ഗസ്സ: വേദനകള്‍ക്കിടയിലും ഉയരുന്ന റമദാന്‍ വിളക്കുകള്‍
എല്ലാം തരിപ്പണമാക്കിയ ആക്രമണങ്ങളുടെയും വംശഹത്യയുടെയും വേദനകള്‍ക്കിടയിലും ഗസ്സയുടെ തെരുവുകള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. അഭയാര്‍ത്ഥി കേമ്പുകളും അവകള്‍ക്കിടയിലൂടെ പോകുന്ന ഇടവഴികളുമെല്ലാം ലഭ്യമായ റമദാന്‍ വിളക്കുകളാല്‍ അലംകൃതമായിരിക്കുന്നു. തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശേഷിച്ച ചുമരുകളിലെല്ലാം ഖുബ്ബതുസ്വഖ്റയുടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നു. കുട്ടികളെല്ലാം കൈകളില്‍ പാനീസ് വിളക്കുകള്‍ തൂക്കി അങ്ങോട്ടുമിങ്ങോട്ടും റമദാന്‍ ആശംസിക്കുന്നു. മുതിര്‍ന്നവര്‍ ഉയര്‍ന്ന ഇടങ്ങളിലെല്ലാം വിളക്കുകള്‍ തൂക്കുന്നു. ഉമ്മമാര്‍ സഹായങ്ങളായി ലഭിച്ച പരിമിതമായ വിഭവങ്ങള്‍ കൊണ്ട് റമദാനിലേക്കുള്ള ഒരുക്കങ്ങള്‍ നടത്തി, വീടും പരിസരവും നോമ്പിന്റെ ആരവങ്ങളിലേക്ക് കൊണ്ട് പോവുന്നു.
ഇന്നും ഇന്നലെയുമെല്ലാം ഇതാണ് ഗസ്സയിലെ കാഴ്ചകള്‍. ജീവിതത്തില്‍ നേടിയ ഭൗതിക സൗകര്യങ്ങളെല്ലാം തകര്‍പ്പെട്ടതിന്റെ വേദനകള്‍ക്കിടയിലും സന്തോഷത്തിന്റെ ചെറു കണികകളാണ് ഇത് ഗസ്സയില്‍ വിതറുന്നത്. സാമൂഹ്യമാധ്യമങ്ങളെല്ലാം ഗസ്സയിലെ ഈ പുതിയ കാഴ്ചകള്‍ക്ക് കാതോര്‍ക്കുകയാണ്. ജീവിതത്തിന്റെ അതിജീവനം എന്ന അടിക്കുറിപ്പോടെയാണ് പലരും ഇത്തരം ചിത്രങ്ങള്‍ പങ്ക് വെച്ചത്.
ആഘോഷിക്കാന്‍ കാര്യമായി ഒന്നുമില്ലാത്ത ഗസ്സക്കാര്‍, ഈ സന്തോഷപ്രകടനത്തിലൂടെ അധിനിവേശ ശക്തിയെ വെല്ലുവിളിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങളെല്ലാം നിലംപരിശാക്കി, അന്തിയുറങ്ങാന്‍ ഒരു മേല്ക്കൂരയോ വിശപ്പടക്കാന്‍ അന്നമോ ദാഹമകറ്റാന്‍ ശുദ്ധ ജലമോ ഇല്ലെങ്കില്‍ പോലും, വിശ്വാസിയുടെ ജീവിതം സാര്‍ത്ഥകമാണെന്നും ഞങ്ങളുടെ യഥാര്‍ത്ഥ സന്തോഷവും ആനന്ദവും സ്രഷ്ടാവിനുള്ള ആരാധനകളിലാണെന്നുമുള്ള ഏറ്റവും വലിയ സത്യമാണ് ഇതിലൂടെ അവര്‍ വിളിച്ചു പറയുന്നതും. എല്ലാം തകര്‍ത്തുകളഞ്ഞ ശത്രുസമൂഹം പോലും ഈ മനോധൈര്യത്തിനും ആത്മസംതൃപ്തിക്കും മുന്നില്‍ ഒരു വേള പകച്ചുപോകാതിരിക്കില്ല.
അതേ സമയം, എത്ര വലിയ പ്രയാസങ്ങള്‍ക്കിടയിലും ചെറിയ പ്രത്യാശയുടെ കണങ്ങളാണ് ലോക മുസ്‍ലിംകള്‍ക്കെന്ന പോലെ ഗസ്സക്കാര്‍ക്കും പകരുന്നത്. ബദ്റും ഫത്ഹുമക്കയും അടക്കമുള്ള വിരേതിഹാസങ്ങളും വിജയഗാഥകളും പിറന്നത് ഈ മാസത്തിലായിരുന്നുവല്ലോ. അതോടൊപ്പം, ഒരു ജനക്കൂട്ടം എന്ന നിലയില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നതോടെ, പരസ്പര സ്നേഹവും നാം ഒന്നാണെന്ന ചിന്തയും ഊട്ടിയുറപ്പിക്കുകയാണ് ഗസ്സക്കാര്‍, എല്ലാം നഷ്ടപ്പെട്ടാലും നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടില്ലെന്നും അത് ആര്‍ക്കും തന്നെ നമ്മില്‍ നിന്ന് തട്ടിയെടുക്കാനാവില്ലെന്നുമുള്ള സന്ദേശം കൂടിയാണ്. അതില്‍നിന്നാണ് ഗസ്സയിലെ പുതുതലമുറ ആവേശവും അതിജീവിക്കാനുള്ള ഊര്‍ജ്ജവും ആവാഹിക്കുന്നതും.
എത്ര വിലയ പ്രതിസന്ധികളിലും പതറാതെ നിന്ന ഗസ്സക്കാര്‍ ഇതിനകം തന്നെ പലതവണ ലോകജനതയെ അല്‍ഭുതപ്പെടുത്തിയതാണ്. പലരും അതിന്റെ കാരണവും രഹസ്യവും അന്വേഷിച്ചതും ചിലരൊക്കെ ആ മൂല്യങ്ങളില്‍ ആകൃഷ്ടരായി ഇസ്‍ലാമിലേക്ക് ആകൃഷ്ടരായതും ലോകം കണ്ടതാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ റമദാന്‍ ആരവങ്ങളിലും നമുക്ക് കാണാനാവുന്നത്. അല്ലാഹുവിലും അവന്റെ വിധികളിലുമുള്ള വിശ്വാസമാണ് ഏറ്റവും ശക്തമായ ആയുധമെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആ ആയുധം കൈയ്യിലുള്ള കാലത്തോളം തങ്ങളെ പരാജയപ്പെടുത്താനോ നിരാശരാക്കാനോ പ്രതിസന്ധികളിലൂടെ തളര്‍ത്താനോ ആര്‍ക്കും സാധിക്കില്ലെന്നുമാണ് അവര്‍ ഉറക്കെയുറക്കെ പറയുന്നത്.
എല്ലായ്‍പ്പോഴുമെന്ന പോലെ, ഈ റമദാനിലും ഗസ്സയും ഗസ്സക്കാരും നമ്മുടെ പ്രാര്‍ത്ഥനകളിലുണ്ടാവട്ടെ.



Leave A Comment