ഖിയാദതുന്നബവിയ്യ: മഹനീയ നേതൃ മാതൃക

പ്രവാചകനിൽ നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ടെന്നാണ് പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെ ഖുർആൻ വിശേഷിപ്പിച്ചത്. പരിവർത്തനത്തിന്റെ സിരാകേന്ദ്രമായി, കുഴിച്ചുമൂടപ്പെടുന്ന പെണ്ണിന്റെ മോചകനായി, തൊഴിലാളിക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കുന്ന നീതിമാനായ ഭരണാധികാരിയായി, സമത്വത്തിന്റെ, മനുഷ്യത്വത്തിന്റെ, മാനവികതയുടെ, രാഷ്ട്രീയ സമത്വത്തിന്റെ, സാമ്പത്തിക സാഹോദര്യത്തിന്റെ ഏറ്റവും വലിയ അംബാസിഡറായിരുന്നു പ്രവാചകൻ (സ്വ). ഏതു മേഖലയിലും നീതിയും സമത്വവും സ്നേഹവും കരുണയും കനിഞ്ഞു നൽകിയ മാതൃകായോഗ്യനായ നേതാവ്.

റസൂലിന്റെ ജീവിതത്തിലെ നിഖിലമേഖലകളിലും ശേഷം വരുന്നവര്‍ക്കെല്ലാം മാതൃകകള്‍ കണ്ടെത്താവുന്ന വിധം നേതൃഗുണങ്ങളായിരുന്നു സമ്മേളിച്ചിരുന്നത്. അരങ്ങിലും അടുക്കളയിലും അരമനയിലും മാന്യതയുടെ നേതൃമാതൃക കാട്ടിയ നേതാവ്, ഉപചാര അലങ്കാരങ്ങൾക്കപ്പുറം കൃത്യമായി വരച്ചിടാൻ പറ്റിയ നേതാവ്, അതായിരുന്നു മുഹമ്മദ് നബി(സ്വ).

ലീഡർഷിപ്പ്

ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് തന്റെ കൂടെയുള്ളവരെ അല്ലെങ്കിൽ തന്റെ സമൂഹത്തെ നയിച്ചു കൊണ്ടു പോകാനുള്ള കഴിവാണ് ലീഡർഷിപ്പ്. മാതൃകായോഗ്യനായ നേതാവിന് ഉണ്ടാവേണ്ട സവിശേഷതകൾക്ക് പ്രവാചക ജീവിതം മാതൃകയാണ്.

കാഴ്ചപ്പാട്

താൻ നയിക്കുന്ന സമൂഹത്തെ എവിടേക്കാണ് നയിക്കേണ്ടത് എന്ന് കൃത്യമായ കാഴ്ചപ്പാട് ഒരു നേതാവിന് ഉണ്ടായിരിക്കണം. പുണ്യനബിയുടെ രീതി വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്:

നബിയേ, പറയുക ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. ( സൂറ യൂസുഫ് :108) 

അപ്രകാരം പുണ്യ പ്രവാചകൻ(സ്വ) പറയുന്നുണ്ട്, ഉത്തമമായ സ്വഭാവ പൂർത്തീകരണത്തിനു വേണ്ടിയാണ് എന്നെ അയക്കപ്പെട്ടതെന്ന്. സമാധാനമുള്ള ഒരു സമൂഹം നിർമ്മിച്ചെടുക്കുക എന്നതായിരുന്നു നബിയുടെ ലക്ഷ്യം. ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള നയങ്ങളും നിലപാടുകളുമായിരുന്നു പുണ്യ നബി(സ്വ)യുടേത്. മഹാനായ ഖബ്ബാബ് ഇബ്നു അറത്ത്(റ) നബി(സ്വ) കഅബയുടെ തണലിൽ വിശ്രമിക്കുന്ന സമയത്ത് വന്ന് പറയുന്നുണ്ട്, നബിയേ, നമ്മൾ ഒരുപാട് പ്രയാസത്തിൽ അല്ലേ, നമുക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചു കൂടേ. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ നബി(സ്വ) കൃത്യമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്, അല്ലാഹുവാണേ സത്യം, ഈ ദൗത്യം അല്ലാഹു പൂർത്തീകരിക്കുക തന്നെ ചെയ്യും. സന്‍ആഅ് മുതൽ ഹളറ മൗത്ത് വരെ ഒരു യാത്രക്കാരൻ സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റും, അല്ലാഹുവിനെ അല്ലാതെ മറ്റൊരാളെയും അവന് ഭയപ്പെടേണ്ടിവരില്ല. അപ്രകാരം ഇതേ ഒരു നേതൃദർശനം മക്കയിൽ നിന്ന് ത്വാഇഫിലേക്ക് പോയ സന്ദർഭത്തിലും കാണാം. തന്റെ വേണ്ടപ്പെട്ടവരിൽ നിന്ന് തിരിച്ചടി നേരിട്ടപ്പോൾ മലക്ക് വന്ന് ചോദിക്കുന്നുണ്ട്, പ്രവാചകരേ, ആ രണ്ട് മലകൾക്കിടയിൽ ഇട്ട് അവരെ നശിപ്പിക്കട്ടെ എന്ന്. ഇവർ വിശ്വസിച്ചില്ലെങ്കിലും ഇവരുടെ വരുന്ന തലമുറകൾ വിശ്വസിക്കും എന്നായിരുന്നു അവിടുന്ന് മറുപടി പറഞ്ഞത്. അത് ശേഷം, കൃത്യമായി പുലരുകയും ചെയ്തു.

ഫലപ്രദമായ ആശയവിനിമയം

ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്തുക എന്നതാണ് രണ്ടാമത്തെ സവിശേഷത. ഇതിന് ആദ്യമായി വേണ്ടത് നല്ലൊരു ശ്രോതാവാവുക എന്നതാണ്. നബി എന്നെ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഓരോരുത്തർക്കും തോന്നുന്ന വിധം ആയിരുന്നു നബിയുടെ പെരുമാറ്റം.  അതോടൊപ്പം സമീപസ്ഥനായ നേതാവായിരുന്നു പുണ്യ നബി(സ്വ).  ഇത് വ്യക്തമാക്കുന്ന ഒരു സന്ദർഭം ചരിത്രം അടയാളപ്പെടുത്തുന്നു. ഉഹ്ദ് യുദ്ധത്തിൽ പിന്തിരിഞ്ഞോടിയ സ്വഹാബികൾ തിരിച്ചു വന്നപ്പോൾ നബി സ്വീകരിച്ച രീതിയെപ്പറ്റി ഖുർആൻ പറഞ്ഞത് ഇപ്രകാരമാണ്: 

നബിയേ, അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്‌. താങ്കള്‍ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. (സൂറ ആലു ഇംറാൻ 159).

ഈ ഒരു സവിശേഷതയോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് തന്റെ അനുയായികളുടെ തെറ്റ് മനസ്സിലാക്കി കൊടുത്ത് അവരോട് നല്ല രീതിയിൽ പെരുമാറുക എന്നുള്ളത്. പള്ളിയിൽ മൂത്രമൊഴിച്ച അഅ്റാബിയെ തടയാൻ പോയ സ്വഹാബികളെ വിളിച്ച് പറഞ്ഞു, അദ്ദേഹത്തെ തടസ്സപ്പെടുത്തരുത്, അദ്ദേഹം ആവശ്യം പൂർത്തീകരിച്ചു കൊള്ളട്ടെ എന്ന്. ശേഷം അദ്ദേഹത്തെ വിളിച്ച് ഏറെ സൗമ്യമായി ഇങ്ങനെ ഉപദേശിച്ചു, പള്ളി മലമൂത്ര വിസർജനം കൊണ്ട് മലിനമാക്കരുത്. നിസ്കാരം, ഖുർആൻ പാരായണം തുടങ്ങിയ ആരാധനകൾക്ക് വേണ്ടിയുള്ളതാണ് പള്ളി. ഈ പെരുമാറ്റ രീതികണ്ട് ആ അഅ്റാബി, അല്ലാഹുവേ നീ മുഹമ്മദിന് മാത്രം കരുണ ചെയ്യേണമേ എന്ന് പ്രാർത്ഥിച്ചത് പോലും ചരിത്രത്തില്‍ കാണാം.

വിശ്വാസ്യത

മേൽപ്പറഞ്ഞ സവിശേഷതകൾ മാത്രം ഒരിക്കലും ഒരു മാതൃകാ യോഗ്യനായ നേതാവിനെ രൂപപ്പെടുത്തുകയില്ല, മറിച്ച് മേൽ പറയപ്പെട്ടതോടൊപ്പം വിശ്വാസ്യതയും അത്യാവശ്യമാണ്. ഈ ഒരു സവിശേഷത പ്രവാചക ജീവിതത്തിൽ ചെറുപ്പത്തിലേ പ്രകടമായ ഒന്നാണ്.  ശത്രുക്കൾ പോലും അൽഅമീൻ എന്ന് വിളിച്ചായിരുന്നു അഭിസംബോധന ചെയ്തത്.  നബി ചരിത്രത്തിൽ ഒരുപാട് ഉദാഹരണങ്ങൾ ഈ ഒരു കാര്യം പഠിപ്പിച്ചു തരുന്നുണ്ട്. കഅബയുടെ പുനർനിർമാണം നടക്കുന്ന വേളയിൽ ഹജറുൽ അസ്‍വദ് സ്ഥാപിക്കുന്ന കാര്യത്തിൽ തർക്കം ഉണ്ടായ സമയത്ത് അവർ കണ്ട പരിഹാരമാർഗം, നാളെ ഈ വാതിലിലൂടെ ആരാണോ ആദ്യമായി കടന്നുവരുന്നത് അവരുടെ തീരുമാനം അംഗീകരിക്കാം എന്നാതായിരുന്നു. അതനുസരിച്ച് പിറ്റേന്ന് ആ വാതിലിലൂടെ ആദ്യം കടന്നുവന്നത് പുണ്യ നബി(സ്വ) തങ്ങൾ ആയിരുന്നു.  ആ സമയത്ത് അവർ പറഞ്ഞത് ഇപ്രകാരമായിരുന്നു, ഈ വിശ്വസ്തനെ ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു, ഇത് മുഹമ്മദ് ആണ്.

വിശ്വാസ്യത ഉണ്ടാവാനുള്ള മാർഗങ്ങളിൽ പെട്ട ഒന്നാണ് സത്യസന്ധനാവുക എന്നത്. ഇതിന് നബിയുടെ ജീവിതത്തിലെ ഒരുപാട് ഉദാഹരണങ്ങൾ കാണാം. നബിയുടെ പുത്രൻ ഇബ്രാഹീം മരണപ്പെട്ട സമയത്ത് സൂര്യഗ്രഹണം സംഭവിച്ചപ്പോൾ, ഇത് ഇബ്രാഹിം മരണപ്പെട്ടതുകൊണ്ടാണ് എന്ന് ചിലര്‍ പറഞ്ഞു കേട്ടപ്പോൾ നബി(സ്വ) അത് തിരുത്തിക്കൊണ്ട്, സത്യസന്ധമായി അവരോട് വിവരിച്ചുകൊടുത്തു, ചന്ദ്രനും സൂര്യനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്, ഒരാളുടെ മരണം മൂലമോ ജനനം മൂലമോ ഒരിക്കലും ഗ്രഹണം ബാധിക്കുകയില്ല.

ഏറ്റെടുത്ത വാഗ്ദാനങ്ങൾ പൂർത്തിയാക്കുക എന്നതും വിശ്വാസ്യതക്ക് സ്വീകാര്യമുണ്ടാക്കുന്ന മറ്റൊന്നാണ്. ഭീതിയുടെ സാഹചര്യങ്ങളിൽ താനും കുടുംബവും മുന്നിലുണ്ടാവുകയും അപ്രകാരം സന്തോഷകരമായ കാര്യങ്ങൾ വരുമ്പോൾ നേരെ തിരിച്ചും ആയിരിക്കുക എന്നതും മാതൃകാ നേതാവിന്റെ വിശ്വാസ്യതയെ ബലം കൂട്ടൂന്ന സവിശേഷതയാണ്.

ബദർ യുദ്ധ വേളയിൽ ദ്വന്ദ്വ യുദ്ധത്തിനുവേണ്ടി സ്വന്തം കുടുംബത്തിലെ അലി(റ), ഹംസ(റ) നെ പോലെയുള്ള വേണ്ടപ്പെട്ടവരെയാണ് നബി ആദ്യം അയച്ചത്. അപ്രകാരം പലിശ നിരോധിച്ച സമയത്ത് ആദ്യം ഒഴിവാക്കിയ പലിശ അബ്ബാസ്(റ)ന്റെയാണ്. താൻ ഏത് ആശയത്തിന്റെ മേൽ ആണോ നിലകൊള്ളുന്നത് ആ കാര്യത്തിൽ ഒരു നിലക്കും ഉള്ള വിട്ടുവീഴ്ച ഇല്ലാതെ തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് വിശ്വാസ്യത കാണിച്ച നേതാവാണ് നബി(സ്വ). സ്വന്തം കാര്യത്തിന് വേണ്ടി നബി തങ്ങൾ പ്രതികാരം ചെയ്തിട്ടില്ല എന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. 

സന്ദർഭ-സാഹചര്യങ്ങൾക്ക് അനുസൃതമായ സമീപനം

സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച് കാര്യങ്ങളെ സമീപിക്കുന്നവനായിരിക്കണം നേതാവ്.  മേൽ പറയപ്പെട്ട രീതികൾ എത്രത്തോളം നബിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്ന് പല ചരിത്രങ്ങളും വരച്ചുകാട്ടുന്നുണ്ട്. വഹിയ് ലഭിച്ചിരുന്ന നബി(സ്വ) അതനുസരിച്ച് മാത്രമേ മുന്നോട്ടുപോകൂവെന്ന് തീരുമാനിക്കാനുള്ള അവസരം ഉണ്ടായിട്ടും കൂടെയുള്ളവരെ പരിഗണിച്ചും സാഹചര്യ-സന്ദർഭങ്ങൾക്ക് അനുസരിച്ചുമാണ് പലപ്പോഴും തീരുമാനങ്ങളെടുത്തത്.  ബദ്ർ യുദ്ധ വേളയിൽ ആദ്യമായി ഇറങ്ങിയ സ്ഥലത്ത് എത്തിയപ്പോൾ കൂട്ടത്തിൽ ഒരു സ്വഹാബി ചോദിച്ചു, ഇത് വഹിയ് വഴിയാണോ അതോ യുദ്ധതന്ത്രമായി കണ്ട സ്ഥലമാണോ. അപ്പോൾ നബി(സ്വ) പറഞ്ഞത്, ഇത് വഹിയിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് യുദ്ധതന്ത്രത്തിന്റെ ഭാഗമായാണ് എന്നായിരുന്നു. അപ്പോൾ സ്വഹാബി പറഞ്ഞു, കിണറുള്ള ആ സ്ഥലത്തേക്ക് നിങ്ങൾ ആളുകളെ കൂട്ടി പോകണം, അത് നമുക്ക് വെള്ളത്തിനും മറ്റും ഉപകാരപ്പെടും. അവിടുന്ന് അത് അംഗീകരിക്കുകയും ചെയ്തു.

ശുഭാപ്തി വിശ്വാസം

നേതാവ് തന്റെ ദൗത്യവുമായി മുന്നോട്ടുപോകുമ്പോൾ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു വിശേഷണമാണ് ശുഭാപ്തി വിശ്വാസം. ഈ ഒരു വിശേഷണവും പ്രവാചകന്റെ ജീവചരിത്രത്തിൽ പലയിടങ്ങളിലായി കാണാൻ സാധിക്കും. മക്കാ ജീവിതത്തില്‍ ഏറെ പ്രയാസമനുഭവിച്ച് മദീനയിലേക്ക് ഹിജ്റ പോകുന്ന സന്ദർഭം, സുറാഖയോട് കിസ്റായുടെ അധികാരചിഹ്നങ്ങള്‍ അണിയുന്നതിനെപ്പറ്റി പറയുന്ന പ്രതീക്ഷയുടെ വാക്കുകൾ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതാണ്.

ഇങ്ങനെ, നല്ല ഒരു നേതാവിന്റെ ഏതെല്ലാം ഗുണങ്ങള്‍ നമുക്ക് പറയാനാവുമോ അവയെല്ലാം തിരുനബി(സ്വ)യില്‍ സമ്മേളിച്ചിരുന്നു എന്ന് കാണാം. തീര്‍ച്ചയായും ആ തിരുജീവിതത്തില്‍ നമുക്ക് ഉത്തമമായ മാതൃകയുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter