ഇഖ്റഅ് 06. ആരാധനകളില്‍ പോലും മടുപ്പിക്കരുത്

പ്രവാചകരുടെ അനുയായികളില്‍ പ്രമുഖനായിരുന്നു മുആദ് ബിന്‍ ജബല്‍(റ). പ്രവാചകരോടൊപ്പം പ്രഭാത നിസ്കാരത്തിനെത്തിയിരുന്ന അദ്ദേഹം, അത് കഴിഞ്ഞ് തന്റെ വീടിനടുത്തുള്ള പള്ളിയിലെത്തിയ അവിടെയുള്ളവര്‍ക്ക് ഇമാം ആയി നിസ്കരിക്കുമായിരുന്നു. നിസ്കാരത്തില്‍ അദ്ദേഹം ഏറ്റവും ദൈര്‍ഘ്യമേറിയ സൂറതുല്‍ബഖറയാണ് ഒരിക്കല്‍ പാരായണം ചെയ്തത്. 

സമയം വൈകുമെന്ന് കണ്ട് കൂട്ടത്തിലെ ഒരാള്‍, ഇമാമുമായി വിട്ട് പിരിഞ്ഞ് ചെറിയ സൂറത് ഓതി നിസ്കാരം പൂര്‍ത്തിയാക്കി പിരിഞ്ഞു പോയി. അയാളെന്താ കപട വിശ്വാസിയാണോ എന്നായിരുന്നു വിവരമറിഞ്ഞ മുആദ്(റ)ന്റെ പ്രതികരണം. ഈ വിവരമറിഞ്ഞ അദ്ദേഹം പ്രവാചകരോട് പോയി ഇങ്ങനെ പരാതി പറഞ്ഞു, പ്രവാചകരേ, ഞങ്ങള്‍ പാടത്തും പറമ്പിലും പണി എടുക്കുന്ന സാധാരണക്കാരാണ്. ദീര്‍ഘമായി പ്രഭാത നിസ്കാരത്തില്‍ നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല, അങ്ങനെ പോയതിനാല്‍ അദ്ദേഹം എന്നെ കപട വിശ്വാസിയാണെന്ന് സംശയിക്കുന്നു. 

ഇത്രയും കേട്ട പ്രവാചകര്‍ക്ക് അത് സഹിക്കാനായില്ല. മുആദ്(റ)നെ വിളിച്ച് അവിടുന്ന് ഇങ്ങനെ ചോദിച്ചു, നീ പ്രശ്നക്കാരനാവുകയാണോ മുആദ്... അല്പം കടുത്ത സ്വരത്തില്‍ തന്നെ ഇങ്ങനെ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിക്കുകയും ചെയ്തു.

Read More: ഇഖ്റഅ് 05.നോമ്പുകള്‍ ഉത്തമ സ്വഭാവങ്ങളിലേക്ക് നയിക്കട്ടെ

ആരാധനകള്‍ പോലും മറ്റുള്ളവര്‍ക്ക് പ്രയാസകരമാവരുതെന്നതാണ് വിശുദ്ധ ഇസ്‍ലാമിന്റെ നിര്‍ദ്ദേശം. നിങ്ങള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കുക, ഒരിക്കലും അവരെ പ്രയാസപ്പെടുത്തുന്നവരാവരുത് എന്ന് പ്രവാചകര്‍ ഇടക്കിടെ അനുയായികളെ ഉപദേശിക്കാറുണ്ടായിരുന്നു.

കുട്ടികളും വൃദ്ധരും രോഗബാധിതരും അന്നം തേടി ജോലിക്ക് പോകേണ്ടവരും വിവിധ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടവരുമെല്ലാം അടങ്ങിയതാണ് സമൂഹം. അവരെയെല്ലാം പരിഗണിച്ച് വേണം സാമൂഹ്യമായ കാര്യങ്ങളെല്ലാം നിശ്ചയിക്കേണ്ടതും നിര്‍വ്വഹിക്കേണ്ടതും. സമൂഹനിസ്കാരങ്ങളില്‍ വളരെ ചെറിയ സൂക്തങ്ങളേ പാരായണം ചെയ്യാവൂ എന്നാണ്  കര്‍മ്മശാസ്ത്ര നിയമം തന്നെ. ഉറങ്ങുന്നവന്റെ ഉറക്കത്തിന് ഭംഗം സംഭവിക്കുമെന്ന് തോന്നിയാല്‍ ഉറക്കെ ഖുര്‍ആന്‍ ഓതുന്നത് പോലും അഭികാമ്യമല്ലെന്നാണ് പണ്ഡിതപക്ഷം. 

ഇതാണ് ഇസ്‍ലാം. മറ്റുള്ളവന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്വഛന്ദമായ ജീവിതവും പൂര്‍ണ്ണമായും വകവെച്ച് കൊടുക്കുന്നതാണ് അതിന്റെ രീതി. അപരന്റെ മൂക്കിന്‍ തുമ്പത്ത് വരെ മാത്രമാണ് തന്റെ സ്വാതന്ത്ര്യം എന്ന് നാം സാധാരണ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയ മതമാണ് വിശുദ്ധ ഇസ്‍ലാം. ആ മതത്തിന്റെ അനുയായികളായ നാം പ്രായോഗിക ജീവിതത്തില്‍, വിശിഷ്യാ ബഹുസ്വര സമൂഹത്തില്‍ കഴിയുമ്പോള്‍ അവ കൃത്യമായി പാലിച്ചേ മതിയാവൂ. ഈ റമദാനിലെ നോമ്പുകള്‍ അതിന് കൂടി നമുക്ക് പരിശീലനം നല്കുന്നതായിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter