അറബികൾ പറഞ്ഞ ശാസ്ത്രം: പ്രതാപകാലം പറയുന്ന കൃതി
ശാസ്ത്ര-സാങ്കേതിക മേഖലയുടെ വളർച്ചയിൽ മുസ്‍ലിം പണ്ഡിതരുടെ പങ്ക് നിസ്തുലമാണ്. യൂറോപ്പ്യൻ നവോത്ഥാനത്തിന് മുന്നേ ശാസ്ത്രലോകത്തിന്റെ കടിഞ്ഞാൺ മുസ്‍ലിം ലോകത്തിന്റെ കൈയ്യിലായിരുന്നു. ഈ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് ഡോ. മോയിന്‍ ഹുദവി മലയമ്മയുടെ അറബികള്‍ പറഞ്ഞ ശാസ്ത്രം. ശാസ്ത്രലോകത്തിന്റെ അവകാശം പറയുന്ന യൂറോപ്യരുടെ ഗതകാലശാസ്ത്ര വിമുഖതയുടെ ചരിത്രവും മുസ്‍ലിംകളിലൂടെയുള്ള ശാസ്ത്രത്തിൻറെ വളർച്ചയും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഗ്രീക്കുകാല പ്രതാപത്തിനുശേഷം യൂറോപ്യർ തത്വചിന്തയിൽ ആണ്ടുപോയപ്പോൾ അവർക്കു മുന്നിൽ അറിവിന്റെ സ്രോതസ്സുകൾ വച്ചുകൊണ്ട് ശാസ്ത്ര മേഖലയെ വളർത്തിയെടുത്തത് പിന്നീട് വന്ന അറബികളായിരുന്നു.
ഒരുകാലത്ത്, കുളിച്ചാൽ മരിക്കുമെന്നും രോഗം ദൈവങ്ങളുടെ പരീക്ഷണമാണെന്നും അത് ചികിത്സിച്ചാൽ ദൈവകോപം ഉണ്ടാകുമെന്നും വിശ്വസിച്ചിരുന്ന യൂറോപ്പ്യരെ പരിഷ്കാരത്തിലേക്ക് നയിച്ചത് അറബികളായിരുന്നു. അമവിയ്യ ഭരണകാലത്തും പിന്നീട് വന്ന അബ്ബാസിയ്യ, ഉസ്മാനിയ്യ ഭരണകാലത്തും ഭരണകർത്താക്കൾ വിജ്ഞാനദാഹികൾ ആയിരുന്നുവെന്നും ബഗ്ദാദ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ധാരാളം ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമൂലം ധാരാളമാളുകൾ ഈ മേഖലയിലേക്ക് കടന്നു വരികയും ശാസ്ത്രരംഗം പുരോഗമിക്കുകയും ചെയ്തുവെന്നും ചരിത്രകാരന്മാർ സ്ഥാപിക്കുന്നു. ഭൂമി ഗോളാകൃതിയിൽ ആണെന്ന് പോലുള്ള വിവരങ്ങളും മറ്റുും ശാസ്ത്രശാഖകളിൽ വലിയ വിപ്ലവം സൃഷ്ടിച്ച മുസ്‍ലിംകളുടെ സംഭാവനകളും ചരിത്രം വിസ്മരിച്ചപ്പോൾ ചരിത്ര യാഥാർത്ഥ്യങ്ങൾ എഴുത്തുകാരൻ തുറന്നു കാണിക്കുകയാണിവിടെ. സാമൂഹ്യശാസ്ത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ഒപ്റ്റികല്‍ സയന്‍സ് തുടങ്ങിയ പതിനേഴോളം ശാസ്ത്രശാഖകളുടെ വളർച്ചക്ക് മുസ്‍ലിംകൾ വഹിച്ച പങ്ക് ഈ പുസ്തകത്തിൽ കൃത്യമായി വിവരക്കുന്നുണ്ട്.
ഇബ്നു സീനയെയും, അബ്ബാസ് ഇബ്നുഫർനാസിനേയും, ഇമാം റാസിയെയും പോലുള്ള മഹാപണ്ഡിതരുടെ സംഭാവനകളെ നമുക്ക് ഓർക്കാം എന്നല്ലാതെ മുസ്‍ലിംകൾ ഇന്ന് ശാസ്ത്ര മേഖലയിൽ തീരെ മാഞ്ഞുപോയിരിക്കുന്നു. പ്രതാപ കാലത്തെ പൈതൃകത്തിന്റെ ഓർമ്മകൾ പേറിക്കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗമായി ശാസ്ത്ര മേഖലകളിൽ മുസ്‍ലിംകൾ മാറിക്കഴിഞ്ഞു. വളച്ചൊടിക്കപ്പെടാത്ത ശാസ്ത്ര ചരിത്രം നമുക്ക് കൃത്യമായി മനസ്സിലാക്കാനും വർത്തമാന മുസ്‍ലിംകളുടെ ദയനീയാവസ്ഥ മനസ്സിലാക്കാനും ഈ പുസ്തകത്തിലൂടെ സാധിക്കും. 31 അധ്യായങ്ങളിലായി 183 പേജുകളുള്ള പുസ്തകം അസാസ് ബുക്ക് സെൽ ആണ് പുറത്തിറക്കിയത്.
Leave A Comment