നബിയേ... അങ്ങ് സുഗന്ധമാണ്... ജീവിതത്തിലും മരണത്തിലും..
തിരുജീവിതത്തിന് തിരശ്ശീല വീഴുന്നു - ഭാഗം രണ്ട്
തിരുനബിﷺയെ കൂടുതൽ ആരോഗ്യവാനായി രാവിലെ കണ്ടതാണ് ജനങ്ങൾ. നബിﷺയുടെ തിരിച്ചുവരവിന്റെ പ്രതീക്ഷയിലായിരുന്നു അവർ.
പക്ഷേ പെട്ടെന്നാണ് മദീനയെ കണ്ണീരിലാഴ്ത്തി പുണ്യനബിﷺ യുടെ വിയോഗ വാർത്തയെത്തുന്നത്. വളരെ പെട്ടെന്ന് ആ വാർത്ത ഒരു കാട്ടുതീപോലെ പടർന്നു.
വിശ്വസിക്കാനും ഉൾകൊള്ളാനുമാവാതെ അവർ അങ്ങിങ്ങായി കൂട്ടം കൂടാൻ തുടങ്ങി. പള്ളിയുടെ പരിസരത്തേക്ക് പലരും വന്നു കൊണ്ടിരിന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസ്സിലാവുന്നില്ല.
ഇരുന്നിടത്ത് എഴുന്നേൽക്കാൻ കഴിയാത്തവർ, വാർത്ത കേട്ട സ്തബ്ധരായി മിണ്ടാൻ കഴിയാത്തവർ.. കരച്ചിലടക്കാൻ കഴിയാതെ വിതുമ്പുന്നവര്‍.. മദീന മുഴുവന്‍ വിങ്ങിപ്പൊട്ടുന്നു.
അനസ് رَضِيَ ٱللَّٰهُ عَنْه പറഞ്ഞത് പോലെ മദീനയില്‍ ഇരുട്ട് പരന്ന പകലായിരുന്നു അത്.
പ്രാഭാത പ്രാര്‍ത്ഥന കഴിഞ്ഞു നബിﷺയുടെ സമ്മതത്തോടെ വീട്ടിലേക്ക് പോയതാണ് അബൂബക്കര്‍ رَضِيَ ٱللَّٰهُ عَنْه. കുന്നിൻപ്രദേശത്തുള്ള തന്റെ വീട്ടിൽ നിന്നു കുതിരപ്പുറത്ത് പ്രവാചക പള്ളിയിലേക്ക് വരുമ്പോള്‍ ജനം കൂടി നില്‍ക്കുന്നു.കുതിരയെ ഒരിടത്ത് കെട്ടി, തിങ്ങികൂടിയവരോട് ഒന്നും മിണ്ടാതെ അദ്ദേഹം മസ്ജിദ്ന്നബവിയിലേക്ക് കയറി.
ഉമർرَضِيَ ٱللَّٰهُ عَنْه വാളുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
തിരുനബിﷺ മരിച്ചിട്ടില്ല.. മൂസ നബി പോയത് പോലെ അല്ലാഹുവിനെ കാണാൻ പോയതാണ്. ഉടനെ തിരിച്ചെത്തും. കപട വിശ്വാസികളെ വകവരുത്തും... നബിﷺ മരിച്ചെന്ന് പറയുന്നവര്‍ എന്റെ വാളിന്റെ മൂർച്ച അറിയും.. തീർച്ച.. ഉമർ رَضِيَ ٱللَّٰهُ عَنْه വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു..
ജനക്കൂട്ടം സാലിം ബിന്‍ ഉബൈദിനോട് അബൂബക്കറിനെ رَضِيَ ٱللَّٰهُ عَنْه വിവരം ധരിപ്പിക്കാന്‍ പറഞ്ഞു.
സാലിമിനെ കണ്ടപാടെ അബൂബക്കര്‍ ചോദിച്ചു : തിരുദൂതര്‍ ﷺ യാത്രയായോ?....
ഉമറിന്റെ വൈകാരിക വിക്ഷോഭം സാലിം അദ്ദേഹത്തോട് വിശദീകരിച്ചു.
അബൂബക്കര്‍ رَضِيَ ٱللَّٰهُ عَنْه ആളുകള്‍ക്കിടയിലൂടെ തന്‍റെ മകള്‍ കൂടിയായ ആഇശയുടെ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു..
പ്രവാചകന്റെ ﷺ പുണ്യ ദേഹം പരുത്തിയിൽ നെയ്തെടുത്ത ഒരു യമനി പുതപ്പിട്ട് മൂടിയിരിക്കുന്നു. തന്റെ സ്നേഹഭാജനത്തിന്റെ മുഖമൊന്നു കാണാനായി അബൂബക്കർ رَضِيَ ٱللَّٰهُ عَنْه ആ പുതപ്പൊന്നു നീക്കി.
പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങുന്ന ആ പൂമുഖം ചലനമറ്റ് കിടക്കുന്നത് കണ്ടപ്പോൾ അബൂബക്കറിനു തേങ്ങലടക്കാനായില്ല.
ഒരുപാടു ഓർമകൾ അപ്പോൾ അബൂബകറിന്റ رَضِيَ ٱللَّٰهُ عَنْه മനോമുകുരങ്ങളിലൂടെ മിന്നി മറഞ്ഞിട്ടുണ്ടാകണം.
ചെറുപ്പത്തിലേ ആരംഭിച്ചതാണീ ആത്മ ബന്ധം. വിശ്വാസികളില്‍ ഒന്നാമനായി, ഇസ്റാഅ് യാത്രയിൽ ‘സിദ്ദീഖാ’യി, ഹിജ്റയിൽ ‘ഥാനി ഇഥ്നൈനായി, തന്റെ പ്രിയപ്പെട്ട മകളെ നബിയുടെ കയ്യിലേല്‍പിച്ച ഭാര്യാപിതാവായി അവസാനം ആ നബിﷺക്ക് പകരമായി നിസ്കാരത്തിനു നേതൃത്വം നല്‍കുന്ന ഇമാമായി വരെ എത്തി നില്‍ക്കുന്ന ആത്മബന്ധം.
ഓര്‍മകളുടെ വേലിയേറ്റത്തിനിടയില്‍ തിരുനബിﷺയുടെ രണ്ടു കണ്ണുകൾക്കിടയിൽ വിശാലമായ ആ നെറ്റിത്തടത്തിന്റെ ഒത്തനടുവിൽ നിറ കണ്ണുകളോടെ അദ്ദേഹം തന്റെ ചുണ്ടുകള്‍ ചേർത്തുവെച്ച് പല പ്രാവശ്യം ചുംബിച്ചു.
“അല്ലാഹുവിന്റെ ദൂതരേ ജീവിച്ചിരുന്നപ്പോള്‍ അങ്ങേക്കെന്തു സുഗന്ധം. മരണത്തിലും അങ്ങേക്കെന്തു സുഗന്ധം”
“നാഥന്‍ താങ്കള്‍ക്ക് നിശ്ചയിച്ച മരണം താങ്കള്‍ വരിച്ചു കഴിഞ്ഞു. ഇനി മറ്റൊരു മരണം അങ്ങയെ കാത്തിരിക്കുന്നില്ല”..
അതിനിടയിലും പുറത്ത് ജനങ്ങളുടെ പരിഭ്രാന്തി സിദ്ധീഖിനെ പിടിച്ചുലക്കുന്നുണ്ട്. താന്‍ കൂടി ഈ പ്രതിസന്ധിയില്‍ പതറിയാല്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹത്തിനറിയാം.
ഇനി അമാന്തിക്കാന്‍ സമയമില്ല. ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തണം. അബൂബക്കര്‍ رَضِيَ ٱللَّٰهُ عَنْه വേഗം പള്ളിയിലേക്ക് നീങ്ങി.
ഉമറിനോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഉമര്‍ رَضِيَ ٱللَّٰهُ عَنْه കേള്‍ക്കുന്ന ഭാവമില്ല.
ജനം അബൂബക്കറിനു ചുറ്റും കൂടി.. ഇനിയും വിശ്വാസം വരാത്തത് പോലെ അവര്‍ അബൂബകറിനോട് ചോദിച്ചു. ശരിക്കും തിരുദൂതര്‍ ﷺ മരിച്ചോ? അതെയെന്നു മറുപടിയുമായി അദ്ദേഹം എഴുന്നേറ്റ് നിന്നു..
ഹൃദയം നുറുങ്ങുന്ന വേദനയുണ്ട് ഉള്ളില്‍. പക്ഷേ ഇപ്പോള്‍ അത് പ്രകടിപ്പിക്കാനുള്ള സമയമല്ലല്ലോ. ജനം പരിഭ്രാന്തിയിലാണ്, അവര്‍ക്ക് സ്ഥൈര്യം നല്‍കണം.
Read More: പ്രവാചക ജീവിതത്തിന്റെ വിവിധ വായനകള്‍
“ആരെങ്കിലും മുഹമ്മദിനെ ആരാധിക്കുന്നുവെങ്കിൽ മുഹമ്മദ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ ആ അല്ലാഹു അമരനായി ജീവിക്കുന്നു". അബൂബക്കര്‍ رَضِيَ ٱللَّٰهُ عَنْه പ്രഖ്യാപിച്ചു.
"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ"? എന്നര്‍ത്ഥം വരുന്ന ഖുര്‍ആനിക സൂക്തവും അദ്ദേഹം പാരായണം ചെയ്തു.
തങ്ങള്‍ നിത്യവും പാരായണം ചെയ്യുന്ന ഖുര്‍ആനില്‍ അത്തരമൊരു സൂക്തം അവര്‍ക്ക് ആദ്യമായി കേള്‍ക്കുന്നത് പോലെ തോന്നി. അതോടെ ആ സൂക്തം ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് പടര്‍ന്നു..
ഉമറുള്‍പ്പെടെയുള്ളവര്‍ അതിനു മുമ്പില്‍ കീഴടങ്ങി.
ജനങ്ങളുടെ മുമ്പില്‍ സ്ഥൈര്യം പ്രകടിപ്പിക്കുമ്പോഴും അബൂബക്കറിന്റെ മനസ്സ് തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.
ആ വേദനയില്‍ പിന്നീട് അദ്ദേഹം ചൊല്ലിയത് ഇങ്ങനെ വായിക്കാം...
ദുഃഖഭാരത്തിൻറെ ചങ്ങലകണ്ണികൾ
വരിഞ്ഞുമുറുക്കുന്നു എന്നെയാസകലം.
അങ്ങ് കണ്ണുകളടച്ചുവെന്നു കേട്ടപാതി
ഭൂമി നെടുകെ പിളർന്നിരുന്നുവെങ്കിൽ!
അങ്ങേക്കൊപ്പം ഈലോകവും മിഴികളടച്ചിരുന്നുവെങ്കിൽ;
എനിക്കീ ഭൂമുഖം കാണേണ്ടിയിരുന്നില്ല.
ആപത്തുകൾ അങ്ങേക്കന്യമല്ലോ
വിശുദ്ധിയിൽ അങ്ങ് നിസ്തുലനും
ഇനിയീ പൂമുഖം കാണുകില്ലെന്നോർക്കുമ്പോ
ദു:ഖസമുദ്രത്തിൽ മുങ്ങിതാഴുന്നു ഞാൻ
തിരദൂതരേ അങ്ങേക്കുശേഷം
വിരഹത്തിനെന്തു വേദന!
മരണമേ എന്നെ കൂട്ടാത്തതെന്തേ
ഈ പുണ്യപുമേനിക്ക് പകരമായി
സുഗന്ധമീ ഓര്‍മകള്‍, സുഗന്ധമീ ഭാവങ്ങള്‍
സര്‍വ്വം സുഗന്ധമാണെന്റെ പുണ്യ നബി
Leave A Comment