ഡീകൊളോണിയൽ സാഹിത്യവും മാപ്പിള പടപ്പാട്ടുകളും
ഭൂമിശാസ്ത്ര പരിധികള്‍ ഭേദിച്ച് കോളനി വിരുദ്ധ വികാരവാഹിനികളായി പടപ്പാട്ടുകള്‍ വർത്തിച്ചിട്ടുണ്ട്. ഫ്രാന്റ് ഫാനന്റെ സാംസ്‌കാരിക പ്രതിരോധ സിദ്ധാന്തത്തെ (Cultural Resistance Theory) ശരി വെച്ചു കൊണ്ട് നൈജീരിയ, മെക്‌സിക്കോ, അയര്‍ലന്റ് മുതല്‍ കരീബിയന്‍ ദ്വീപുകളില്‍ വരെ ജനതയുടെ മാനസികവും രാഷ്ട്രീയവുമായ വിമോചനത്തിനത് അത് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. മലബാറിലേക്കെത്തുമ്പോഴും ഇത്തരം പടപ്പാട്ടുകളുടെ വന്‍തോതിലുള്ള സ്വാധീനം ചരിത്രത്താളുകളില്‍ നിഴലിച്ച് കാണാന്‍ സാധിക്കുന്നു. കോളനിവത്കരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ മാനസിക സംഘര്‍ഷങ്ങളില്‍ ആണ്ട് പോയ മാപ്പിള മുസ്‍ലിംകള്‍ക്ക് പുത്തനുണര്‍വ്വ് അനിവാര്യമായിരുന്നു. എന്നാല്‍ മതപരമായ ജീവിത ദര്‍ശനത്തിന്റെ പ്രമേയമുള്‍ക്കൊള്ളാനോ താത്വികമായി വിശകലനം ചെയ്യാനോ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഈയൊരു വിഷമസന്ധി മനസ്സിലാക്കിയ ഇവിടുത്തെ പാരമ്പര്യ ബുദ്ധിജീവികള്‍ (Traditional Intellectuals) ഇതിന് ഇസ്‍ലാമിക പ്രമാണങ്ങളില്‍ നിന്നും ആശയങ്ങള്‍ സ്വാംശീകരിച്ച് കോളനിവത്കരണത്തിന്റെ സമകാലിക ഭവിഷത്തുകള്‍ തുറന്നു കാണിച്ച് പടപ്പാട്ടുകളിലൂടെ പ്രത്യക്ഷസമരങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി. അറബി മലയാള ലിപിയില്‍ ഇത്തരം ആശയങ്ങളുള്‍ക്കൊണ്ട രചനകള്‍ ഹോമി.കെ. ബാബയുടെ സങ്കലന സിദ്ധാന്തത്തിന് (Cultural Hybridity) മുന്നില്‍ ഇന്നും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
അറബി മലയാള സാഹിത്യത്തിലെ പ്രബലമായ സാഹിത്യ ശാഖയാണ് പടപ്പാട്ടുകള്‍. യുദ്ധത്തിന് പോകുന്ന ഭടന്മാര്‍ പാടുന്ന പാട്ട് എന്നാണ് ഇതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 1836ല്‍ രചിക്കപ്പെട്ട സഖൂൻ പടപ്പാട്ടാണ് കണ്ടെടുക്കപ്പെട്ടതില്‍ ഏറ്റവും പഴക്കം ചെന്നതായി ഗണിക്കപ്പെടുന്നത്. 1616 ല്‍ സഖൂന്‍ പടയൂര്‍ എന്ന പേരില്‍ വരിഷായ് മുഹ്‌യുദ്ധീന്‍ പൂളവാര്‍ എന്ന മധുരൈ സ്വദേശിയാണ് ഇത് രചിക്കുന്നത്. പിന്നീട് ഇത് അറബി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. കായല്‍ പട്ടണത്തുകാരനും പ്രമുഖ മതപണ്ഡിതനുമായ ആലിം ഉമര്‍ ലബ്ബയാണ് ഇതിനെ അറബി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. പ്രസിദ്ധ മാപ്പിളപ്പാട്ട് കവി മോയിന്‍ കുട്ടി വൈദ്യര്‍ സഖൂന്‍ പടപ്പാട്ട് വ്യാപകമായി തന്റെ കൃതികള്‍ക്ക് ഇശലായി ഉപയോഗപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് കൃതിയായി പരിഗണിക്കപ്പെടുന്ന ബദര്‍ പടപ്പാട്ടിന് ഇശല്‍ നല്‍കുന്നതിൽ സഖൂന്‍ പടപ്പാട്ടിന് കൃത്യമായ സ്വാധീനമുണ്ടായിരുന്നു.
അഭൗതിക വാഗ്ദാനങ്ങളോടുള്ള അഭിനിവേശവും ചരിത്രത്തില്‍ നിന്നും ചില അംശങ്ങളും ആദര്‍ശവല്‍ക്കരിച്ച് വ്യക്തമായ വംശീയ ബോധം നല്‍കാന്‍ പടപ്പാട്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രക്തസാക്ഷിത്വ വര്‍ണ്ണന, അതിനോടുള്ള അഭിനിവേശം, സ്വര്‍ഗീയ ഹൂറികളുടെ വര്‍ണ്ണന, പോര്‍ക്കളത്തിലെ പ്രതിസന്ധികളോടുള്ള അഭൗതിക അതിജീവനം, യുദ്ധ സാഹചര്യങ്ങളില്‍ ലഭിക്കുന്ന അഭൗതികമായ സഹായം, മുഹമ്മദ് നബി (സ) തങ്ങളുടെ സ്വാധീനം, അലി (റ) ന്റെ ധീരത മുതലായവ ഇത്തരം ഘടകങ്ങളുടെ ചില ഉദാഹരണങ്ങളാണ്:
''മാനത്തരുള്‍ ത്വാഹ എന്നും ബിളി ചെയ്തു
അര്‍ശില്‍ പുലിയ്യണ്ട് കുറഞ്ഞെ
മാനത്ത് ആഖിയാം അലിയെങ്കയാം
നാന്‍ ഇതാ ഹബീബുല്ലാഹ്''
മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍പ്പാട്ടുകളില്‍ അലി(റ)ന്റെ ധീരതയാണ് വര്‍ണ്ണിച്ചിരിക്കുന്നത്. ഇത്തരം ഘടകങ്ങളുടെ വലിയ തോതിലുള്ള ലക്ഷണമൊത്ത സാന്നിധ്യം കൊളോണിയല്‍ വിരുദ്ധനായ മാപ്പിള രചിച്ച പടപ്പാട്ടുകളെ നാടന്‍ പാട്ടു പോലോത്തവയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പൊള്ളത്തരത്തെ എടുത്തുകാണിക്കുന്നുണ്ട്. തിരുവിതാംകൂര്‍ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ പാടിപ്പറഞ്ഞ പടപ്പാട്ടുകളെ ഏകപക്ഷീയമായി വിശകലനം ചെയ്യുന്നതിലാണ് ഇത്തരം അപകടങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നത്.
ഇവയില്‍ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും സമരപോരാട്ടങ്ങളുടെ അനുവര്‍ത്തിയായി വിരചിതമായ പടപ്പാട്ടുകളില്‍ പ്രധാനമായും മുഴങ്ങിക്കേട്ടത് പ്രവാചക കാലത്തെ വീര ശുഹദാക്കളുടെ വീരാപദാനങ്ങളായിരുന്നു. ബദര്‍, ഉഹദ്, ഖന്തഖ്, ഖൈബര്‍, ഹുനൈന്‍, തബൂക്ക്, മുഅ്തത്ത് അടങ്ങുന്ന യുദ്ധങ്ങളുടെ ഓര്‍മ്മകള്‍ മിക്ക രചനകളിലും കാണാന്‍ സാധിക്കുന്നു. മാത്രമല്ല, ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയില്‍ വേരുറക്കുന്നതിന്റെ ഇതിവൃത്തങ്ങളില്‍ ഒട്ടോമന്‍ സുല്‍ത്താന്മാരുടെ യുദ്ധങ്ങളെ കുറിച്ചും പടപ്പാട്ടുകള്‍ രചിക്കപ്പെട്ടിരുന്നു. കൊയിലാണ്ടി അഹമ്മദ് രചിച്ച “ഗ്രീക്ക് പട” ഇതിനൊരുദാഹരണമാണ്. മുഹമ്മദ് അര്‍ക്കുനിന്റെ വിമര്‍ശനാത്മക ഇസ്‍ലാമിക ആഖ്യാനങ്ങള്‍ക്ക് (Critical Islamic Hermeneutics) ശക്തമായ പിന്‍ബലം നല്‍കാന്‍ ഇതു മൂലം പടപ്പാട്ടുകള്‍ക്ക് സാധിക്കുന്നുണ്ട്. പ്രാദേശിക ചരിത്രവും സമകാലിക സംഭവ വികാസങ്ങളുമാണ് പ്രധാനമായും ഇത്തരം പടപ്പാട്ടുകളുടെ ഇതിവൃത്തമായി വര്‍ത്തിച്ചിട്ടുള്ളത്. മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, ചേറൂര്‍ പടപ്പാട്ടുകളും അവ സമൂഹത്തില്‍ സൃഷ്ട്രിച്ച സ്വാധീനവും അതി പ്രശസ്തമാണല്ലോ.
ഇത്തരം പടപ്പാട്ടുകള്‍ ധീര പോരാട്ടങ്ങളുടെ ചരിത്രവും, പ്രാദേശിക വീരഗാഥകളും അടുത്തറിഞ്ഞ് മാപ്പിള സമൂഹത്തിന്റെ കൊളോണിയല്‍ വിരുദ്ധതയെ ആളിക്കത്തിച്ചു. എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള യുദ്ധങ്ങളില്‍ മരിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന വര്‍ണ്ണനകള്‍ അടങ്ങിയ രചനകള്‍ താന്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന് കോളനി വിരുദ്ധ പോരാളി അമ്പാട്ടി ഹൈദ്രോസിയുടെ മൊഴിയുണ്ട്. (കൊളോണിയലിസം. സംസ്‌കാരം പാരമ്പര്യം, കെ, എന്‍ പണിക്കര്‍ 2007). എന്ന് തന്നെയല്ല, കൊളോണിയല്‍ അധികാരികളെ നിരന്തര പോരാട്ടങ്ങളിലൂടെ ഭീഷണിയിലാഴ്ത്തിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇസ്‍ലാമിന്റെ ശത്രുക്കള്‍ക്കെതിരായ യുദ്ധങ്ങളില്‍ ഇത്തരം പടപ്പാട്ടുകളില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. (മലബാര്‍ കലാപം, ഗംഗാധരന്‍).
ഈ ഘട്ടത്തില്‍ പടപ്പാട്ടുകളുടെ പ്രചരണരീതി വീണ്ടുവായനക്ക് വിധേയമാക്കേണ്ടതുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലേതാണ് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. രൂപവും സ്വഭാവവും കൂടുതല്‍ വ്യക്തമായത് ഈ കാലഘട്ടത്തില്‍ ആയതുകൊണ്ടാണെന്ന് പറയേണ്ടിവരും. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ തന്നെ അധിനിവേശ വിരുദ്ധ രചനകള്‍ ഉണ്ടായി എന്നതില്‍ തര്‍ക്കമില്ല. പടപ്പാട്ടുകളിലേക്ക് വരുമ്പോള്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ മേഖലകളില്‍ വ്യത്യസ്ത പടപ്പാട്ടുകള്‍ രചിക്കപ്പെട്ടിരുന്നു എന്ന് പല ചരിത്രകാരന്മാരും വാദിക്കുന്നു. അതിന് പുറമേ, തെളിവുകള്‍ അനുസരിച്ച് സ്ഥിരപ്പെടുത്താന്‍ ആവുന്നത് കുഞ്ഞാലിമരക്കാരെ കുറിച്ച് എഴുതപ്പെട്ട ഒരു പടപ്പാട്ടാണ്. ലിസ്ബണ്‍ സര്‍വ്വകലാശാലയില്‍ ഇത് കണ്ടെടുക്കപ്പെട്ടിട്ടുമുണ്ട്. ഇതിന് പുറമെ മറ്റൊരു രേഖയുമില്ലാത്തതാണ് ബ്രിട്ടീഷ് യുഗത്തിലേക്കുള്ള തിരിഞ്ഞുനോട്ടത്തിന് കാരണമെന്ന് സാരം. ഗ്രാമീണ, ഗാര്‍ഹിക, സാമൂഹിക സദസ്സുകള്‍ക്ക് പുറമേ ഏറ്റവും പ്രധാനമായും ആഘോഷങ്ങളിലാണ് ഇതിന്റെ പ്രചരണം നടന്നിരുന്നത് എന്ന് കാണാം.
ദൈവ പ്രീതി കാംക്ഷിക്കുക എന്ന പരമമായ ലക്ഷ്യമുള്‍ക്കൊണ്ടിരുന്ന ഇവകളുടെ കൈമാറ്റ പ്രക്രിയകള്‍ക്ക് മാപ്പിള സമൂഹത്തിലെ മത രാഷ്ട്രീയാചാര്യര്‍ തന്നെ ഒരു പോലെ നേതൃത്വം നല്‍കി. പോര്‍ക്കളത്തില്‍ വീര ചരമം പ്രാപിച്ച ശുഹദാക്കളുടെ മഹാ ത്യാഗം മഹത്വവത്കരിക്കുകയും അതേ സമയം അവരടങ്ങുന്ന പ്രപിതാക്കളുടെ അനുഗ്രഹങ്ങള്‍ തേടുകയും ചെയ്തിരുന്ന ഗീതങ്ങളിലൂടെ നാട്ടിന്‍ പുറങ്ങളിലൂടെ പാടിയും പറഞ്ഞും നടന്ന കൂട്ടങ്ങളാണ് ഇവകളെ മാപ്പിള സമൂഹത്തില്‍ പ്രശസ്തമാക്കിയത്. പിന്നീടാകട്ടെ ഇവ പാട്ടായി തന്നെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു. ഇതിനപ്പുറം മഖ്ബറകള്‍ കേന്ദ്രീകരിച്ച് രൂപപ്പെട്ടു വന്ന സംഘങ്ങളും ഇവകളുടെ പ്രചാരണത്തിന് ഇന്ധനമായി തീര്‍ന്നിരുന്നു. ഇത്തരം പടപ്പാട്ടുകളുടെ സ്വാധീനം മനസ്സിലാക്കിയാണ് അന്നത്തെ മലബാര്‍ കലക്ടറായിരുന്ന എച്ച്.വി കനോലി ഇത്തരം രചനകളെ നിരോധിക്കാന്‍ കല്‍പിച്ചത് എന്നത് ചരിത്ര വസ്തുതയാണ്. 1921 ലെ മലബാര്‍ സമരത്തിനോടനുബന്ധിച്ച് നിരോധിക്കപ്പെട്ട മലപ്പുറം ശുഹദാക്കളുടെ നേര്‍ച്ച ഇതിനോട് ചേര്‍ത്ത് വായിക്കാം.
സമൂഹത്തിന് കൃത്യമായ ലക്ഷ്യബോധവും കോളനി വിരുദ്ധ ചലനാത്മകതയും ഉണ്ടാക്കിയെടുക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും, പ്രചോദിപ്പിക്കാനും, അതുല്യ പങ്ക് വഹിച്ചു എന്നതാണ് ഇത്തരം പടപ്പാട്ടുകളുടെ ഏറ്റവും വലിയ സവിശേഷത. കീഴാള പഠനത്തിന്റെ (Subaltern studies) ഭാഗമായി വരുന്ന പടപ്പാട്ടുകള്‍ക്ക് വേണ്ട വിധത്തിലുള്ള പരിഗണനയൊരിക്കലും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഹെര്‍മന്‍ ഗുണ്ടെര്‍ട്ടിനെ പോലോത്ത മലബാറിനെ തൊട്ടറിഞ്ഞ പാശ്ചാത്യ ബുദ്ധിജീവികള്‍ പോലും അവരുടെ നാടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ഈ അമൂല്യനിധികള്‍ കൂടെ കരുതിയിരുന്നെന്ന് കാണാം. ട്യൂബിന്‍ഗണ്‍ സര്‍വകലാശാലയില്‍ ഇന്ന് കാണപ്പെടുന്ന പടപ്പാട്ട് പ്രതികള്‍ ഈയിനത്തില്‍പ്പെടുന്നതാണ്. ഭാഷാ പഠനങ്ങളില്‍ അറബി മലയാളത്തെ അശുദ്ധമായി (Impurity) ഗണിക്കുന്ന വരേണ്യ ബുദ്ധിജീവികളെ അക്കാദമിക ലോകത്തും പടപ്പാട്ടുകളെ തളച്ചിടുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
കൊളോണിയല്‍ ഇന്ത്യയുടെ വിമോചനത്തിനായി കഠിനത്യാഗം ചെയ്ത മാപ്പിള മുസ്‍ലിംകളുടെ ചരിത്രം തമസ്കരിക്കപ്പെടുന്ന ഇക്കാലത്ത്, ഇത്തരം കൃതികളുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്. വിദേശികള്‍ക്കെതിരെ മാപ്പിള മുസ്‍ലിംകള്‍ നടത്തിയ ധീരമായ പോരാട്ടങ്ങളുടെ ജീവനുള്ള അടയാളങ്ങളായി ഈ മഹത്തായ സാഹീതീയ സംഭാവനകള്‍ എന്നും നിലകൊള്ളുക തന്നെ ചെയ്യും.



Leave A Comment