കാരുണ്യത്തിന്റെ കൈപുണ്യം നിറഞ്ഞ റമദാൻ വിരുന്നുകൾ
നൂറ്റാണ്ടുകളായി ഇസ്‌ലാമിക നാഗരികതയുടെ വികാസപരിണാമങ്ങളിൽ അവിഭാജ്യഘടകമായി മാറിയ സാമൂഹികവും സാംസ്‌കാരികവുമായ ഒന്നാണ് റമദാൻ വിരുന്നുകൾ. കേവലം മതപരമായ അനുഷ്ഠാനത്തിനപ്പുറം, മാനവികതയുടെയും കാരുണ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമന്വയമായി ഈ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈജിപ്ഷ്യൻ ചരിത്രകാരനായ തഖിയുദ്ധീൻ മക്രിസി, അയ്യൂബി സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ലുലു ഹാജിബ് അർമാനിയുടെ (മരണം: 598 AH/1202 AD) ഈ രംഗത്തെ വിസ്മയിപ്പിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. ലുലു ഹാജിബ് ദിവസവും പന്ത്രണ്ടായിരത്തോളം അപ്പവും ഭക്ഷണവും വിതരണം ചെയ്തിരുന്നുവെന്നും റമദാൻ മാസത്തിൽ ഇത് ഇരട്ടിയാക്കിയിരുന്നുവെന്നും മക്രിസി പറയുന്നു. തന്റെ പദവികൾ മറന്നുകൊണ്ട് ഒരു സാധാരണ ജോലിക്കാരനെപ്പോലെ അരക്കെട്ട് മുറുക്കി ദരിദ്രർക്ക് ഭക്ഷണം വിളമ്പാൻ അദ്ദേഹം നേരിട്ട് രംഗത്തിറങ്ങുമായിരുന്നു. വലിയ വള്ളങ്ങളിൽ ഭക്ഷണം നിറച്ച്, സ്ത്രീകളെയും കുട്ടികളെയും ദരിദ്രരെയും ക്രമമായി നിർത്തി അദ്ദേഹം സേവനം ചെയ്യുമായിരുന്നു. ദരിദ്രർക്ക് ശേഷം രാജാക്കന്മാർക്ക് തുല്യമായ വിരുന്നുകൾ അദ്ദേഹം ധനികർക്കായി ഒരുക്കിയിരുന്നു. ഒരു ഭരണാധികാരി എന്ന നിലയിൽ നിന്ന് സാധാരണക്കാരനായി മാറി സേവനം ചെയ്യുന്നത് ആതിഥ്യമര്യാദയുടെയും വിനയത്തിന്റെയും അത്യുന്നതമായ മാതൃകയായാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
റമദാനിലെ ഈ വിപുലമായ ഭക്ഷണ വിതരണ രീതിയുടെ പ്രഭവം പ്രവാചകൻ(സ്വ)യുടെ അധ്യാപനങ്ങളിൽ നിന്നാണ്. വിശക്കുന്നവന് ഭക്ഷണം നൽകാനും ദരിദ്രരുടെ പ്രയാസമറിയാനും പ്രവാചകൻ വിശ്വാസികളെ ശക്തമായി പ്രേരിപ്പിച്ചിരുന്നു. "ഒരു നോമ്പുകാരന് ഭക്ഷണം നൽകുന്നവന് നോമ്പുകാരന്റെ അത്രയും പ്രതിഫലം ലഭിക്കും" എന്ന തിരുവചനം ഇസ്‌ലാമിക സമൂഹങ്ങളിൽ ഇഫ്താർ വിരുന്നുകൾ വ്യാപകമാകാൻ പ്രധാന പ്രേരണയായി. സ്വഹാബികളുടെ കാലത്തും ഈ പാരമ്പര്യം അതീവ ഗൗരവത്തോടെ പിന്തുടർന്നിരുന്നു. ശഅ്ബാൻ മാസത്തിൽ തന്നെ റമദാൻ വ്രതത്തിന് ദരിദ്രരെ സജ്ജരാക്കാൻ അവർ സകാത്ത് വിതരണം ചെയ്തിരുന്നതായി ഇമാം അബുൽഖാസിം അൽതൈമി തന്റെ തർഗീബ് വത്തർഹിബ് എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. ഖലീഫ ഉമർ(റ) സാധാരണക്കാരെയും ചെറിയ കുട്ടികളെയും സുഹൂറിന് ക്ഷണിച്ചിരുന്നുവെന്ന് അബ്ദുൽറസാഖ് സനാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഖലീഫ ഉസ്മാൻ(റ) പള്ളിയിൽ താമസിക്കുന്നവർക്കും യാത്രക്കാർക്കുമായി വിപുലമായ ഇഫ്താർ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇബ്‌നു അയ്ബക് ദവാദരിയുടെ കൻസുദ്ദുറർ എന്ന കൃതി പ്രകാരം ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യമായി തെരുവുകളിൽ മേശകൾ നിരത്തി ആളുകളെ ഭക്ഷണത്തിന് ക്ഷണിച്ചത് ഉബൈദുല്ലാഹി ബ്‌നു അബ്ബാസ്(റ) ആണ്.
റമദാൻ വിരുന്നുകൾ ഭരണാധികാരികൾക്ക് ജനങ്ങളുമായി സംവദിക്കാനുള്ള രാഷ്ട്രീയമായ മാർഗ്ഗം (Political Legitimacy) കൂടിയായിരുന്നു. അമവീ കാലഘട്ടത്തിൽ മുആവിയ(റ) മക്കയിൽ ദാറുൽമറാജിൽ എന്ന പേരില്‍ പ്രത്യേക സൗകര്യം സ്ഥാപിച്ച് തീർത്ഥാടകർക്കും ദരിദ്രർക്കും ഭക്ഷണം ഉറപ്പാക്കിയിരുന്നു. അൽ അസ്രാഖി 'അഖ്ബാറുൽ മക്ക'യിൽ ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. വലീദുബ്നു അബ്ദിൽമലിക് റമദാൻ മാസത്തിൽ പൊതുവായ അന്നദാനശാലകള്‍ സ്ഥാപിച്ചിരുന്നു. ഇറാഖിലെ ഗവർണറായിരുന്ന ഹജ്ജാജുബ്നു യൂസുഫ് ദിവസവും ആയിരത്തോളം ഭക്ഷണ മേശകൾ ഒരുക്കുകയും അവയുടെ ഗുണമേന്മ നേരിട്ട് പരിശോധിക്കുകയും ചെയ്തിരുന്നുവെന്ന് അബുൽഹസൻ ബലദുരി 'അൻസാബുൽ അഷ്‌റഫി'ൽ സാക്ഷ്യപ്പെടുത്തുന്നു.
ഇസ്‌ലാമിക നാഗരികതയിൽ റമദാൻ മേശകൾ എന്നത് കേവലം ഭക്ഷണ വിതരണമല്ല, മറിച്ച് വിശപ്പിനെതിരെയുള്ള പോരാട്ടവും സാമൂഹിക നീതിയുടെ അടയാളവുമാണ്. പള്ളികളിലും കൊട്ടാരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുപോലെ ഈ വിരുന്നുകൾ നടന്നിരുന്നു. അബ്ബാസി ഭരണകാലത്ത് ഈ സമ്പ്രദായം ഒരു സുസംഘടിത സംവിധാനമായി മാറി. ഖലീഫ നാസിർ ബഗ്ദാദിലെ ദരിദ്രർക്കായി ദൂറുൽമുദീഫ് (ആതിഥേയഭവനങ്ങള്‍) സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. ബഗ്ദാദിന്റെ രണ്ടു ഭാഗങ്ങളിലുമായി നിർമ്മിക്കപ്പെട്ട ഈ കേന്ദ്രങ്ങളിൽ, കൃത്യമായ അളവിൽ മാംസവും അപ്പവും പാകം ചെയ്ത് വിതരണം ചെയ്തിരുന്നു. ഖലീഫയുടെ ഈ മാതൃക അദ്ദേഹത്തിന്റെ ചെറുമകൻ മുസ്തൻസിറും പിന്തുടർന്നു. ഭരണാധികാരികൾ മാത്രമല്ല, ചീഫ് ജസ്റ്റിസ് ഹാരിസ് ബിൻ മിസ്കിനെപ്പോലെയുള്ള ഉദ്യോഗസ്ഥരും ഇതിൽ ശ്രദ്ധാലുക്കളായിരുന്നു. അർഹരായ പാവപ്പെട്ടവരിലേക്ക് ഇത് എത്തുന്നുവെന്ന് കൂടി അദ്ദേഹം ഉറപ്പാക്കി.
അബ്ബാസി ഭരണത്തിന് കീഴിൽ സ്വതന്ത്ര പ്രവിശ്യകൾ ഉയർന്നുവന്നപ്പോൾ, അവിടുത്തെ രാജകുമാരന്മാർ ജനങ്ങളുമായുള്ള ബന്ധം ഉറപ്പിക്കാൻ റമദാൻ വിരുന്നുകളെ ഉപയോഗിച്ചു. സൈഫുദ്ദൗല അൽഹംദാനി തന്റെ കാർഷിക വിളവുകൾ മുഴുവൻ അലപ്പോയിലെ റമദാൻ മേശകൾക്കായി നീക്കിവെച്ചു. ഫാത്തിമികളുടെ കാലത്ത് ഈജിപ്തിൽ, ദിവസവും 1,200 പാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കി ഉദ്യോഗസ്ഥർക്കും പാവപ്പെട്ടവർക്കും നൽകുന്ന കൂറ്റൻ അടുക്കളകൾ തന്നെ നിലനിന്നിരുന്നു. വിവിധ ഭരണാധികാരികൾ ഭക്ഷണ വിതരണത്തിൽ വ്യത്യസ്ത രീതികളാണ് അവലംബിച്ചിരുന്നത്. അബ്ബാസി ഖലീഫ മുഹ്തദി ലളിതമായ വിരുന്നാണ് ഒരുക്കിയിരുന്നത്. അതേസമയം, ഡമസ്കസിലെ അമീറായിരുന്ന മാലിക് ബിൻ തൗഖ്, നോമ്പ് തുറക്കുന്ന സമയത്ത് "വാതിലുകൾ തുറന്നിരിക്കുന്നു, ആർക്കും പ്രവേശിക്കാം" എന്ന് വിളംബരം ചെയ്തിരുന്നു. മംഗോളിയൻ ഭരണകൂടത്തിലെ സാഹിറുദ്ദീൻ മുഹമ്മദും മന്ത്രി ഇബ്നു അബ്ബാദും ആയിരക്കണക്കിന് ദരിദ്രർക്ക് വിരുന്നൊരുക്കി കാരുണ്യത്തിന്റെ വഴി തുറന്നിരുന്നു. റമദാൻ ആഘോഷങ്ങളെ ഏറ്റവും കൂടുതൽ കലാപരവും ആഡംബരപൂർണ്ണവുമാക്കിയത് ഫാത്തിമി ഭരണകൂടമായിരുന്നു. ഖലീഫയുടെ കൊട്ടാരത്തിലെ 'സുവർണ്ണ ഹാൾ' റമദാൻ രാത്രികളിൽ സജീവമായിരുന്നു. സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത പാത്രങ്ങളിൽ ആഡംബര വിഭവങ്ങളാണ് അവിടെ വിളമ്പിയിരുന്നത്. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള പ്രമുഖർക്ക് അവിടെ പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. വിരുന്നിന്റെ ബാക്കി വരുന്ന ഭക്ഷണങ്ങൾ നഗരത്തിലെ സാധാരണക്കാരിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
റമദാൻ വിരുന്നുകൾ പണ്ഡിതന്മാരെയും കലാകാരന്മാരെയും ഒരുമിപ്പിക്കുന്ന സാംസ്കാരിക വേദികള്‍ കൂടിയായിരുന്നു. മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നത് പണ്ട് മുതൽക്കേ ഒരു കലയായി വികസിച്ചിരുന്നു. ബുവൈഹിദ് മന്ത്രി ഫഖ്റുൽ മുൽക്ക് ബഗ്ദാദിലെ നോമ്പുകാർക്കായി റമദാൻ മധ്യത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. പണ്ഡിതർക്കിടയിൽ ഈ ശീലം വളർത്തിയത് ഫാത്തിമ ബിൻത് മുഹമ്മദ് സമർഖന്ദി എന്ന ഹനഫി നിയമജ്ഞയായിരുന്നു. തന്റെ സ്വർണ്ണ വളകൾ വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് നിയമജ്ഞർക്കായി മധുരപലഹാരങ്ങൾ ഒരുക്കിക്കൊണ്ടാണ് അവർ ഈ പാരമ്പര്യം തുടങ്ങിയത്. അലപ്പോയിലെ സുൽത്താൻ നൂറുദ്ദീൻ സങ്കി, ഖത്താഇഫ് (Khataif) എന്ന മധുരപലഹാരം നിറച്ച വലിയ പാത്രങ്ങൾക്ക് ചുറ്റും പണ്ഡിതന്മാരെ ഇരുത്തി ആദരിച്ചിരുന്നു. ബഗ്ദാദിലെ മന്ത്രിമാരുടെ വിരുന്നുകൾ 'ട്രേ' (Tray) എന്നാണ് വിളിക്കപ്പെട്ടിരുന്നത്. കവികളായ ഹെയ്‌സ് ബേസ്, ഇബ്‌നുൽ ഫദ്‌ൽ തുടങ്ങിയ പല പ്രമുഖരും ഇത്തരം വിരുന്നുകളിൽ പങ്കെടുത്തതായി കാണാം. പ്രശസ്ത സഞ്ചാരി ഇബ്നു ബത്തൂത്ത തുർക്കിയിലെ അക്രീഡോർ സന്ദർശിച്ചപ്പോൾ അവിടുത്തെ അമീറിന്റെ റമദാൻ വിരുന്നിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാവരും നിലത്ത് മെത്തകളിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രവാചകന് പ്രിയപ്പെട്ട വിഭവമായതിനാൽ നെയ്യും പഞ്ചസാരയും ചേർത്ത 'തരീദ്' (Tharid) ആണ് അവർ ആദ്യം വിളമ്പിയിരുന്നത്.
റമദാൻ പ്രവർത്തനങ്ങൾക്കായി അന്നത്തെ ഭരണാധികാരികൾ വലിയ ബജറ്റുകൾ നീക്കിവെച്ചിരുന്നു. സുൽത്താൻ അലപ് അർസലാൻ മൂന്ന് മില്യൺ ഡോളറിന് തുല്യമായ 15,000 ദിനാർ റമദാനിൽ ദാനമായി നൽകുമായിരുന്നു. യമനിലെ ഭരണാധികാരി സുറൂർ ഫതകി ദിവസവും വലിയ തുകകൾ അടുക്കളയ്ക്കായി ചെലവഴിച്ചിരുന്നു. ഫാത്തിമി മന്ത്രിയായിരുന്ന മഅ്‌മൂൻ ഒരു ലക്ഷം ദിനാറിലധികം (ഏകദേശം 20 മില്യൺ ഡോളർ) വസ്ത്രങ്ങൾക്കും ഭക്ഷണത്തിനുമായി റമദാനിൽ ചെലവഴിച്ചിരുന്നതായി മക്രിസി രേഖപ്പെടുത്തുന്നു. മംലൂക്ക് സുൽത്താൻ ബർഖൂഖ് റമദാനിലെ ഓരോ ദിവസവും 25 പശുക്കളെ അറുത്ത് ജയിലുകളിലും പള്ളികളിലും ഭക്ഷണം എത്തിച്ചിരുന്നു. ഹമദ് ഇബ്നു അബീസുലൈമാനെപ്പോലുള്ള പണ്ഡിതന്മാർ ദിവസവും 500 പേർക്ക് വരെ സ്വന്തം ചെലവില്‍ ഭക്ഷണം നൽകിയിരുന്നു. അൻഡലൂസിയയിലെ ജഡ്ജിമാരും പണ്ഡിതന്മാരും സ്വന്തം വീടുകളിൽ എല്ലാവർക്കുമായി വാതിൽ തുറന്നിടുകയും ഒന്നിച്ച് ഖുർആൻ പഠിച്ചുകൊണ്ട് നോമ്പ് തുറക്കുകയും ചെയ്തിരുന്നു. വീടിന്റെ അടുക്കളകളിൽ സ്ത്രീകൾ വഹിച്ച പങ്കും വിസ്മരിക്കാനാവില്ല. പ്രവാചക പത്നി ഹഫ്‌സ(റ) പള്ളിയിലുള്ളവർക്കായി പാൽ കൊടുത്തയച്ചതും, ഇബ്നു മസൂദ്(റ) തന്റെ ഭാര്യയോട് റമദാനിൽ ദിവസവും മാംസം വാങ്ങി പാകം ചെയ്യാൻ നിർദ്ദേശിച്ചതും ഈ പങ്കാളിത്തത്തിന് തെളിവാണ്. പാലും നെയ്യും ചേർത്ത 'ബഹത', കൊഴുപ്പുള്ള 'ജവാദബ' തുടങ്ങിയവ അന്നത്തെ പ്രിയപ്പെട്ട റമദാൻ വിഭവങ്ങളായിരുന്നു.
റമദാൻ മേശകൾ കേവലം ഭക്ഷണവിതരണമല്ല, മറിച്ച് കലയും സാഹിത്യവും സാമ്പത്തിക വ്യവസ്ഥകളും ഒത്തുചേർന്ന സാംസ്‌കാരിക പാരമ്പര്യം കൂടിയാണ്. കുനാഫയും ഖതായിഫും പോലുള്ള വിഭവങ്ങൾ ഈ മാസത്തിന്റെ അവിഭാജ്യ ഘടകമായി മാറി. റമദാനിലെ സുഹൂർ വിഭവമായി കുനാഫ ആദ്യമായി ഉപയോഗിച്ചത് അമവീ ഖലീഫ മുആവിയ(റ) ആണെന്ന് ഇബ്‌നു ഫളലുല്ലാഹില്‍ഉമരി രേഖപ്പെടുത്തുന്നു. കഠിനമായ വിശപ്പിൽ നിന്ന് ആശ്വാസം നേടാൻ ഇബ്‌നു ഉത്തൽ എന്ന വൈദ്യൻ അദ്ദേഹത്തിനായി തയ്യാറാക്കിയ വിഭവമായിരുന്നു ഇത്. പിന്നീട് കുനാഫ റമദാൻ മേശകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. ഇമാം സുയൂതി കുനാഫയെയും ഖതായീഫിനെയും കുറിച്ച് മാത്രം "കുനാഫയിലും ഖതായീഫിലും ആനന്ദത്തിന്റെ ഉറവിടം" എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
ഡമസ്കസിലെ ജനങ്ങൾ റമദാനിൽ ഒറ്റയ്ക്ക് നോമ്പ് തുറക്കാറില്ലായിരുന്നു എന്ന് ഇബ്നു ബത്തൂത്ത നിരീക്ഷിക്കുന്നുണ്ട്. രാജകുമാരൻ മുതൽ സാധാരണക്കാരൻ വരെ അയൽക്കാരെയും ദരിദ്രരെയും തങ്ങളോടൊപ്പം നോമ്പ് തുറക്കാൻ ക്ഷണിക്കുമായിരുന്നു. ഈജിപ്തിലെ അൽവാദ്‌ലി എന്ന ഉദ്യോഗസ്ഥൻ ദിവസവും അസ്ഹർ പള്ളിയിലെ ദരിദ്രർക്കായി വലിയ പാത്രങ്ങളിൽ മാംസവും ഭക്ഷണവും അയച്ചുകൊടുക്കുമായിരുന്നു. റമദാനിലെ വർദ്ധിച്ച ചെലവുകൾ നേരിടാൻ ഭരണകൂടങ്ങൾ ശമ്പളം മുൻകൂട്ടി നൽകുകയും ദാനധർമ്മങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. വിലക്കയറ്റം ഉണ്ടാകുമ്പോൾ സുൽത്താൻ തന്റെ കളപ്പുരകൾ തുറന്നുകൊടുക്കുകയും കുറഞ്ഞ വിലയ്ക്ക് ഗോതമ്പ് ലഭ്യമാക്കുകയും ചെയ്തിരുന്നു.
സുഹൂർ സമയത്ത് വിശ്വാസികളെ ഉണർത്തുന്ന 'തസ്ഹീർ' (Tas-heer) എന്ന സമ്പ്രദായം പ്രവാചകന്റെ കാലം മുതലേ നിലനിന്നിരുന്നു. ബിലാൽ(റ), ഇബ്നു ഉമ്മിമക്തൂം(റ) എന്നിവരായിരുന്നു ഇതിന് തുടക്കമിട്ടത്. പിന്നീട് ഓരോ നാട്ടിലും ഇത് വ്യത്യസ്ത രീതികളിൽ വികസിച്ചു. യമനിൽ വീടുകളിൽ മുട്ടിയും, ലവാന്റിൽ ഡ്രമ്മുകൾ അടിച്ചും, മക്കയിൽ മിനാരങ്ങളിൽ വിളക്കുകൾ കത്തിച്ചുമാണ് സുഹൂർ സമയം അറിയിച്ചിരുന്നത്. ബഗ്ദാദിൽ ഇത് 'അൽഖവ്മ' (Al-Qawma) എന്ന പേരിൽ ഒരു സംഗീത സാഹിത്യ കലയായി മാറി. ഇബ്നു നുഖ്ത എന്ന ഗായകൻ ഖലീഫ നാസിറിന് വേണ്ടി സുഹൂർ സമയത്ത് പാടിക്കൊണ്ടാണ് ഇതിന് തുടക്കമിട്ടത്. വീടിന്റെ ഉടമസ്ഥരെ സ്തുതിച്ചും പ്രാർത്ഥനകൾ ചൊല്ലിയും നടത്തുന്ന ഈ ആലാപനം ഇന്നും പല നാടുകളിലും വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തിലെ റമദാൻ വിരുന്നുകൾ എന്നത് വിശപ്പിനെതിരെയുള്ള പ്രതിരോധവും, ഭരണകൂടങ്ങളുടെ ഉത്തരവാദിത്തവും, ജനങ്ങളുടെ സാമൂഹിക ഐക്യദാർഢ്യവും പ്രതിഫലിപ്പിക്കുന്ന ഒരു സമഗ്ര സംസ്കാരമാണ്. പ്രമാണങ്ങളില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് പണ്ട് മുതലേ തുടക്കം കുറിച്ച ഈ ആതിഥ്യസദസ്സുകള്‍, പാരമ്പര്യമായി കൈമാറി ഇന്നും മുസ്‍ലിം നാടുകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം നല്കുന്ന എത്രയോ വീടുകള്‍ ഇന്നും ഗള്‍ഫ് നാടുകളില്‍ കാണാം. ഏത് സാധാരണക്കാരനും ഒരാളെയെങ്കിലും നോമ്പ് തുറപ്പിക്കണമെന്ന് ഇന്നും ശഠിക്കുന്നതും അതിന്റെ തുടര്‍ച്ച തന്നെ.



Leave A Comment