മുസ്‌ലിം ഓണാഘോഷം: വാദങ്ങളും വസ്തുതകളും
ഓണാഘോഷത്തിലെ മുസ്‌ലിം ഇടപെടല്‍ ഇന്ന് കേരളത്തിലെ ചൂടേറിയ ചര്‍ച്ചയാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ബ്ലോഗുകളും സൈറ്റുകളുമെല്ലാം ഇത് ഏറ്റുപിടിച്ചതോടെ ഓരോ മലയാളിയും ഇതില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. മലയാണ്‍മയുടെ സെക്യുലര്‍ പ്രതലത്തില്‍ ഓണത്തെ പ്രതിഷ്ഠിക്കുന്നവര്‍ മുസ്‌ലിംകളിലെ അതിന്റെ ആഘോഷ സാധ്യതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. തെളിവുകള്‍ നിരത്തി അതിനുവേണ്ടി വാദിക്കുന്നു.
എന്നാല്‍, കേരളത്തില്‍ ആഘോഷിക്കപ്പെടുന്ന ഓണത്തിലെ മതചായ്‌വുകള്‍ മുന്നിര്‍ത്തി വിലയിരുത്തുന്നവര്‍ അതിലെ ഇസ്‌ലാമേതര സ്വാധീനങ്ങളെ ഉയര്‍ത്തിക്കാണിക്കുകയും മുസ്‌ലിംകള്‍ അത് ആഘോഷിക്കുന്നതിലെ അന്യാനുകരണത്തെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരുണത്തില്‍ ഓണവും ഓണാഘോഷവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഇവ്വിഷയകമായി ഇതുവരെ വന്ന പഠനങ്ങളും അന്വേഷണങ്ങളും മുമ്പില്‍വെച്ചുനോക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചകളുടെ പോക്ക് രണ്ടു പോയ്ന്റുകളെ കേന്ദ്രീകരിച്ചാണെന്നു കണ്ടെത്താം. ഒന്ന്, ഓണത്തിന്റെ ഉല്‍ഭവവും മറ്റേത് ഓണത്തിന്റെ ആഘോഷവും. മുസ്‌ലിംകള്‍ ഓണമാഘോഷിക്കേണ്ടതിന്റെ ആവശ്യകതയില്‍നിന്നാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെങ്കില്‍ ഓണംതന്നെ ഹിന്ദു കള്‍ച്ചറിന്റെ ഭാഗമായി ഉദയംചെയ്തതല്ലായെന്ന് വ്യക്തമാക്കുന്നിടത്ത് എത്തിനില്‍ക്കുന്നു ഇന്ന് പഠനങ്ങള്‍.
ഓണത്തിലെ ബ്രാഹ്മണ മേല്‍ക്കോഴ്മ
ഓണാഘോഷവും നിലവിളക്കും കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളായി ഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ബ്രാഹ്മണ്യത്തിന്റെ മേല്‍ക്കോഴ്മയും ആധിപത്യവുമാണ് ഇതില്‍ പ്രകടമാകുന്നതെന്നാണ് ഒ. അബ്ദുല്ലയുടെ നിരീക്ഷണം: നാടന്‍ ന്യായങ്ങള്‍ പോരാ, ഇസ്‌ലാം അതികഠിനമായി വിലക്കിയ ബഹുദൈവാരാധനയും അനുബന്ധ ചടങ്ങുകളും ഹലാലാക്കാന്‍. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നതും അവരുടെ നാവില്‍ അരിമണികൊണ്ട് അക്ഷരങ്ങള്‍ എഴുതുന്നതും തെറ്റല്ല.
വെളിച്ചത്തിന്റെ പ്രതീകമായ ദീപം അരങ്ങില്‍ അവതരിപ്പിക്കുന്നതോ അതില്‍ തിരികൊളുത്തുന്നതോ ആ ദീപത്തില്‍നിന്നുള്ള പ്രകാശവിസ്മയത്തില്‍ നിര്‍വൃതികൊള്ളുന്നതോ തെറ്റല്ല.
ഓണത്തിന് അമുസ്‌ലിം സുഹൃത്തുക്കളോടൊപ്പം സദ്യയുണ്ണാന്‍ വാഴയിലയുടെ മുമ്പില്‍ ചെന്നിരിക്കവെ, ആതിഥേയന്റെ വീട്ടുകാരി ഇലയിലേക്കു ചോറും സാമ്പാറും ഓലനും തോരനും അവിയലും പച്ചടികിച്ചടികളും വിളമ്പുമ്പോള്‍ കൊതിയോടെ അതു നോക്കിയിരിക്കുന്നതും തിന്നുന്നതും തെറ്റല്ല; ഓണമുണ്ട് ഏമ്പക്കം വിടുന്നതും വയറ്റിലുള്ളത് ദഹിക്കാന്‍ ഒരല്‍പ്പനേരം ഓണത്തല്ലില്‍ ഏര്‍പ്പെടുന്നതും ഒരു മതവിധി അനുസരിച്ചും തെറ്റല്ല. തെറ്റ്, ഓണവുമായും നവമിയുമായും ദീപംതെളിക്കലുമായും ബന്ധപ്പെട്ട മൗലികവിശ്വാസമാണ്.
ബഹുദൈവവിശ്വാസികളായ ഒരു സമൂഹം അമ്പലങ്ങളിലും സ്വന്തം വസതികളിലും കച്ചവടസ്ഥാപനങ്ങളിലും ഓഫിസ്മുറികളിലും മറ്റെല്ലായിടങ്ങളിലും അവരുടെ അവകാശവാദമനുസരിച്ചു ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്ന ആരാധനാ രൂപമാണ് നിലവിളക്ക് കൊളുത്തല്‍. ആയിരം ഇരട്ടി വെളിച്ചം നല്‍കുന്ന മെര്‍ക്കുറിയെ മാറ്റിനിര്‍ത്തി നിലവിളക്കില്‍ തെളിയുന്ന തിരിനാളം ജ്വലിപ്പിക്കുക വഴി സംഭവിക്കുന്നത് ദൈവത്തിന്റെ സ്ഥാനത്ത് അഗ്നിദേവനെ പ്രതിഷ്ഠിക്കലാണ് എന്നു തിരിച്ചറിയുമ്പോഴാണ് ഏകദൈവവിശ്വാസിക്ക് ഇത്തരം നടപടികളില്‍നിന്നു മര്യാദപൂര്‍വം മാറിനില്‍ക്കേണ്ടിവരുന്നത്. അറിവില്ലായ്മയില്‍നിന്ന് അറിവിലേക്ക്; ബൗദ്ധിക അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക്; പുനര്‍ജന്മത്തില്‍നിന്ന് സായൂജ്യത്തിലേക്ക് (അസദോമാ സദ്ഗമയ; തമസോമാ ജ്യോതിര്‍ഗമയാ….) എന്ന സ്‌തോത്രം മഹത്തരമാണ്. പക്ഷേ, അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്കു കടക്കാന്‍ കടാക്ഷിക്കണമെന്ന് പ്രപഞ്ചസ്രഷ്ടാവും എല്ലാവിധ വെളിച്ചത്തിന്റെയും മേല്‍വെളിച്ചവുമായ ഏകദൈവത്തോടു പറയേണ്ടതിനു പകരം ദൈവത്തിന്റെ സൃഷ്ടികളോടോ അവരുടെ സൃഷ്ടികളായ സങ്കല്‍പ്പങ്ങളോടോ പറയുമ്പോള്‍, കലര്‍പ്പില്ലാത്ത ഇസ്‌ലാംമതവിശ്വാസിയുടെ കാര്യത്തില്‍ അതു ശുദ്ധ ശിര്‍ക്കും അതുകൊണ്ടുതന്നെ അനനുവദനീയവുമായിത്തീരുന്നു.
പരിപാടികള്‍ ആരംഭിക്കുമ്പോള്‍, സമൂഹത്തില്‍ ഒരുവിഭാഗം കാലങ്ങളായി അമ്പലങ്ങളിലും അല്ലാത്തിടങ്ങളിലും ആരാധിച്ചുപോരുന്ന നിലവിളക്കിനു പകരം എന്തുകൊണ്ട് സര്‍വരാലും വന്ദിക്കപ്പെടുന്ന, ഏകദൈവത്തെ സ്തുതിക്കുന്ന ദൈവിക പ്രാര്‍ഥനയായിക്കൂടാ? എന്തുകൊണ്ടു നാട മുറിച്ചോ ബലൂണ്‍ വിട്ടോ പ്രാവിനെ പറത്തിയോ പടക്കം പൊട്ടിച്ചോ പാട്ടുപാടിയോ ആയിക്കൂടാ ചടങ്ങുകളുടെ ആരംഭം? മംഗളകര്‍മങ്ങള്‍ക്കു നിലവിളക്ക് കൊളുത്തണമെന്ന ഹൈന്ദവാചാരം തന്നെ പൊതുചടങ്ങുകളില്‍ വേണമെന്ന ശാഠ്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത് എന്താണ്? ഇതില്‍ ഒരു സാംസ്‌കാരിക മേധാവിത്വത്തിന്റെ അധിനിവേശാംശമുണ്ട്. സവര്‍ണതാല്‍പ്പര്യങ്ങളുടെ തിരിനീട്ടലാണത് (ഇത്ര മെയ് വഴക്കം നന്നല്ല ഡോക്ടര്‍,http://www.thejasnews.com/index.jsp?tp=det&det=yes&news_id=201207123161603929)
ഇന്ത്യന്‍ മുസ്‌ലിമിന് അനുവദനീയം
എന്നാല്‍, മറ്റൊരു ദിശയിലാണ് ഡോ. കെ.ടി. ജലീലിന്റെ നിരീക്ഷണം. മതേതര ഇന്ത്യയില്‍, സിന്ദൂനദീതട സംസ്‌കാരത്തിന്റെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്തുടര്‍ച്ചക്കാരായി വന്ന ആളുകള്‍ അവിടത്തെ പൊതുചടങ്ങുകളെ പൊതുവായി ഉള്‍കൊള്ളുകയും അതില്‍ ഒരാളായി ചേര്‍ന്ന് പങ്കാളികളായി മാറുകയുംവേണമെന്ന് അദ്ദേഹം പറയുന്നു. നിലവിളക്കും ഓണവുമെല്ലാം കേരളത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണെന്നും എന്നാല്‍ മറ്റുള്ളവരെപ്പോലെ മുസ്‌ലിംകള്‍ക്കും അത് ആഘോഷിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ വാദം: പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും നിലവിളക്ക് കൊളുത്താതെ മാറിനില്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്തുമാത്രമാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍എനിക്ക് ചെറുതാകേണ്ടിവന്നതെന്ന് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല.
ഈമാനസിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമസ്തയുടെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനുമായ അസ്ഹരി തങ്ങളെ ഞാന്‍ സമീപിച്ചു. നിലവിളക്ക് ഒരു ചടങ്ങിന്റെ ഭാഗമായി കൊളുത്തുന്നതിന്റെ മതവിധി ഞാനദ്ദേഹത്തോടാരാഞ്ഞു. തങ്ങള്‍ പറഞ്ഞു; ”എല്ലാ കര്‍മങ്ങളും ഉദ്ദേശ്യത്തെ ആസ്പദിച്ചാണ്, വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലല്ലാതെ ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ല”. ഇതിനു ശേഷം ഞാന്‍ പങ്കെടുത്ത ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ടിവന്നാല്‍ മാറിനില്‍ക്കാതെ ഞാനും നിലവിളക്ക് കൊളുത്തിത്തുടങ്ങി. കേരളത്തിലെപുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം ഇന്നുംനിലനില്‍ക്കുന്നുണ്ടെന്നത് ഇതോടനുബന്ധമായി കാണണം. പള്ളിയില്‍ നിലവിളക്ക്കൊളുത്തുന്നത് മതത്തിന് അനുകൂലവും പള്ളിക്ക് പുറത്തു കൊളുത്തുന്നത്മതത്തിന് പ്രതികൂലവുമാകുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടുംമനസ്സിലാകുന്നില്ല.
ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത്ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെസംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമുംപൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ്മതനിന്ദയാകുക (മാതൃഭൂമി, ആഗസ്ത് 27)
ഓണം ഹൈന്ദവ പാരമ്പര്യമല്ല
ഓണാഘോഷങ്ങള്‍ക്കപ്പുറം ഓണത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമാണ് ഡോ. എം.എസ്. ജയപ്രകാശിന്റെ അന്വേഷണം. ഓണം ഹൈന്ദവ ആചാരമോ പാരമ്പര്യമോ അല്ലെന്നും കാലാന്തരത്തില്‍ പേര് മാറി സംഭവിച്ച ഒരു ചാര്‍ത്തല്‍ മാത്രമായിരുന്നു അതെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു. വസ്തുതകളുടെ വെളിച്ചത്തില്‍ നോക്കുകയാണെങ്കില്‍ അതില്‍ മുസ്‌ലിം-ജൂത ബന്ധങ്ങളാണ് കൂടുതല്‍ ദൃശ്യമാകുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം: ദ്രാവിഡ-ബുദ്ധമത പാരമ്പര്യമുള്ള മലയാളികളുടെ പൂര്‍വികരുടെ 1200 വര്‍ഷത്തെ (ക്രി.മു 300- ക്രി.ശേ 900) ചരിത്രം പരിശോധിച്ചാല്‍ ഓണത്തിന്റെ ചരിത്രസത്യം പുറത്തുവരും.
ഈ കാലഘട്ടത്തില്‍ ‘കേരളം’ എന്ന സംസ്‌കൃതനാമം രാജ്യത്തിനുണ്ടായിരുന്നില്ല. കേരളത്തിന്റെ തമിഴ്-മലയാള രൂപമായ ചേരം അഥവാ ചേരളമാണുണ്ടായിരുന്നത്. ചേരരാജ്യമുള്ള 1200 വര്‍ഷത്തെ ചരിത്രം തമസ്‌കരിക്കാനാണു പരശുരാമകഥ പ്രചരിപ്പിക്കപ്പെട്ടത്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനന്‍. ആറാമത്തെ അവതാരമാണു പരശുരാമന്‍. വാമനനുശേഷമാണ് പരശുരാമന്‍ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാമത്തെ ആളായ വാമനന്‍ വരുമ്പോള്‍ ഈ നാടുണ്ടായിരുന്നു; മഹാബലി ഭരിച്ചിരുന്ന മാവേലിനാട്. പിന്നീടു വന്ന പരശുരാമന്‍ ഈ നാടിനെ സൃഷ്ടിക്കുന്നതെങ്ങനെ? വാമനന്‍ വരുമ്പോഴുണ്ടായിരുന്ന മാവേലിനാട് സമത്വസുന്ദരമായിരുന്നെന്നും ആ ഭരണാധികാരിയെ പുറത്താക്കിയെന്നുമാണല്ലോ പറയുന്നത്.
അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജനം കാത്തിരിക്കുന്നു എന്നും അതാണ് ഓണത്തിന്റെ കഥയെന്നും പറയുന്നതില്‍ ചരിത്രസത്യമുണ്ട്. ഒരു വ്യവസ്ഥിതി മാറി മറ്റൊന്നു സ്ഥാപിക്കപ്പെട്ട കാര്യമാണ് ഇവിടെ തെളിയുന്നത്. ചേരനാടിനെ കേരളമാക്കി മാറ്റിയത് പരശുരാമന്‍ തന്നെയാണ്; അതുകൊണ്ടാണ് കേരളം ‘സൃഷ്ടിച്ചത്’ പരശുരാമനാണെന്നു പറയുന്നത്. ചേരളം കേരളമായപ്പോള്‍ 1200 വര്‍ഷത്തിലധികം സ്വതന്ത്രജനതകളായിരുന്നവരെ ചാതുര്‍വര്‍ണ്യ നിയമപ്രകാരം അടിമകളാക്കി. ഈ കാലഘട്ടത്തില്‍ ഇന്നത്തെ മലയാളികളുടെ പൂര്‍വികര്‍ ജാതിമതഭേദമില്ലാതെ ആഘോഷിച്ചിരുന്ന ദേശീയോല്‍സവമാണ് ഓണം. ഈ കാലഘട്ടത്തിലെ മതം ബുദ്ധമതമായിരുന്നു. ചാതുര്‍വര്‍ണ്യ കേരളത്തിലാണ് ഹിന്ദു ജാതിവ്യവസ്ഥ വരുന്നത്. ഇതില്‍നിന്നു ക്രിസ്തുമതത്തിലൂടെയും ഇസ്‌ലാമിലൂടെയും മോചനം നേടിയവരാണ് ഇന്നത്തെ ക്രൈസ്തവരും മുസ്‌ലിംകളും. രണ്ടുകൂട്ടരും ദേവാലയത്തിനെ ‘പള്ളി’ എന്നു വിളിക്കുന്നതും ‘മാപ്പിള’ എന്നറിയപ്പെടുന്നതും ബുദ്ധപാരമ്പര്യംകൊണ്ടാണ്. മതം മാറിയെങ്കിലും ചേര-ദ്രാവിഡ-ബൗദ്ധപാരമ്പര്യത്തിലൂടെ വന്ന ഓണം എല്ലാവരും ആഘോഷിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലാണ് ‘ഓണം’ ഹിന്ദുക്കളുടേതാണെന്ന ചിന്തയും സമീപനവും രൂപപ്പെട്ടത്. ഓണം ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്നതാണു വാസ്തവം. (ഹിന്ദുമതം മതമല്ല, ഒരു വ്യവസ്ഥിതിയാണെന്ന കാര്യവും ഓര്‍ക്കുക).
മലയാളികളുടെയെല്ലാം പൂര്‍വികരുടെ പൊതുസംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് ഓണം. എഴുത്തിനിരുത്തുന്നതിലും ഓണത്തിലുമൊക്കെ ഹിന്ദുവിശ്വാസത്തിന്റെ അംശമുണെ്ടന്ന നിലപാടുകള്‍ ഹൈന്ദവവല്‍ക്കരണം നടന്നുപോയ ഒരു സമൂഹത്തിന്റെ നടുവില്‍ നില്‍ക്കുന്നതുകൊണ്ടുണ്ടായതാണ്. അതിനു ചരിത്രപരമായ സാധുതയില്ല. ഹൈന്ദവ ചാതുര്‍വര്‍ണ്യശക്തികളുടെ അധിനിവേശത്തിനെതിരേ വിമോചനത്തിന്റെ മാന്ത്രിക സന്ദേശം നല്‍കിയ പ്രസ്ഥാനമാണല്ലോ ഇസ്‌ലാം. ഹിന്ദുത്വം സൃഷ്ടിച്ച നൂറ്റാണ്ടുകളുടെ അടിമത്തത്തെ മാനവികതയിലൂടെ തുടച്ചുമാറ്റുകയാണ് ഇവിടെ ഇസ്‌ലാം ചെയ്തത്. ഹിന്ദുത്വം സൃഷ്ടിച്ച അടിമത്തത്തിനു മുമ്പ് ദ്രാവിഡ-ബൗദ്ധ-ചേര പാരമ്പര്യമുള്ള ഓണവും എഴുത്തിനിരുത്തുമൊ ക്കെയുണ്ടായിരുന്നു. ഇത് 1500 വര്‍ഷത്തിലധികം നീണ്ടുനിന്നതുമാണ്. പൈശാചികമായ ഒരു സാംസ്‌കാരിക മര്‍ദ്ദനത്തിലൂടെ ഈ സംസ്‌കാരത്തെ ചാതുര്‍വര്‍ണ്യശക്തികള്‍ ഞെരിച്ചുകൊന്ന് കശക്കിയെറിയുകയാണു ചെയ്തത്. ഹൈന്ദവവല്‍ക്കരിക്കപ്പെട്ട ഓണത്തിനപ്പുറം തങ്ങളുടെ പൂര്‍വികരുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഓണവും നിലവിളക്കും എഴുത്തിനിരുത്തുമുണ്ടായിരുന്ന കാര്യമാണ് ഓര്‍മിക്കേണ്ടത്. (ഓണം മലയാളിയുടെശ്രാവണോല്‍സവം, (http://www.thejasnews.com/index.jsp?tp=det&det=yes news_id=201207128163651204)
ചരിത്രത്തിലെ മുസ്‌ലിം ബന്ധങ്ങള്‍
ഓണത്തെക്കുറിച്ച് എഴുത്തപ്പെട്ട ചരിത്രത്തില്‍ അനവധി മുസ്‌ലിം ബന്ധങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അഡ്വ. ടി.എം റഷീദിന്റെ നിരീക്ഷണം. ഓണത്തിന്റെ തുടക്കത്തെക്കുറിച്ച് ചരിത്രം പറയുന്നത് ചേരമാന്‍ പെരുമാളിന്റെ ഇസ്ലാമാശ്ലേഷത്തോടെയാണെന്നാണ് അദ്ദേഹത്തിന്റെ സമര്‍ത്ഥനം: പക്ഷേ ഓണത്തിന് ഒരുത്ഭവം ഉണ്ടാകാതെ വയ്യ. അസീരിയയില്‍ നിന്ന് കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെ സാംസ്‌കാരിക പൈതൃകമായും കാര്‍ഷിക-ഗോത്ര സംസ്‌കൃതിയുടെ പിന്‍തുടര്‍ച്ചയായുമെല്ലാം ഓണത്തെ കാണുന്നവരുണ്ട്. എന്നാല്‍ പ്രജാ ക്ഷേമ തല്‍പരനായ ഒരു ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ രാജ്യത്യാഗത്തിന്റെ ഓര്‍മ്മകളുടെയും അനുസ്‌മരണ ദിനമായാണ് ചരിത്രം ഓണത്തെ വിലയിരുത്തുന്നത്. കേരളം അടക്കിവാണ അവസാന രാജവംശമായിരുന്നു ചേര രാജവംശം.
കൊടുങ്ങല്ലൂരിന് സമീപം മുസരിസ് ആസ്ഥാനമായി കേരളം ഭരിച്ചിരുന്ന ഈ രാജാക്കന്മാര്‍ ചേരമാന്‍ പെരുമാള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അവസാനത്തെ പെരുമാളായിരുന്ന (ചക്രവര്‍ത്തി) ഉദയ വര്‍മന്‍ ഇസ്‌ലാംമതം സ്വീകരിക്കുകയും കേരളം നാട്ടുരാജാക്കന്മാര്‍ക്കായി വിഭജിച്ച് നല്‍കുകയും ചെയ്‌ത ശേഷം മക്കയിലേക്ക് പോയി. ചേരമാന്‍ പെരുമാള്‍ മക്കത്തേയ്‌ക്ക് യാത്ര പോയത് എ ഡി 825 ഓഗസ്റ്റ് 25 ന് തൊട്ടടുത്ത ദിവസമായിരുന്നു. കൊല്ല വര്‍ഷം തുടങ്ങുന്നത് എ ഡി 825 ഓഗസ്റ്റ് 25 നാണ്. ഐതിഹ്യങ്ങള്‍ എന്തു തന്നെയായാലും ചരിത്രം സാക്ഷ്യം പറയുന്നത് ഓണാഘോഷത്തിന്റെ തുടക്കം ചേരമാന്‍ പെരുമാളിന്റെ മക്കാ യാത്രയുമായി ബന്ധപ്പെട്ടാണെന്നാണ്. ഇനി മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പറയുന്നു: `വടക്കന്‍ കൊല്ല വര്‍ഷം എ ഡി 825 ഓഗസ്റ്റ് 25 ന് തുടങ്ങുന്നു.”
കൂടുതല്‍ സാഹചര്യ തെളിവുകള്‍ വേറെയുമുണ്ട്. ഇതേ കാലത്തും സമയത്തുമാണ് ചേരമാന്‍ പെരുമാള്‍ എന്ന് മാപ്പിളമാര്‍ പറയുന്ന, കേരള രാജാക്കന്മാരില്‍ അവസാനത്തെ ആളെന്ന് ഹിന്ദുക്കളും മുഹമ്മദീയരും ഒരുപോലെ വിശ്വസിക്കുന്ന ഒരു മലബാര്‍ രാജാവ് ഇസ്‌ലാം സ്വീകരിക്കുകയും അറേബ്യയിലേക്ക് പോകുകയും അവിടെ സാഫാര്‍ എന്ന സ്ഥലത്ത് അന്ത്യ നിദ്ര കൊള്ളുകയും ചെയ്‌തത്. സാഫാറില്‍ ഇപ്പോഴുമുണ്ട് അദ്ദേഹത്തിന്റെ ബലികുടീരം. (മാതൃഭൂമി 2010 എഡിഷന്‍, പേജ് 169 ) കൊല്ല വര്‍ഷാരംഭത്തെയും ചേരമാന്‍ പെരുമാളിന്റെ മക്കാ യാത്രയെയും ബന്ധപ്പെടുത്താന്‍ വില്യം ലോഗന്‍ കൂടുതല്‍ തെളിവുകള്‍ നിരത്തുന്നുണ്ട്. പേജ് 153 ല്‍ വായിക്കുക: അറേബ്യന്‍ തീരത്ത് ഷഹറില്‍ നിന്നു അധികം ദൂരയല്ലാതെ സാഫാര്‍ എന്ന സ്ഥലത്ത് ചേരമാന്‍ പെരുമാളിന്റെ ഖബര്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ഖബറില്‍ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. സഫറില്‍ എത്തിപ്പെട്ട കാലം- ഹിജ്‌റ 212, അവിടെ വെച്ച് മരണപ്പെട്ട കാലം- ഹിജ്‌റ 216. ഈ തീയതികള്‍ എ ഡി 827- 832 ന് സമമാണ്. എ. ഡി 825 ആഗസ്റ്റ് 25 നാണ് മലയാള കൊല്ല വര്‍ഷത്തിന്റെ തുടക്കം. എന്നു പറഞ്ഞാല്‍ വടക്ക്- കിഴക്കന്‍ കാല വര്‍ഷം തുടങ്ങുന്നതിന്റെ തൊട്ടു മുമ്പ്, പടിഞ്ഞാറന്‍ തീരത്ത് നിന്ന് കപ്പലുകള്‍ അറേബ്യയിലേക്കും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്കും നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന കാലത്ത്. മലയാളക്കരയുടെ അവസാന ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ അറേബ്യയിലേക്ക് കപ്പല്‍ കയറിപ്പോയ ദിവസം തൊട്ട് കൊല്ല വര്‍ഷം എണ്ണിതുടങ്ങി എന്ന് വരുന്നത് ഈ പശ്ചാതലത്തില്‍ അസംഭവ്യമല്ല.
പെരുമാള്‍ കുറേക്കാലം ഷഹറില്‍ താമസിച്ചുവെന്ന് പറയുന്നത്, എ. ഡി 825 ഓഗസ്റ്റ്- സെപ്‌തംബറിനും സാഫാറിലേയ്‌ക്ക് അദ്ദേഹം പോയ എ. ഡി 827 നും ഇടയിലുള്ള കാല നിര്‍ണ്ണയം സംബന്ധിച്ച അവ്യക്തത തൃപ്‌തികരമായി നികത്തുന്നുണ്ട്. കൊല്ല വര്‍ഷത്തെകുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷം വില്യം ലോഗന്‍ എത്തുന്ന നിഗമനം, കൊല്ല വര്‍ഷാരംഭം എ. ഡി 825 ഓഗസ്റ്റ് 25 നായതിനാലും കേരളത്തിന്റെ അവസാനത്തെ പെരുമാള്‍ അറേബ്യയിലേക്ക് യാത്ര തിരിച്ചത് കൊല്ല വര്‍ഷാരംഭം കുറിക്കുന്ന മേല്‍ തീയതിക്കടുത്തായതിനാലും തിരുവോണ ദിവസമാണ് അവസാനത്തെ കേരള ചക്രവര്‍ത്തി മക്കയിലേക്ക് പുറപ്പെട്ട് പോയതെന്നാണ്. (പേജ് 132) (ചന്ദ്രിക, ആഗസ്ത് 29)
ഹൈന്ദവ ചടങ്ങ്; അനിസ്‌ലാമികം
ഓണാഘോഷം ഹൈന്ദവ മതചടങ്ങാണെന്നും അതിനാല്‍ വിശ്വാസികള്‍ അത് സ്വീകരിക്കുന്നത് അനിസ്‌ലാമികവുമാണെന്നാണ് കേരളത്തിലെ പ്രമുഖ മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട്. മുസ് ലിം ഓണാഘോഷം വിവാദമായതിനെ തുടര്‍ന്ന് ഇറക്കിയ പ്രസ്താവനയില്‍ സമസ്തയുടെ പോഷക സംഘടനയായ സുന്നി യുവജന സംഘം നേതാക്കള്‍ പറയുന്നു: ഓണാഘോഷവും നിലവിളക്ക് കൊളുത്തലും മതപരമായി മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. ഓണാഘോഷം മഹാബലിയെന്ന മഹാനായ ഒരു നാടുവാഴിയുടെ ഓര്‍മ്മ പുതുക്കുന്നതാണ്. ഈ ഐതിഹ്യ കഥകളും വാമനനും മതകീയ വിഷയങ്ങളായിട്ടാണ് കേരളീയര്‍ ആഘോഷിക്കുന്നത്. അതത് മതവിഭാഗങ്ങള്‍ക്ക് അത്തരം ആഘോഷങ്ങള്‍ നടത്താനുള്ള അവകാശവുമുണ്ട്.
അതുപോലെ പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ ഐശ്വര്യത്തിന് വേണ്ടി മതചടങ്ങായി നടത്തുന്നതാണ് നിലവിളക്ക് തെളിയിക്കല്‍. ഇത്തരം മതപരമായ ചടങ്ങുകള്‍ മറ്റു മതവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാവുന്നതല്ല. എല്ലാ മതങ്ങള്‍ക്കും അവരുടേതായ ചടങ്ങുകള്‍ നിലവിലുണ്ട്. അതെല്ലാം അതത് മതസ്ഥരുടെ അഭ്യന്തര കാര്യങ്ങളാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസം, കര്‍മം, ആചാരം തുടങ്ങിയവയിലെല്ലാം വേറിട്ട രീതികള്‍ നിലവിലുണ്ട്. അതിന്നപ്പുറത്ത് പോകാന്‍ മതം അനുവദിക്കുന്നില്ല. എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാമിന്റെ രീതി. എന്നാല്‍ അത് സ്വീകരിക്കുന്നതിലല്ല. ദ്രാവിഡ സംസ്‌കാരത്തിന് മതവും ജാതിയുമില്ലെന്ന വാദം ശരിയല്ല. ദ്രാവിഡ സംസ്‌കാരം ഹിന്ദു ദര്‍ശനങ്ങളിലധിഷ്ഠിതമാണ്. ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ ഐക്യത്തിലും സ്‌നേഹത്തിലും മമതയിലും കഴിയുന്ന കേരളത്തില്‍ ഓണവും വിളക്കും ഉപയോഗപ്പെടുത്തി അകല്‍ച്ച ഉണ്ടാക്കാനുള്ള ഒരു നീക്കവും ശരിയല്ല.
ബഹുസ്വര സമൂഹത്തില്‍ ആവശ്യം
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് മുസ് ലിംകളുടെ ഓണാഘോഷം ചര്‍ച്ചാവിഷയമായപ്പോള്‍ ഇതു സംബന്ധമായി പ്രബോധനത്തില്‍ വന്ന ചോദ്യവും ഉത്തരവും: കഴിഞ്ഞഒരുമാസക്കാലമായി ബ്ളോഗുകളിലും മറ്റു സോഷ്യല്‍ സൈറ്റുകളിലും കത്തിനിന്ന ഒരുവിഷയമായിരുന്നു മുസ്ലിംകള്‍ക്ക് ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍കൊണ്ടാടാന്‍ പറ്റുമോ എന്നത്. അതില്‍ പങ്കെടുക്കുന്നതും ആശംസകള്‍കൈമാറുന്നതും സദ്യ ഉണ്ണുന്നതുമൊക്കെ ശിര്‍ക്കിനെപ്രോത്സാഹിപ്പിക്കലാണെന്നും അതുകൊണ്ടുതന്നെ അത് ഹറാം ആണെന്നും ചിലര്‍എഴുതുകയുണ്ടായി. സുഹൃത്തേ, നിങ്ങള്‍ക്കൊക്കെ മനോരോഗമാണെന്നാണ് ഇതിനോടൊരുഅമുസ്ലിം സുഹൃത്ത് പ്രതികരിച്ചത്. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളില്‍പങ്ക് കൊള്ളുന്നതിനെ പറ്റി മുജീബിന്റെ അഭിപ്രായമെന്താണ്?
ഉത്തരം: ഓണംദേശീയോത്സവമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. സമാധാനവും സമൃദ്ധിയുംപുലരുന്ന നല്ലകാലത്തെക്കുറിച്ച സ്വപ്നമാണ് ഓണത്തിന്റെ ചൈതന്യം. കേരളീയര്‍പൊതുവെ ആഘോഷിക്കുന്ന ഓണത്തെ സാമുദായിക സൌഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ളഅവസരമായി കാണുന്നതിലോ പൂക്കളം തീര്‍ക്കുന്നതിലോ സദ്യയുണ്ണുന്നതിലോബഹുദൈവത്വപരമായ എന്തെങ്കിലും മാനമുള്ളതായി കരുതുന്നില്ല. ഇത്തരംപ്രാദേശികാഘോഷങ്ങള്‍ മുസ്ലിം നാടുകളില്‍ പൊതുവെയുണ്ട്. അതൊക്കെഅനിസ്ലാമികമായി പൊതുവെ വിധിയെഴുതിയിട്ടില്ല. അനിസ്ലാമിക നടപടികള്‍ഇസ്ലാമികാഘോഷങ്ങളില്‍ പോലും കടന്നുവരുന്നത് സൂക്ഷിക്കണം താനും. ക്രിസ്മസ്യേശുവിന്റെ ജന്മദിനാഘോഷമാണ്. അതിന്റെ ആധികാരികതയില്‍ ക്രൈസ്തവപണ്ഡിതന്മാര്‍ക്ക് തന്നെ ഭിന്നാഭിപ്രായമുണ്ട്.
പ്രവാചകന്മാരുടെ ജയന്തിആഘോഷം ഇസ്ലാമിലില്ല. എന്നാല്‍, ഒരു സഹോദര സമുദായത്തിന്റെ ആഘോഷവേളയില്‍സൌഹൃദം പങ്കിടുന്നതോ ആശംസകള്‍ കൈമാറുന്നതോ അനിസ്ലാമികമായി കാണുന്നത്സങ്കുചിതത്വവും മതതീവ്രവാദവുമാണെന്നാണ് ‘മുജീബി’ന്റെ അഭിപ്രായം. ഇമ്മാതിരികാര്യങ്ങളിലെ കടുംപിടുത്തം ബഹുസ്വര സമൂഹത്തിലെ പ്രബോധന സാധ്യതകളെപ്രതികൂലമായി ബാധിക്കും.(2011 ഒക്‌ടോബര്‍ 8, പുസ്തകം 68 ലക്കം 18)
തൗഹീദിന് എതിര്
കഴിഞ്ഞ വര്‍ഷം ശബാബ് വീക്കിലിയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടുവന്ന ചോദ്യവും മറുപടിയും: ഓണത്തിന്‌പിന്നില്‍ പല ഐതിഹ്യങ്ങളുണ്ടെങ്കിലും ഓണം ഒരു മതാഘോഷമല്ലല്ലോ. ആദ്യകാലംമുതല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പരസ്‌പരസൗഹാര്‍ദത്തിന്റെയുംപ്രതീകമായി ജാതി മതഭേദമന്യെ കേരളീയര്‍ ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷമാണിത്.അതുകൊണ്ടുതന്നെ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലുംറിപ്പബ്ലിക് ദിനങ്ങളിലും പങ്കെടുക്കുന്നത് ആ ദേശത്തെ മുസ്‌ലിമിന്‌കുറ്റകരമല്ലെങ്കില്‍ അവന് സ്വന്തം ദേശത്തിന്റെ ആഘോഷം എന്ന നിലക്ക്‌മറ്റുള്ളവരുമായി ശാന്തിയും സമാധാനവും പരസ്‌പരസൗഹാര്‍ദവും പങ്കിടുക എന്നഉദ്ദേശ്യത്തോടെ ഇസ്‌ലാമിക സംസ്‌കാരത്തെ കളങ്കപ്പെടുത്താത്ത രീതിയില്‍
ഓണംആഘോഷിക്കുന്നതില്‍ തെറ്റുണ്ടോ?
ഉത്തരം: ഐതിഹ്യങ്ങളിലെനായകന്മാരായ മഹാബലിക്കും മറ്റും ആരാധന അര്‍പ്പിക്കുക എന്നത്‌ഓണാഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഓണത്തിന്റെ ആരാധനാമൂര്‍ത്തിയെ പലവീടുകള്‍ക്ക് മുമ്പിലും പ്രതിഷ്‌ഠിച്ചത് ചോദ്യകര്‍ത്താവുംകണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള വീരാരാധനാ ഉത്സവങ്ങളെ ദേശീയതയുടെപര്യായങ്ങളെന്നോണം അവതരിപ്പിക്കാനുള്ള ശ്രമം തല്‍പരകക്ഷികള്‍ ഏറെക്കാലമായിനടത്തിവരികയാണ്.അതിന്റെ ഭാഗമാണ് ഓണം ദേശീയാഘോഷമാക്കല്‍.മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷമതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്റെസംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള ശ്രമത്തോട് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തതയെ സംബന്ധിച്ച് ബോധമുള്ള മുസ്‌ലിംകള്‍ സഹകരിക്കാവുന്നതല്ല.
അനസി(റ)ല്‍ നിന്ന് അബൂദാവൂദും നസാഈയുംറിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസ് നോക്കുക:“റസൂല്‍(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ക്ക് അവര്‍ കളിച്ചുല്ലസിക്കുന്നരണ്ട് ആഘോഷ ദിവസങ്ങളുണ്ടായിരുന്നു. അവരോട് റസൂല്‍(സ) പറഞ്ഞു: ആ രണ്ടുദിവസങ്ങള്‍ക്കു പകരം അവയെക്കാള്‍ ഉത്തമമായ രണ്ട് സുദിനങ്ങള്‍ അല്ലാഹുനിങ്ങള്‍ക്ക് നല്‌കിയിരിക്കുന്നു. ഈദുല്‍ അദ്വ്‌ഹാ, ഈദുല്‍ ഫിത്വ്‌ര്‍എന്നീ രണ്ടു പെരുന്നാളുകളത്രെ അവ.
” ഇതിന് ശേഷം മദീനയിലെ ഇതര മതക്കാരുടെ ആഘോഷങ്ങളിലൊന്നും നബി(സ)യോ അനുചരന്മാരോ പങ്കെടുത്തിട്ടില്ല.എന്നാല്‍ഓണദിവസത്തില്‍ ബഹുദൈവാരാധനാപരമല്ലാത്തതും ഇസ്‌ലാമില്‍നിഷിദ്ധമല്ലാത്തതുമായ കാര്യങ്ങളില്‍ അമുസ്‌ലിംകളുമായി സഹകരിക്കുന്നതിന്‌മതപരമായ വിലക്കൊന്നുമില്ല. ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയ്‌ക്ക് മോചനം ലഭിച്ചസ്വാതന്ത്ര്യദിനവും ഇന്ത്യ പൂര്‍ണ സ്വയാധികാര രാഷ്‌ട്രമായ റിപ്പബ്ലിക്‌ദിനവും ബഹുദൈവാരാധനാപരമായ ആഘോഷദിവസങ്ങളല്ല. ഈ ദിനങ്ങളില്‍സാക്ഷാല്‍കരിക്കപ്പെട്ട രാഷ്‌ട്രീയ നേട്ടങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കുംഅവകാശപ്പെട്ടതാണ്. അതിനാല്‍ ഓണത്തെ ഈ ദിനങ്ങളുമായി തുലനംചെയ്യുന്നത്‌ശരിയല്ല.
ഇനിയും ചര്‍ച്ചകള്‍ നടക്കട്ടെ…
ഇന്ത്യന്‍ ബഹുസ്വര സമൂഹ പശ്ചത്താലത്തില്‍ ഓണാഘോഷത്തെക്കുറിച്ച വിവിധ അഭിപ്രായപ്പെടലുകളാണ് ഇവയെല്ലാം. ഇവ്വിഷയകമായി കൂടുതല്‍ പഠനങ്ങളും അന്വേഷണങ്ങളും നടക്കേണ്ടതുണ്ട്. ഓണത്തിന്റെ ഉല്‍ഭവ-പശ്ചാത്തലങ്ങളെക്കുറിച്ചും പ്രചരണത്തെക്കുറിച്ചും പ്രത്യേകിച്ചും. മത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യകരമായ പങ്ക് വെക്കലുകള്‍ കൂടിയേതീരൂ.
Leave A Comment