മതേതര വിരുദ്ധ വഖഫ് ബില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കും: ബംഗാള്‍ മുഖ്യമന്ത്രി

വഖഫ് ഭേദഗതി ബില്‍ മതേതര വിരുദ്ധമാണെന്നും മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചിട്ടില്ലെന്നും നിയമസഭയില്‍ സംസാരിച്ച ബാനര്‍ജി പറഞ്ഞു.
'ബില്‍ മതേതര വിരുദ്ധമാണ്, ഒരു പ്രത്യേക വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. ഇത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കും, വഖഫ് ബില്ലിനെ കുറിച്ച് കേന്ദ്രം ഞങ്ങളോട് കൂടിയാലോചിച്ചിട്ടില്ല' അവര്‍ പറഞ്ഞു.ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാല്‍ അതിനെ പൂര്‍ണ്ണ ഹൃദയത്തോടെ അപലപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികള്‍ മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ശക്തമായ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. 
വഖഫ് ഭേദഗതികള്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരുമെന്നും അവരെ ഉത്തരവാദിത്വമുള്ളവരാക്കുമെന്നും ഭരണകക്ഷിയായ ബി.ജെ.പി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നിലവില്‍ വിവാദമായ ബില്‍ പരിശോധിക്കാന്‍ പാര്‍ലിമെന്ററി സമിതി രൂപീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter