സ്വവര്‍ഗ്ഗ വിവാഹം ഇല്ലാതാക്കുന്നത് മനുഷ്യവംശത്തെ തന്നെയാണ്

സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാത്ത സുപ്രീംകോടതി വിധി തീര്‍ത്തും സ്വാഗതാര്‍ഹമാണ്. സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് നിയമസാധുത വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവന. ഇതാണ് പ്രകൃതിയോടും മനുഷ്യനോടും പ്രപഞ്ചത്തോടും സംസ്‌കാരത്തോടുമെല്ലാം ഇണങ്ങുന്നത്. പ്രകൃതിക്കും പ്രപഞ്ചത്തിനുമെല്ലാം ഒരു നിയമമുണ്ടല്ലോ, അതനുസരിച്ചാണല്ലോ അവ ചലിക്കുന്നത്. ദൈവനാഥനിലേക്കെത്തുന്ന ഇസ്‌ലാമെന്ന മതത്തെ പരിചയപ്പെടുത്തുന്നിടത്ത് ഖുര്‍ആനിലെ വിവക്ഷതന്നെ പ്രകൃതിമതമെന്ന അര്‍ത്ഥത്തിലാണ്. 

പ്രകൃതി നിയമവും ഇസ്‌ലാമും

പ്രകൃതിയുടെ മതമാണ് ഇസ്ലാം. ഖുര്‍ആനില്‍ ഫിത്റത് (അല്ലാഹുവിന്റെ പ്രകൃതി) എന്നാണ് പരിചയപ്പെടുത്തുന്നത്. പ്രകൃതിയിലാകമാനം നിലനില്‍ക്കുന്ന ഫിത്റത് പോലെ ദൈവം മനുഷ്യന് നല്‍കുന്ന ഒരു ഫിത്റത്തും പ്രകൃതിക്കൊരു ഫിത്റതുമുണ്ട്. 

മനുഷ്യന്‍ ആരായിരിക്കണമെന്നതിന് പ്രപഞ്ചത്തിലെ ഏറ്റവും സാംസ്‌കാരികമായ ജീവിയായിരിക്കണമെന്ന ഉത്തരമാണ് ലഭിക്കുക. വൈയക്തികമായ ചോദനകളില്‍ ഒരുപക്ഷെ തെറ്റ് സംഭവിച്ചേക്കാം. അല്ലാഹു തന്നെ മനുഷ്യനില്‍ ഇട്ടുകൊടുത്തിട്ടുള്ള രണ്ട് ചോദനകളെ കുറിച്ച് പറയുന്നുണ്ട്. ഒന്ന് മനുഷ്യന് ചിലപ്പോള്‍ മൃഗമായി പോകാവുന്ന ചില ചോദനകളുണ്ട്. രണ്ടാമതായി വ്യക്തിയില്‍ ചിലപ്പോള്‍ സംഭവിക്കാവുന്നതാണ്. വ്യക്തിയില്‍ തെറ്റ് സംഭവിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൈനീട്ടി ദുആ ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്. വ്യക്തി അതേസമയം സമൂഹമറിയുന്നവിധം തെറ്റ്ചെയ്താല്‍ സമൂഹം ഒരു ഇസ്‍ലാമിക് റിപ്പബ്ലിക്കായി നിലനില്‍ക്കുന്നുവെങ്കില്‍ മാത്രം ശിക്ഷാനടപടികളാകാം.

കുടുംബം എന്തിന് 

വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി നന്മയും തിന്മയും ഉണ്ടാവാം. വ്യക്തി സമൂഹമായി മാറുമ്പോള്‍ അതൊരു സാംസ്‌കാരിക സമൂഹമാവുകയെന്നത് സമൂഹനിര്‍മ്മാണ പ്രക്രിയയില്‍ പ്രധാനപ്പെട്ടതാണെന്ന വ്യവസ്ഥാപിതമായ രീതിയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. മനുഷ്യന്‍ ജന്തുവാകാനോ മൃഗത്തെപോലെ വേഴ്ചനടത്തുന്നതിനോ മൃഗത്തെപോലെ എന്തും തിന്നുനടക്കുന്ന വ്യവസ്ഥിതിയോ ഇസ്‍ലാം അനുവദിക്കുന്നില്ല. മൃഗങ്ങള്‍ ഒരു കമ്യൂണിറ്റി എന്ന നിലയില്‍ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ഉള്ളടക്കത്തില്‍ ജീവിക്കുന്നവരല്ല. ജന്മം മുതല്‍ ജീവിതാവസാനംവരെ സാംസ്‌കാരിക ജീവിയായി നിലനില്‍ക്കണമെന്നതുകൊണ്ടാണ് മനുഷ്യന്‍ മൃഗത്തെപോലെയാകാന്‍ പാടില്ലെന്ന് ഇസ്‍ലാം നിഷ്‌കര്‍ഷിച്ചത്. മനുഷ്യജീവിതം യൗവനത്തിലെത്തുമ്പോള്‍ അവനുവേണ്ട വൈകാരിക ചോദനകളുടെ പൂര്‍ത്തീകരണമുണ്ടാവേണ്ടതും അങ്ങനെത്തന്നെയായിരിക്കണം. അതിനാണ്, ഇസ്‍ലാം രണ്ട് സാക്ഷികളുടെ സന്നിധിയില്‍ വിവാഹം എന്നത് ഒരു സാമൂഹിക നടപടിയാക്കി നിശ്ചയിച്ചത്. അതും പ്രതിഫലാര്‍ഹമാണ് താനും.  

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: 'അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണിത്. ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയത്രെ, ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട്'. (സൂറതുറൂം - 21)

ഇണകളെ സൃഷ്ടിച്ചതും അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. ലൈംഗിക ചോദനയെ ഒരു സമയത്തിനപ്പുറത്തേക്ക് കൊണ്ട്പോകുമ്പോള്‍ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളുണ്ടാകും, മാനസിക പിരിമുറുക്കങ്ങളുമുണ്ടാകും. അതിനായി, ഇരുവര്‍ക്കുമിടയില്‍ പ്രണയവും കരുതലും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നു. കുടുംബത്തിലേക്ക് മനുഷ്യന്‍ മെല്ലെമെല്ലെ വളരണം. അപ്പോഴവന്റെ ലൈംഗീകചോദനകളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമാകുന്ന ഒരു ഭിന്നലിംഗം ആവശ്യമാണ്, സ്വവര്‍ഗ്ഗലിംഗമല്ല. അതുകൊണ്ടാണ് 'നീ അവളിലേക്ക് അവള്‍ നിന്നിലേക്ക്' എന്ന് പറഞ്ഞത്. അങ്ങനെ ചേരുമ്പോഴാണ് നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം ഉണ്ടാകുന്നുള്ളു, ആ പൂര്‍ത്തീകരണം ആവശ്യമാണെന്നത് ആര്‍ക്കും സുവ്യക്തമാണ്.

മനുഷ്യന്റെ ലൈംഗീക ചോദനകളെ ധാര്‍മിക വ്യവസ്ഥിതിക്കുള്ളില്‍ നിര്‍ത്തിക്കൊണ്ട് ചെയ്യണമെങ്കില്‍ കുടുംബം വേണം. കുടുംബത്തെ തകര്‍ത്തവര്‍ക്ക് സമൂഹനിര്‍മ്മിതിയില്‍ വലിയ അര്‍ത്ഥത്തിലുള്ള സാമൂഹിക ജീര്‍ണ്ണതയാണ് സംഭവിച്ചത്. ശാന്തതനല്‍കാനാണ് ഇണ. ആ ഇണയെ ഭിന്നലിംഗത്തില്‍ നിന്ന കണ്ടെത്തുന്നതിന് പകരം സ്വവര്‍ഗത്തില്‍ നിന്ന് കണ്ടെത്തുമ്പോള്‍ ശാന്തതയും ധാര്‍മികതയും ഉണ്ടാകുന്നില്ല. അതാണ് പ്രകൃതി, ആ ശാന്തമായ ഇണയിലൂടെ സ്വാഭാവികമായും ഒരുപ്രത്യുത്പാദനം (റിപ്രൊഡക്ഷന്‍) അല്ലാഹു ലക്ഷ്യംവെക്കുന്നു. ഇങ്ങനെയാണ് മനുഷ്യനെ കുറിച്ച് അല്ലാഹുവിന്റെ മതത്തിന്റെയും ആരോഗ്യമുള്ള സാമൂഹിക ജീവിതത്തിന്റെയും കാഴ്ചപ്പാട്.  

ഭദ്രമായ കുടുംബജീവിതത്തിലൂടെയാണ് വരും തലമുറകളും സൃഷ്ടിക്കപ്പെടുന്നതും സംസ്കാര സമ്പന്നരായി വളര്‍ത്തപ്പെടുന്നതും. ഒരു ദുര്‍ബല നിമിഷത്തിലുണ്ടായ വൈകാരികമൂര്‍ഛയില്‍ ജനിച്ചുപോയ കുഞ്ഞിനെ ആര്‍ക്കോ ഇട്ടുകൊടുത്തിട്ട് പോവുന്ന സ്വതന്ത്ര ലൈംഗികത സമൂഹത്തിന് എത്രമാത്രം അപകടമായിരിക്കും, അതിലേറെ അത് വലിയൊരു സാമൂഹിക ദുരന്തം കൂടിയാവും. 

ഭരണഘടന,സ്വവര്‍ഗരതി: ഇസ്‌ലാമിക കാഴ്ചപ്പാട്

ഭരണഘടനയുടെ 25-ാം അനുഛേദത്തിന്റെ വളരെ പ്രധാനപ്പെട്ട ഉദ്ധരണിയില്‍ പറയുന്നത് സാമൂഹ്യാരോഗ്യവും ധാര്‍മികതയും സംരക്ഷിക്കണമെന്നാണ്. സാമൂഹികമായ ഒരു ക്രമം നിലനില്‍ക്കാത്ത വിശ്വാസത്തെ ഇന്ത്യ അനുവദിക്കില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന സതി (ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ആ ചിതയിലേക്ക് ചാടുക) സമ്പ്രദായം നിരോധിച്ചത്. ഭരണഘടനയുടെ 25-ാം അനുഛേദം മതസ്വാതന്ത്ര്യം പറയുന്നിടത്ത് സാമൂഹിക ആരോഗ്യമുള്ള ഒരു സമൂഹനിര്‍മ്മിതി വേണമെന്ന് കൂടി വ്യക്തമാക്കുന്നുണ്ട്. 

പുതിയ കാലത്തിന്റെ ലെസ്ബിയനിസം കൊണ്ടും ഗേസെക്സ് കൊണ്ടും അത് ലഭിക്കില്ല. പെണ്ണും ആണും എന്നതിന് പകരം പെണ്ണും പെണ്ണും ആണും ആണും എന്ന് പറയുന്ന രീതിയാണ് അത്. അതുണ്ടാക്കുന്ന അപകടത്തിന്റെ സാമൂഹിക പ്രശ്നങ്ങളെ കുറിച്ചാണ് ചര്‍ച്ചചെയ്യേണ്ടത്. ഒരാള്‍ക്ക് എന്തോ തോന്നിപ്പോവുമ്പോള്‍ മനശാസ്ത്ര വിശകലനത്തിന് വിധേയനാക്കുകയാണ് വേണ്ടത്. അതൊരു ലൈംഗിക ന്യൂനപക്ഷ (ലിംഗസ്റ്റിക് മൈനോരിറ്റി) മെന്ന അര്‍ത്ഥത്തിലല്ല ഇസ്‍ലാം കൈകാര്യം ചെയ്തത്. അതൊരു മനോവൈകൃതമാണ്. ആ വൈകൃതം മനുഷ്യന് ബാധിച്ചുകൂടായ്കയൊന്നുമില്ല.

ലൂത്വ്(അ)ന്റെ കാലത്തെ ജനതക്ക് അത്തരമൊരു വൈകൃതമുണ്ടായിരുന്നു. ആ ജനതയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'നമ്മുടെ ദൂതമാലാഖമാര്‍ ലൂഥ് നബിയുടെ അടുത്തെത്തിയപ്പോള്‍ അവരെ കുറിച്ച് ദുഖവും മനപ്രയാസവുമുണ്ടായി. ഇതൊരു ദുരന്തനിര്‍ഭരമായ ദിനം തന്നെ എന്ന് അദ്ദേഹം ആത്മഗതം ചെയ്തു. (വിവരമറിഞ്ഞ്) ജനങ്ങള്‍ ലൂഥ് നബിയുടെ അടുത്തേക്ക് അതിദ്രുതം ഓടിയണഞ്ഞു. നേരത്തെ ദുര്‍നടപ്പുകാരായിരുന്നു അവര്‍. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, അതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് (വിവാഹത്തിനു) വിശുദ്ധര്‍. അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഈ അതിഥികളുടെ വിഷയത്തില്‍ എന്നെ മാനം കെടുത്താതിരിക്കുകയും ചെയ്യൂ. തലക്കുവെളിവുള്ള ഒരാളും നിങ്ങളിലില്ലേ (സൂറത്ത് ഹൂദ്- 77-78). മഹാനായ ലൂത് (അ) ചോദിച്ചത് എന്താ ഈ ജനതയില്‍ മനുഷ്യന്‍ന്മാരില്ലേ എന്നായിരുന്നു. ഈ വര്‍ത്തമാനകാല സത്യത്തിന്റെ മുമ്പില്‍ നിന്ന് നാം ചോദിക്കേണ്ട ചോദ്യവും ഇതാണ്. 

അമേരിക്കന്‍ സമൂഹം അനുവഭിക്കുന്ന ഏറ്റവുംവലിയ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോള്‍ എടുത്തുപറയുന്ന പുസ്തകമാണ് ഡേവിഡ് ബ്ലേങ്ക് ഹോണ്‍ രചിച്ച ഫാദര്‍ലെസ് അമേരിക്ക എന്ന കൃതി. അമേരിക്കന്‍ സമൂഹമിന്നനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്ന നിലയില്‍ ഇദ്ദേഹം അവതരിപ്പിക്കുന്നത് കുടുംബരാഹിത്യമാണ്. ഇരുപതാം നൂറ്റാണ്ടോട് കൂടി വിവാഹം തന്നെ വേണ്ടെന്ന് (അബോളിഷിംഗ് ഫാമിലി) പറഞ്ഞ് ചിലയാളുകള്‍ വന്നു.  എന്തിനാണ് കുടുംബമെന്നും അങ്ങനെയൊരു കുടുംബം വേണ്ടെതില്ലെന്നുമുള്ള വാദഗതി ഉയര്‍ത്തി. അത് കേട്ട് സ്വതന്ത്രമായി നടന്ന അമേരിക്കയുടെ പ്രശ്നത്തെ കുറിച്ച് ഇദ്ദേഹം പറയുന്നു, മാതാവും പിതാവും എന്ന സംവിധാനമില്ലാതെ പോയപ്പോള്‍ അതിന്റെ പ്രശ്നം ഒരു കുഞ്ഞിന് വേണ്ട വെല്‍ഹബിയിംഗ് ഒന്നും നടക്കാതെ പോയി. ആ കുഞ്ഞിന്റെ വൈകാരിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു. 

മറ്റൊരു പ്രധാനപ്പെട്ട പഠനം ഒരു കുഞ്ഞിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു ഉമ്മയുടെ വൈകാരികമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ മാതാവിന്റെ സ്തനത്തോട് ചുണ്ട് ചേര്‍ന്ന് നില്‍ക്കുന്ന വൈകാരിക ഭാവത്തേക്കാളും വലിയ വൈകാരിക  ഭാവം മനുഷ്യനിര്‍മിതിയില്‍ മറ്റെവിടെന്നും കിട്ടാനില്ല. ഉമ്മയുടെ മുലപ്പാല്‍ കുടിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തേക്കാള്‍ വലിയ സന്തോഷം ഇല്ല. ഒരു കുഞ്ഞിനെ വളര്‍ത്തുന്നിടത്ത് ഉമ്മയുടെ സ്നേഹ ലാളനയുടെ കരുതലാണ്. അത് അങ്ങനെ ചേര്‍ത്ത് വെച്ച് ആ മാതാവിന്റെ  സ്നേഹാംബുജത്തില്‍ നിന്ന് വരുന്ന അമൃത് കുഞ്ഞിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സ്നേഹമാണ്. ഉമ്മത്തം എന്നത് ഒരു വലിയ സംഭവമാണ്. 


സ്വതന്ത്രലൈംഗികതയും സ്വവര്‍ഗ്ഗവിവാഹവുമെല്ലാം ഇല്ലാതാക്കുന്നത്, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്ന ഇത്തരം ഒരു പിടി മൂല്യങ്ങളെയാണ്. ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളും പഠനങ്ങളും എല്ലാം മുന്നില്‍ വെച്ചാലോചിച്ചാല്‍ അത് ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ലെന്ന് ബോധ്യമാവും. അത് കൊണ്ട് തന്നെയാണ് സുപ്രീംകോടതി വിധി സ്വാഗതര്‍ഹമാകുന്നതും.

കേട്ടെഴുത്ത്: അബ്ദുല്‍ ഹഖ് മുളയങ്കാവ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter