ബിന്‍ സുഹ്‌റ്: മുസ്‍ലിം സ്‌പെയിനിലെ വൈദ്യശാസ്ത്ര അപ്പോസ്തലന്‍

യൂറോപ്യന്‍ നവോത്ഥാനത്തിന് വിത്ത് പാകിയ മുസ്‍ലിം സ്‌പെയിനിലെ സുവര്‍ണകാലഘട്ടത്തില്‍, ലോകത്തിന് തന്നെ വെളിച്ചമേകിയ ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ അനവധിയാണ്. അക്കാലത്ത് വൈദ്യശാസ്ത്രത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അടുത്ത കാലത്ത് വരെ പാശ്ചാത്യന്‍  മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനവിഷയമായിരുന്നുയെന്നത് അതിലേക്കാണ് വിരല്‍ ചുണ്ടുന്നത്.

വൈദ്യശാസ്ത്ര മേഖലയില്‍ മുസ്‍ലിം സ്‌പെയിന്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് സംഭാവന നല്‍കിയ വൈദ്യശാസ്ത്ര പണ്ഡിതരില്‍ പ്രമുഖനാണ് അബൂ മര്‍വാന്‍ അബ്ദുല്‍ മലിക്ക് ബിന്‍ അബുല്‍ അഗ്‍ലാ സുഹ്‌റ് ബിന്‍ അബീബക്കര്‍ മുഹമ്മദ് ബിന്‍ മര്‍വാന്‍ ബിന്‍ സുഹ്‌റ് അല്‍ ഇയാദി അല്‍ ഇഷ്ബീലീ (അല്‍ ഇയാദി എന്നത് കുടുംബപ്പേരും അല്‍ ഇഷ്ബീലീ എന്നത് സെവില്ലയുടെ ആദ്യകാല നാമമായ ഇഷ്ബീലിലേക്ക് ചേര്‍ത്തി പറയുന്നതുമാണ്) എന്ന ഇബ്‌നു സുഹ്‌റ്. അവന്‍സോറെന്നാണ് പാശ്ചാത്യ ലോകത്ത് ഇദ്ദേഹം അറിയപ്പെടുന്നത്. 1094, സെവില്ലയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പ്രശസ്ത യുക്തി ചിന്തകനായ, അവേരോസ് എന്ന് പാശ്ചാത്യര്‍ വിളിക്കുന്ന ഇബ്‌നു റുഷ്ദിന്റെ സമകാലികനും കൂടിയാണ് ഇദ്ദേഹം. ഇവര്‍ തമ്മിലുള്ള ബന്ധപ്പെടലുകളും ഇരുവരുടേയും രചനകളില്‍ പരസ്പരമുള്ള  സൂചകങ്ങളും കാണാവുന്നതാണ്.

തന്റെ പിതാവ് അഗ്‍ലാ സുഹ്‌റ് ബിന്‍ അബീബക്കര്‍ അടക്കം പ്രശസ്തരായ വൈദ്യശാസ്ത്രജ്ഞര്‍ക്ക് പിറവി നല്‍കിയ അല്‍ ഇയാദി കുടുംബത്തിലാണ് ഇബ്‌നു സുഹ്‌റും പിറവികൊണ്ടത്. അബൂബക്കര്‍ മുഹമ്മദ് ബിന്‍ സുഹ്‌റ് എന്ന പിതാമഹന്‍ വൈദ്യശാസ്‌ത്രത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയ മഹാനാണ്. പിതാവ് തന്നെയായിരുന്നു ഇബ്‌നു സുഹ്‌റിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ ഗുരു. അദ്ദേഹത്തില്‍ നിന്നു തന്നെയാണ് വൈദ്യശാസ്ത്ര ജ്ഞാനങ്ങള്‍ കരസ്ഥമാക്കി ഈ മേഖലയിലേക്ക് കാലെടുത്തു വെക്കുന്നതും. പിതാവിന്റെയും  മറ്റു പിതാമഹന്‍മാരുടെയും വിശിഷ്യ അദ്ദേഹത്തെ അഗാധമായി സ്വാധീനിച്ച ഗ്രീക്ക് ഫിസീശ്യന്‍  ഗാലന്റെയും ഗ്രന്ഥങ്ങള്‍ വായിച്ച് മനസ്സിലാക്കിയും സംശയങ്ങള്‍ ദൂരീകരിച്ചുമായിരുന്നു അദ്ദേഹത്തിലെ പണ്ഡിതനിലേക്കുള്ള  വളര്‍ച്ച. പില്‍ക്കാലത്ത് ഇദ്ദേഹത്തിന്റെ മകളും മകനും വൈദ്യശാസ്ത്ര മേഖലയിലേക്ക് കടന്ന് വരുന്നതും കാണാം.


വൈദ്യശാസ്ത്ര ജ്ഞാസമ്പാദന ശേഷം ജനങ്ങളെ ശുശ്രൂഷിക്കാന്‍ ആരംഭിച്ച അദ്ദേഹത്തിന്റെ ചികില്‌സാ മികവിന്റെ ശ്രുതി കേട്ട് അന്ദലുസ് ഭരിച്ചിരുന്ന മുറാബിത്ത് വംശത്തിലെ അമീര്‍ അലി ബിന്‍ യൂസുഫ് (1106 - 1143)അദ്ദേഹത്തെ കൊട്ടാര വൈദ്യനായി നിയമിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ ബന്ധം വഷളാവുകയും  അദ്ദേഹത്തെ ജയിലിലടക്കുകയുമാണുണ്ടായത്. ജയില്‍വാസക്കാലത്ത് അദ്ദേഹമനുഭവിച്ച പ്രയാസങ്ങളും പരീക്ഷണങ്ങളും കാരണമാണ് 1162 ല്‍ മരണം പോലും സംഭവിക്കുന്നത്. രാഷ്ട്രീയ ചക്രം കറങ്ങി മുറാബിത്ത് ഭരണകൂടം തകര്‍ന്ന് ശേഷം ഭരണ ചക്രം മുവഹീദീന്‍ ഭരണകൂടത്തിന്റെ കൈയില്‍ വന്നപ്പോള്‍ ആദ്യ ഖലീഫയായ അബ്ദുല്‍ മുഅ്മിനാണ് അദ്ദേഹത്തെ സ്വതന്ത്രനാക്കുന്നത്. ശേഷം വീണ്ടും കൊട്ടാര വൈദ്യനായി പുനഃപ്രതിഷ്ടിക്കപ്പെടുകയും ചെയ്തു.

ഇബ്‌നു സുഹ്‌റ് വൈദ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ഈ ശാസ്ത്ര മേഖലയുടെ പുരോഗതിക്ക് ചെറുതല്ലാത്ത സഹായങ്ങള്‍  ചെയ്തിട്ടുണ്ട്. അദ്ദേഹം രചിച്ച ഗ്രന്ഥം 'അല്‍ തൈസീര്‍ ഫില്‍ മുദാവാതി വല്‍ തദ്ബീര്‍' അടുത്ത കാലത്ത് വരെ പാശ്ചാത്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനവിഷയമായിരുന്നു. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥവും. ഇതിന്റെ വിവര്‍ത്തനം ലാറ്റിന്‍, ഹിബ്രു ഭാഷകളില്‍ നടന്നിട്ടുമുണ്ട്. ചില പ്രത്യേക രോഗങ്ങളെ പരിചയപ്പെടുത്തുകയും അതിന്റെ പ്രതിവിധിയായ മരന്നുകളെ നിര്‍ദേശിക്കുകയുമാണ് ഇതിലൂടെ  അദ്ദേഹം ചെയുന്നത്. മറ്റൊരു ഗ്രന്ഥം അല്‍ അഗ്ദിയയാണ്. ഇതില്‍ അദ്ദേഹം പ്രതിപാദിക്കുന്നത് ഭക്ഷണത്തേയും അതിന്റെ ക്രമത്തേയുമാണ്. അല്‍ ഇഖ്തിസാദ്, ഫീ ഇല്ലത്തില്‍ ഖിലാ, ഫീ ഇല്ലത്തില്‍ ബറസി വല്‍ ബഹഖ്, അല്‍ തദ്കിറഹ് പോലോത്ത മറ്റു ഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ട്.

വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഇബ്‌നു സുഹ്‌റ് മൃഗങ്ങളെ ഉപയോഗിച്ചിരുന്നതായി ചരിത്രങ്ങളില്‍ കാണാവുന്നതാണ്. അറബ് വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി മൃഗങ്ങളെ  പരീക്ഷണളില്‍ ഉപയോഗിച്ചത് പ്രശസ്ത പണ്ഡിതനായ അബുബക്കര്‍ അല്‍ റാസിയാണ്. എന്നാലത് മരുന്ന്  പരീക്ഷണങ്ങളുടെ ഭാഗം മാത്രമായിരുന്നു. ഇബ്‌നു സുഹ്‌റ് ഒരുപടി കൂടി കടന്ന് മൃഗങ്ങളെ ശസ്ത്രക്രിയ പരീക്ഷണങ്ങള്‍ക്കു കൂടി ഉപയോഗിച്ചതായി കാണാം. ശ്വാസാകോശ സംബന്ധിയായ പ്രശ്‌നങ്ങളില്‍ വായയിലൂടെയോ, മൂക്കിലൂടെയോ ശ്വാസാച്ഛോസത്തിന് സാധിക്കാതെ വരുമ്പോള്‍, കഴുത്തില്‍ ദ്വാരമുണ്ടാക്കി ശ്വാസനാളത്തിലേക്ക് പൈപ്പിടുന്ന ട്രക്കിയോട്ടൊമി രീതി അദ്ദേഹമാണ് വികസിപ്പിച്ചത്. ആദ്യമായി ആടുകളില്‍ പരീക്ഷണം നടത്തി വിജയിച്ച ശേഷമാണ് മനുഷ്യരില്‍ ശസ്ത്രക്രിയയുടെ ഭഗമായി ഇത് പ്രയോഗിക്കുന്നത്.

ഇബ്‌നു സുഹ്‌റിന്റെ സംഭാവനകളില്‍ പരമ പ്രധാനമാണ് വയറ് സംബന്ധിയായ കാന്‍സറിനെ അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നുയെന്നത്. ഇതിനെ തന്റെ അല്‍ തൈസീര്‍ എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുകയും അതിന്റെ ചില അടയാളങ്ങള്‍ ക്രത്യമായി പ്രതിപാദിക്കുകയും ചെയ്തതായി കാണാം.

ഏഴ് പതിറ്റാണ്ടോളം നീണ്ട തന്റെ ജീവിതത്തിനിടയില്‍ ചില വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. അദ്ദേഹം ഇത്രത്തോളം പ്രസിദ്ധനായിരിക്കെ തന്നെ ചില അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ തന്റെയടുത്ത് കണ്ണ് സംബന്ധിയായ രോഗവുമായി വന്നയാളോട് കഴുതയുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കാന്‍ നിര്‍ദ്ദേശിച്ചത് ഇതില്‍ പ്രസിദ്ധമാണ്. മൃഗങ്ങളെ ശാസ്ത്രക്രിയ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചതും അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം വൈദ്യശാസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മറിച്ച്  അദ്ദേഹം ഒരു മികച്ച കവികൂടിയായിരുന്നു.

ജയില്‍ വാസക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കാരണമായി തീരെ ക്ഷയിച്ച ആരോഗ്യത്തോടൊപ്പം ബ്രയിന്‍ ട്യൂമര്‍ കൂടെ ബാധിച്ചായിരുന്നു 1162 ല്‍ അദ്ദേഹത്തിന്റെ മരണം. സെവില്ലയില്‍ തന്നെ അദ്ദേഹം മറമാടപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter