ഫലസ്തീൻ കോള: ആഗോള വിപണിയിലെ ബദൽ പാനീയം

പല പ്രതിസന്ധികളും ക്രിയാത്മക ചിന്തകള്‍ക്കും പുതിയ മാര്‍ഗ്ഗങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും വഴി തുറക്കാറുണ്ട്. സ്വാതന്ത്ര്യാനന്തരം സ്കൂളുകളില്‍ മതപഠനം നിരോധിച്ചപ്പോള്‍ കേരളീയ മുസ്‍ലിംകള്‍ നേടിയെടുത്ത മതവിദ്യാഭ്യാസ രംഗത്തെ വിപ്ലവാത്മകമായ സംവിധാനവും അയല്‍ രാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ എന്ന കൊച്ചു രാഷ്ട്രം നേടിയ സ്വയം പര്യപ്തതയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളായി കാണാം. അത്തരത്തിലെ ഏറ്റവും പുതിയ മറ്റൊരു ഉദാഹരണമായി മാറുകയാണ് ഫലസ്തീന്‍ കോള. 


ഒക്ടോബര്‍ ഏഴിന് തുടങ്ങിയ  ഫലസ്തീന്‍ വംശഹത്യയില്‍  ഇസ്രായേലിനെ സാമ്പത്തികമായി പിന്തുണക്കുന്ന യു.എസ് കമ്പനികളായ കൊക്കാകോളക്കും പെപ്‌സിക്കും ബദലായി ഒരു പാനീയം നിർമ്മിക്കണമെന്ന ഫലസ്തീനി സഹോദരങ്ങളുടെ ആശയത്തിൽ നിന്ന് ഉടലെടുത്ത  പുതിയ ഉത്പന്നമാണ് ഫലസ്തീന്‍ കോള. ഉല്‍പാദനം ആരംഭിച്ച് ഏതാനും മാസങ്ങള്‍ കൊണ്ട് മാത്രം  ഈ ഫലസ്തീനി ഉൽപ്പന്നം   അന്താരാഷ്ട്ര വിപണിയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുകയും,  ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരിക്കുയാണ്. 


‘ഫലസ്തീന്‍ ഡ്രിങ്ക്സ്’ എന്ന കമ്പനിയുടെ സ്ഥാപകന്മാരായ ഹുസൈന്‍, മുഹമ്മദ്, അഹമ്മദ് ഹസൂണ്‍ എന്നീ ഫലസ്തീനി സഹോദരങ്ങളാണ് ഇതിനു തുടക്കം കുറിച്ചത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫലസ്തീനിൽ നിന്ന് കുടിയിറക്കപ്പെട്ട ഈ ഫലസ്തീനി സഹോദരന്മാർ സ്വീഡനിലെത്തുകയും പിന്നീട്, മാല്‍മോയിലെ അറിയപ്പെട്ട ബിസിനസുകാരാവുയും ചെയ്തു. കഴിഞ്ഞ നവംബറില്‍ തുടക്കമിട്ട ആശയം, ഫെബ്രുവരി അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെട്ടു. ഇതിലൂടെ ലഭിക്കുന്ന ലാഭം മുഴുവനായും ഫലസ്തീനിലെ ജനങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുമെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. 
ലോഞ്ച് ചെയ്ത്  രണ്ട് മാസത്തിനു ശേഷം തന്നെ ഏകദേശം നാല് മില്യണ്‍ ക്യാനുകളാണ് യൂറോപ്പില്‍ മാത്രം വിറ്റഴിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയകളില്‍  ഫലസ്തീൻ കോളയെ പിന്തുണച്ചതോടെ, കോള വിതരണത്തിന് മില്യണ്‍ കണക്കിന് ഓര്‍ഡറുകള്‍ ലഭിച്ചെന്നും പലതും താല്‍ക്കാലികമായി നിരസിക്കേണ്ടിവന്നുവെന്നും അധികൃതര്‍ പറഞ്ഞു.


ലോകത്തിന് ഫലസ്തീനിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അവബോധമുണ്ടാക്കുകയും ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾമൂലം പൊറുതിമുട്ടുന്ന ജനങ്ങളെ    പിന്തുണയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. സ്വീഡനിലെ ട്രേഡ് ഏജന്‍സികള്‍ മുഖേനയാണ് നിലവില്‍ ഫലസ്തീന്‍ കോള വിതരണം ചെയ്യുന്നത്. അതിനുപുറമേ, പ്രാദേശിക വിതരണക്കാര്‍ വഴി ഡെന്മാര്‍ക്കിലും ഫിന്‍ലന്‍ഡിലും ഫലസ്തീന്‍കോളയുടെ വില്പന നടക്കുന്നുണ്ട്.  വൈകാതെ യുഎസിലും കാനഡയിലും  യൂറോപ്യന്‍ വിപണികളിലും ശേഷം പശ്ചിമേഷ്യൻ മേഖലകളിലും വിൽപ്പന നടത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോളാനിർമാതാക്കളായ ഫലസ്തീൻ ഡ്രിങ്ക്സ്. 


ഫലസ്തീൻ വംശഹത്യ തുടരുമ്പോൾ ഇസ്രയേലുമായി വ്യാപാര ബന്ധമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഉപഭോക്താക്കള്‍ ബഹിഷ്‌കരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പെപ്സി, കോള പാനീയങ്ങള്‍ക്ക് ഒരു ബദല്‍ വേണമെന്ന ചിന്ത ഈ സഹോദരങ്ങളില്‍ ഉദിച്ചത്. എനര്‍ജി ഡ്രിങ്ക്സ് മേഖലയില്‍  പരിചയസമ്പത്തുള്ള യൂറോപ്പിലെ ഒരു കണ്‍സള്‍ട്ടന്റിന്റെ ഉപദേശത്തോടെയാണ് അവര്‍ ഉല്പാദന രംഗത്തേക്ക് കാലെടുത്ത് വെച്ചത്.
ഫലസ്തീന്‍ കോളയുടെ ക്യാനുകളില്‍ ഒലിവ് ശാഖകൾ മുതൽ ഫലസ്തീനിന്റെ പ്രതിരോധ ചിഹ്നങ്ങൾ വരെയുണ്ട്. ക്യാനിന്റെ അടിഭാഗത്ത് ഫലസ്തീനിയന്‍ കഫിയ്യയുടെ ഒരു ചിത്രവും ഡിസൈൻ ചെയ്തിട്ടുണ്ട്.  ‘എല്ലാവര്‍ക്കും സ്വാതന്ത്ര്യം’ എന്ന മോട്ടോ മറ്റു ഫലസ്തീൻ ഉൽപ്പന്നങ്ങളിൽ നിന്ന് കോളയെ  വ്യതിരിക്തമാക്കുന്നു.


1948-ല്‍ ഹസ്സൂണിന്റെ പൂർവികന്മാർ പലായനം ചെയ്ത ഗലീലിയ എന്ന നഗരത്തിലെ തടാകത്തിന്റെ വടക്കുള്ള സഫാദ് എന്ന പട്ടണത്തിന്റെ പേരിലാണ് ഈ ഫൗണ്ടേഷനും കമ്പനിയായ സഫാദ് ഫുഡും അറിയപ്പെടുന്നത്. പിന്നീട്, ഇവര്‍ ലെബനാനിലേക്കും അവിടെ നിന്ന് സ്വീഡനിലേക്കും കുടിയേറുകയായിരുന്നു. നിലവിൽ ഫലസ്തീന്‍കോള, യുഎസ് കമ്പനിയായ  കൊക്കാകോളയുടെ രുചിയില്‍ മാത്രമാണ് ലഭ്യമെങ്കിലും, വിവിധ രുചികളിലായി ഇതേ പാനീയം വൈകാതെ മാര്‍കറ്റിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഫലസ്തീന്‍ കോള ഷുഗര്‍ ഫ്രീ, ഫലസ്തീന്‍ ഓറഞ്ച്, ഫലസ്തീന്‍ നാരങ്ങ, ഫലസ്തീന്‍ എനര്‍ജി ഡ്രിങ്ക്, ഫലസ്തീന്‍ ഐസ് ടീ, ഫലസ്തീന്‍ ഐസ് കോഫി, ഫലസ്തീന്‍ മിനറല്‍ വാട്ടര്‍ തുടങ്ങിവയാണ് കമ്പനിയുടെ നിലവിലെ മറ്റു ഉല്പന്നങ്ങള്‍.  
ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഈ ഫലസ്തീൻ പാനീയം സ്ഥിര പ്രതിഷ്ഠ നേടുമെന്ന് തന്നെയാണ് കണക്ക് കൂട്ടല്‍. യൂറോപ്പില്‍ ഇത് നേടിയ സ്വീകാര്യത, സാധാരണക്കാരായ അവിടത്തുകാര്‍ എത്രമാത്രം ഫലസ്തീന്‍ ജനതയോട് മാനസികമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter