കൂമണ്ണ പോക്കർ മുസ്‍ലിയാർ: ദര്‍സ് മേഖലയെ പ്രണയിച്ച പണ്ഡിതന്‍
മലപ്പുറം ജില്ലയിലെ വെളിമുക്കിനടുത്ത് കൂമണ്ണയിൽ കഴുങ്ങുംതോട്ടത്തിൽ കുഞ്ഞി ഹസൻ - പനമ്പുല്ലൻ കദിയക്കുട്ടി ദമ്പതികളുടെ ഇളയ മകനായി ഹിജ്റ 1363 ക്രിസ്താബ്ദം 1944 ലാണ് ഉസ്താദവർകൾ ജനിക്കുന്നത്.
പ്രാഥമിക പഠനത്തിന് ശേഷം 1956 മുതൽ 1970 വരെയുള്ള 15 വർഷക്കാലം വിവിധ നാടുകളിൽ അഗ്രേസരായ ഗുരുക്കളുടെ ദർസുകളില്‍ പഠിച്ച് മതവിദ്യ കരസ്ഥമാക്കി. ടി.കെ.എം ബാവ മുസ്‍ലിയാർ, സി.എച്ച് ബീരാൻ കുട്ടി മുസ്‍ലിയാർ, കൂമണ്ണ മുഹമ്മദ് മുസ്‍ലിയാർ, ചെറുകുളമ്പ് അബ്ദുർറഹ്മാൻ മുസ്‍ലിയാർ, കൈപ്പറ്റ മുഹ്യിദ്ദീൻ കുട്ടി മുസ്‍ലിയാർ, പൊന്മള മൊയ്തീൻ ഹാജി, ഇരിങ്ങല്ലൂർ അലവി മുസ്‍ലിയാർ, തൃക്കലങ്ങോട് അബൂബക്കർ മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്‍ലിയാർ എന്നിവരില്‍നിന്നായി 15 വര്‍ഷക്കാലം ദര്‍സ് പഠനം തുടര്‍ന്നു.
പിന്നീട് 1971- 1972 വർഷത്തിൽ തെന്നിന്ത്യയിലെ ഉന്നത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ പഠനം തുടർന്നു. ശൈഖുനാ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരായിരുന്നു ജാമിഅയിലെ ഗുരുനാഥർ. 1973 ൽ തിരുന്നാവായയിൽ വെച്ച് നടന്ന സമസ്തയുടെയും ജാമിഅയുടെയും സംയുക്ത വാർഷിക സമ്മേളനത്തിൽ ഹൈദരാബാദിലെ സയ്യിദ് അഹ്മദ് നൂരിഷാ തങ്ങളിൽ നിന്ന് സനദ് സ്വീകരിച്ചു. ജാമിഅയുടെ പുറത്ത് വെച്ച് നടന്ന ഏക സമ്മേളനമായിരുന്നു അത്.
ശേഷം രണ്ട് വർഷത്തോളം വയനാട് ജില്ലയിലെ തരിയോട് ജുമുഅത്ത് പള്ളിയിൽ ദർസ് നടത്തി (പ്രസ്തുത പള്ളിയും മഹല്ലിന്‍റെ ഏകദേശം ഭാഗവും പിന്നീട് ബാണാസുര ഡാം വന്നപ്പോൾ അതിന്‍റെ ഉള്ളിൽ പെട്ടു). പിന്നീട് 1975 മുതൽ അവസാനം വരെ മീഞ്ചന്തക്കടുത്ത് നല്ലളം ബസാറിലെ മുണ്ടോളിപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്ന കരിന്താറ്റിൽ പള്ളിയിലാണ് ദർസ് നടത്തിയത്. നൂറിലധികം വിദ്യാർത്ഥികൾ ഒരേ സമയം അവിടെ പഠിച്ച അവസരമുണ്ടായിട്ടുണ്ട്.
ദർസിലെ തന്‍റെ ആദ്യ ഉസ്തിരായ ടി.കെ.എം ബാവ മുസ്‍ലിയാർ ഒരു കിതാബ് കഴിഞ്ഞപ്പോൾ എല്ലാവരോടും ചീരണി കൊണ്ട് വരാൻ പറഞ്ഞു. (അക്കാലത്ത് അതൊക്കെ പതിവായിരുന്നു) വീട്ടിൽ ഒന്നും ഇല്ലാത്തത് കൊണ്ട് അൽപം പഞ്ചസാരയാണ് നമ്മുടെ കഥാനായകന്‍ കൊണ്ട് വന്നത്. ചീരണി കഴിച്ച് കഴിഞ്ഞപ്പോൾ "പഞ്ചസാര കൊണ്ട് വന്നവൻ മോല്യാരാവട്ടെ, ബാക്കിയുള്ളവർ പോവട്ടെ" എന്ന് ബാവ മുസ്‌ലിയാർ പറഞ്ഞതും, കരിങ്കപ്പാറ ഉസ്താദിന്‍റെ അടുക്കൽ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടു മക്കൾക്ക് ഹദീസ് ഗ്രന്ഥമായ മിശ്കാതും ബുർദയും ഓതിക്കൊടുക്കാൻ ഏൽപിച്ചതും, തരിയോട് ദർസ് നടത്തുമ്പോൾ മഹാനായ സി.എം വലിയുല്ലാഹി അവിടെ വന്ന് വിദ്യാർത്ഥികളെ മന്ത്രിച്ച് ഊതിയ സമയത്ത് "മുദരിസിന് ഊത്ത് വേണ്ട" എന്ന് പറഞ്ഞതും, കോട്ടുമല ഉസ്താദ് രോഗ ശയ്യയിൽ സന്ദർശകരെ അനുവദിക്കാതെ കോഴിക്കോട് നഴ്സിംഗ് ഹോമിൽ കഴിയുന്ന വേളയിൽ ഉസ്താദിനെ പ്രത്യേകം കയറാൻ അനുവദിച്ചതും അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന സംഭവങ്ങളാണ്.
വിശുദ്ധ ദീനീ വിജ്ഞാനങ്ങൾ പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ട് കൃത്യവും വ്യക്തവുമായ രീതിയിൽ വളരെ ആത്മാർത്ഥതയോടെ തന്‍റെ ശിഷ്യഗണങ്ങൾക്ക് പകർന്നുകൊടുക്കാൻ എപ്പോഴും ബദ്ധശ്രദ്ധ പുലർത്തിയിരുന്നു അദ്ദേഹം. ദർസുകൾ മുടങ്ങാതെ കിത്താബ് ചൊല്ലി കൊടുക്കുന്നതിൽ അവിടുത്തെ ആത്മാർത്ഥതയും ഉത്തരവാദിത്വബോധവും ശ്രദ്ധേയമാണ്. സുബ്ഹിക്ക് ശേഷം തുടങ്ങുന്ന വിജ്ഞാന പ്രസാരണം പലപ്പോഴും രാത്രി വരെ നീളാറുണ്ടായിരുന്നു.
പ്രാരംഭ വിദ്യാർത്ഥികൾക്ക് അറബി വ്യാകരണ ശാസ്ത്ര ഗ്രന്ഥങ്ങളിൽ ഊന്നൽ നൽകുകയും പ്രാപ്തരായ ശേഷം ഉയർന്ന കിതാബുകളിലേക്ക് കൊണ്ടുപോവുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ അധ്യാപന ശൈലി. നഹ്‍വും സ്വർഫും പാരമ്പര്യരീതിയില്‍ തന്നെ തർകീബ്- ഇഅറാബ് വെച്ച് പഠിപ്പിക്കുന്നതും അവിടുത്തെ രീതിയായിരുന്നു.
ഉസ്താദിന്‍റെ സവിശേഷതകളിൽ പെട്ട ഒന്നാണ് പണ്ഡിതരെ കുറിച്ചുള്ള ചരിത്രാവബോധം. കേരളത്തിലെ പഴയ കാല പണ്ഡിതമാർ, ഉസ്താദിന്‍റെ സമകാലികരും അതിനടുത്തവരുമായ പണ്ഡിതരെക്കുറിച്ച് സംസാരിക്കുമ്പോഴും അവരുടെ പിതാവ്, പഠനകാലം, പഠിച്ച സ്ഥലങ്ങൾ, ദർസ് നടത്തിയ സ്ഥലങ്ങൾ, വിവാഹം ചെയ്തത്, മക്കൾ തുടങ്ങിയവയെല്ലാം പറയുന്നത് കേട്ടാല്‍ നാം ആശ്ചര്യപ്പെട്ടുപോവും.
നാട്ടുകാരും അയൽ വാസികളുമായ സഹോദര സമുദായത്തിൽ പെട്ടവര്‍ പോലും ഉസ്താദിനെ കാണാനും മന്ത്രിപ്പിക്കാനും അനുഗ്രഹത്തിനായും വരാറുണ്ടായിരുന്നു.
മഹാനായ കോട്ടുമല ഉസ്താദ് പട്ടിക്കാട്ടേക്കും ശംസുൽ ഉലമ നന്തി കോളേജിലേക്കും ക്ഷണിച്ചെങ്കിലുംഅവയെല്ലാം സസ്നേഹം നിരസിച്ച് ദർസിൽ കഴിച്ചു കൂട്ടുകയായിരുന്നു അദ്ദേഹം.
ഇഹ്‍യാ ഉലൂമിദ്ദീനില്‍ ഇമാം ഗസ്സാലി വിവരിക്കുന്ന പാരത്രിക പണ്ഡിതരുടെ ഗുണവിശേഷങ്ങളെല്ലാം ഒത്തിണങ്ങിയിരുന്ന അദ്ദേഹം, തന്‍റെ ശിഷ്യൻമാരെ പരമാവധി ആ വഴിയിൽ നടത്തുകയും ചെയ്യുമായിരുന്നു.
വിവിധ കാരണങ്ങളാൽ നേരിട്ടുള്ള ദർസ് നിർത്തി 15 വർഷത്തോളമായി നല്ലളം ദർസിന് നേതൃത്വം നൽകി വീട്ടിൽ തന്നെയായിരുന്നു. 2025 ഡിസംബർ 31 ന് നല്ലളത്ത് ചേർന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വരികയും തന്‍റെ ശിഷ്യഗണങ്ങളെ അവസാനമായി കണ്ട് വിട വാങ്ങലിന്‍റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിച്ച് സംസാരിച്ച് ദുആ ചെയ്ത് പിരിയുകയും ചെയ്തു. അവിടുന്ന് രണ്ടാഴ്ച കഴിഞ്ഞ് 2026 ജനുവരി 16 ന് അഥവാ 1447 റജബ് 26 ന് സുബ്ഹ് വാങ്കിന്റെ അകടമ്പടിയോടെ മഹാനായ ഉസ്താദ് ഇഹലോക ജീവിതം അവസാനിപ്പിച്ച് അല്ലാഹുവിലേക്ക് മടങ്ങി.
നാളെ സ്വര്‍ഗ്ഗലോകത്ത് ഒരുമിക്കാന്‍ നാഥന്‍ തുണക്കട്ടെ.



Leave A Comment