങില്‍ നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രം റദ്ദാക്കി. പരീക്ഷക്കുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി എന്‍ട്രന്‍സ് കമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. അവസാനദിവസമായ 23ന് വൈകുന്നേരം ആറിന് ഉത്തര സൂചികകള്‍ എന്‍ട്രന്‍സ് കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാകും. അടുത്ത 25നുമുമ്പ് ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter