ഇഖ്റഅ് 21- കാതുകളും വായിക്കാനുള്ള ഗ്രന്ഥങ്ങള്‍ തന്നെ

_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...

നിങ്ങള്‍ക്കവന്‍ കാതുകളും കണ്ണുകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിരിക്കുന്നു. (എന്നിട്ടും) നിങ്ങള്‍ വളരെക്കുറച്ച്‌ മാത്രമേ നന്ദികാണിക്കുന്നുള്ളൂ. (സൂറതുസ്സജ്ദ-09)

മനുഷ്യശരീരത്തിലെ അവയവങ്ങളെല്ലാം അമൂല്യവും നിസ്തുലവുമാണ്. അവ ഓരോന്നിനും നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ക്ക്, പകരം സംവിധാനങ്ങളാലോചിക്കേണ്ടി വരുമ്പോഴാണ് നമുക്ക് അതേകുറിച്ച് ബോധമുണ്ടാകുന്നത് എന്ന് മാത്രം. കേള്‍വി, കാഴ്ച, സംസാരം തുടങ്ങി ശരീരം സാധ്യമാക്കുന്ന ഓരോ ചലനവും വലിയ അനുഗ്രഹങ്ങളാണെന്ന് അവ ഇല്ലാതാവുമ്പോഴേ നാം തിരിച്ചറിയൂ. 

മനുഷ്യാവയവങ്ങളില്‍ അതിപ്രധാനങ്ങളായ കാത്, കണ്ണുകള്‍ എന്നിവയെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി പരാമര്‍ശമുണ്ട്. അവ ഒരുമിച്ച് പറയുന്നിടത്തെല്ലാം കാതിനെയും കേള്‍വിയെയുമാണ് ആദ്യം പറയുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു മനുഷ്യക്കുഞ്ഞ് ജനിച്ച് വീണാല്‍, അവന്റെ ബാഹ്യാവയവങ്ങളില്‍ ആദ്യം പ്രവര്‍ത്തിച്ചുതുടങ്ങുന്നത് കാതുകളാണെന്നത്രെ.  ജനിച്ച് വീഴുന്ന കുഞ്ഞിന്റെ കാതില്‍ ആദ്യം പതിയേണ്ടത്, അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന് തുടങ്ങുന്ന ബാങ്കിന്റെ മൊഴികളായിരിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടതും അത് കൊണ്ട് തന്നെയാവാം.

ശബ്ദങ്ങളെ സ്വീകരിക്കാനും അവ തലച്ചോറിലെത്തി ഉദ്ദിഷ്ടാശയം കൈമാറാനുമായി നമ്മുടെ ശരീരത്തില്‍ സംവിധാനിക്കപ്പെട്ടിരിക്കുന്ന സൌകര്യങ്ങള്‍ ആലോചിച്ചാല്‍ തന്നെ നാം അല്‍ഭുതപ്പെട്ടുപോവും. പുറത്തെ ശബ്ദതരംഗങ്ങളെ സ്വീകരിക്കാനായി ഇയര്‍ ഡ്രമും അതില്‍നിന്ന് അവയെ ഏറ്റ് വാങ്ങി ദൈര്‍ഘ്യങ്ങളെ ക്രമീകരിച്ച് മുന്നോട്ട് കൈമാറാനായി ഓസിക്‍ള്‍സ് എന്നറിയപ്പെടുന്ന  മൂന്ന് അതിസൂക്ഷ്മ പേശികളും ശേഷമുള്ള പ്രക്രിയകള്‍ക്കായി അര്‍ദ്ധവൃത്താകൃതിയിലുള്ള കനാലുകളുമെല്ലാം അടങ്ങുന്ന അതിസങ്കീര്‍ണ്ണവും എന്നാല്‍ കാഴ്ചക്ക് ഏറെ ലളിതവുമായ സംവിധാനങ്ങള്‍ ആരെയും അല്‍ഭുതപ്പെടുത്താതിരിക്കില്ല.

Read More: റമളാൻ ഡ്രൈവ് (ഭാഗം 21) നവൈതു

പുറത്ത് നിന്ന് എത്തിപ്പെടുന്ന വിവിധ ശബ്ദങ്ങളിലോരോന്നിനെയും നമുക്ക് തിരിച്ചറിയാനാവുന്നത് അല്‍ഭുതം തന്നെ. ഉപ്പയുടെയും മകന്റെയും ശബ്ദങ്ങളെ തിരിച്ചറിയാന്‍ നമുക്ക് പ്രയാസമേ ഇല്ല, കൂട്ടുകാരിലോരോരുത്തരെയും ശബ്ദം കൊണ്ട് മാത്രം തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നു. ഘോരമായ ശബ്ദത്തെയും സംഗീതസാന്ദ്രമായ തരംഗങ്ങളെയും, നമ്മുടെ കാതുകളും മസ്തിഷ്കവും ചേര്‍ന്ന് നമുക്ക് അനുഭവവേദ്യമാക്കുന്നത് വ്യത്യസ്ത രീതികളിലാണ്. 

ശബ്ദ തരംഗങ്ങളെ സ്വീകരിക്കുക എന്ന അടിസ്ഥാന ധര്‍മ്മത്തോടൊപ്പം, ശരീരത്തിന്റെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നതിലും കാതുകള്‍ക്ക് വലിയ പങ്കുണ്ട്. ദ്രാവകംനിറച്ച അര്‍ദ്ധഗോളാകൃതിയിലുള്ള മൂന്ന് നാരുകളടങ്ങിയ വെസ്റ്റിബുലാര്‍ സിസ്റ്റമാണ് ഇത് സാധ്യമാക്കുന്നത്.

ആലോചിച്ചുനോക്കിയാല്‍, കാതുകളുടെ ധര്‍മ്മങ്ങളിലോരോന്നും നമുക്ക് പകര്‍ന്നുതരുന്നത് ഒരു പിടി പാഠങ്ങളും സന്ദേശങ്ങളുമാണ്. എല്ലാം പടച്ച തമ്പുരാന്റെ സൃഷ്ടിവൈഭവങ്ങളുടെ വിശേഷങ്ങള്‍ വിളിച്ചോതുന്ന ഓരോ ഗ്രന്ഥങ്ങള്‍ തന്നെ.  

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter