അടുത്ത ഇര മദ്റസകളാവട്ടെ... എറിയുന്നത് ബാലവകാശ കമ്മീഷനും

മദ്റസകള്‍ അടച്ച് പൂട്ടണമെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഏരെ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അടിസ്ഥാനരഹിതമായ വാദമുഖങ്ങൾ ഉന്നയിച്ച് ദുരുദ്ദേശ്യപൂർവ്വം പലപ്പോഴും  മദ്റസകളെ വിവാദങ്ങളിലേക്ക് വലിച്ചിടാറുണ്ട് എന്നത് സത്യമാണ്. ഇസ്‍ലാമിക തീവ്രവാദമെന്ന സാങ്കല്പിക സംജ്ഞക്ക്  വളവും വെള്ളവും നൽകുന്നത് മദ്റസകളാണെന്ന അപകടകരമായ നിർമ്മിതികൾ രാഷ്ട്രീയ ഭൂപടത്തിൽ പലപ്പോഴും നാം കേള്‍ക്കുന്നതുമാണ്. ബാലാവകാശ കമ്മീഷനും അധികാരികളുടെ ഇച്ഛക്കൊത്ത് അത്തരം ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണോ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. സംസ്ഥാന സർക്കാറുകൾ മദ്റസകൾക്ക് നൽകുന്ന സഹായം നിർത്തണമെന്നും മദ്റസ ബോർഡുകൾ പിരിച്ചുവിടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള കമ്മീഷന്റെ  കത്തായിരുന്നു  കഴിഞ്ഞ ദിവസങ്ങളിലെ പത്രമാധ്യമങ്ങളിലെ തലക്കെട്ട്.   ഒക്ടോബർ 11ന് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് നൽകിയ കത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോയുടെ വിവാദ ആഹ്വാനം.

ഒരു മതത്തിൻറെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൈകടത്താനുള്ള  കമ്മീഷന്റെ അധികാരപരിധിയെ ചൊല്ലി പലരും സംശയമുന്നയിക്കുന്നുണ്ടെന്ന്ത അവിടെ ഇരിക്കട്ടെ. മദ്രസകളെക്കുറിച്ച് ഒരു തെറ്റായ ചിത്രം നിർമ്മിച്ചെടുക്കാൻ ഇത്തരം കഴമ്പില്ലാത്ത റിപ്പോർട്ടുകൾ കൊണ്ട് സാധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തിൻറെ മതേതര ബോധത്തിനും അഖണ്ഡതക്കും വിഘാതമാകുന്ന, തീവ്രവാദ സമീപനം സ്വീകരിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ എന്ന പൊതുധാരണയെ സമൂഹത്തിൽ സാമാന്യ വൽക്കരിക്കാനുള്ള തിരക്കഥയുടെ ഭാഗമാണ് കമ്മീഷന്റെ ഈ നാടകമെന്ന് പറയാതെ വയ്യ.

മദ്രസ സംവിധാനങ്ങളിലെ വിദ്യാഭ്യാസ രീതി, 2009ലെ വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്ന കുട്ടികളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ ഹനിക്കുന്നു എന്നും മദ്റസകളിൽ സുരക്ഷാനിയമങ്ങളിൽ പാളിച്ചകളും ശാരീരികമായ ശിക്ഷാരീതികളും  ഉണ്ടെന്നുമാണ് കമ്മീഷൻ പറയുന്നത്. കൃത്യമായ ഒരു യൂണിഫോമോ പുസ്തകങ്ങളോ ഉച്ചഭക്ഷണമോ പാഠ്യേതര പ്രവർത്തനങ്ങളോ തരപ്പെടുത്താൻ മദ്രസകൾക്ക് ആയിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നുണ്ട്. മദ്റസകളിൽ  ഇസ്‍ലാമിക ആധിപത്യവും  മതേതര ചിന്താഗതികളോട് സമരസപ്പെടാത്ത വിദ്യാഭ്യാസവും പഠിപ്പിക്കപ്പെടുന്നുണ്ടെന്ന്  റിപ്പോർട്ടിൽ പറയുന്നു. മികച്ച രീതിയിൽ ഉള്ള അധ്യാപകരുടെ അഭാവത്തെക്കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നു. മദ്റസകളിൽ പഠനത്തിനായി നിയമിക്കപ്പെടുന്ന അധ്യാപകർ  പാരമ്പര്യ അധ്യാപന രീതിയിലാണ് അധ്യാപനം നടത്തുന്നതെന്ന  വിമർശനവും കമ്മീഷൻ മുന്നോട്ടുവെക്കുന്നു. മൊത്തത്തിൽ, മദ്റസകളെ അധാർമിക പ്രവർത്തനങ്ങളുടെയും പീഡനങ്ങളുടെയും കേന്ദ്രമായും  ചിത്രീകരിക്കാനുള്ള ശ്രമം കമ്മീഷൻ നടത്തുന്നുണ്ട്. അതിനുദാഹരണമായി, ബീഹാറിലെ മദ്റസയിൽ ഉണ്ടായ  ബോംബ് സ്ഫോടനത്തെ കമ്മീഷൻ ഉദ്ധരിക്കുന്നു.  അവിടെ ബോംബ് നിർമ്മിച്ചത് മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് യാതൊരു  തെളിവുകളും ഇല്ലാതെ കമ്മീഷൻ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വസ്തുതകൾ ആധികാരികമായിട്ടാണോ പറയുന്നത് എന്ന് അന്വേഷണ വിധേയമാക്കേണ്ടതാണ്. മദ്റസകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വരുന്ന ഇതര മതസ്ഥരായ വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് കമ്മീഷൻ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അവർക്ക് വേണ്ടി എന്തിനാണ് സർക്കാർ പണം ചെലവഴിക്കുന്നതെന്നാണ് ചെയർമാൻ ചോദിക്കുന്നത്.

കാലങ്ങളായി സംഘ്പരിവാർ നേതാക്കന്മാർ പലപ്പോഴായി പറഞ്ഞ അതേ കാര്യങ്ങള്‍ക്ക് ഔദ്യോഗിക രൂപം നല്കുകയല്ലേ കമ്മീഷന്‍ ചെയ്യുന്നത്.  മദ്രസകൾ എന്നത് ഒരിക്കലും മതേതര വിരുദ്ധ സങ്കല്പങ്ങളെയോ ഇസ്‍ലാമിക ആധിപത്യത്തെക്കുറിച്ചോ എവിടെയും പഠിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ധാർമികതയിലധിഷ്ഠിതമായ, സാമൂഹിക ജീവിതത്തിന് അനിവാര്യമാകുന്ന മത ഭൗതിക മൂല്യങ്ങളാണ്  മദ്രസകളിൽ പഠിപ്പിക്കപ്പെടുന്നത് എന്നതാണ് സത്യം. മദ്റസ സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ  ഉണ്ടെങ്കിൽ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിന് പകരം അടച്ചുപൂട്ടാൻ ആഹ്വാനം ചെയ്യുന്ന കമ്മീഷൻ നടപടി മൗഢ്യമാണ്. നമ്മുടെ നാട് കൈവരിച്ചിട്ടുള്ള മതപരവും സാമൂഹികവുമായ പുരോഗതിക്ക് പിന്നിൽ മദ്റസ സംവിധാനങ്ങൾക്ക് വലിയ പങ്കുണ്ട്. ആ സംവിധാനം പുതിയ കാലത്ത് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ വികസിപ്പിക്കാൻ ശ്രമിക്കേണ്ടതിന് പകരം അതിനെ കാലാഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമായിട്ട് കമ്മീഷൻ മുദ്രകുത്തുന്നത് സങ്കടകരമാണ്.

കേരളത്തിലെതു പോലെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ. അവിടുത്തെ ആബാലവൃദ്ധം ജനങ്ങൾ പേര്  കൂട്ടി എഴുതാൻ പഠിച്ചത് പോലും മദ്രസകളിൽ നിന്നാണ്. കേരളത്തിലേതു പോലെ ചുരുങ്ങിയ സമയം രാവിലെയോ വൈകുന്നേരമോ അല്ല ഉത്തരേന്ത്യൻ മദ്രസകൾ പ്രവർത്തിക്കുന്നത്.  ഭൗതിക സ്ഥാപനങ്ങളിൽ പഠനം നടത്താൻ സാമ്പത്തികമായും സാങ്കേതികമായും ശേഷിയില്ലാത്ത ഒരു വലിയ ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്നത് മദ്റസകളിലാണ്. അവിടുത്തെ കുട്ടികൾ മത ഭൗതിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിലൂടെ അവയിലൂടെയാണ്. ഐ.എ.എസ് പരിശീലനം പോലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ മദ്റസകൾ ഉത്തരേന്ത്യയിൽ പ്രവർത്തിക്കുമ്പോഴാണ് കമ്മീഷന്റെ ഈ കണ്ടെത്തൽ. 

കഴിഞ്ഞ ഒരു നൂറ്റാണ്ടിനടക്ക് കേരളത്തിലെ മുസ്‍ലിം സമൂഹത്തിനിടയിൽ രൂപപ്പെട്ടുവന്ന നവോത്ഥാനത്തിന്റെ ചരിത്രം പഠിക്കുമ്പോൾ അവയിൽ മദ്രസ സംവിധാനം വഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. രാജ്യത്തെ മുസ്‍ലിം സമുദായത്തെ ശാക്തീകരിക്കാൻ മദ്റസ സംവിധാനങ്ങളെ ശക്തിപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തത് രജീന്ദർ സച്ചാറിന് കീഴിലുള്ള കമ്മിറ്റിയായിരുന്നു.

വിദ്യാർഥികളെ മദ്റസകളിൽ നിന്ന് ഭൗതിക പഠന കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാണ് കമ്മീഷൻ പറയുന്നത്.  മുകളിൽ പരാമർശിച്ച പ്രശ്നങ്ങളുള്ളതു കൊണ്ട് തന്നെ മദ്റസ ബോർഡുകൾ  പിരിച്ചുവിടണമെന്നാണ് കമ്മീഷന്റെ അഭിപ്രായം. 2021-22ലെ കണക്കുപ്രകാരം രാജ്യത്ത് ഒന്നു മുതൽ എട്ടാം ക്ലാസ് വരെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 18.86 കോടിയാണ്. അതിൻറെ 15.2% മുസ്‍ലിംകളാണ്. അതായത്, 2.86 കോടി. ഇതിനിടയിൽ വരുന്ന വിദ്യാഭ്യാസം ലഭിക്കാത്ത 1.2 കോടി മുസ്‍ലിം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേരാവണ്ണം ലഭിക്കാനാണ് പദ്ധതി എന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ന്യായീകരിക്കുന്നുണ്ടെങ്കിലും അത് അവരുടെ മത വിദ്യാഭ്യാസത്തെ തകർത്തുകൊണ്ടാകുന്നിടത്താണ് അടിസ്ഥാനപരമായ പ്രശ്നമുദിക്കുന്നത്.  

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കിയത് മൂലം മതസ്ഥാപനങ്ങളിൽ മാത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാകുന്നില്ലെന്നും അവരെ ഭൗതിക സ്ഥാപനങ്ങളിലേക്ക് ചേർക്കുന്നതിലൂടെ  തുല്യമായ അവകാശം ലഭ്യമാകും എന്നുമാണ് കമ്മീഷന്റെ ന്യായീകരണം.  സഹപാഠികളെ കൊണ്ട് ക്ലാസിലെ തന്നെ മറ്റു വിദ്യാർത്ഥിയെ അടിക്കാൻ കൽപ്പിക്കുന്ന  അധ്യാപകരുള്ള ഉത്തരേന്ത്യൻ കലാലയങ്ങളിൽ ഈ തുല്യത എത്രത്തോളം പ്രായോഗികവൽക്കരിക്കപ്പെടുമെന്നത് ഊഹിക്കാവുന്നതാണ്.

ഇത് ആദ്യമായിട്ടല്ല മദ്രസ സംവിധാനങ്ങൾക്കെതിരെ ദേശീയതലത്തിൽ ഒരു നീക്കമുണ്ടാകുന്നത്. മുൻപും പല സംഘപരിവാർ നേതാക്കന്മാരും മദ്രസ സംവിധാനങ്ങള്‍ പൂട്ടിക്കണമെന്ന് പരസ്യപ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശർമ്മയുടെയുമൊക്കെ ഇതില്‍ മുന്നേ നടന്നവരാണ്. ജൻമഭൂമി വർഷങ്ങൾക്ക് മുമ്പ് എഴുതിയത് ഇതോടൊപ്പം വായിക്കാം, "ഇന്ത്യാ വിരുദ്ധ ഘടകങ്ങളായ ഐ.എസ്.ഐ.യും ഐ.എസ്.ഐ. പ്രേരിതമായ ക്രിമിനൽ സംഘങ്ങളും മതതീവ്രവാദി സംഘടനകളും ഉൾപ്പെടെ വളരെ ആ സൂത്രിതമായി മൗലികവാദം ഉണർത്തി മറ്റുള്ളവരോട് അകന്നുനിൽക്കാനും വഴക്കുണ്ടാക്കി മതവിരോധം വളർത്തിയെടുക്കാനും വിഘടനവാദം വളർത്താനും ആയുധപോരാട്ടത്തിന് തയ്യാറെടുക്കാനും രഹസ്യമായി പ്രവർത്തിച്ചുവരികയാണ്. ഈ കാര്യത്തിൽ ഇന്ത്യയിലെ മദ്റസകളിൽ നല്ലൊരുഭാഗം ബോധപൂർവ്വം ദേശീയവിരുദ്ധ പ്രവർത്തനത്തിനും തീവ്രവാദത്തിനും വേണ്ടത്ര പിന്തുണ നൽകുകയും ഊർജ്ജിതമായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്."

രാജ്യത്തെ മദ്രസകളുടെ ഉള്ളറകളിൽ ഉയിർക്കൊള്ളുന്ന മതസഹിഷ്ണുതയുടെയും ധാർമ്മികതയുടെയും മഹിതമായ ദർശനങ്ങളെ കാണാതെ, അബദ്ധജടിലമായ ആരോപണങ്ങളാണ് ഇതിലൂടെ എഴുതി വിട്ടിരിക്കുന്നത്.  മദ്റസകൾ വൻതോതിൽ പെരുകുകയാണെന്നും അതിർത്തി പ്രദേശങ്ങളിലെ മദ്റസകളെ പാക് ഐ.എസ്.ഐ ചൂഷണം ചെയ്യുകയാണെന്നുമുള്ള മുൻ ആഭ്യന്തരസഹമന്ത്രി സാഗരറാവു പ്രസ്താവിച്ചിരുന്നു. അതിൻറെ എല്ലാം ബാക്കി പത്രമാണ് കമ്മീഷന്റെ റിപ്പോർട്ടും എന്ന് വേണം കരുതാന്‍.

കർണാടകയിലെ ഹിജാബ് നിരോധനവും   ചരിത്രം വെട്ടിച്ചുരുക്കി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണവും സമരം ചെയ്യുന്ന വിദ്യാർത്ഥി നേതാക്കളുടെ അറസ്റ്റും അങ്ങനെ നീണ്ടു പോകുന്നുണ്ട് മുസ്‍ലിം വിദ്യാഭ്യാസ വിഷയങ്ങളിലെ സംഘപരിവാർ കൈകടത്തലുകളുടെ നീണ്ട നിര. എല്ലാത്തിനുമപ്പുറത്ത് മാർക്ക് ജിഹാദെന്ന  അടിസ്ഥാനമില്ലാത്ത ഒരു ആരോപണവുമുയർത്തി ഇസ്‍സാമോഫോബിയക്ക് തിരികൊളുത്തിയതും നാം കണ്ടതാണ്. എല്ലാം കഴിഞ്ഞ് പൗരത്വ ബില്ലും വഖഫ് ബില്ലുമെല്ലാം അരങ്ങൊഴിഞ്ഞ ഗ്യാപ്പിലേക്കാണ് സർക്കാർ മദ്റസകളെ ഒരു ദേശീയ വിഷയമായി ഉയർത്തി കൊണ്ടുവരുന്നത്. 

ഇന്ത്യയിലെ ഏതൊരു പൗരനും ഭരണഘടന നിഷ്കർഷിക്കുന്ന രീതിയിൽ സ്വന്തം മതത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അനുവർത്തിക്കാനും പ്രബോധനം ചെയ്യാനുമുള്ള തുല്യമായ സ്വാതന്ത്ര്യമുണ്ട്. ആ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പഠിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മദ്രസകൾ. രാജ്യത്തെ മദ്റസകൾ മത മൂല്യങ്ങളെ പകർന്നു നൽകി അതുവഴി സാമൂഹിക മൂല്യബോധമുള്ള ഒരു സമൂഹത്തെയും രാജ്യത്തോട് പ്രതിബദ്ധതയുള്ള ഒരു തലമുറയെയും വാർത്തെടുക്കാനുള്ള ഇടങ്ങളാണ്. ഈ കമ്മീഷൻ വിദ്യാർത്ഥികളുടെ അവകാശത്തെ സംരക്ഷിക്കുകയല്ല, സൗജന്യമായി വിദ്യാഭ്യാസം നുകരാനുള്ള ഒരു സമുദായത്തിന്റെ അവകാശത്തെയാണ് ഹനിക്കുന്നത്. "കോടതിയിൽ പൊക്കോളൂ... ആര് ജയിക്കുമെന്ന് കാണാം എന്ന ചെയർമാന്റെ വെല്ലുവിളി മതേതര ഭാരതം ഏറ്റെടുക്കുകയാണ്. ആ ധാർഷ്ട്യം നിറഞ്ഞ വാക്കുകള്‍ പോലും മതേതര ഇന്ത്യക്ക് കേട്ട് നില്ക്കാനാവില്ലെന്നതാണ് സത്യം.

അതേ സമയം, ഉള്ള മദ്റസകള്‍ക്ക് താഴിടുന്നതിന് മുമ്പ്, ആ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള പ്രാഥമിക സൗകര്യങ്ങളെങ്കിലും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ എന്ന് കൂടി കമ്മീഷന് നോക്കാമായിരുന്നു. നല്ലൊരു സ്കൂള്‍ പോലുമില്ലാത്ത ജില്ലകളാണ് ഉത്തരേന്ത്യയില്‍ പലതും. അവയെല്ലാം ഒന്ന് ശരിയാക്കിയിട്ട് മതിയായിരുന്നു മദ്റസകള്‍ക്ക് പൂട്ടിടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter