ഇന്ത്യൻ മുസ്ലിം ബൗദ്ധിക ചരിത്രത്തിലെ പ്രകാശഗോപുരം: അല്ലാമാ ശിബ്‌ലി നുഅ്മാനി
ഇന്ത്യൻ മുസ്ലിം ബൗദ്ധിക നവോത്ഥാനത്തിന്റെ ശ്രദ്ധേയ പ്രതിനിധികളിലൊരാണ് അല്ലാമാ ശിബ്‌ലി നുഅ്മാനി. ഉർദു ചരിത്രരചനയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിൽ ശ്രദ്ധേയമായ ചരിത്രകാരനും, ദാർശനികനും കവിയും സാമൂഹിക നിരീക്ഷകനും കൂടിയാണ്. അറബി-പേർഷ്യൻ ഭാഷകളിൽ ആഴത്തിലുള്ള പ്രാവീണ്യം കൈവരിച്ച അദ്ദേഹത്തിന്റെ ബൗദ്ധിക സംഭാവനകൾ ഇന്ത്യൻ ഇസ്‍ലാമിക വിജ്ഞാനലോകത്തിൽ ദീർഘകാല സ്വാധീനം ചെലുത്തിയവയാണ്.
ശിബ്‌ലി നുഅ്മാനിയുടെ ജീവിതപശ്ചാത്തലം
1857 ജൂൺ 4 ൽ ഉത്തർപ്രദേശിലെ അസംഗഡിനു സമീപമുള്ള ബാന്ദ്വൽ ഗ്രാമത്തിൽ ഒരു മുസ്‍ലിം രാജ്പുത് കുടുംബപരമ്പരയിലാണ് ശിബ്‍ലി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശൈഖ് ഹബീബുള്ള, ഒൻപതാം നൂറ്റാണ്ടിലെ ബഗ്ദാദിലെ പ്രശസ്ത സൂഫിവര്യനായ അബൂബക്കർ അൽശിബ്‌ലിയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിന് ‘മുഹമ്മദ് ശിബ്‌ലി എന്ന പേര് നൽകിയത്.
പ്രാഥമിക വിദ്യാഭ്യാസം ജൈരാജ്പൂർ ഗ്രാമത്തിലെ ഹകീം അബ്ദുല്ലയുടെ കീഴിലായിരുന്നു ആരംഭിച്ചത്. തുടർന്ന് മൗലവി ശുക്റുല്ലയുടെ മാർഗനിർദേശത്തിലും പിന്നീട് മൗലവി ഫൈസുല്ലയിൽ നിന്നും അറബി ഭാഷാപഠനവും അദ്ദേഹം നടത്തി. ചഷ്മായെ റഹ്മത്തിൽ നിന്നും മൗലാന ഫാറൂഖ് ചിറയാക്കോട്ടിയുടെ ശിക്ഷണത്തിൽ ശിബ്‌ലി നു'മാനി അറബിയിലും പേർഷ്യനിലും ശ്രദ്ധേയമായ പാണ്ഡിത്യം നേടുകയും അദ്ദേഹത്തിന്റെ കീഴിൽ ഔപചാരിക പഠനം പൂർത്തിയാക്കുകയും ചെയ്തു. വിദ്യാർത്ഥി ജീവിതം മുതൽ തന്നെ തർക്കശാസ്ത്രത്തിലും സംവാദങ്ങളിലും അദ്ദേഹം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹനഫീ ചിന്താധാരയും വഹാബി ആശയങ്ങളും സംബന്ധിച്ച ഒരു സംവാദത്തിൽ വിജയം നേടിയതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ഗുരുവായ മൗലാന ഫാറൂഖ് ചിറയാക്കോട്ടി, അബൂ ഹനീഫയോടുള്ള ആദരസൂചകമായി ‘നുഅ്മാനി’ എന്ന വിശേഷണം ശിബ്‌ലിക്ക് നൽകി. തുടർന്ന് അദ്ദേഹം ‘ശിബ്‌ലി നുഅ്മാനി’ എന്ന പേരിൽ വ്യാപകമായി അറിയപ്പെടാൻ തുടങ്ങി. പിന്നീട് ഉന്നത വിജ്ഞാനാന്വേഷണത്തിനായി വിവിധ വിജ്ഞാന കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചു. റാംപൂരിൽ മൗലാന ഇർശാദ് ഹുസൈന്റെ കീഴിൽ ഉസൂലും ഫിഖ്ഹും, തുടർന്ന് ലാഹോറിൽ മൗലാന ഫൈസുൽ ഹസൻ സഹാരൻപൂരിയുടെ കീഴിൽ അറബി സാഹിത്യവും കവിതയും ആഴത്തിൽ ചുവടുറപ്പിച്ച അദ്ദേഹം, പിന്നീട് മൗലാന അഹ്മദ് അലി മുഹദ്ദിസിൽ നിന്ന് ഹദീസ് പഠിച്ച് സനദുൽ ഹദീസ് നേടി. പത്തൊൻപതാം വയസ്സിൽ ഹജ്ജ് യാത്ര തിരിച്ചതോടെ ഏകദേശം പതിനാലു വർഷം നീണ്ട തന്റെ വിദ്യാഭ്യാസ യാത്രയ്ക്ക് സമാപനം കുറിച്ചു.
പരിഷ്‌കാര പ്രസ്ഥാനങ്ങളിലെ ശിബ്‌ലിയുടെ സ്വാധീനം
1857-ലെ വിപ്ലവാനന്തര ഇന്ത്യയിൽ മുസ്‍ലിം സമൂഹം ഗൗരവമേറിയ ബൗദ്ധിക-സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ പതനവും ബ്രിട്ടീഷ് വൈദേശികാധിപത്യത്തിന്റെ വ്യാപനവും മുസ്‍ലിം സമൂഹത്തിൽ നവോത്ഥാന ചിന്തകൾക്ക് വഴിയൊരുക്കി. പരമ്പരാഗത മതപഠനവും ആധുനിക വിദ്യാഭ്യാസവും തമ്മിലുള്ള ആശയസംഘർഷങ്ങൾ ശക്തമായ ഈ സാഹചര്യത്തിലാണ് അലിഗഢ്, ദിയോബന്ദ്, നദ്‌വത് തുടങ്ങിയ വിദ്യാഭ്യാസ-പരിഷ്‌കാര പ്രസ്ഥാനങ്ങൾ ഉദയം ചെയ്തത്.
പാരമ്പര്യ ഇസ്‍ലാമിക വിജ്ഞാനത്തെയും ആധുനിക ബൗദ്ധിക ലോകത്തെയും സമന്വയിപ്പിക്കാനുള്ള ശിബ്‌ലി നുഅ്മാനിയുടെ ശ്രമങ്ങൾ, ഇന്ത്യൻ മുസ്‍ലിം വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തിൽ അദ്ദേഹത്തെ ഒരു നിർണായക പരിഷ്‌കാരചിന്തകനായി ഉയർത്തിക്കാട്ടുന്നു. മുഹമ്മദൻ ആംഗ്ലോ-ഓറിയന്റൽ കോളേജിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം, മുസ്‍ലിം സമൂഹത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെയും ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെയും ആവശ്യകതയെ ശക്തമായി പ്രോത്സാഹിപ്പിച്ചു. അതോടൊപ്പം ചരിത്രപഠനം, ഭാഷാശാസ്ത്രം, ഗവേഷണരീതി തുടങ്ങിയ മേഖലകളിൽ വിശകലനാത്മക സമീപനം അവതരിപ്പിക്കുകയും ചെയ്തു. നദ്‌വതുൽ ഉലമയിൽ അദ്ദേഹം പരമ്പരാഗത ദർസേനിസാമി വിദ്യാഭ്യാസരീതിയിൽ നവീകരണം കൊണ്ടുവരാൻ ശ്രമിച്ചു.
മതപഠനത്തോടൊപ്പം ചരിത്രം, സാഹിത്യം, ആധുനിക വിജ്ഞാനശാഖകൾ എന്നിവയും ഉൾക്കൊള്ളുന്ന സമന്വയ വിദ്യാഭ്യാസദർശനമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പാരമ്പര്യവും ആധുനികതയും തമ്മിൽ സന്തുലിതമായ ബൗദ്ധിക സമീപനം രൂപപ്പെടുത്തുന്നതിൽ ശിബ്‌ലി നുഅ്മാനിയുടെ സംഭാവന നിർണായകമായിരുന്നു. നദ്‌വതുൽ ഉലമയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് തന്നെ ‘ദാറുൽ മുസന്നിഫീൻ’ എന്ന ഗവേഷണ-രചനാ കേന്ദ്രം സ്ഥാപിക്കാനുള്ള ആശയം മുന്നോട്ടുവെച്ചിരുന്നു. ഇതിനായി തന്റെ വീടും മാവുതോട്ടവും അദ്ദേഹം വഖ്ഫ് ചെയ്യുകയും ബന്ധുക്കളെയും ശിഷ്യരെയും അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം, പ്രമുഖ ശിഷ്യനായ സയ്യിദ് സുലൈമാൻ നദ്‌വി ആസംഗഢിൽ ‘ദാറുൽ മുസന്നിഫീൻ’ സ്ഥാപിച്ച് ശിബ്‌ലിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് മൂന്ന് ദിവസങ്ങൾക്കുശേഷം, 1914 നവംബർ 21-നാണ് സ്ഥാപനത്തിന്റെ ആദ്യ ഔപചാരിക യോഗം നടന്നത്.
രചനാലോകം
പാശ്ചാത്യ ലോകത്തിലെ ശാസ്ത്ര-വിദ്യാഭ്യാസ പുരോഗതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശിബിലി നുഅ്മാനി, മുസ്‍ലിം സമൂഹവും തങ്ങളുടെ പൈതൃക വിജ്ഞാനത്തെ ആധാരമാക്കി സമാനമായ ബൗദ്ധിക പുരോഗതി കൈവരിക്കണമെന്ന് വാദിച്ചു. പാശ്ചാത്യ സംസ്കാരത്തിൽ അന്ധമായി ലയിക്കരുതെന്ന മുന്നറിയിപ്പിനോടൊപ്പം, ഇസ്‍ലാമിക വിജ്ഞാനപാരമ്പര്യത്തിന്റെ നവോത്ഥാനമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. പിന്നീട് നദ്‌വത് പ്രസ്ഥാനം പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങളുടെ സമന്വയശ്രമങ്ങളിൽ നിന്ന് മാറി, ഇസ്‍ലാമിക പഠനത്തിലും ഉർദു ജീവചരിത്ര ചരിത്രരചനകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ രംഗത്ത് ശിബ്‌ലിയുടെ രചനകൾ മാതൃകാപരമായ സ്വാധീനം ചെലുത്തി. അവയിൽ ചിലത് ചുവടെ ചേർക്കുന്നു:
- സീറത്തുന്നബി
അക്കാലത്ത് പാശ്ചാത്യ എഴുത്തുകാർ പ്രവാചകന്റെ ജീവിതത്തെയും ഇസ്‌ലാമിക ചരിത്രത്തെയും തെറ്റായ രീതിയിൽ ചിത്രീകരിച്ച് ധാരാളം പുസ്തകങ്ങൾ എഴുതിയിരുന്നു. ഇതിന് കൃത്യമായ തെളിവുകളുടെയും യുക്തിയുടെയും ചരിത്രരേഖകളുടെയും അടിസ്ഥാനത്തിൽ മറുപടി നൽകുക എന്നതായിരുന്നു ശിബ്‌ലിയുടെ പ്രധാന ലക്ഷ്യം. വെറുമൊരു പുസ്തകം എഴുതുക എന്നതിനപ്പുറം, ഇതിന് വേണ്ടിയുള്ള വിവര ശേഖരണത്തിനായി അദ്ദേഹം സിറിയ, ഈജിപ്ത്, തുർക്കി തുടങ്ങിയ ഒട്ടനവധി രാജ്യങ്ങൾ സന്ദർശിക്കുകയും അവിടുത്തെ വലിയ ലൈബ്രറികളിൽ നിന്ന് അപൂർവ്വമായ കയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയും ചെയ്തു. ഈ ഗ്രന്ഥത്തിന്റെ ആദ്യത്തെ രണ്ട് വാല്യങ്ങൾ എഴുതിക്കഴിഞ്ഞപ്പോഴേക്കും 1914-ൽ അല്ലാമാ ശിബ്‌ലി നുഅ്മാനി അന്തരിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ സുലൈമാൻ നദ്‌വി ആ ദൗത്യം ഏറ്റെടുക്കുകയും, ശിബ്‌ലി സൂക്ഷിച്ചുവെച്ചിരുന്ന കുറിപ്പുകൾ വെച്ച് ബാക്കി 5 വാല്യങ്ങൾ കൂടി എഴുതി ഈ മഹദ്‌ഗ്രന്ഥം പൂർത്തിയാക്കുകയും ചെയ്തു (ആകെ 7 വാള്യങ്ങൾ). അല്ലാമാ ശിബ്‌ലി നുഅ്മാനി നേരിട്ടെഴുതിയ രണ്ട് വാള്യങ്ങൾ, പ്രവാചകന്റെ ജനനം മുതലുള്ള ആദ്യകാല ജീവിതത്തെയാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. അവിടുത്തെ കുട്ടിക്കാലം, മക്കയിലെ യുവത്വകാലം, പ്രവാചകത്വത്തിനു മുൻപുള്ള ഇരുപത് വർഷങ്ങൾ വരെയുള്ള ചരിത്രപരമായ നാഴികക്കല്ലുകൾ എന്നിവയാണ് ഇതിൽ വിശദീകരിക്കുന്നത്. സുലൈമാൻ നദ്‌വിയുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയ വാള്യങ്ങൾ, പ്രവാചകന്റെ ജീവിതത്തിലെ അവസാനത്തെ മൂന്ന് വർഷങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മദീനയിലെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ സ്ഥാപനം, അറേബ്യയിലുടനീളമുള്ള ഇസ്‌ലാമിന്റെ വ്യാപനം, ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ (ശരീഅത്ത്) പൂർത്തീകരണം എന്നിവ ഇതിൽ പ്രതിപാദിക്കുന്നു. കൂടാതെ, പ്രവാചകന്റെ ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം, അവിടുത്തെ വഫാത്ത് എന്നിവയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേവലമൊരു ചരിത്ര വിവരണത്തിനപ്പുറം പ്രവാചകന്റെ വ്യക്തിത്വ സവിശേഷതകൾ, ദിനചര്യകൾ, ഉന്നതമായ ധാർമ്മിക സ്വഭാവം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ഒരു വിശകലനം കൂടി ഈ രചന വായനക്കാർക്ക് നൽകുന്നുണ്ട്.
- ഇൽമുൽ കലാം’ (Ilm-ul-Kalam)
അല്ലാമാ ശിബ്‌ലി നുഅ്മാനി 1902-ൽ ഉർദു ഭാഷയിൽ പുറത്തിറക്കിയ ചരിത്രപരവും ബൗദ്ധികവുമായ ഒരു പ്രധാന കൃതിയാണ് ഇത്. ഇസ്‌ലാമിന് സ്വന്തമായി വളരെ ശക്തമായ ഒരു യുക്തിചിന്താ പാരമ്പര്യമുണ്ടെന്ന് ആധുനിക സമൂഹത്തിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കേവലം അന്ധമായ വിശ്വാസത്തിനപ്പുറം ബുദ്ധിപരമായി ഇസ്‌ലാമിക തത്വങ്ങളെ പ്രതിരോധിക്കാൻ മുൻകാല പണ്ഡിതന്മാർ എങ്ങനെ 'കലാം' ഉപയോഗിച്ചു എന്ന് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു. ഇൽമുൽ കലാമിന്റെ ഉത്ഭവം, വികാസം, വ്യത്യസ്ത കാലഘട്ടങ്ങളിൽ അതിനുണ്ടായ മാറ്റങ്ങൾ എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ പ്രമുഖ ദൈവശാസ്ത്ര ചിന്താധാരകളായ മുഅ്തസിലിയാക്കൾ, അശ്അരികൾ, മാതുരീദികൾ എന്നിവരുടെ ആശയങ്ങളെയും അവർ തമ്മിലുള്ള ബൗദ്ധിക സംവാദങ്ങളെയും പുസ്തകം വിശദമായി വിലയിരുത്തുന്നു. ഇൽമുൽ കലാമിന്റെ വിജയത്തിന് ശേഷം 1903-ൽ അദ്ദേഹം ഇതിന്റെ തുടർച്ചയായി 'അൽ-കലാം' എന്നൊരു പുസ്തകം കൂടി എഴുതി. ആദ്യ പുസ്തകം ചരിത്രത്തെക്കുറിച്ചായിരുന്നെങ്കിൽ, രണ്ടാമത്തെ പുസ്തകത്തിൽ ആധുനിക കാലത്തെ യുക്തിവാദങ്ങൾക്കും ശാസ്ത്രീയ ചോദ്യങ്ങൾക്കും ഇസ്‌ലാമിക വീക്ഷണത്തിൽ അദ്ദേഹം മറുപടി നൽകി. തൗഹീദ്, പ്രവാചകത്വം, പരലോകം എന്നിവയെ ആധുനിക തത്ത്വചിന്തയുടെ വെളിച്ചത്തിൽ അദ്ദേഹം അതിൽ വിശദീകരിച്ചു.
3.ശഅ്‌റുൽ അജം (Sher-ul-Ajam)
പേർഷ്യൻ കവികളുടെ ജീവിതത്തെയും അവരുടെ കവിതകളുടെ ഗുണനിലവാരത്തെയും ഒരേപോലെ വിലയിരുത്തുന്ന സമഗ്രമായ ഒരു ഗ്രന്ഥം ഉർദു ഭാഷയിൽ ലഭ്യമായിരുന്നില്ല. ഈയൊരു വലിയ കുറവ് നികത്താനും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പേർഷ്യൻ സാഹിത്യപ്രേമികൾക്ക് ആധികാരികമായ ഒരു ഗൈഡ് നൽകാനുമാണ് ശിബ്‌ലി നുഅ്മാനി ഈ പുസ്തകം തയാറാക്കിയത്. പേർഷ്യൻ കവിതകളുടെ ചരിത്രവും അവയുടെ സൗന്ദര്യശാസ്ത്രവും പ്രതിപാദിക്കുന്ന ഈ ബൃഹത്തായ ഗ്രന്ഥം ആകെ 5 വാള്യങ്ങളായിട്ടാണ് പുറത്തിറങ്ങിയത്. 1906-ൽ ഇതിന്റെ രചന ആരംഭിച്ച ശിബ്‌ലി നുഅ്മാനി, അതീവ സങ്കീർണ്ണമായ ഗവേഷണങ്ങളിലൂടെയാണ് ഓരോ വാള്യത്തിന്റെയും ഉള്ളടക്കം ക്രമീകരിച്ചതും അവ വ്യത്യസ്ത വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതും. ഇതിന്റെ ഒന്നാം വാള്യം പേർഷ്യൻ കവിതയുടെ ഉത്ഭവത്തെയും ഫിർദൗസി ഉൾപ്പെടെയുള്ള ആദ്യകാല കവികളെയും കുറിച്ച് പ്രതിപാദിച്ചുകൊണ്ട് 1908-ൽ പുറത്തിറങ്ങി. തുടർന്ന്, നിസാമി, സഅ്ദി, ഹാഫിസ് ശീറാസി തുടങ്ങിയ മധ്യകാലഘട്ടത്തിലെ പ്രമുഖ കവികളുടെ കാവ്യപ്രപഞ്ചം വിശകലനം ചെയ്യുന്ന രണ്ടാം വാല്യം 1909-ലും, ഉർഫി, കലീം തുടങ്ങിയ പിൽക്കാല കവികളെക്കുറിച്ചുള്ള മൂന്നാം വാള്യം1910-ലും പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബൗദ്ധിക ഭാഗമായി കണക്കാക്കപ്പെടുന്നതും കാവ്യശാസ്ത്ര സിദ്ധാന്തങ്ങളും സാഹിത്യ വിമർശനങ്ങളും ചർച്ച ചെയ്യുന്നതുമായ നാലാം വാള്യം 1912-ലാണ് വെളിച്ചം കണ്ടത്. വിവിധ കാവ്യരൂപങ്ങളുടെ (ഗസൽ, ഖസീദ മുതലായവ) ഘടനാപരമായ പരിണാമം വിവരിക്കുന്ന അവസാനത്തെയും അഞ്ചാമത്തെയും വാല്യം, ശിബ്‌ലി നുഅ്മാനിയുടെ മരണാനന്തരം 1918-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
മറ്റു രചനകളും നിരൂപണങ്ങളും:
രണ്ടാം ഖലീഫയുടെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചുള്ള 'അൽഫാറൂഖ്', ഇമാം ഗസ്സാലിയുടെ തത്ത്വചിന്തകളെ അപഗ്രഥിക്കുന്ന 'അൽഗസ്സാലി', ഹനഫി നിയമസംഹിതയുടെ ഉത്ഭവം വ്യക്തമാക്കുന്ന 'സീറത്തുന്നഅ്മാൻ', അബ്ബാസി ഭരണകാലത്തെ ബൗദ്ധിക മുന്നേറ്റം ചർച്ച ചെയ്യുന്ന 'അൽമഅ്മൂൻ', ജലാലുദ്ദീൻ റൂമിയുടെ ആത്മീയ കാവ്യങ്ങളെക്കുറിച്ചുള്ള 'സവാനിഹ് മൗലാനാ റൂമി'(Sawanih Maulana Rumi) എന്നിവ അദ്ദേഹത്തിന്റെ വിഖ്യാതമായ ജീവചരിത്ര ഗ്രന്ഥങ്ങളാണ്.
ഇതുകൂടാതെ, ഔറംഗസേബ് ചക്രവർത്തിക്കെതിരെയുള്ള പാശ്ചാത്യ ചരിത്രകാരന്മാരുടെ ആരോപണങ്ങളെ ഖണ്ഡിക്കുന്ന 'ഔറംഗസേബ് ആലംഗീർ പർ ഏക് നസർ', അലക്സാണ്ട്രിയൻ ലൈബ്രറിയുടെ തകർച്ചയെക്കുറിച്ചുള്ള തെറ്റായ വാദങ്ങൾ തിരുത്തുന്ന 'കുതുബ്ഖാനയെ ഇസ്കന്ദരിയ്യ' എന്നീ ചരിത്രവിമർശന പഠനങ്ങളും അദ്ദേഹം രചിച്ചു. പൗരസ്ത്യ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികളെയും ലൈബ്രറികളെയും പരിചയപ്പെടുത്തുന്ന 'സഫർനാമയെ റൂം വ മിസ്ർ വ ശാം' (سفرنامہ روم و مصر و شام) എന്ന യാത്രാവിവരണവും, അദ്ദേഹത്തിന്റെ വൈജ്ഞാനിക ലേഖനങ്ങളുടെ സമാഹാരമായ 'മഖാലാതേ ശിബ്‌ലി'യും ഉർദു ചരിത്രരചനയ്ക്കും ഗവേഷണങ്ങൾക്കും ശക്തമായ ഒരു പുതിയ ശൈലി സമ്മാനിച്ച കൃതികളാണ്.



Leave A Comment