നവൈതു 11 – ഇനി മഗ്ഫിറതിന്റെ നാളുകള്‍
അല്ലാഹുമ്മഗ്ഫിര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍
നാഥാ, എന്റെ ദോഷങ്ങള്‍ നീ പൊറുത്ത് തരേണമേ...
വിശുദ്ദ റമദാന് ആദ്യ പത്ത് ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ഭാഗത്തേക്ക് പ്രവേശിച്ചതോടെ, വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ ഈ വാക്കുകള്‍ ഇടം പിടിക്കുന്നു. പാപങ്ങളും തെറ്റുകളും സംഭവിക്കുന്നത് മനുഷ്യജന്മത്തില് സ്വാഭാവികമാണ്. പ്രവാചകര്‍ മാത്രമേ ദോഷങ്ങള്‍ സംഭവിക്കാത്ത വിധം സുരക്ഷിതരുള്ളുവല്ലോ. അത് കൊണ്ട് തന്നെ, സംഭവിച്ചുപോയ തെറ്റുകള്‍ക്ക് പശ്ചാത്തപിക്കുക എന്നതാണ് വിശ്വാസിയുടെ അടയാളമായി ഖുര്‍ആന്‍ എടുത്ത് പറയുന്നത്.
ഖുര്‍ആനിലെ മൂന്നാം അധ്യായമായ സൂറതുആലുഇംറാനിലെ 135-ാം സൂക്തം, നന്മയുടെ വക്താക്കളെ കുറിച്ച് പറയുന്നത് ഇങ്ങനെ മനസ്സിലാക്കാം, വല്ല നീചകൃത്യവും ചെയ്യുകയോ തങ്ങളെത്തന്നെ (വല്ല പാപകര്‍മവും മൂലം) ദ്രോഹിക്കുകയോ ചെയ്താല്‍ (ഉടനെ) അവര്‍ അല്ലാഹുവിനെ ഓര്‍മിക്കും. അങ്ങനെ തങ്ങളുടെ പാപമോചനത്തിനായി (അല്ലാഹുവിനോട്) അവര്‍ പ്രാര്‍ഥിക്കും-അല്ലാഹു അല്ലാതെ പാപങ്ങള്‍ പൊറുക്കുവാന്‍ ആരാണുള്ളത്-തങ്ങള്‍ ചെയ്തുപോയ തെറ്റില്‍ (അത് തെറ്റാണെന്ന്) അറിഞ്ഞുകൊണ്ട് ഉറച്ചുനില്ക്കാത്തവരാണവര്.
എത്ര സുന്ദരവും പ്രത്യാശാജനകവുമാണ് ഈ വാക്കുകള്‍. പാപങ്ങള്‍ അല്ലാഹുവല്ലാതെ വേറെ ആരാണുള്ളത് എന്നാണ് പടച്ച തമ്പുരാന് ചോദിക്കുന്നത്. സ്വന്തം ശരീരങ്ങളുടെ മേല്‍ അക്രമം ചെയ്തു പോയ എന്റെ അടിമകളേ എന്ന സ്നേഹമസൃണമായ അഭിസംബോധനയും മറ്റൊരു സൂക്തത്തില്‍ കാണാവുന്നതാണ്.
Read More: റമദാന് ചിന്തകള്‍ - നവൈതു..11. ളുഹാ സമയം, അതും പ്രധാനം തന്നെ
സംഭവിച്ചുപോയ തെറ്റുകളില്‍ മനസ്സ് തളര്‍ന്ന് നിരാശരായി ജീവിതം തുടരേണ്ടവനല്ല വിശ്വാസി ഒരിക്കലും. നൂറ് പേരെ കൊന്നവന്ന് പോലും അല്ലാഹു പൊറുത്ത് കൊടുത്ത പൂര്‍വ്വ സമുദായ സംഭവങ്ങള്‍ ഹദീസുകളിലും കാണാം. ആദമിന്റെ സന്തതികളെല്ലാം തെറ്റ് ചെയ്യുന്നവരാണെന്നും തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നും പറയുന്ന പ്രവാചക വചനവും ഇതോട് ചേര്‍ത്ത് വായിക്കാം.
ഭയത്തിന്റെയും പ്രതീക്ഷയുടെയും ഇടയിലൂടെയാണ് സദാസമയവും ഒരു വിശ്വാസിയുടെ സഞ്ചാരം. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചുള്ള പേടി ഉള്ളിലുണ്ടാകുന്ന അതേ അളവില്‍, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തില്‍ പ്രതീക്ഷ കൂടി കാത്ത് സൂക്ഷിക്കുന്നവനാണ് അവന്. അവന്റെ കരുണാകടാക്ഷങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയാല്‍ പിശാചിന് പോലും അവന് പൊറുത്ത് കൊടുത്തേക്കാമെന്ന് തോന്നിപ്പോവുമെന്ന് പറഞ്ഞ പണ്ഡിതരുണ്ട്.
ആയതിനാല്‍, വരും ദിനങ്ങളില്‍ നമുക്ക് പാപമോചനത്തിനായി അല്ലാഹുവിലേക്ക് കരങ്ങള്‍ നീട്ടാം. ജീവിതത്തില്‍ ഇക്കാലമത്രയും സംഭവിച്ചുപോയ തെറ്റുകള്‍ അവന്റെ മുന്നില്‍ ഏറ്റ് പറഞ്ഞ്, ആര്‍ദ്ര നയനങ്ങളോടെ അവനോട് മാപ്പിരക്കാം. അവന് പൊറുക്കാതിരിക്കില്ല, കാരണം അവന് ഗഫൂറും റഹീമുമാണല്ലോ.
Leave A Comment