ജെ.എന്‍.യുവില്‍ ക്ലാസ് ബഹിഷ്‌കരിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും
  jnuന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ജെ.എന്‍.യു കാമ്പസിനകത്തും പുറത്തും പ്രതിഷേധം. കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ അഭിഭാഷകരുടെ കുപ്പായത്തിലെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദിച്ചു. പാട്യാല വളപ്പ് കോടതിയില്‍ നടന്ന സംഘര്‍ഷത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ജെ.എന്‍.യുവിനെതിരെ മുദ്രാവാക്യം വിളിച്ച് അക്രമികളുടെ അഴിഞ്ഞാട്ടം. ഡല്‍ഹി ബി.ജെ.പി എം.എല്‍. എ ഒ.പി ശര്‍മ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചയാളെയാണ് ആക്രമിച്ചതെന്നാണ് ശര്‍മയുടെ വിശദീകരണം. സി.പി.ഐ പ്രവര്‍ത്തകന്‍ അമീഖ് ജമായി എന്നയാളാണ് ആക്രമിക്കപ്പെട്ടത്. അതിനിടെ, സര്‍വകലാശാലക്കകത്ത് പ്രതിഷേധം കനക്കുകയാണ്. ഒരു കൂട്ടം അധ്യാപകരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. പഠിപ്പുമുടക്കു സമരത്തില്‍ നിന്ന് പിന്മാറണമെന്ന വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങിന്റെ പേരില്‍ സര്‍വകലാശാലാ അന്വേഷണ കമ്മീഷനു മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികളും ഇതുവരെ ഹാജരായിട്ടില്ല. നാല്‍പ്പത് കേന്ദ്രസര്‍വകലാശാലയിലെ അധ്യാപക സംഘടനകളും പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തത്. മഫ്ടിയില്‍ കാമ്പസിനകത്തു കയറിയ പൊലീസുകാര്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. സംഭവത്തിന് പാക് തീവ്രവാദി സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ നേതാവ് ഹാഫിസ് സഈദിന്റെ പിന്തുണയുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചത് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എന്നാല്‍ ഹാഫിസ് സഈിദിന്റേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്ന് പാക് പത്രം ദ ഡോണ്‍ വ്യക്തമാക്കി. ദേശവിരുദ്ധരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂട്ടുകൂടുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി. രാഹുല്‍ മാപ്പു പറയണമെന്നും വിഷയത്തില്‍ സോണിയ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ കനയ്യകുമാറിന്റെ പൊലീസ് കസ്റ്റഡി ദീര്‍ഘിപ്പിച്ച് കോടതി ഉത്തരവിട്ടു. കനയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് എന്‍.ഐ.എയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഇന്ന് പരിഗണിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter