ഉമര്‍ മിത്സുതാരോ കൊടാരോ – മുസ്‍ലിം പണ്ഡിതനായി മാറിയ ജപ്പാന്‍ ചാരന്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍... 
ബോംബെ തുറമുഖം യാത്രക്കാരെ കൊണ്ട് ശബ്ദമുഖരിതമാണ്. വിമാന സര്‍വ്വീസുകള്‍ ഇല്ലാതിരുന്ന അക്കാലത്ത്, ഹജ്ജ് അടക്കമുള്ള വിദേശ യാത്രകള്‍ക്കെല്ലാം ജനങ്ങള്‍ ആശ്രയിച്ചിരുന്നത് കപ്പലുകളെയായിരുന്നുവല്ലോ. ആ വര്‍ഷവും ഹജ്ജിന് പോവാനായി അവിടെ എത്തിയവര്‍ ധാരാളമുണ്ടായിരുന്നു. 

ആ കൂട്ടത്തില്‍, ഒരു അന്താരാഷ്ട്ര വ്യക്തിത്വവുമുണ്ടായിരുന്നു. റഷ്യക്ക് കീഴിലായിരുന്ന ക്രീമിയയില്‍, റഷ്യൻ സാർ ഭരണകൂടത്തിനെതിരെ വിപ്ലവത്തിന് നേതൃത്വം കൊടുത്തിരുന്ന താതാര്‍ നേതാവും പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുറാശിദ് ഇബ്‍റാഹീം ആയിരുന്നു അത്. ഇസ്താംബൂളില്‍ അഭയം തേടിയിരുന്ന അദ്ദേഹം, റഷ്യയുടെ സമ്മര്‍ദ്ദം മൂലം അവിടെയും നില്‍ക്കാനാവാതെ 1909ല്‍ ചൈനയില്‍ അഭയം തേടിയതായിരുന്നു. അവിടെ നിന്ന് ഹജ്ജിനായി മക്കയിലേക്ക് പുറപ്പെട്ട അദ്ദേഹത്തിന്റെ യാത്ര ബോംബെയിലൂടെയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ബോംബെയിലെത്തുന്നത്.

അദ്ദേഹത്തോടൊപ്പം ധാരാളം താതാര്‍ അനുയായികളുമുണ്ടായിരുന്നു. കൂട്ടത്തില്‍ അദ്ദേഹത്തിന് മാത്രം അറിയാമായിരുന്ന ഒരു ജപ്പാന്‍ പൌരനുമുണ്ടായിരുന്നു, മിത്സുതാരോ യമവോകെ കൊട്ടാരൊ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഷിന്റോ മത വിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യം ഹജ്ജ് കര്‍മ്മമായിരുന്നില്ല. മറിച്ച്, താതാര്‍ മുസ്‍ലിംകളുടെ നേതാവും റഷ്യയുടെ ശത്രുവുമായ റാശിദ് ഇബ്റാഹീമിന്റെ കൂടെ കൂടി, റഷ്യക്കെതിരെ മുസ്‍ലിംകളുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യം നേടാനായി ജപ്പാന്‍ നിയോഗിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്നു മിത്സുതാരോ. 

1904-5 കാലയളവിലെ റഷ്യ-ജാപ്പാന്‍ യുദ്ധ കാലത്ത്, മഞ്ചൂറിയാൻ പ്രവിശ്യകളിലെ ഇന്റെലിജെൻസ് ഉദ്യോഗസ്ഥനായിരുന്നു മിത്സുതാരോ. യുദ്ധത്തിൽ റഷ്യക്ക് മേൽ ജപ്പാൻ വിജയം നേടിയതോടെ ലോകത്താകമാനമുള്ള അധിനിവിഷ്ട നാടുകളിലെ ജനങ്ങൾക്ക് അത് വലിയ പ്രോത്സാഹനമായി മാറി. റഷ്യൻ സാമ്രാജ്യത്വ ശക്തിയെ മുട്ടുകുത്തിച്ച ജപ്പാനിലേക്കായി പിന്നീട് മുസ്‍ലിം രാജ്യങ്ങളുടെയെല്ലാം ശ്രദ്ധ. ഇസ്താംബൂൾ മുതൽ ടെഹ്റാൻ വരെയും കാബൂൾ മുതൽ സിംഗപ്പൂർ വരെയുമുള്ള സാമ്രാജ്യത്ത്വ വിരുദ്ധരായ മുസ്‍ലിംകളെല്ലാം യുദ്ധത്തിലെ റഷ്യൻ പരാജയത്തെ അധിനിവേശ സാമ്രാജ്യത്വത്തിന്റെ പതനമായി ആഘോഷിച്ചു.

മുസ്‍ലിംകളുടെ പിന്തുണ പരമാവധി നേടാന്‍ ഈ അവസരം മുതലെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു ജാപ്പന്‍കാര്‍. അതിന്റെ ഭാഗമായി, ആഗോളതലത്തിൽ മുസ്‍ലിംകളുമായി ബന്ധം സ്ഥാപിക്കുവാനും പിന്തുണ ഉറപ്പാക്കാനും വേണ്ടി ബ്ലാക് ഡ്രാഗൺ എന്ന തീവ്രദേശീയ പാരാമിലിറ്ററി സംഘടന തന്നെ ജപ്പാന്‍ രൂപീകരിച്ചു. ചൈനയിലെ മുസ്‍ലിംകളെ കൂടെ നിര്‍ത്തുകയായിരുന്നു ആദ്യ ലക്ഷ്യം. ശേഷം അതിന്റെ പ്രവർത്തനം ആഗോള തലത്തിൽ വ്യാപിപ്പിക്കാൻ  തീരുമാനിക്കുകയായിരുന്നു. ഇബ്റാഹീം റാശിദുമായി  മിത്സുതാരോ ബന്ധം സ്ഥാപിക്കുന്നത് ഈ സംഘടനയുടെ പ്രതിനിധിയായിട്ടായിരുന്നു. 

ഹജ്ജിനായി മക്കയിലേക്ക് പോകുകയാണെന്ന് പറഞ്ഞതോടെ താനും കൂടെ വരാമെന്നായി മിത്സുതാരോ. ഹജജ് യാത്രയിൽ റാശിദിനെ അനുഗമിച്ച് തന്റെ കാര്യം നേടിയെടുക്കാമെന്നായിരുന്ന അതിസമര്‍ത്ഥനായ ആ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ കണക്ക് കൂട്ടല്‍. അങ്ങനെയാണ്, ഇസ്‍ലാമിനെ കുറിച്ചോ അതിലെ കര്‍മ്മങ്ങളെ കുറിച്ചോ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ലായിരുന്ന അമുസ്‍ലിമായ  മിത്സുതാരോ ബോംബെ തുറമുഖത്ത് ഹജ്ജ് സംഘത്തോടൊപ്പം എത്തുന്നത്. 

എന്നാൽ റാശിദ് ഇബ്രാഹീം തന്റെ ജാപ്പനിസ് സുഹൃത്തിന്റെ രഹസ്യം ഒപ്പമുണ്ടായിരുന്ന താതാരി അനുയായികളെ അറിയിച്ചതോടു കൂടി, കാര്യങ്ങളുടെ ഗതി മാറി. ഒരു അമുസ്‍ലിമായ വ്യക്തിയെ ഒരിക്കലും കൂടെ കൂട്ടരുതെന്നും അത് ശരിയല്ലെന്നും അവര്‍ ഉറപ്പിച്ച് പറഞ്ഞു.  വലിയ തരത്തിലുള്ള ബഹളങ്ങൾക്കും ഒച്ചപ്പാടുകൾക്കും വരെ അത്‌ കാരണമായി. ഒരു നിലക്കും തന്റെ യാത്ര മാറ്റിവെക്കാന്‍ തയ്യാറല്ലായിരുന്ന മിത്സുതാരോ, അധികമൊന്നും ആലോചിക്കാതെ, അവരുടെ മുമ്പില്‍ വെച്ച് തന്നെ സത്യസാക്ഷ്യം ചൊല്ലി ഇസ്‍ലാം സ്വീകരിച്ചു. തന്റെ പേരിനോട് ചേര്‍ത്ത് ഉമര്‍ മിത്സുതാരോ എന്ന പേര് സ്വീകരിക്കുകയും ചെയ്ത. തല്‍ക്കാലം പ്രശ്നത്തിന് പരിഹാരമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ മതം മാറ്റം. 

അതോടെ താതാരി സംഘവും ഏറെ സന്തോഷിക്കുകയും തക്ബീര്‍ ധ്വനികളോടെ അദ്ദേഹത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. 
എന്നാല്‍, ഇസ്‍ലാം മിത്സുതാരോയുടെ മനസ്സില്‍ പതുക്കെ മാറ്റങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി. ജീവിതത്തിന് തന്നെ പുതിയ അര്‍ത്ഥവും തലങ്ങളും വരുന്നത് അദ്ദേഹം അനുഭവിച്ചറിയുകയും ദിവസം ചെല്ലും തോറും അത് ആസ്വദിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ, ആ സംഘത്തെയും കൊണ്ട് കപ്പല്‍ മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. ഉമര്‍ മില്‍സുതാരെ ആ യാത്ര ശരിക്കും മുതലാക്കി എന്ന് പറയാം. പണ്ഡിതനായ റാശിദ് ഇബ്റാഹീമില്‍ നിന്ന് മതത്തിന്റെ ബാലപാഠങ്ങളെല്ലാം അദ്ദേഹം പഠിച്ചെടുത്തു. പഠിക്കും തോറും കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. മക്കയിലെത്താന്‍ അതിലേറെ കൊതിക്കുന്നുമുണ്ടായിരുന്നു, വിശ്വാസത്തിന്റെ പുതുമഴ ഏറ്റ ആ മനസ്സ്. 

മുസ്‍ലിം നാടുകളിൽ എന്താണ് തന്നെ കാത്തിരിക്കുന്നതെന്ന ആശങ്കയോടെ ജിദ്ദയിലെത്തിയ ഉമറിന് രാജകീയമായ സ്വീകരണമായിരുന്നു അവിടെ ലഭിച്ചത്. എല്ലാവരും ഏറെ മതിപ്പോടെ തന്നെ വീക്ഷിക്കുന്നത് അദ്ദേഹം നേരിട്ട് കണ്ടു. രാജകുടുംബത്തിന്റെ അതിഥിയായി കഅ്ബയുടെ ഉൾവശത്തേക്ക് പ്രവേശിക്കാന്‍ വരെ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഹജ്ജ് കർമ്മം പൂർത്തികരിച്ചതോടു കൂടി ആദ്യത്തെ ജാപ്പനീസ് ഹാജി കൂടിയായി മാറി ഉമര്‍ മിത്സുതാരോ യമവോകെ. 

ഹജ്ജിന് ശേഷം ബെയ്റൂത്ത്, ഡമസ്കസ്, ഇസ്താംബൂൾ തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ച മിത്സുതാരോ, അവിടങ്ങളിലെല്ലാം ആഗോള മുസ്‍ലിം ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടിയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഓട്ടോമൻ സാമ്രാജ്യവും ഇസ്‍ലാമിക രാജ്യങ്ങളും ഇരു കയ്യും നീട്ടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അവര്‍ ഒരുക്കിയ സ്വീകരണങ്ങള്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് അദ്ദേഹം പലപ്പോഴും എഴുതിയിട്ടുണ്ട്.

പിന്നീടുള്ള തന്റെ ജീവിതത്തിലെ അഞ്ച് ദശാബ്ദങ്ങൾ തന്റെ സമുദായത്തിന് ഇസ്‍ലാമിനെ പരിചയപ്പെടുത്താനായി അദ്ദേഹം മാറ്റിവെക്കുകയായിരുന്നു. 1917-ലെ റഷ്യൻ വിപ്ലവത്തിൽ ജപ്പാനിൽ അഭയം തേടിയിരുന്ന താതാറുകള്‍ക്കും ബഷ്കിറുകള്‍ക്കും വേണ്ടെതെല്ലാം ചെയ്ത് കൊടുക്കാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഇസ്‍ലാമിക പ്രബോധവുമായി സജീവമായ അദ്ദേഹത്തെ ജപ്പാന്‍ സൈന്യം നോട്ടമിട്ടെങ്കിലും, അതൊന്നും വക വെക്കാതെ അദ്ദേഹം മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു 1938-ൽ ഇസ്‍ലാമിക് കള്‍ച്ചര്‍ അസോസിയേഷന്‍ രൂപീകരിച്ചതും ശേഷം ജപ്പാനിലെ ആദ്യം മുസ്‍ലിം പള്ളി സ്ഥാപിക്കുപ്പെടുന്നതും. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഉറ്റ സുഹൃത്ത് അബ്ദുറാശിദ് ഇബ്റാഹീം തന്നെയായിരുന്നു പള്ളിയിലെ ആദ്യ ഇമാമും.

ഒരു നാടിന് മുഴുവന്‍ വിശുദ്ധ മതത്തിന്റെ വെളിച്ചമെത്തിച്ച ആ മഹദ് ജീവിതം 1959ലാണ് അവസാനിക്കുന്നത്. തികഞ്ഞ സംതൃപ്തിയോടെ ആ പരിശുദ്ധാത്മാവ് നാഥനിലേക്ക് പറന്നകപ്പോള്‍, ആകാശലോകങ്ങള്‍ സ്വാഗതമോതി അതിനെ സ്വീകരിച്ചിട്ടുണ്ടാവും, തീര്‍ച്ച.

കടപ്പാട് : scroll.in

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter