മുങ്ങി മരണവും ഇസ്‍ലാമിക വിധികളും

പ്രപഞ്ചം പടച്ചത് മുതൽ യാതൊരു മാറ്റങ്ങൾക്കും വിധേയമാകാതെ മനുഷ്യ-മൃഗ-ജിന്ന് വിഭാഗങ്ങളിൽ സജ്ജീകരിച്ച സുനിശ്ചിതമായ പ്രക്രിയയാണ് മരണം. വലുപ്പ, ചെറുപ്പ, യുവത്വ, വാർദ്ദക്യമന്യേ അവധിയെത്തിയാൽ നിർണ്ണിതമായ ദിവസത്തിൽ  കൃത്യ സമയത്ത് നിശ്ചിത സ്ഥലത്ത് മനുഷ്യൻ മരണത്തിന് മുന്നിൽ കീഴടങ്ങുന്നു. വിശുദ്ധ ഖുർആനിലൂടെ സർവ്വശക്തൻ മരണത്തിനെക്കുറിച്ച് വിവരിക്കുന്നു: 'അവിടെ (ഭൂമുഖത്ത്) ഉള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു, നിൻറെ രക്ഷിതാവിൻറെ മഹത്വവും ഉദാരതയും ഉള്ള മുഖം അവശേഷിക്കുന്നതാണ്.' (സൂറത്ത് റഹ്‌മാൻ: ആയത്ത്: 26,27). 

മരണം പലരീതിയിലും മനുഷ്യനേ പിന്തുടർന്നു കൊണ്ടേയിരിക്കും. മനുഷ്യന്റെ ചെരുപ്പിന്റെ വാറിനേക്കാൾ മരണം അവനിലേക്ക് അടുത്തു നിൽക്കുന്നു എന്നാണ് ഹദീസ് പറയുന്നത്. വിവിധ രീതികളിലുള്ള മരണങ്ങളില്‍, സർവ്വശക്തന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് ഇസ്‍ലാമിന് വേണ്ടി പോരാടി നേടിയ മരണമാണ് ഏറ്റവും ശ്രേഷ്ടവും അഭികാമ്യവുമെന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. അങ്ങനെ നാഥന്റെ പ്രീതി ഉദ്ദേശിച്ച് യുദ്ധം ചെയ്ത് ധീരരക്തസാക്ഷിത്വം വരിച്ചവർ ശുഹദാക്കൾ (രക്തസാക്ഷികൾ) എന്ന പേരിലാണ് അറിയപ്പെടുന്നത്. അല്ലാഹു രക്തസാക്ഷികളെ കുറിച്ച് വിവരിക്കുന്നു: 'അല്ലാഹുവിൻറെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കുന്നു' (സൂറ: ആലിംറാൻ: 169).


അല്ലാഹു അവന്റെ മഹത്തായ ഔദാര്യമെന്നോണം, മുങ്ങി മരണം പോലുളള വലിയ രീതിയിലുളള വേദന അനുഭവിച്ച് മരണപ്പെടുന്നവർക്ക് ശഹാദത്തിനോട് കിടപിടക്കുന്ന പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരെങ്കിലും ആത്മഹത്യ ഉദ്ദേശിക്കാത്ത രീതിയിൽ മുങ്ങിമരിച്ചാൽ അവൻ ശഹാദത്തിന്റെ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നുവെന്ന് പ്രവാചക വചനം വ്യക്തമാക്കുന്നു. അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറയുന്നു: രക്തസാക്ഷികൾ അഞ്ചു വിഭാഗമാണ്, പ്ലേഗ് പോലുളള സാംക്രമിക രോഗം ബാധിച്ച് മരണപ്പെട്ടവർ, ഉദരസംബന്ധിയായ രോഗം കാരണം മരണപ്പെട്ടവർ, മുങ്ങി മരിച്ചവർ, കെട്ടിടം തകർന്ന് മരണപ്പെട്ടവരും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിച്ചവരും ആണവർ. (ബുഖാരി:42/6). 

നബി(സ്വ) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് മരിച്ചവരോടൊത്ത് ശേഷിക്കുന്ന നാല് വിഭാഗക്കാരെയും ചേർത്ത് പറഞ്ഞത് ശഹാദത്തിനോട് തതുല്ല്യമായ പ്രതിഫലം ഇങ്ങനെയുളള മരണങ്ങൾക്കും ലഭിക്കുമെന്ന് വ്യക്തമാക്കുവാനാണ്.

മുങ്ങിമരിച്ചവർ യഥാർത്ഥ ശഹീദിനെ പോലെ പരലോകത്ത് ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കുമെങ്കിലും മതപരമായ വിധികളിൽ രണ്ട് പേർക്കിടയിലും അജഗജാന്തരമുണ്ട്. നാഥന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് ശഹീദായവരെ കുളിപ്പിക്കാതെ രക്തക്കറയോടെ മറമാടുകയാണ് വേണ്ടത്. എന്നാല്‍ മുങ്ങിമരിച്ചവരെ കുളിപ്പിച്ച് കഫൻ ചെയ്ത് വേണം മറമാടുവാൻ. 

ഇത്തരത്തിൽ മരണപ്പെട്ടയാൾ അതിശക്തമായ വേദനസഹിച്ച് മരണപ്പെട്ടത് കൊണ്ടാണ് ശഹാദത്തിനോട് തുല്യമായ സ്ഥാനം അയാൾക്ക് ലഭിച്ചതെന്ന് പണ്ഡിതന്മാർ പറഞ്ഞതായി ഇമാം നവവി(റ) വ്യക്തമാക്കുന്നുണ്ട്.

രക്തസാക്ഷികളുടെ വ്യത്യസ്ത ഇനങ്ങൾ

രക്തസാക്ഷികളുമായി ബന്ധപ്പെട്ട കർമ്മശാസ്ത്ര  വിധികളെ  മൂന്നായി തരം തിരിക്കാം. 
ഒന്ന്- ഇഹലോകത്തും പരലോകത്തും ശഹീദായി പരിഗണിക്കപ്പെടുന്നവര്‍: അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ഇസ്ലാമിന് വേണ്ടി ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരാണ് ഈ വിഭാഗക്കാർ. ഇവരെ കുളിപ്പിക്കുകയോ അവരുടെ മേൽ മയ്യിത്ത് നമസ്‌ക്കരിക്കപ്പെടുകയോ ചെയ്യേണ്ടതില്ല. ആഖിറത്തിൽ ഈ വിഭാഗക്കാർക്ക് പരിപൂർണ്ണമായ രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

രണ്ട്- ഇഹലോകത്ത് മാത്രം ശഹീദായി പരിഗണിക്കപ്പെടുന്നവര്‍: സ്വന്തം കാരണത്താൽ അവിശ്വാസികളുമായുളള യുദ്ധത്തിൽ കൊല്ലപ്പെട്ടവർ, മറ്റുളളവർക്ക് മുന്നിൽ മേനിനടിക്കാനോ, ഗനീമത്ത് ഉദ്ദേശിച്ചോ യുദ്ധത്തിൽ പങ്കെടുത്തവർ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന വഴിയിലോ മറ്റോ മരണപ്പെട്ടവർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുകയെന്ന് ഇമാം ശാഫിഈ പറയുന്നു. ഇത്തരക്കാരെ മറ്റുളള ശഹീദുകളെ പോലെ കുളിപ്പിക്കുവാനോ നിസ്‌ക്കരിക്കപ്പെടാനോ പാടില്ലെങ്കിലും മറ്റുളള ശഹീദുകൾക്ക് ലഭിക്കുന്ന പ്രതിഫലം പരലോകത്ത് ഇവർക്ക് ലഭിക്കില്ല. 

മൂന്ന്- പരലോകത്ത് മാത്രം ശഹീദായി പരിഗണിക്കപ്പെടുന്നവര്‍: യുദ്ധങ്ങളൊന്നും സംഭവിക്കാതെ അക്രമികളാൽ കൊല്ലപ്പെട്ടവർ, ഉദരരോഗം കാരണമായി മരണപ്പെട്ടവർ, മുങ്ങിമരിച്ചവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. ഇവർക്ക് പരലോകത്ത് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി മരിച്ചവർക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കും. (അൽ ഫിഖ്ഹുൽ ഇസ്ലാമിയ്യ വ അദില്ലത്തുഹു, അസ്സഹീലി,2/1589). മയ്യിത് കുളിപ്പിക്കുക, നിസ്കരിക്കുക തുടങ്ങിയ അന്ത്യകര്‍മ്മങ്ങളെല്ലാം ഇവര്‍ക്ക് ബാധകമാണ്.
മൃഗങ്ങളുടെ കുത്തേറ്റ് മരണപ്പെടുക, പിടി മൃഗം കീഴ്‌പ്പെടുത്തിയത് കാരണമായി മരണപ്പെടുക, വാഹനമായി ഉപയോഗിക്കുന്ന മൃഗത്തിൽ നിന്ന് വീണ് മരണപ്പെടുക, കപ്പലിൽ യാത്ര ചെയ്യവേ അതിശക്തമായ അതിസാരം, ഛർദി എന്നിവ കാരണമായി മരണപ്പെടുക, മലനിരകളിൽ നിന്ന് താഴെ വീണ് മരണപ്പെടുക തുടങ്ങിയ ഇരുപതോളം കാര്യങ്ങളിലും ശഹീദിന്റെ പ്രതിഫലം ലഭിക്കുവാൻ കാരണമാകുമെന്ന് പണ്ഡിതന്മാർ ഏകോപിച്ചതായി ബഹുമാനപ്പെട്ട ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി(റ) വിവരിച്ചിട്ടുണ്ട്.

