റമദാന്‍ ഡ്രൈവ് - നവൈതു -12
ഒരിക്കല്‍ പ്രവാചകര്‍ (സ്വ) അനുയായികളോട് പറഞ്ഞു, സ്വര്‍ഗ്ഗാവകാശിയായ ഒരാളെ കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇനി ഇങ്ങോട്ട് കടന്നുവരുന്ന ആളെ നോക്കുക. അധികം കഴിഞ്ഞില്ല, അന്‍സ്വാറുകളില്‍ പെട്ട ഒരു സ്വഹാബി സദസ്സിലേക്ക് കടന്നു വന്നു. കാഴ്ചക്ക് വളരെ സാധാരണക്കാരനായ ഒരു മനുഷ്യന്‍. കാലില്‍ ധരിച്ചിരുന്ന പഴകിയ ചെരുപ്പ് കൈയ്യില്‍ പിടിച്ചാണ് അദ്ദേഹം വന്നത്. ശേഷം രണ്ട് റക്അത് നിസ്കരിച്ച് അദ്ദേഹം പോവുകയും ചെയ്തു. 
അടുത്ത രണ്ട് ദിവസങ്ങളിലും ഇതേ സംഭവം ആവര്‍ത്തിച്ചു. ഇത് കണ്ട അബ്ദുല്ലാഹിബ്നു അംറ് (റ) അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹം പ്രത്യേകമായി ചെയ്യുന്ന കര്‍മ്മങ്ങളെന്തെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. മൂന്ന് ദിവസം കൂടെ കഴിഞ്ഞെങ്കിലും നിര്‍ബന്ധ കര്‍മ്മങ്ങളല്ലാതെ മറ്റൊന്നും കാര്യമായി ചെയ്യുന്നതായി കണ്ടില്ല.
മൂന്നാം ദിവസം അദ്ദേഹത്തോട് നേരിട്ട് കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, ഞാന്‍ പ്രത്യേകമായി അധികം ആരാധനകളൊന്നും ചെയ്യുന്നില്ല. അത് നിങ്ങള്‍ തന്നെ കണ്ടതുമാണല്ലോ. അതേ സമയം, ആരോടും പകയില്ലാത്ത മനസ്സാണ് എന്റേത്. ആര്‍ക്കെങ്കിലും എന്തെങ്കിലും സന്തോഷവും ഗുണവുമുണ്ടാവുന്നത് എനിക്ക് വല്ലാത്ത സന്തോഷമാണ്, പ്രയാസങ്ങളുണ്ടാവുന്നത് സങ്കടവും. 
ഇത് കേട്ടതോടെ അബ്ദുല്ലാഹിബ്നു അംറ് (റ)ന് കാര്യത്തിന്റെ കാരണം മനസ്സിലായി. അത് തന്നെയാവും താങ്കള്‍ക്ക് ഈ ബഹുമതി ലഭിക്കാന്‍ കാരണമായതെന്ന് പറഞ്ഞ്, അദ്ദേഹം യാത്ര ചോദിച്ച് തിരിച്ച് നടന്നു. 
പരലോകത്തെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നതായി കാണാം, അന്നേ ദിവസം സമ്പാദ്യമോ മക്കളോ ഒന്നും തന്നെ ഉപകാരപ്പെടുകയില്ല, ഖല്‍ബുന്‍ സലീമുമായി അല്ലാഹുവിനെ സമീപിച്ചവരൊഴികെ. 
ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ഗുണമാണ് സലീം ആയ ഹൃദയം. അസൂയ, വിദ്വേഷം, പക തുടങ്ങിയ രോഗങ്ങളൊന്നുമില്ലാത്ത ആരോഗ്യപൂര്‍ണ്ണമായ ശുദ്ധ മനസ്സാണ് അത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതരരുടെ സന്തോഷത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുകയും ദുഖത്തില്‍ സങ്കടപ്പെടുകയും ചെയ്യുന്ന നല്ല മനസ്സ് എന്നര്‍ത്ഥം. ഇന്ന് ഏറ്റവുമധികം നഷ്ടമായിരിക്കുന്നതും അത് തന്നെ.
ഈ വിശുദ്ധ റമദാനിലെ മറ്റൊരു നവൈതു ഖല്‍ബിനെ സലീം ആക്കാനായിരിക്കട്ടെ. മനസ്സിനെ പരമാവധി ആരോഗ്യപൂര്‍ണ്ണമാക്കി നിര്‍ത്താന്‍, സലീം ആക്കി കൊണ്ട് നടക്കാന്‍ ഞാനിതാ കരുതി ഉറപ്പിച്ചു എന്ന്. നാഥന്‍ തുണക്കട്ട.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter