ഒരു പുതിയ ജീവിതം 05- അനാവശ്യ ഉല്‍കണ്ഠകള്‍ വേണ്ട... വിധിച്ചതേ വരൂ...
നമ്മുടെ ജീവിതത്തെ പലപ്പോഴും വഷളാക്കുന്നത് അനാവശ്യ ഉല്‍കണ്ഠകളാണ്. ഭാവിയെ കുറിച്ചുള്ള ആധികളും എന്തെങ്കിലും അരുതാത്തവ സംഭവിക്കുമോ എന്ന ആശങ്കകളുമാണ് പലപ്പോഴും നമ്മുടെ സന്തോഷം കെടുത്തുന്നത്. ആ ഉല്കണ്ഠകള്‍ അവസാനം നമ്മുടെ വില്ലന്മാരായി മാറുന്നു എന്നതാണ് പലപ്പോഴും അനുഭവം.
ഗ്ലാസിലെ വെള്ളത്തിന് ആ ഗ്ലാസിന്റെ നിറമായിരിക്കുമെന്ന പോലെ, നമ്മുടെ ജീവിതത്തെ തിളക്കമുള്ളതോ ഇരുണ്ടതോ ആക്കി മാറ്റുന്നത് നാം തന്നെയാണ്. പനി ബാധിച്ച ഒരു ബദൂവിനെ സന്ദർശിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ട് പ്രവാചകൻ പറഞ്ഞു: "ഒരു ദോഷവുമില്ല, അത് അല്ലാഹുവിന്റെ ഇച്ഛ പ്രകാരമുള്ള ശുദ്ധീകരണമാണ്" ഇത് കേട്ട അദ്ദേഹം മറുപടി പറഞ്ഞു: "എന്നാല്‍, ഒരു വൃദ്ധനിൽ കത്തുന്ന പനിയാണ് അവനെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുന്നത്." പ്രവാചകൻ പറഞ്ഞു: "അതെ, അങ്ങനെയായിരിക്കാം." (ബുഖാരി) ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് അവന്റെ പ്രവർത്തനങ്ങളുടെ ഗതി നിർണ്ണയിക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മനുഷ്യന്‍ അവന്റെ ചിന്തകളുടെ സൃഷ്ടിയാണെന്ന് പ്രമുഖ മനശാസ്ത്രജ്ഞരെല്ലാം പറയുന്നുണ്ട്. നോർമൻ വിൻസെന്റ് പീൽ പറയുന്നു, നിങ്ങൾ എന്ത് വിചാരിക്കുന്നുവോ അതാണ് നിങ്ങൾ. മനുഷ്യന്റെ ഭാവി അവന്റെ മാനസികാവസ്ഥയുടെ ഗുണനിലവാരത്തെയും പ്രകടനത്തെയും ആശ്രയിച്ചിരിക്കുന്നു. അതിലൂടെയാണ് അവന്റെ ജീവിത ഗതി തന്നെ രൂപപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് കൂടുതൽ അകന്നുപോകുമ്പോൾ, വസ്തുക്കളുടെ ആകൃതിയും വലുപ്പവും മാറുകയും താഴെയുള്ളവയെക്കുറിച്ചുള്ള വീക്ഷണം വിശാലമാവുകയും നമ്മുടെ ചക്രവാളം വികസിക്കുകയും ചെയ്യുന്ന പോലെ, മാനസികമായി ഉയരുന്നതോടെ ധാർമ്മിക പൂർണ്ണതയുടെയും ബൗദ്ധിക വികാസത്തിന്റെയും തലങ്ങളിലേക്ക് ഉയരുന്നു. അതോടെ മറ്റുള്ളവരെ കുറിച്ചുള്ള അവന്റെ വീക്ഷണം തന്നെ മാറുകയും ചെയ്യുന്നു.
സമൃദ്ധമായ മഴയും വെള്ളവും വളവും ലഭിക്കുന്നതോടെ ഒരു തരിശുഭൂമി പുതുക്കപ്പെടുന്നതുപോലെ നമ്മുടെ കാഴ്ചപ്പാടുകളും വികാരങ്ങളും പുതുക്കുക എന്നതാണ് ഇത് നേടാനുള്ള മാർഗം. അതിനുള്ള ആദ്യ മാര്‍ഗ്ഗമാണ് ആത്മീയ നവീകരണം. ഖുര്‍ആന്‍ പറയുന്നു, തീർച്ചയായും, ഒരു ജനതയുടെ അവസ്ഥയിൽ ദൈവം മാറ്റം വരുത്തുകയില്ല, അവർ തങ്ങളിലുള്ളത് മാറ്റുന്നത് വരെ. (അർ-റഅദ് 13:11)
രണ്ടാമതായി, ഈ ജീവിതത്തില്‍ വിധിക്കപ്പെട്ടതല്ലാതെ ഒന്നും തന്നെ സംഭവിക്കില്ലെന്ന ഉറപ്പ് കാത്ത് സൂക്ഷിക്കുക, വിധിക്കപ്പെട്ടതെല്ലാം വരിക തന്നെ ചെയ്യുമെന്നും. ഈ പ്രപഞ്ചത്തിലെ യാതൊന്നിനും ദൈവത്തിൽ നിന്ന് വഴുതിപ്പോകാനാകില്ല എന്ന വിശ്വാസം ശാന്തിയും സമാധാനവും പകരുന്നു. താന്‍ ചെയ്യേണ്ടത് ചെയ്തതിന് ശേഷം ഒരു മുസ്‍ലിം നാഥനിൽ അർപ്പിക്കുന്ന ആശ്രയമാണിത്.
നമ്മുടെ ഇഷ്ടത്തിനപ്പുറമുള്ള ജീവിതത്തിന്റെ വശങ്ങളെക്കുറിച്ച് സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നത് അർത്ഥശൂന്യമാണെന്ന് ഇതോടെ ബോധ്യപ്പെടും. ദൈവവിധിയിലുള്ള വിശ്വാസം, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം പകരുന്നു, വന്നുചേരുന്ന അഹിതങ്ങളെ, ഉത്കണ്ഠയില്ലാതെ സംതൃപ്തിയോടെ സമീപിക്കാന്‍ അത് പ്രാപ്തമാക്കുന്നു.
Read More:ഒരു പുതിയ ജീവിതം -04 ഇന്നില്‍ ജീവിക്കുക, നാളെയെ കുറിച്ച് ആശങ്കയില്ലാതെ..
ഒരു ഖുര്‍ആന്‍ സൂക്തം ഇങ്ങനെ മനസ്സിലാക്കാം: (പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിൻറെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്. സമാനമായ പ്രവാചകവചനം ഇങ്ങനെ വായിക്കാം, "അല്ലാഹുവിൻ്റെ ഒരു അടിമയും മുൻനിശ്ചയത്തിലും അതിൻ്റെ നല്ലതും ചീത്തയും വിശ്വസിക്കുന്നതുവരെയും തനിക്ക് സംഭവിച്ചത് തനിക്ക് നഷ്ടപ്പെടാൻ പോകുന്നില്ലെന്നും തനിക്ക് നഷ്ടപ്പെട്ടത് തനിക്ക് സംഭവിക്കാൻ പോകുന്നില്ലെന്നും മനസ്സിലാക്കുന്നത് വരെ യഥാർത്ഥത്തിൽ വിശ്വസിക്കുകയില്ല." (അത്തിർമിദി)
അതേ സമയം, വിധിവിശ്വാസം ഒരിക്കലും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള ഉപായവുമല്ല. തന്നെ കൊണ്ട് ആവുന്ന പരിശ്രമങ്ങളെല്ലാം നടത്തി, ശേഷം അന്തിമഫലം ദൈവത്തിലര്‍പ്പിക്കുക എന്നതാണ് അത്. ചെയ്തതിനെല്ലാം പ്രതിഫലം ലഭിക്കുമെന്നതാണ് മുസ്‍ലിമിന്റെ വിശ്വാസം. ഫലം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം അവനില്ല. സന്തോഷത്തിലും സങ്കടത്തിലും വൈകാരിക പ്രകടനങ്ങളിലും പ്രതികരണങ്ങളിലുമെല്ലാം ശാന്തമായി വര്‍ത്തിക്കാന്‍ ജ്ഞാനികളെ പ്രാപ്തമാക്കുന്നതും ഈ ചിന്തയാണ്.
ഒരു ഖുര്‍ആന്‍ ഇങ്ങനെയാണ് പറയുന്നത്, ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങൾക്കു നഷ്ടപ്പെട്ടതിൻറെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും, നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല. (57:22-23).
How to stop worrying and start living എന്ന കൃതിയിൽ ഡേൽ കാർനെഗി പറയുന്നു: “ജീവിച്ചിരിക്കുന്ന ആർക്കും അനിവാര്യമായതിനെ ചെറുക്കാൻ മതിയായ വികാരവും വീര്യവും ഇല്ല. അതേ സമയം, ഒരു പുതിയ ജീവിതം സൃഷ്ടിക്കാൻ അവനാവും. ജീവിതത്തിന്റെ അനിവാര്യമായ മഞ്ഞുവീഴ്ചക്കൊപ്പം നിങ്ങൾക്ക് ഒന്നുകിൽ വളഞ്ഞ് വേറെ വഴി തെരഞ്ഞെടുക്കാനാവും, അല്ലെങ്കിൽ നിങ്ങൾക്ക് അവയെ ചെറുത്തുനിൽക്കാനും തകർക്കാനും കഴിയും!"
Leave A Comment