വെളളത്തിൽ മുങ്ങി താഴുന്നവനെ കണ്ടാൽ എന്ത് ചെയ്യണം?
വെളളത്തിൽ മുങ്ങിത്താഴുന്നവനെ കണ്ടാല്‍, അവനെ രക്ഷിക്കാന്‍  കഴിവിന്റെ പരമാവധി ശ്രമങ്ങൾ നടത്തല്‍ നിർബന്ധമാണ്. നിസ്കാരത്തിലാണ് ഇത്തരം ഒരാളെ കണ്ടതെങ്കില്‍, നിസ്കാരം മുറിച്ച് അയാളുടെ രക്ഷക്കെത്തണമെന്നാണ് നിയമം.
രക്ഷിക്കുവാനുളള അവസരങ്ങളുണ്ടായിട്ടും മുങ്ങിത്താഴുന്നവനെ രക്ഷിക്കാതെ മാറി നിന്നവൻ കുറ്റക്കാരനാകുമെന്നും പണ്ഡിതർ ഏകോപിച്ചിട്ടുണ്ട്. മുങ്ങിത്താഴുന്നവനെ രക്ഷപ്പെടുത്തുവാനുളള എല്ലാ സൗകര്യങ്ങളുമുളളവൻ മുങ്ങുന്നവനെ രക്ഷിക്കൽ നിർബന്ധമാണെന്നും ഇനി മുങ്ങുന്നവനെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ രക്ഷിക്കുന്നവനും മുങ്ങിമരിക്കാൻ സാധ്യതയുണ്ടെങ്കിൽ രക്ഷാപ്രവർത്തനം ഒഴിവാക്കലാണ് നല്ലതെന്നും ഇമാം ശൗക്കാനി തന്റെ സൈലുൽ ജിറാർ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

മുങ്ങിമരിച്ചവരുടെ  അനന്തര സ്വത്ത് എന്ത് ചെയ്യണം ?

ഒന്നോ അതിലധികമോ പേര്‍ വെളളപൊക്കം, തീപിടുത്തം, കെട്ടിടം തകരുക, യുദ്ധം, ഭുമികുലുക്കം, കപ്പൽ മുങ്ങൽ തുടങ്ങിയ കാരണങ്ങളായി മരണപ്പെടുകയൊ അവരിൽ ആരാണ് ആദ്യം മരിച്ചത്, ആരാണ് അവസാനം മരിച്ചതെന്ന് അറിയപ്പെടാതിരിക്കുകയും ചെയ്താൽ മരിച്ചവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളായിരിക്കും സ്വത്തുകളുടെ ഉടമകളായിത്തീരുക എന്ന് കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കാം.

മുങ്ങിമരിച്ചവന്റെ കടങ്ങൾ ആര് വീട്ടണം?

മുങ്ങിമരിച്ചവന്റെ കടമല്ലാത്ത ബാക്കിയുളള മുഴുവൻ ബാധ്യതകളും പൊറുക്കപ്പെടും. അബ്ദുല്ലാഹി ബ്നുഉമർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) തങ്ങൾ പറയുന്നു: മുങ്ങിമരിച്ചവന്റെ കടമല്ലാത്ത മുഴുവൻ ബാധ്യതകളും അല്ലാഹു തആല പൊറുത്തു നൽകുമെന്ന് ജിബ്രീൽ(അ) എന്നോട് പറഞ്ഞിട്ടുണ്ട്. പൊതുജനവുമായി ബന്ധപ്പെട്ട ബാധ്യതകളെല്ലാം സഹജീവികൾ പൊരുത്തപ്പെട്ടു കൊടുക്കാതെ അവന് പൊറുക്കപ്പെടുകയില്ല, ആ ബാധ്യതകളെല്ലാം അവന്റെ മേൽ ന്യൂനതകളായി ആഖിറത്തിൽ ശേഷിക്കും.

ഏറെ വേദനകള്‍ സഹിച്ച് മരിക്കേണ്ടിവന്നു എന്ന കാരണത്താല്‍, അടിമക്ക് അല്ലാഹു നല്കുന്ന ആദരവുകളാണ് ഇതെല്ലാമെന്നാണ് നാം മനസ്സിലാക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter