ദീര്‍ഘ സംസാരം
സമസ്ത, സി.എം., സഅദിയ്യ:
കാസര്‍കോടിന്റെ നവോത്ഥാന വിശേഷങ്ങള്‍
യു.എം. അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍/ഡോ.
മോയിന്‍ മലയമ്മ
(സമസ്ത കാസര്‍കോട് ജില്ല ജനറല്‍സെക്രട്ടറി, കേന്ദ്രമുശാവറാ അംഗം, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന യു.എം. ഉസ്താദ് കാസര്‍കോട്ടെ ഇസ്‌ലാമിക ചലനങ്ങളുടെ ഇന്നലെകള്‍ അയവിറക്കുന്നു.)
സി.എം. ഉസ്താദിന്റെ നിഴലായിരുന്നു യു.എം. അബ്ദുറഹ്‌മാന്‍ മൗലവി. ചൂടും തണുപ്പും വെയിലും മഴയും വകവെക്കാതെ നാല്‍പത്തിയഞ്ചിലേറെ വര്‍ഷം കൂടെനടന്ന ഉത്തമ സ്‌നേഹിതന്‍. ഒരു നാടിന്റെ വൈജ്ഞാനിക ഉത്ഥാനത്തിന് കാലം കാത്തുവെച്ച ഭാഗ്യനക്ഷത്രങ്ങളിലൊന്ന്. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായി പിന്നാക്കം പോയ ഒരു സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നുവടിപോലെ വര്‍ത്തിച്ച പണ്ഡിത തേജസ്സ്. കാലത്തിന്റെ വിളിയാളംകേട്ട് പണ്ഡിതോചിതമായ പ്രതികരണങ്ങളോടെ സി.എം. മുമ്പില്‍ നടന്നപ്പോള്‍ അതേചുവട് പിടിച്ച്് തൊട്ടുപിന്നില്‍ യു.എം. ഉസ്താദുമുണ്ടായിരുന്നു. നാടിന്റെ ക്രിയാത്മക ബോധമണ്ഡലത്തെ തൊട്ടുണര്‍ത്തി വൈജ്ഞാനിക വെളിച്ചത്തിന്റെ നവയുഗപ്പിറവി സാധ്യമാക്കിയപ്പോള്‍ സി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കരുത്ത് പകര്‍ന്നു. ആ ചിന്തകള്‍ക്ക് മൂര്‍ച്ചയും തിളക്കവും കൂട്ടി. നാടിന്റെ കാരണവരായി ഉസ്താദിനെ മുമ്പില്‍നിര്‍ത്തി പിന്നണിയില്‍ ശക്തമായി പ്രവര്‍ത്തിച്ചു. കാസര്‍കോട് മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്ര നിശ്വാസങ്ങളില്‍ ഒരു ജൂനിയര്‍ സി.എമ്മായി നിലകൊണ്ടു. ഉത്തര മലബാറിന് വൈജ്ഞാനിക വെളിച്ചം പകര്‍ന്ന സി.എമ്മിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളെയും കാസര്‍കോട് മുസ്‌ലിം ചരിത്രത്തിലെ ഒരു കറുത്ത അധ്യായം പോലെ നിലകൊള്ളുന്ന 'സഅ്ദിയ്യ നഷ്ട'ത്തെയും മുന്‍നിര്‍ത്തി മനസ്സ് തുറക്കുകയാണിവിടെ സഹയാത്രികനും അന്നത്തെ സഅ്ദിയ്യ സെക്രട്ടറിയുമായ യു.എം. അബ്ദുര്‍റഹ്‌മാന്‍ മൗലവി...
ഉസ്താദിന്റെ ജീവിതകാലവും പ്രവര്‍ത്തന മേഖലകളുമെല്ലാം സി.എം. ഉസ്താദുമായി പല നിലക്കും ബന്ധപ്പെട്ടുകിടക്കുന്നു. അതിനാല്‍, വസ്തുതകളുടെ സുഗ്രാഹ്യതക്ക് ഉസ്താദിന്റെ വ്യക്തിപരമായ കാര്യങ്ങള്‍മുതല്‍തന്നെ നമുക്ക് സംസാരിച്ചു തുടങ്ങാം. ഉസ്താദിന്റെ ജനനവും പഠനവും?
1939 നവംബര്‍ രണ്ടിന് മൊഗ്രാലിലാണ് ജനനം. ഉമ്മ ഖദീജ. ഉപ്പ അബ്ദുല്‍ ഖാദിര്‍. പണ്ഡിതപ്രമുഖനായ കീഴൂര്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ അനുജന്റെ മകനാണ് ഉപ്പ. കീഴൂര്‍ ഒറവങ്കരയാണ് ഉപ്പാന്റെ തറവാട്. ഉപ്പാപ്പമാര്‍ അവിടെയാണ് ജീവിച്ചിരുന്നത്. അതിനാല്‍, സി.എം. ഉസ്താദിന്റെ നാട് കൊച്ചുകാലംമുതല്‍തന്നെ എനിക്ക് പരിചയവും നിരന്തര ബന്ധവുമുള്ള നാടായിരുന്നു. ദക്ഷിണ കന്നടയിലെ പറങ്കിപ്പേട്ട, മംഗലാപുരം അസ്ഹരിയ്യാ കോളേജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍നിന്നാണ് ദര്‍സ് പഠനം. മൊഗ്രാല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കുറ്റിപ്പുറം കെ. അബ്ദുല്ല മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഉസ്താദുമാരാണ്. ശേഷം, ബാഖിയാത്തില്‍ പോയി. ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, കെ.കെ. ഹസ്രത്ത്, മുസ്ഥഫ ആലിം സാഹിബ് പോലെയുള്ളവര്‍ അവിടത്തെ ഉസ്താദുമാരാണ്.
പഠനശേഷം സേവനം ചെയ്തത് എവിടെയായിരുന്നു?
ബാഖിയാത്തില്‍നിന്നും വന്നശേഷം പ്രധാനമായും പള്ളിദര്‍സുകളില്‍തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അന്നൊക്കെ വിദ്യാഭ്യാസം പകരാനും പ്രചരിപ്പിക്കാനുള്ള മുഖ്യ മാര്‍ഗം അതാണല്ലോ. കുമ്പള, ഇച്ചിലങ്കോട്, മൊഗ്രാല്‍, തൃക്കരിപ്പൂര്‍ ബീരിച്ചേരി, വള്‍വക്കാട്, പുതിയങ്ങാടി, കളനാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.
സി.എം. ഉസ്താദുമായുള്ള ബന്ധം ആരംഭിക്കുന്നത് എന്നാണ്? എങ്ങനെയാണ്? ചെറുപ്പത്തില്‍തന്നെ അറിയുമായിരുന്നോ?
ഞങ്ങളുടെ തറവാട് കീഴൂര്‍ ഒറവങ്കരയാണെന്ന് ഞാന്‍ പറഞ്ഞല്ലോ. അതിനാല്‍, വളരെ ചെറുപ്പത്തില്‍തന്നെ ആ നാടുമായി വളരെ അധികം ബന്ധപ്പെട്ടിരുന്നു. ഇടക്കിടെ അവിടെ പോവുകയും താമസിക്കുകയും ചെയ്യുമായിരുന്നു. കുടുംബക്കാരെപ്പോലെത്തന്നെ അവിടെ കുറേ ബന്ധക്കാരും പരിചയക്കാരുമുണ്ടായിരുന്നു. സ്വാഭാവികമായും അന്നുമുതല്‍തന്നെ ഞങ്ങളുടെ പരിചയവും തുടങ്ങി. സി.എം. ഉസ്താദിന്റെ ഉപ്പ സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഒറവങ്കര പള്ളിയില്‍ കുറേ കാലം ദര്‍സ് നടത്തിയിരുന്നുവെല്ലോ. അത് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പലപ്പോഴും ഉപ്പ വല്ല ആവശ്യങ്ങള്‍ക്കും പോയാല്‍ സി.എം. ഉസ്താദാണ് ദര്‍സ് നടത്തിയിരുന്നത്. ഉപ്പാക്കു ശേഷവും കുറച്ചു കാലം ഉസ്താദ് അവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. പക്ഷെ, ഇക്കാലത്തെല്ലാം ചെറിയ ഒരു സാധാരണ ബന്ധമാണ് ഉണ്ടായിരുന്നത്.
സി.എം. ഉസ്താദിന്റെ ഉപ്പയെക്കുറിച്ച്?
വലിയ പണ്ഡിതനും സൂഫിയുമാണ്. സംഘടനകളിലൊന്നും ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. ചെമ്പിരിക്ക ഖാസിയായിരുന്നു. വലിയ അസറുള്ള ആളാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം തേടി ഹിന്ദു സുഹൃത്തുക്കള്‍ പോലും വരാറുണ്ടായിരുന്നത്രെ.
സി.എമ്മും സമസ്തയും
സി.എം. ഉസ്താദുമായി കൂടുതല്‍ അടുക്കുന്നത് എന്നാണ്?
ബാഖിയാത്തിലെ പഠനത്തിനു ശേഷം പൊതുപ്രവര്‍ത്തന, സേവന മേഖലയിലേക്കിറങ്ങുന്നതോടെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. 1933 ലാണ് ഉസ്താദ് ജനിക്കുന്നത്. 39 ല്‍ ഞാനും. ഞങ്ങള്‍ തമ്മില്‍ ആറു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. ബാഖിയാത്തിലും ഞങ്ങള്‍ തൊട്ടടുത്ത വര്‍ഷങ്ങളിലായിരുന്നു. 1961-62 കാലങ്ങളിലാണ് സി.എം. ഉസ്താദ് അവിടെയുണ്ടായിരുന്നത്. 63-64 ലായിരുന്നു ഞാന്‍ അവിടെ. സമസ്തക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങളെ ഒരുമിപ്പിച്ച പ്രധാന ഘടകം. സി.എം. ഉസ്താദ് ഫാരിഗായി വന്നതു മുതല്‍തന്നെ ഒരു സ്ഥാപനത്തിന്റെ നിര്‍മാണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. ഈ ഭാഗത്ത് അന്ന് പ്രധാനപ്പെട്ട ഇസ്‌ലാമിക സ്ഥാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമസ്തയുടെ ആളുകള്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നു. പക്ഷെ, അത് നടന്നില്ല.
അന്ന് ഈ ഭാഗത്തെ സമസ്തയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
കണ്ണൂരായിരുന്നല്ലോ അന്ന് ജില്ല. കാസര്‍കോട് ജില്ല പിറന്നിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെത്തന്നെ ഇടപെടാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. 1965 ല്‍തന്നെ കമ്മിറ്റിയില്‍ കടന്നുവരാന്‍ കഴിഞ്ഞു. ഉള്ളാള്‍ തങ്ങളായിരുന്നു അന്ന് സമസ്ത കണ്ണൂര്‍ ജില്ല പ്രസിഡണ്ട്. എം.എ. സെക്രട്ടറിയും. ഞാനന്ന് ജോ. സെക്രട്ടറിയായിരുന്നു. 1970 ല്‍ കാസര്‍കോട് താലൂക്ക് മുശാവറ രൂപീകരിക്കപ്പെട്ടു. കുമ്പള ആലിക്കുഞ്ഞി മുസ്‌ലിയാരായിരുന്നു പ്രസിഡണ്ട്. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറി. ഞാന്‍ ട്രഷററും. സമസ്തയുടെ പ്രവര്‍ത്തനങ്ങളെല്ലാം അന്ന് ഈ ഭാഗത്ത് സജീവമായിത്തന്നെ നടന്നിരുന്നു. സി.എം. ഉസ്താദ് അന്നൊക്കെ സംഘടനാ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും സജീവമായി ഇടപെട്ടിരുന്നില്ല. ഒരു സ്ഥാപനത്തെക്കുറിച്ച ചിന്തയിലും അന്വേഷണത്തിലുമായിരുന്നു അദ്ദേഹം.
സി.എം. സംഘടനയില്‍ സജീവമായി തുടങ്ങുന്നത് എന്നാണ്?
1974 ല്‍ സമസ്തയുടെ കണ്ണൂര്‍ ജില്ല പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. കാസര്‍കോട് കെ.എസ്. സുലൈമാന്‍ ഹാജിയുടെ വീട്ടു പരിസരത്തുവെച്ചായിരുന്നു ഇത്. നൂറോളം പണ്ഡിതന്മാര്‍ ഒത്തുകൂടിയ ഒരു മഹാ ക്യാമ്പായിരുന്നു അത്. 15 ദിവസം നീണ്ടുനിന്നിരുന്നു. തായലങ്ങാടി ഖിള്ര്‍ ജുമാ മസ്ജിദിന് അടുത്തുവെച്ചായിരുന്നു സമാപന സമ്മേളനം. ഈ ഭാഗത്തെ സമസ്തയുയെ ശക്തി തെളിയിക്കുന്ന ഒരു മഹാ സംഗമമായിരുന്നു അത്. ഈ യോഗത്തില്‍ സമസ്ത കാസര്‍കോട് താലൂക്കിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. സി.എം. ഉസ്താദ് പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായി. ചെര്‍ക്കള അഹ്‌മദ് മുസ്‌ലിയാരായിരുന്നു ട്രഷറര്‍. പ്രവര്‍ത്തന മേഖലയില്‍ സജീവമായിട്ടുണ്ടായിരുന്നുവെങ്കിലും സമസ്തയുടെ കമ്മിറ്റിയംഗമെന്ന നിലക്ക് സി.എം. ഉസ്താദ് രംഗത്ത് വരുന്നത് അങ്ങനെയാണ്. പിന്നീട് എല്ലാ മേഖലയിലും ഉഷാറായിത്തന്നെ ഇടപെട്ടു.
സി.എം. ജില്ലാ കമ്മിറ്റിയിലെത്തുന്നത്?
1984 ലാണല്ലോ കാസര്‍കോട് ജില്ല നിലവില്‍ വരുന്നത്. അതോടെ സമസ്തക്ക് പുതിയ ജില്ലാ കമ്മിറ്റി വന്നു. മുന്‍ കാഞ്ഞങ്ങാട് ഖാസി പി.എ. അബ്ദുല്ല മൗലവിയായിരുന്നു പ്രസിഡണ്ട്. ഞാന്‍ സെക്രട്ടറിയും. പക്ഷെ, ഈ കമ്മിറ്റി വളരെ കുറഞ്ഞ മാസങ്ങളേ നിലനിന്നുള്ളൂ. വേണ്ടപോലെ യോഗം ചേരലോ പ്രവര്‍ത്തനങ്ങളോ നടക്കാത്തതിനാല്‍ ശംസുല്‍ ഉലമ തന്നെ ഇടപെട്ട് കമ്മിറ്റി മാറ്റി. ചെമ്പിരിക്ക ഖാസി പ്രസിഡണ്ടാവട്ടെയെന്നായിരുന്നു ശംസുല്‍ ഉലമായുടെ തീരുമാനം. അങ്ങനെത്തന്നെ നടക്കുകയും ചെയ്തു. ടി.കെ.എം. ബാവ മുസ്‌ലിയാരായിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. ഞാന്‍ വര്‍ക്കിംഗ് സെക്രട്ടറിയും. ഈ കമ്മിറ്റിയാണ് പിന്നീട് വര്‍ഷങ്ങളോളം ഉണ്ടായിരുന്നത്. കാസര്‍കോട് ജില്ലയില്‍ സമസ്തക്ക് വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ പലതും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സി.എം. ഉസ്താദിന്റെ വഫാത്തിനു ശേഷം ബാവ മുസ്‌ലിയാര്‍ പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായി. പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാരാണ് ട്രഷറര്‍.
സി.എം. കേന്ദ്രമുശാവറയിലെത്തുന്നത് എന്നാണ്?
1980 കളില്‍ തന്നെ ഉസ്താദ് കേന്ദ്ര മുശാവറയിലെത്തിയിട്ടുണ്ട്. ഈ ഭാഗത്തുനിന്നും ഒരു പണ്ഡിതനെ വേണമെന്ന് ശംസുല്‍ ഉലമയുടെ ആവശ്യം വന്നപ്പോല്‍ ഉസ്താദ് സെലക്ട് ചെയ്യപ്പെടുകയായിരുന്നു. 1992 ലാണ് ഞാന്‍ കേന്ദ്രമുശാവറയിലെത്തുന്നത്.
സഅ്ദിയ്യയുടെ നിര്‍മാണം
സഅ്ദിയ്യയുടെ നിര്‍മാണത്തിലേക്ക് സി.എം. ഉസ്താദ് എത്തുന്നത് എങ്ങനെയാണ്?
നമ്മുടെ ഈ ഭാഗത്തൊന്നും മുതഅല്ലിമുകള്‍ക്ക് അനുയോജ്യമായ ഉപരിപഠന കേന്ദ്രങ്ങളുണ്ടായിരുന്നില്ല. കൂടുതല്‍ പഠിക്കാനുദ്ദേശിക്കുന്നവര്‍ക്കൊക്കെ കൂടുതല്‍ താണ്ടി വിദൂര ദിക്കുകളില്‍ പോകേണ്ടിയിരുന്നു. ഇതിനൊരു അറുതി വരുത്തുന്നതിനെക്കുറിച്ച് സി.എം. ഉസ്താദ് വളരെ നേരത്തെത്തന്നെ ചിന്തിച്ചു. ഇവ്വിഷയകമായി ഈ ഭാഗത്ത് പലരും ചിന്തിക്കുന്നതിനു മുമ്പായിരുന്നു ഇത്. ആ അന്വേഷണം പല നിലക്കും കടന്നുപോയി. പല ശ്രമങ്ങളും നടന്നു. പലയിടത്തും കയറിയിറങ്ങി. അന്നൊക്കെ ഉസ്താദിന്റെ ഒറ്റയാന്‍ പോരാട്ടമായിരുന്നു ഈ മേഖലയില്‍. മതബോധമുള്ള പ്രമാണിമാരെ കൂടെപിടിച്ച് എങ്ങനെയെങ്കിലും അത്തരമൊരു സംരംഭമൊരുക്കുകയെന്നതായിരുന്നു ഉസ്താദിന്റെ ആഗ്രഹം. അവസാനം അത് സഅ്ദിയ്യയിലെത്തിപ്പെടുകയായിരുന്നുവെന്നു മാത്രം.
സഅ്ദിയ്യയുടെ തുടക്കംമുതല്‍തന്നെ ഉസ്താദ് സി.എം. ഉസ്താദിനോടൊപ്പം ഉണ്ടായിരുന്നോ?
തീര്‍ച്ചയായും. ഉസ്താദ് അതിനുവേണ്ടി ഓടി നടക്കുന്ന കാലത്ത് തന്നെ അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അന്ന് ഇച്ചിലങ്കോട് ദര്‍സിലായിരുന്നു ഞാന്‍. പല പരിപാടികളില്‍ പങ്കെടുക്കാന്‍വേണ്ടിയും ചില ക്ലാസുകള്‍ക്കു വേണ്ടിയും ഞാന്‍ വരാറുണ്ടായിരുന്നു.
സഅ്ദിയ്യയുടെ ആരംഭ കാലം ഒന്ന് വിവരിക്കാമോ?
1971 ലാണെല്ലോ ഇത് സ്ഥാപിതമാകുന്നത്. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ വീട്ടിലായിരുന്നു തുടക്കം. അതിനു മുമ്പ് ഇതു സംബന്ധമായി പല യോഗങ്ങളും നടന്നിട്ടുണ്ട്. പക്ഷെ, ഒരു യോഗത്തില്‍, ശമ്പളം വേണ്ട; കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള അവസരമൊരുക്കുകയാണെങ്കില്‍ ഞാന്‍ ഫ്രീയായി പഠിപ്പിച്ചോളാം എന്ന സി.എം. ഉസ്താദിന്റെ പ്രഖ്യാപനത്തോടെയാണ് ഈ സ്വപ്നം സാക്ഷാല്‍കൃതമാകുന്നത്. കല്ലട്ര അതിന് സമ്മതം മൂളുകയായിരുന്നു.
സി.എം. ഉസ്താദ്തന്നെയായിരുന്നു പ്രഥമ പ്രന്‍സിപ്പാള്‍. തൈകടപ്പുറം അസീസ് മുസ്‌ലിയാര്‍, കെ.വി. മൊയ്തീന്‍ കുഞ്ഞിമുസ്‌ലിയാര്‍, സി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു മറ്റു ഉസ്താദുമാര്‍. സി.എം. അന്നൊന്നും ശമ്പളം വാങ്ങിയിരുന്നില്ല. സമസ്ത ഏറ്റെടുത്തതിനു ശേഷം മാത്രമാണ് അവരത് ചെയ്തിരുന്നത്.
സി.എം. ഉസ്താദ് തന്നെയായിരുന്നു അന്ന് ഈ സ്ഥാപനത്തിന്റെ എല്ലാം. ഹാജി സാഹിബ് എല്ലാവിധ സാമ്പത്തിക സപ്പോര്‍ട്ടും നല്‍കി. സി.എം. സ്വന്തമായി ആവിഷ്‌കരിച്ച സിലബസാണ് പഠിപ്പിക്കപ്പെട്ടിരുന്നത്. ഒരു തരം മത-ഭൗതിക സമന്വയമായിരുന്നു ഇത്. മുമ്പൊന്നും ആര്‍ക്കും പരിചയമില്ലാത്ത ഒരു രീതിയായിരുന്നു. ഭൗതിക വിഷയങ്ങളും കിത്താബുകളും ഒരേ ക്ലാസില്‍നിന്നുതന്നെ പഠിപ്പിക്കപ്പെട്ടു. ഭൗതിക വിഷയങ്ങളെടുക്കാന്‍ മേല്‍പറമ്പ് സ്‌കൂളില്‍നിന്നുമുള്ള ഒരു മാഷാണ് വന്നിരുന്നത്. ഇംഗ്ലീഷ് ക്ലാസും അങ്ങനെയായിരുന്നു. ഉറുദു സി.എം. ഉസ്താദ് തന്നെയാണ് പഠിപ്പിച്ചത്. ഏകദേശം 9 വര്‍ഷത്തോളം സി.എം. തന്നെ ഇങ്ങനെ സ്ഥാപനം നടത്തുകയുണ്ടായി.
അന്ന് സമസ്തക്ക് ഇതുമായി വല്ല ബന്ധവുമുണ്ടായിരുന്നോ?
സമസ്തയുടെ ആദര്‍ശം മുറുകെ പിടിക്കുന്ന സ്ഥാപനമായിരുന്നു. പക്ഷെ, അതിന്റെ കമ്മിറ്റിയുമായി സമസ്തക്ക് പ്രകടമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. സി.എം. ഉസ്താദിനും കല്ലട്രക്കും കീഴില്‍ നടക്കുന്ന ഒരു സ്വകാര്യ സ്ഥാപനം പോലെയായിരുന്നു അത്. പുറത്തുനിന്നെല്ലാം കുട്ടികള്‍ പഠിക്കാന്‍ വരുമായിരുന്നു. സമസ്തയുടെ പണ്ഡിതന്മാര്‍ പലരും ക്ലാസുകള്‍ക്കായി വരുമായിരുന്നു.
സമസ്ത ഏറ്റെടുത്ത വര്‍ഷം? എങ്ങനെയായിരുന്നു ചടങ്ങ്?
തന്റെ സ്ഥാപനം തനിക്കു ശേഷവും നിലനില്‍ക്കണമെന്ന് കല്ലട്ര സാഹിബിന് നല്ല താല്‍പര്യമുണ്ടായിരുന്നു. അതുപോലെ, സുന്നത്തു ജമാഅത്തിന്റെ ആദര്‍ശങ്ങളില്‍നിന്നും അകന്നുപോകരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിന് ഏറ്റവും ഉചിതം സമസ്തയെ ഏല്‍പിക്കുന്നതായിരിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. വളരെ നല്ലൊരു തീരുമാനമായിരുന്നു ഇത്. 1979 ല്‍ കാഞ്ഞങ്ങാട് കല്ലട്രയുടെ നൂര്‍മഹലില്‍ വെച്ചായിരുന്നു കൈമാറ്റച്ചടങ്ങ്. പ്രധാന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊയ്യോട് ഉസ്താദ്, എം.എ, ചിത്താരി ഹംസ മുസ്‌ലിയാര്‍, ഇ. അഹമ്മദ് സാഹിബ് തുടങ്ങി പലരുമുണ്ടായിരുന്നു. ഒരു സമ്മേളനം തന്നെയായിരുന്നു അത്. അതില്‍ പലരും പ്രസംഗിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. നേരത്തെ തീരുമാനിച്ചതനുസരിച്ച് സി.എം. ഉസ്താദിന് ബേങ്ക് പലിശയെക്കുറിച്ചാണ് പ്രബന്ധം അവതരിപ്പിക്കാനുണ്ടായിരുന്നത്. പക്ഷെ, ബേങ്ക് പലിശയുമായി ബന്ധപ്പെടുന്ന ചിലയാളുകള്‍ അവിടെയുണ്ടായിരുന്നു. അവര്‍ ചില സ്വാധീനങ്ങളുപയോഗിച്ച് സി.എം. ഉസ്താദിന്റെ പ്രബന്ധാവതരണം റദ്ദാക്കുകയാണുണ്ടായത്.
സമസ്ത ഏറ്റെടുത്ത ശേഷം സഅദിയ്യയുടെ കമ്മിറ്റി?
സമസ്ത ഏറ്റെടുത്ത ശേഷം സഅദിയ്യക്കു പുതിയ കമ്മിറ്റി നിലവില്‍വന്നു. സമസ്ത കണ്ണൂര്‍ ജില്ലാ മേധാവികളാണ് അതില്‍ കൂടുതലും ഉണ്ടായിരുന്നത്. ആദ്യം തീരുമാനിച്ചതനുസരിച്ച് ഉള്ളാള്‍ തങ്ങള്‍ പ്രസിഡണ്ടും സി.എം. ഉസ്താദ് സെക്രട്ടറിയും കല്ലട്ര ട്രഷററുമായിരുന്നു. സി.എം. ഉസ്താദ് അതില്‍ സേവനം തുടരാനാണ് ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഇത് ചിലയാളുകള്‍ക്ക് പിടിച്ചില്ല. സ്ഥാപനത്തെ ഭരിക്കുന്നവര്‍ അതില്‍ സേവനം ചെയ്യുന്നവരോ അതില്‍ സേവനം ചെയ്യുന്നവര്‍ ഭരിക്കുന്നവരോ ആയിരിക്കരുതെന്ന് അവര്‍ വാശിപിടിച്ചു. ഈ നിയമപ്രകാരം സി.എം. ഉസ്താദ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. പകരം ചിത്താരി ഹംസ മുസ്‌ലിയാരായി സെക്രട്ടറി. ഞാന്‍ ജോ. സെക്രട്ടറിയും. ഇതോടെ സി.എം. ഉസ്താദ് വൈസ് പ്രന്‍സിപ്പാള്‍ ആയി നിയമിക്കപ്പെട്ടു. കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാരും പി.എ. അബ്ദുല്ല മുസ്‌ലിയാരുമൊക്കെയായിരുന്നു പ്രന്‍സിപ്പാള്‍മാര്‍.
കാസര്‍കോട് ജില്ല നിലവില്‍ വന്നതോടെ വീണ്ടും പ്രശ്‌നമായി. രണ്ടു ജില്ലകളില്‍നിന്നും കമ്മിറ്റിയില്‍ പ്രാതിനിധ്യം വേണമെന്ന് നിര്‍ബന്ധമുയര്‍ന്നു. ഒരു ജില്ലയില്‍നിന്ന് പ്രസിഡണ്ടിനെയും മറ്റെ ജില്ലയില്‍നിന്ന് സെക്രട്ടറിയെയും തെരഞ്ഞെടുക്കാന്‍ തീരുമാനമായി. പക്ഷെ, നിലവിലെ കമ്മിറ്റിയില്‍ രണ്ടു പേരും ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നവരായിരുന്നു. അതിനെ തുടര്‍ന്ന് ഞാന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പി.എ. അബ്ദുല്ല മൗലവിയായിരുന്നു പ്രന്‍സിപ്പാള്‍. സി.എം. ഉസ്താദ് വൈസ് പ്രന്‍സിപ്പാളും.
സമന്വയ വിദ്യാഭ്യാസമായിരുന്നുവല്ലോ സി.എം. ഉസ്താദിന്റെ ആശയം. സമസ്ത ഏറ്റെടുത്തതോടെ അതെല്ലാം ക്രൂരമാംവിധം എടുത്തുമാറ്റപ്പെട്ടുവെന്ന് ഉസ്താദിന്റെ ചില ലേഖനങ്ങളിലെല്ലാം കാണുന്നു. എന്താണ് ഈ ഘട്ടത്തില്‍ സംഭവിച്ചത്?
ശരിയാണ്. സി.എം. ഉസ്താദ് സ്വന്തമായി ആവിഷ്‌കരിച്ച പുതിയൊരു സിലബസാണ് സഅദിയ്യയില്‍ പഠിപ്പിക്കപ്പെട്ടിരുന്നതെന്ന് നാം പറഞ്ഞുവല്ലോ. മത-ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് അവിടെ നല്‍കപ്പെട്ടിരുന്നത്. കിത്താബുകള്‍ പഠിപ്പിക്കപ്പെടുന്നതോടൊപ്പം ഭാഷകള്‍ക്കും അവിടെ പ്രത്യേകം പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു. പത്രങ്ങളും മാസികകളുമെല്ലാം വന്നിരുന്നു. പക്ഷെ, പുതുതായി വന്ന ആളുകള്‍ക്ക് ഇത് പെട്ടെന്ന് ഉള്‍കൊള്ളാനായില്ല. ഒരേ ക്ലാസില്‍ മതവും ഭൗതികവും പഠിപ്പിക്കപ്പെടുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ഭാവനക്കപ്പുറത്തായിരുന്നു. അതുകൊണ്ടുതന്നെ, അവര്‍ സി.എം. ഉസ്താദിന്റെ സിലബസ് ഒഴിവാക്കി. ദര്‍സുകളില്‍ പഠിപ്പിക്കപ്പെട്ടിരുന്ന അതേ സംവിധാനം അവിടെയും നടപ്പിലാക്കി.
സി.എം. ഉസ്താദ് നാട്ടിലില്ലാത്ത ഒരു സമയമായിരുന്നു അത്. ഒരു മഹല്ല് ജമാഅത്തിന്റെ ആവശ്യാര്‍ത്ഥം ഗള്‍ഫ് പര്യടനത്തിലായിരുന്നു. എല്ലാം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും എല്ലാം മാറ്റപ്പെട്ട് പുതിയ രീതി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. താനറിയാതെ പെട്ടന്നു സംഭവിച്ച ഈ മാറ്റം സ്വാഭാവികമായും സി.എമ്മിനെ വല്ലാതെ വേദനിപ്പിച്ചിരിക്കണം. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒന്നിച്ചു നല്‍കി കാലത്തിനനുയോജ്യമായ പണ്ഡിതരെ വാര്‍ത്തെടുക്കുക എന്ന ഒരാശയവുമായിട്ടായിരുന്നല്ലോ സി.എം. ഉസ്താദ് ആദ്യകാലം മുതലേ പ്രവര്‍ത്തിച്ചുവന്നിരുന്നത്.
സഅദിയ്യയുടെ പിന്നീടുള്ള കാലം?
ദര്‍സ് പോലെയുള്ള ഒരു സംവിധാനത്തിലേക്ക് മാറിയിരുന്നുവെങ്കിലും നല്ലപോലെ നടന്നുപോയിരുന്നു. സി.എം. ഉസ്താദ് അന്നും സജീവമായി ഉണ്ടായിരുന്നു. ക്ലാസ് എടുക്കാനും അവരുണ്ടായിരുന്നു. എഴുത്തിലും വായനയിലുമൊക്കെയായിരുന്നു അന്ന് ഉസ്താദ് കാലം കഴിച്ചത്. അന്നാണ് അദ്ദഅവ മാസിക ഉസ്താദിന്റെ പത്രാധിപത്യത്തില്‍ സഅദിയ്യയില്‍നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നത്.
സമസ്ത ഏറ്റെടുത്ത ശേഷം സഅദിയ്യയുടെ കമ്മിറ്റി?
പത്ത് പണ്ഡിതരും അഞ്ച് പ്രമാണിമാരും എന്നതായിരുന്നു ഔദ്യോഗിക നിയമം. ഇതനുസരിച്ച് അന്ന് കമ്മിറ്റിയിലുണ്ടായിരുന്നത് ഉള്ളാള്‍ തങ്ങള്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍, കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ചാലാട് ഹമീദ് മുസ്‌ലിയാര്‍, കൂത്തുപറമ്പ് വാവ മുസ്‌ലിയാര്‍, എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, യു.എം. അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവരാണ്. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, സ.എച്ച്. അഹ്‌മദ് ഹാജി, മാട്ടുമ്മല്‍ മുഹമ്മദ് ഹാജി, ടി.കെ. അബ്ദുല്ല ഹാജി എന്നിവരായിരുന്നു പ്രമാണിമാര്‍.
സമസ്തയിലെ പിളര്‍പ്പ് സഅദിയ്യയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലങ്ങളാളി കൈയ്യും മെയ്യും മറന്നു അതിനു വേണ്ടി പ്രവര്‍ത്തിച്ച പല പണ്ഡിതര്‍ക്കും അവിടെ നിന്നും ഇറങ്ങിപോരേണ്ട അവസ്ഥയുണ്ടായി. എന്തായിരുന്നു അന്നത്തെ അവസ്ഥ?
1989 ലാണെല്ലോ സമസ്തയില്‍ ചില ദു:ഖകരമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. ചില നിക്ഷിപ്ത താല്‍പര്യക്കാരായിരുന്നു ഇതിനു പിന്നില്‍. സ്ഥാനവും നേതൃത്വവും കൊതിച്ച ഇവര്‍ക്ക് സമസ്തയുടെ പണ്ഡിതന്മാര്‍ക്കു കീഴില്‍ ഒതുങ്ങി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നു മാത്രമേ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. സത്യം പറഞ്ഞാല്‍ ഇന്ന് പലരും പറയുന്നപോലെ ആദര്‍ശ വര്‍ത്തമാനങ്ങള്‍ക്കൊന്നും പിളര്‍പ്പില്‍ യാതൊരു പങ്കുമില്ല. ആരുടെയൊക്കെയോ ചില സ്വാര്‍ത്ഥ, രാഷ്ട്രീയ, അഹങ്കാരപൂര്‍ണമായ ആവശ്യങ്ങള്‍ നേടിയെടുക്കലായിരുന്നു ഇതിനു പിന്നില്‍. കാന്തപുരമാണ് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത്. കേരളത്തിലെ മുസ്‌ലിം ഉമ്മത്ത് ഇതു കാരണം എത്ര കണ്ണീര്‍ വാര്‍ത്തുവെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. ആളുകള്‍ക്കിടയില്‍ സ്ഥാനം ലഭിക്കുന്നതിലും നേതാവാകുന്നതിലുമായിരുന്നു അയാളുടെ കണ്ണ്. ബാഖിയാത്തില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷം എന്നോടൊപ്പം കാന്തപുരവുമുണ്ടായിരുന്നു. സി.എം. ഉസ്താദിനൊപ്പവും ഒരു വര്‍ഷമുണ്ടായിരുന്നു. പക്ഷെ, എന്തു പറയാന്‍. അയാള്‍ തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി കേരളത്തിലെ മുസ്‌ലിം ഉമ്മത്തിലെ ആധികാരിക മത പണ്ഡിത സഭ പിളര്‍ത്തി. നേതാവായി.
സമസ്തയുടെ സ്ഥാപനമെന്ന നിലക്ക് ഇത് സഅദിയ്യയെ സാരമായി ബാധിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. കാന്തപുരത്തിന്റെ വലംകയ്യായി പ്രവര്‍ത്തിച്ചിരുന്ന പലരും നമ്മുടെ സ്ഥാപനത്തിന്റെ കമ്മിറ്റിയിലുണ്ടായിരുന്നുവല്ലോ. സ്വാഭാവികമായും അവര്‍ ശക്തിയും കുതന്ത്രവും വഞ്ചനയുമുപയോഗിച്ച് അത് പിടിച്ചെടുക്കാനുള്ള സര്‍വ്വ ശ്രമങ്ങളും നടത്തി. അതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും വിയര്‍പ്പ് ഒഴുക്കിയവര്‍ക്കും യാതൊരു പരിഗണനയും ലഭിച്ചില്ല. അല്ലെങ്കിലും മാന്യന്മാരോട് അവര്‍ക്കുള്ള പ്രതികരണം അങ്ങനെയാണല്ലോ.
സമസ്തയിലെ പിളര്‍പ്പിന്റെ കാലത്ത് സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്നല്ലോ താങ്കള്‍. അന്നത്തെ പ്രക്ഷുബ്ധമായ അന്തരീക്ഷം ഒന്ന് വിവരിക്കാമോ?
മിഴി നിറക്കുന്ന ഓര്‍മകളാണത്. കാലങ്ങളോളം വെള്ളമൊഴിച്ച് വളര്‍ത്തിയ ഒരു സ്ഥാപനം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുന്നതും ചില വഞ്ചകരുടെ ദുര്‍മനസ്സ് നിമിത്തം ഇറങ്ങിപ്പോരേണ്ടി വരുകയും ചെയ്യുന്നത് ചില്ലറ കാര്യമല്ലല്ലോ. പക്ഷെ അത് സംഭവിക്കുകയായിരുന്ന. അല്ലാഹുവിന്റെ വിധിയെന്നു പറയാം.
അക്കാലത്ത് ഞാനായിരുന്നു സെക്രട്ടറി. ഉള്ളാള്‍ പ്രസിഡണ്ടും. സി.എം. ഉസ്താദ് ഭരണ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് നാം പറഞ്ഞല്ലോ. ഉസ്താദ് അവിടത്തെ ഒരു ജീവനക്കാരനായിരുന്നു. 1989 ല്‍ ആ സംഭവങ്ങളെല്ലാം നടന്നതില്‍പിന്നെ ആറു മാസത്തോളം യാതൊരു യോഗവും നടന്നില്ല. പാത്തും പതുങ്ങിയും പല സംസാരങ്ങളും നടക്കുന്നുണ്ടായിരുന്നു. ആ കാലത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഒരു ഗവണ്‍മെന്റ് ഫണ്ടിനെക്കുറിച്ച ചര്‍ച്ച വരുന്നത്. അത് നമ്മുടെ സ്ഥാപനത്തിലും ലഭ്യമാക്കണമെന്നും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും അബ്ബാസ് ഹാജിയെപ്പോലെയുള്ളവര്‍ പറഞ്ഞു. അങ്ങനെയാണ് പ്രധാനമായും ഈ അജണ്ടയുമായി ആറുമാസത്തിനു ശേഷം യോഗം ചേരുന്നത്. യോഗത്തില്‍ എല്ലാരും പങ്കെടുത്തിരുന്നു. അതില്‍ ചിലര്‍ പലവിധ ഗൂഢ അജണ്ടകളുമായാണ് വന്നതെന്ന കാര്യം ഞങ്ങളറിഞ്ഞിരുന്നില്ല. യോഗത്തിന്റെ ആദ്യ ഭാഗം വളരെ സാധാരണമായിത്തന്നെ നടന്നു. കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തു തീരുമാനിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ കൂത്തുപറമ്പ് ബാവ മുസ്‌ലിയാര്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു; എനിക്കൊരു പ്രമേയം അവതരിപ്പിക്കാനുണ്ടെന്ന്. അതെ, പ്രമേയം വായിക്കാമെന്ന് സെക്രട്ടറിയെന്ന നിലക്ക് ഞാന്‍ പറഞ്ഞു. അപ്പോള്‍ ഉള്ളാള്‍ തങ്ങള്‍ ഇടപെട്ടു. പ്രമേയം ജനറല്‍ സെക്രട്ടറി വായിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഞാന്‍ അത് വാങ്ങി ഒന്ന് കണ്ണോടിച്ചു. എല്ലാം എന്നെക്കുറിച്ചുതന്നെയായിരുന്നു അതില്‍ നിറയെ. ഞാനത് തിരികെ നല്‍കി. വായിക്കാന്‍ തയ്യാറായില്ല.അപ്പോഴേക്കും കുമ്പോല്‍ തങ്ങള്‍ ഇടപെട്ടു. ഞാന്‍ യു.എമ്മില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന് അയാള്‍ ഉറക്കെ പ്രഖ്യാപിച്ചു. ഇതു കേട്ട ഓരോരുത്തരും ഞാനും.... ഞാനും.... എന്ന് ചേര്‍ത്തു പറഞ്ഞു. ആരുടെയും സപ്പോര്‍ട്ടില്ലാത്തതിനാല്‍ യു.എം. രാജിവെക്കണം എന്നായി പിന്നീട് ഉള്ളാളിന്റെ ആവശ്യം. താങ്കള്‍ പക്ഷപാതിയാണ്; ചില ഗൂഢ തന്ത്രങ്ങളുമായാണ് നിങ്ങള്‍ വന്നിരിക്കുന്നത്. ഇത് വഞ്ചനയാണ്.... എന്നൊക്കെപ്പറഞ്ഞ് ഞാന്‍ പ്രതികരിച്ചു. അപ്പോഴേക്കും ഒച്ചപ്പാടും ബഹളവും തുടങ്ങി. വാക്കേറ്റങ്ങള്‍ നടന്നു.
കമ്മിറ്റിയില്‍ താങ്കളെ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ലേ?
പതിനഞ്ചുപേരാണ് കമ്മിറ്റിയില്‍ എന്നു പറഞ്ഞല്ലോ. ഇതില്‍ പണ്ഡിതന്മാര്‍ എന്ന ഗണത്തില്‍പെട്ട ഒമ്പതു പേരും എതിര്‍പക്ഷത്തായിരുന്നു. പ്രമാണിമാരില്‍ സി.എച്ച്. അഹ്‌മദ് ഹാജിയും. ഞാനും കല്ലട്ര അബ്ബാസ് ഹാജി തുടങ്ങി അഞ്ചു പേരാണ് നമുക്ക് വാദിക്കാനായി ഉണ്ടായിരുന്നത്. പക്ഷെ, പറഞ്ഞിട്ട് കാര്യമില്ലല്ലോ. കമ്മിറ്റികളിലെല്ലാം ജനാധിപത്യ രീതിയല്ലേ. ഭൂരിപക്ഷത്തിനാണല്ലോ അധികാരം. സത്യം എന്തു തന്നെയായാലും. വാസ്തവം പറഞ്ഞാല്‍, അതു തന്നെ ഇവിടെയും സംഭവിച്ചു. ഒച്ചയും ബഹളവുമായതോടെ മനം മടുത്ത് ദു:ഖ ഭാരത്തോടെ ഞങ്ങള്‍ അഞ്ചു പേരും ആ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു. അതാണ് സംഭവിച്ചത്. വല്ലാത്തൊരു സമയമായിരുന്നു അത്. അവര്‍ നേരത്തെത്തന്നെ ഗൂഢ പദ്ധിതകള്‍ മെനഞ്ഞതിന്റെ തിക്ത ഫലമായിരുന്നു ഇത്.
സഅദിയ്യ സി.എം. ഉസ്താദിന്റെയും താങ്കളുടെയുമൊക്കെ ശ്രമഫലമായി ഉണ്ടായതാണല്ലോ. എന്നിരിക്കെ ശേഷം അത് തിരിച്ചു പിടിക്കാന്‍ നിയമപരമായ ശ്രമങ്ങളൊന്നും നടത്തിയില്ലേ?
എന്തെന്നറിയില്ല, വളരെ വേഗം അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അതിനിടെ ചില പ്രമാണിമാരെയെല്ലാം കൂട്ടുപിടിച്ച് തങ്ങളുടെ സീറ്റുറപ്പിക്കാന്‍ അവര്‍ നിയമപരമായ വഴികള്‍ സ്വീകരിച്ചപ്പോള്‍ ഞങ്ങളും ആ വഴി ചിന്തിച്ചു. വക്കീലന്മാരെ വെച്ച് വാദിച്ചുനോക്കി. അപ്പോഴേക്കും എല്ലാം അവരുടെ കയ്യില്‍ ഭദ്രമായിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ സമസ്തക്കാരാണ്. അതിനാല്‍ സഅദിയ്യ ഞങ്ങളുടേതാണ് എന്നാണ് അവര്‍ വാദിച്ചിരുന്നത്. രേഖകളും അവര്‍ കൈക്കലാക്കിയിരുന്നു. അവര്‍ പത്ത് പേരുണ്ടായിരുന്നുവെന്ന് നാം പറഞ്ഞല്ലോ. അക്കാലത്ത് കേസുമായി ബന്ധപ്പെട്ട് പല തവണ തലശേരിയും മറ്റും ഞാന്‍ പോയിട്ടുണ്ട്.
സഅദിയ്യ പിടിച്ചടക്കാന്‍ അവര്‍ വല്ല കടുംകൈകളും ചെയ്തിരുന്നോ?
തീര്‍ച്ചയായും. വഞ്ചനയും കുതന്ത്രവും മാത്രമാണ് അവര്‍ മുഴുക്കെയും സ്വീകരിച്ചിരുന്നത്. അതിലൊന്ന് ഞാന്‍ പറയാം. ദേളി ജമാഅത്ത് പ്രസിഡണ്ട് സഅദിയ്യ കമ്മിറ്റി മെമ്പറയാരിക്കണമെന്നതായിരുന്നു നിയമം. അന്നത്തെ ജമാഅത്ത് പ്രസിഡണ്ട് നമ്മുടെ ആളായിരുന്നു. ഡി.എ. മുഹമ്മദ് ഹാജി. അദ്ദേഹമാണ് നമുക്ക് വേണ്ടി കേസ് കൊടുക്കുകയും അത് നടത്തുകയും ചെയ്തിരുന്നത്. അന്ന് അതിനു വേണ്ടി ഓടി നടക്കേണ്ടിവന്നു. പക്ഷെ, അതിനിടയില്‍, ആരുമറിയാതെ അദ്ദേഹത്തെ മറുപക്ഷം സ്വാധീനിക്കുകയും കേസ് പിന്‍വലിക്കുകയുമാണുണ്ടായത്.
അതിനു ചില പ്രത്യേക കാരണങ്ങളുണ്ടായിുന്നു. ഡി.എ. മുഹമ്മദ് ഹാജിക്ക് മാങ്ങാട് ഹദ്ദാദ് പള്ളിക്കടുത്ത് സ്ഥലമുണ്ടായിരുന്നു. അവിടെയാണ് സഅദിയ്യ വെള്ളമെടുത്തിരുന്ന സ്ഥലവും. ഒരിക്കല്‍ വെള്ളമടിക്കാന്‍ വന്ന ആളുമായി എന്തോ വാക്ക് തര്‍ക്കമുണ്ടാവുകയും അത് നിയന്ത്രണാതീതമാവുകയും ചെയ്തു. അതോടെ മറുപക്ഷം അത് കേസാക്കി. പ്രശ്‌നം രൂക്ഷമായി. അതുമായി ബന്ധപ്പെട്ട് പലയിടത്തും അദ്ദേഹത്തിന് പോവേണ്ടിവന്നു. ആയിടെ മറുപക്ഷത്തെ ചിലയാളുകള്‍ അദ്ദേഹത്തെ വന്നുകാണുകയും നിങ്ങള്‍ ഞങ്ങളുടെ കേസ് പിന്‍വലിച്ചാല്‍ നിങ്ങളുടെ കേസ് ഞങ്ങളും പിന്‍വലിക്കാമെന്ന് പറഞ്ഞു. അവരുടെ മായാവലയത്തില്‍പെട്ട് അദ്ദേഹമത് സ്വീകരിച്ചുപോവുകയായിരുന്നു. സംഭവം അങ്ങനെ നടന്നു. ഞങ്ങളാരും അറിയാതെ കേസ് പിന്‍വലിക്കപ്പെട്ടു. കുറേ നാളുകള്‍ക്കു ശേഷമാണ് ഞങ്ങളിതെല്ലാം അറിയുന്നത്. ഏതായാലും ഇത്തരം പല സ്വാധീനങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ച് അവര്‍ സഅദിയ്യ നിലനിര്‍ത്തുകയാണുണ്ടായത്.
ഈ കാലത്തെല്ലാം സി.എം. ഉസ്താദിന്റെ അവസ്ഥ എന്തായിരുന്നു?
സമസ്ത ഏറ്റെടുത്തതു മുതല്‍ തന്നെ സി.എം. ഒരു ജീവനക്കാരന്റെ പോസ്റ്റിലാണല്ലോ ഉണ്ടായിരുന്നത്. ആദ്യം സെക്രട്ടറിയായിരുന്നുവെങ്കിലും ചിലരുടെ ശ്രമഫലമായി അവരെ മാറ്റുകയായിരുന്നുവല്ലോ. അതിനാല്‍തന്നെ, ഒരു ഉസ്താദിന്റെ സ്ഥാനമേ ഉസ്താദിനന്ന് ലഭിച്ചിരുന്നുള്ളൂ. ഭരണതലത്തില്‍ വലിയ കൈയ്യുണ്ടായിരുന്നില്ല. കുറേയൊക്കെ തന്റെ പ്രവര്‍ത്തനപരതകൊണ്ട് അദ്ദേഹം അതെല്ലാം ചെയ്തിരുന്നുവെങ്കിലും.
ഞങ്ങള്‍ ഇറങ്ങിപ്പോന്ന ശേഷവും സി.എം. ഉസ്താദ് അഞ്ചു-ആറ് മാസങ്ങള്‍ അവിടെത്തന്നെ നിന്നിരുന്നു. താന്‍ കാലങ്ങളായി ഉണ്ടാക്കി വളര്‍ത്തിയെടുത്ത സ്ഥാപനത്തില്‍നിന്നും ഒറ്റയടിക്ക് ഇറങ്ങിപ്പോരുകയെന്നത് ഒരാള്‍ക്കും കഴിയില്ലല്ലോ. ഇനിയെന്ത് എന്ന ചിന്തയിലായിരുന്നു സി.എം. ഉസ്താദ് അപ്പോള്‍. പക്ഷെ, സംഘടനാപ്രവര്‍ത്തനങ്ങളില്‍ നമ്മളോടൊപ്പമായിരുന്ന ഉസ്താദിനെ അവിടെ കൂടുതല്‍ നിര്‍ത്താന്‍ അവര്‍ സമ്മതിച്ചില്ല. കുട്ടികളെക്കൊണ്ട് ക്ലാസില്‍ ശബ്ദമുണ്ടാക്കിച്ചും മറ്റും അവര്‍ ഉസ്താദിനെ വിഷമിപ്പിച്ചു. നാനാഭാഗത്തുനിന്നും പിറുപിറുക്കലുകളും തുറിച്ചുനോട്ടങ്ങളും ഉസ്താദിനു നേരെയുണ്ടായി. നിരന്തരം മാനസികമായ പീഢനം അസഹ്യമായിവന്നപ്പോള്‍ ദു:ഖിതനായ ഉസ്താദ് എല്ലാം ഒഴിവാക്കി സ്വയം പടിയിറങ്ങിപ്പോരുകയായിരുന്നു. മറ്റൊരുനിലക്കുപറഞ്ഞാല്‍, അവര്‍ പുകച്ചുപുറത്തു ചാടിക്കുകയായിരുന്നു. കാരണം, ഉസ്താദ് മാത്രമാണല്ലോ നമ്മുടെ ചിന്തയുള്ള ഒരാളായി അന്നവിടെ ഉണ്ടായിരുന്നത്. കണ്ണീരില്‍ കുതിര്‍ന്ന ഒരനുഭവമായിരുന്നു ഇത്. സി.എം. ഉസ്താദിനെ വല്ലാതെ ഇത് വേദനിപ്പിച്ചു. അത് ഉസ്താദ് ഇടക്കിടെ പറയുകയും ചെയ്യുമായിരുന്നു.
സമസ്തയില്‍ ഒരു വിഭാഗം പ്രശ്‌നമുണ്ടാക്കിയ കാലം. ഈ ഭാഗത്ത് സമസ്തയെ അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി താങ്കള്‍ പെടാപാട് പെട്ടിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എന്തായിരുന്നു അന്നത്തെ അവസ്ഥ? എങ്ങനെയാണ് ഈ പിളര്‍പ്പിനെ കാസര്‍കോട് മുസ്‌ലിംകള്‍ സ്വീകരിച്ചത്? വിഘടിതരെ നിര്‍വീര്യമാക്കാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടന്നിരുന്നത്?
നമ്മുടെ അന്നത്തെ പണ്ഡിതരുടെ ശക്തമായ ശ്രമങ്ങള്‍കൊണ്ട് കാസര്‍കോട് സമസ്തയെ അരക്കിട്ടുറപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് വാസ്തവം. എല്ലാവരും കൈകോര്‍ത്തപ്പോള്‍ അത് ശക്തമായൊരു പ്രതിരോധമായി. ഈ ഭാഗത്ത് വലിയ ഇളക്കമുണ്ടാക്കാനൊന്നും ആര്‍ക്കും കഴിഞ്ഞില്ല.
ഏതായാലും, വളരെ വേദനിപ്പിക്കുന്നതായിരുന്നു അന്നത്തെ ഓരോ കാര്യങ്ങളും. സംഗതി സംഭവിച്ച അതേ സമയം തന്നെ സമസ്തയുടെ അനുയായികള്‍ക്ക് സത്യാവസ്ഥ മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങളിവിടെ ആരംഭിച്ചിരുന്നു. ഉടനെത്തന്നെ കാസര്‍കോട് മാലിക് ദീനാര്‍പള്ളിയുടെ പരിസരത്ത് ഒരു വന്‍ സമ്മേളനം വിളിച്ചു. സുന്നിവിശദീകരണസമ്മേളനമെന്നായിരുന്നു പേര്. ഞാനും ചെര്‍ക്കളം അബ്ദുല്ലയും ഇവിടത്തെ ഓരോ മഹല്ല് ജമാഅത്തിനെയും പോയി കണ്ടു. ഖാസിയാര്‍ച്ച നമ്മുടെ കൂടെയാണെന്നും നിങ്ങളെല്ലാം സമ്മേളനത്തിനു വരണമെന്നും അറിയിച്ചു. അവസാനം ഞങ്ങള്‍ ചെമ്പിരിക്കയില്‍ സി.എം. ഉസ്താദിന്റെ വീട്ടിലും പോയി. പരിപാടിയില്‍ പങ്കെടുക്കാന്‍ ഉസ്താദിനെയും ക്ഷണിച്ചു. കാസര്‍കോട് സാക്ഷിയായ വന്‍ പ്രോഗ്രാമുകളിലൊന്നായിരുന്നു ഇത്. മാലിക്ദീനാര്‍ ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞ് റയില്‍വേ സ്റ്റേഷന്‍വരെ ജനം തടിച്ചുകൂടിയിരുന്നു. ശംസുല്‍ ഉലമ, കണ്ണിയത്ത് പോലെയുള്ള പണ്ഡിതരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഘടിതരുടെ മുഖം കെടുത്തേണമേ എന്ന പ്രാര്‍ത്ഥന കണ്ണിയത്ത് ഉസ്താദ് ഇവിടെവെച്ചും നടത്തുകയുണ്ടായി. ആ യോഗത്തിന് സ്വാഗതം പറയാനുള്ള ഭാഗ്യം എനിക്കായിരുന്നു. അബ്ദുന്നാസിര്‍ മഅ്ദനി വളര്‍ന്നുവരുന്ന കാലമായിരുന്നു അത്. അദ്ദേഹം ക്ഷണിക്കാതെത്തന്നെ അന്ന് യോഗത്തില്‍ കയറിവരുകയും ഇരുപത് മിനുട്ടോളം ഉഗ്രന്‍ പ്രസംഗം നടത്തുകയും ചെയ്തു. കാസര്‍കോട് ജില്ലയില്‍ സമസ്തയെ ഊട്ടിയുറപ്പിക്കുന്നതില്‍ ഈ സമ്മേളനം വഹിച്ച പങ്ക് വളരെ വലുതാണ്. ഈ പരിപാടിയുടെ തുടക്കത്തില്‍ സി.എം. ഉസ്താദുമുണ്ടായിരുന്നു.
പുതിയ സാഹചര്യത്തില്‍ വല്ല മാറ്റങ്ങളുമുണ്ടായോ? പുതിയ കമ്മിറ്റി?
ഇതോടെ സമസ്തക്ക് പുതിയ കാസര്‍കോട് ജില്ല കമ്മിറ്റിവന്നത് നേരത്തെ പറഞ്ഞല്ലോ. പി.എ. അബ്ദുല്ല മൗലവിയെ പ്രസിഡണ്ടും ഉദുമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെ സെക്രട്ടറിയുമായി പ്രഖ്യാപിക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ, പുതിയ സാഹചര്യത്തിലെ സജീവമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് അങ്ങനെയൊരു കമ്മിറ്റി വന്നില്ല. ശേഷം ടി.കെ.എം. ബാവ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കമ്മിറ്റി വന്നു. കുറഞ്ഞ മാസങ്ങളായിരുന്നു അതിന്റെ ആയുസ്സ്. അതോടെ ശംസുല്‍ ഉലമയുടെതന്നെ നിര്‍ദ്ദേശ പ്രകാരം സി.എം. ഉസ്താദ് പ്രസിഡണ്ടും ബാവ മുസ്‌ലിയാര്‍ സെക്രട്ടറിയും ഞാന്‍ വര്‍ക്കിംഗ് സെക്രട്ടറിയും പൊറോപ്പാട് അബ്ദുല്ല മുസ്‌ലിയാര്‍ ട്രഷററുമായി പുതിയ കമ്മിറ്റി നിലവില്‍ വരുകയായിരുന്നു. ഇതോടെ പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്തു.
തൃക്കരിപ്പൂരില്‍ മറ്റൊരു ജാമിഅ സഅദിയ്യ
സഅദിയ്യയില്‍നിന്നും ഇറങ്ങിയ ശേഷം സി.എം. ഉസ്താദ് എന്താണ് ചെയ്തിരുന്നത്?
സഅദിയ്യയുടെ പടിയിറക്കം സി.എം. ഉസ്താദിനെ വല്ലാത വേദനിപ്പിച്ചുവെന്ന് പറഞ്ഞല്ലോ. നിരന്തരം പ്രവര്‍ത്തിച്ചിരുന്ന ഉസ്താദിന് വെറുതെ ഇരിക്കുകയെന്നത് ഒരിക്കലും സഹിക്കുമായിരുന്നില്ല. ഒന്നു രണ്ടു മാസം ഉസ്താദ് ആ ആഘാതത്തില്‍ വീട്ടിലായിരുന്നു. അന്ന് പ്രത്യേകം പണികളൊന്നും ഉണ്ടായിരുന്നില്ല. തനിക്ക് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പുതിയൊരു മേച്ചിന്‍പുറം അന്വേഷിക്കുകയായിരുന്നു.
അങ്ങനെയാണ് ഇതേ സ്വപ്നങ്ങളും ചിന്തകളുമായി സഅദിയ്യയുടെ അതേ പേരില്‍തന്നെതൃക്കരിപ്പൂരില്‍ ജാമിഅ സഅദിയ്യ ഇസ്‌ലാമിയ്യ എന്ന ഒരു സ്ഥാപനം ഉണ്ടാക്കുന്നത്. സഅദിയ്യ നഷ്ടത്തിന്റെ ഒരു പ്രായശ്ചിത്തമായിരുന്നു അത്. തൃക്കരിപ്പൂരും പാപ്പിനിശേരിയും ഇതിന് കെട്ടിടങ്ങളുണ്ടായിരുന്നു. സമസ്ത കാസര്‍കോട്-കണ്ണൂര്‍ കമ്മിറ്റികള്‍ സമ്മിശ്രമായാണ് ഇത് നടത്തിയിരുന്നത്. സി.എം. അതില്‍ ഒരു പ്രധാന ഘടകമായിരുന്നു. പിന്നീട് ഈ സ്ഥാപനങ്ങള്‍ വിഹിതിക്കപ്പെടുകയും ഒരു ഭാഗം കണ്ണൂര്‍ ജില്ലക്കും മറ്റൊരു ഭാഗം കാസര്‍കോട് ജില്ലക്കും നല്‍കി. തൃക്കരിപ്പൂരിലെ കോളേജ് ഇന്നും കാസര്‍കോട് ജില്ലാ സമസ്തക്കു കീഴിലാണ്. പാപ്പിനിശേരിയിലെ കോളേജ് പിന്നീട് ജാമിഅ അസ്അദിയ്യ എന്നു പേരു മാറ്റി ഇന്നും പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരുടെ കീഴില്‍ നടന്നുകൊണ്ടിരിക്കുന്നു.
നീലേശ്വരം മര്‍ക്കസില്‍
കാസര്‍കോട് മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലയില്‍ സമസ്തക്കും സി.എം. ഉസ്താദിനും പിന്നീട് ഇടപെടാന്‍ വഴിയൊരുങ്ങുന്നത് എങ്ങനെയാണ്?
ഇക്കാലത്ത് നീലേശ്വരം ഭാഗത്ത് ചില പ്രമാണിമാരുടെയും പണ്ഡിതരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഒരു പ്രൈവറ്റ് സ്ഥാപനം നടന്നുവരുന്നുണ്ടായിരുന്നു. പ്രധാനമായും തഹ്ഫീളുല്‍ ഖുര്‍ആന്‍ ആണ് അവിടെ ഉണ്ടായിരുന്നത്. സി.എം. ഉസ്താദിന്റെ അവസ്ഥയും പുതിയ സാഹചര്യവും കണക്കിലെടുത്ത് അവര്‍ ആ സ്ഥാപനം സമസ്തയെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. അതിനെ വേണ്ടപോലെ നടത്തി വളര്‍ത്താന്‍ സമസ്തക്കു സാധിക്കുമെന്നാണ് അവര്‍ കണ്ടത്. അതനുസരിച്ച് സി.കെ.കെ മാണിയൂരും നീലേശ്വരം ഖാസി ഇ.കെ. മഹ്‌മൂദ് മുസ്‌ലിയാരും അത് സമസ്തക്കു കൈമാറി. അതോടെ സി.എം. ഉസ്താദിന്റെ പ്രവര്‍ത്തനം ഈ മേഖലയിലായി. സ്ഥാപനം കൂടുതല്‍ വ്യവസ്ഥാപിതമാക്കുകയും സനദ് നല്‍കുന്ന കോളേജ് തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് അഞ്ചു-ആറ് വര്‍ഷം സ്ഥാപനം വളരെ നല്ലനിലയില്‍ നടക്കുകയുണ്ടായി.
മൂലയില്‍ മൂസഹാജിയുടെ സമ്മാനം
ജില്ലയിലെ സമസ്തയുടെ സമുന്നത സ്ഥാപനമാണെല്ലോ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്. സമസ്തയും സി.എമ്മും ഇതിന്റെ പ്രവര്‍ത്തന പഥത്തിലേക്ക് എത്തിപ്പെടുന്നത് എങ്ങനെയാണ്?
സമസ്തയും ഉപ സംഘടനകളും അവയുടെ പ്രവര്‍ത്തനങ്ങളുമായി അങ്ങനെ പോകുന്നതിനിടയിലാണ് ഒരിക്കല്‍ തെക്കിലെ മൂലയില്‍ മൂസ ഹാജി എന്ന പ്രമാണി ചെമ്പിരിക്കയിലെ സി.എം. ഉസ്താദിന്റെ വീട്ടില്‍ വരുന്നത്. മതബോധമുള്ള നല്ലൊരു മനുഷ്യനായിരുന്നു അയാള്‍. ചട്ടഞ്ചാല്‍ മായനടുക്കം ഭാഗത്ത് തനിക്ക് അല്‍പം ഭൂമിയുണ്ടെന്നും അത് നിങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ കൈമാറാന്‍ തയ്യാറാണെന്നും അറിയിക്കലായിരുന്നു അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം. ഇത് ലഭിച്ചതോടെ സമസ്തയുടെ പ്രവര്‍ത്തന മണ്ഡലം കൂടുതല്‍ വ്യാപിച്ചു. സി.എം. ഉസ്താദിനും വളരെ സന്തോഷമായി. അടുത്ത മുശാവറയില്‍ ചര്‍ച്ച ചെയ്ത് പറയാമെന്നായിരുന്നു സി.എമ്മിന്റെ പ്രതികരണം. ഉടനെ മുശാവറ വിളിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ആ സ്ഥലം കൈപറ്റാനും അവിടെ സമസ്തയുടെ ഒരു സമുന്നത സ്ഥാപനം നിര്‍മിക്കാനും തീരുമാനമായി. ജനങ്ങളെ എല്ലാവരെയും ഇതുമായി അടുപ്പിക്കാന്‍ എല്ലാത്തരം വിദ്യാഭ്യാസവും നല്‍കുന്ന ഒരു സമഗ്ര കോംപ്ലക്‌സ് പണിയലായിരുന്നു ലക്ഷ്യം. പിന്നീട് അതിന്റെ പ്രവര്‍ത്തനങ്ങളുമായി സമസ്ത മുന്നോട്ടു പോയി. സി.എം. ഉസ്താദായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്.
മൂസ ഹാജിയെക്കുറിച്ച്?
ചട്ടഞ്ചാല്‍ തെക്കില്‍ ജീവിച്ച ഒരു പ്രമാണിയായിരുന്നു മൂലയില്‍ മൂസ ഹാജി. നല്ല മതബോധമുള്ള മനുഷ്യനായിരുന്നു. മത സാമൂഹിക സാംസ്‌കാരിക ചടങ്ങുകളിലെല്ലാം സംബന്ധിക്കാറുണ്ടായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു. പണ്ഡിതരെയും ഉസ്താദുമാരെയും സ്‌നേഹിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷെ, നമ്മള്‍ അദ്ദേഹം തന്ന സ്ഥലത്ത് സ്ഥാപനം തുടങ്ങിക്കാണാന്‍ അദ്ദേഹത്തിന് അവസരമുണ്ടായില്ല. അതിനുമുമ്പുതന്നെ അദ്ദേഹം മരണപ്പെട്ടുപോയി. തെക്കില്‍ സ്വന്തം പള്ളിക്കടുത്താണ് ഖബര്‍.
ഈ പുതിയ ഉദ്ദ്യമത്തെ സി.എം. ഉസ്താദ് എങ്ങനെയാണ് വരവേറ്റത്?
വിലിയ വിദ്യാഭ്യാസ സ്വപ്നങ്ങളുമായി ജീവിച്ച ആളായിരുന്നല്ലോ ഉസ്താദ്. സ്വാഭാവികമായും സഅദിയ്യാ നഷ്ടത്തിനു ശേഷം കൈവന്ന ഈ അവസരം വളരെ വലിയ സന്തോഷമാണ് ഉസ്താദിന് നല്‍കിയത്. തന്റെ മത-ഭൗതിക സമന്വയമെന്ന സ്വപ്നം ഇവിടെയെങ്കിലും സാക്ഷാല്‍കരിക്കാന്‍ കഴിയുമെന്ന് ഉസ്താദ് വിചാരിച്ചു.
മലബാറിന്റെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ എങ്ങനെ ഓര്‍ക്കുന്നു?
ചട്ടഞ്ചാലില്‍ പള്ളിക്കടുത്തുണ്ടായിരുന്ന ഒരു കെട്ടിടത്തിലാണ് ഞങ്ങള്‍ ആദ്യകാലത്ത് യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. മായനടുക്കത്ത് സ്ഥാപനം തുടങ്ങുന്നതിന്റെ കാര്യങ്ങള്‍ അവിടെനിന്നും ചര്‍ച്ചചെയ്യും. പല പ്രധാനികളും യോഗങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ ആദ്യമായി ഉണ്ടാക്കുന്നത് മലയാളം മീഡിയം സ്‌കൂളാണ്. ചട്ടഞ്ചാലിലെ അതേ കെട്ടിടത്തില്‍വെച്ചുതന്നെയാണ് ഇത് നടന്നത്. രണ്ടുവര്‍ഷത്തോളം ഇത് അവിടെ നടന്നു. പിന്നീട് മായനടുക്കം ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
മലബാറിന്റെ ശിലാസ്ഥാപന സമ്മേളനത്തെ എങ്ങനെ ഓര്‍ക്കുന്നു?
സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചതോടെ പലവിധേനയും ആ സന്ദേശം നാടിന്റെ നാനാഭാഗത്തും പ്രചരിപ്പിച്ചു. പണ്ഡിതരുമായും പ്രമാണിമാരുമായും ബന്ധപ്പെട്ടു. എല്ലാവരും സഹായിക്കാന്‍ തയ്യാറായിരുന്നു. ആരും നിരുത്സാഹപ്പെടുത്തിയിരുന്നില്ല. സുമനസ്സുകളായ ഒരുപാട് നല്ല ജനങ്ങള്‍ പലവിധേനയും അതിന് സഹായങ്ങള്‍ നല്‍കി. അങ്ങനെ ശിലാസ്ഥാപനത്തിന് തിയ്യതി നിശ്ചയിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു അത് ചെയ്യാനുണ്ടായിരുന്നത്.
അന്ന് ഈ ഭാഗമൊക്കെ വലിയ കാട് മൂടിയ പ്രദേശമായിരുന്നു. ആള്‍പാര്‍പ്പ് ഉണ്ടായിരുന്നില്ല. വന്യമൃഗങ്ങള്‍ വരെ ഉണ്ടാകുമായിരുന്നു. എന്നാലും ഒന്നു രണ്ടു വീടുകള്‍ ഈ ഭാഗത്തായി കാണാം. അത്ര മാത്രം. ഏതായാലും സി.എം. ഉസ്താദിനെപ്പോലെയുള്ളവരുടെ ദൃഢനിശ്ചയമായിരുന്നു ഇതിനു പിന്നില്‍. ഈ കാട് മൂടിയ മലമ്പ്രദേശത്ത് ഒരു ഇസ്‌ലാമിക സ്ഥാപനം ഉയര്‍ന്നുവരുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. അതിനു വേണ്ടി ഊണൂം ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ചു.
ശിലാസ്ഥാപന ദിവസം വന്‍ ജനാവലി തടിച്ചുകൂടി. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. ആകെ ചെളിയും വെള്ളവും നിറഞ്ഞുനിന്നു. അതിനിടയില്‍ കുട ചൂടിക്കൊണ്ടാണ് പാണക്കാട് തങ്ങള്‍ കോംപ്ലക്‌സിന് തറക്കല്ലിട്ടത്. വല്ലാത്തൊരു ചരിത്ര നിമിഷമായിരുന്നു അത്. സി.എം. ഉസ്താദ് ഏറെ സന്തോഷിച്ച നിമിഷം. ചട്ടഞ്ചാല്‍ സ്‌കൂള്‍ ഗൗണ്ടിലായിരുന്നു പൊതുസമ്മേളനം. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അത് ഗംഭീരമായി സമാപിച്ചു. സി.എം. ഉസ്താദ് അതില്‍ ശ്രദ്ധേയമായൊരു പ്രസംഗം നടത്തുകയുണ്ടായി. പല അസൂയക്കാരുടെയും കണ്ണുതള്ളിച്ച സമ്മേളനമായിരുന്നു അത്. 1993 ലായിരുന്നു ഈ സംഭവങ്ങള്‍.
മലബാര്‍ കെട്ടിട നിര്‍മാണം ആരംഭിച്ച കാലങ്ങളെക്കുറിച്ച്?
ഓര്‍മയിലെ വിസ്മയങ്ങളാണ് ആ കാലങ്ങള്‍. കാട് നിറഞ്ഞ ഈ പ്രദേശം. ഇപ്പോഴത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നിലനില്‍ക്കുന്ന കെട്ടിടമാണ് ആദ്യം ഉണ്ടാക്കുന്നത്. അതിന്റെ പരിസരത്തായി വലിയൊരു കശുമാവുണ്ടായിരുന്നു. ഞാനും സി.എം. ഉസ്താദും കുറേ കാലം ആ കശുമാവിന്റെ തണലിലാണ് കഴിച്ചുകൂട്ടിയിരുന്നത്. രാവിലെ വരും. പണികളും കാര്യങ്ങളുമെല്ലാം നിയന്ത്രിക്കും. മറ്റു കാര്യങ്ങല്‍ ചര്‍ച്ച ചെയ്യും. അവിടെനിന്നുതന്നെ ചായ കാച്ചി കുടിക്കും. കട്ടന്‍ ചായയും ബിസ്‌കറ്റും. സമയമായാല്‍ മുണ്ട് വിരിച്ച് മരത്തണലില്‍ നിസ്‌കരിക്കും. അടുത്ത വീട്ടില്‍നിന്നുമാണ് വുളൂ എടുക്കാന്‍ വെള്ളം വാങ്ങിയിരുന്നത്. പലപ്പോഴും ഉമ്പൂച്ച എന്ന ടി.എന്‍. അഹ്‌മദുമുണ്ടായിരിക്കും. കുറേ കാലം ഇങ്ങനെയായിരുന്നു. അങ്ങനെയാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നത്.
മലബാര്‍ തുടങ്ങുമ്പോള്‍ ജനങ്ങളുടെ സഹായവും സഹകരണവും?
എല്ലാവരും വളരെ വലിയ ആവേശത്തോടെയാണ് ഇത് സ്വീകരിച്ചിരുന്നത്. പലരും പല ഓഫറുകള്‍ തന്നു. സിമന്റും കമ്പിയും തന്നു. ചിലര്‍ ഒന്നോ രണ്ടോ റൂമുകളുടെ ചിലവ് പൂര്‍ണമായും ഏറ്റെടുത്തു. അങ്ങനെ പലരും പല നിലക്കും സഹായിച്ചു. എല്ലാറ്റിലുമപ്പുറം എല്ലാവരും മാനസിക സപ്പോര്‍ട്ട് നല്‍കി.
താമസിയാതെ കെട്ടിടങ്ങള്‍ ഓരോന്നും ഉയര്‍ന്നുവന്നു. രണ്ടാമതായി യതീംഖാന ബില്‍ഡിംഗാണ് വരുന്നത്. പിന്നെ പള്ളി, ഇര്‍ശാദ് ബില്‍ഡിംഗ്, പ്ലസ് ടു ബില്‍ഡിംഗ്, ആര്‍ട്‌സ് കോളേജ് എന്നിങ്ങനെ. എല്ലാറ്റിനു പിന്നിലും ജനങ്ങളുടെ സഹായ സഹകരണമാണ് കൈതാങ്ങായി ഉണ്ടായിരുന്നത്.
ദാറുല്‍ ഇര്‍ശാദ് അക്കാദമിയാണല്ലോ ഇതിലെ സമുന്നത വിദ്യാഭ്യാസ കേന്ദ്രം. കോംപ്ലക്‌സ് തുടങ്ങുമ്പോള്‍ തന്നെ ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ച് സ്വപ്നമുണ്ടായിരുന്നോ? പിന്നീട്, എങ്ങനെയാണ് അത്തരമൊന്നിന് അവസരമൊരുങ്ങുന്നത്?
ഒരു മത വിദ്യാഭ്യാസ കേന്ദ്രം തന്നെയായിരുന്നു എന്നും നമ്മുടെ സ്വപ്നം. മറ്റുള്ള സ്ഥാപനങ്ങളെല്ലാം അതിന്റെ ചില അനിവാര്യതകളായി കടന്നുവന്നവയാണ്. പക്ഷെ, അത്തരമൊരു സ്ഥാപനം കടന്നുവരാന്‍ പെട്ടന്നു ചില നിമിത്തങ്ങള്‍ ഒരുങ്ങുകയായിരുന്നുവെന്നു മാത്രം. ഉദുമ പടിഞ്ഞാറിലെ ഖത്തര്‍ അബ്ദുല്ല ഹാജിയായിരുന്നു അതിന്റെ കാരണക്കാരന്‍. വിദ്യാഭ്യാസ മേഖലയില്‍ ചിലവഴിക്കാന്‍ താല്‍പര്യമുള്ള നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തിന്റെ മത വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന് പല സ്വപ്നങ്ങളുമുണ്ടായിരുന്നു. ആയിടെയാണ് അദ്ദേഹം ചിലരോടൊപ്പം കേരളത്തിലെ സുപ്രധാനമായ മത സ്ഥാപനങ്ങളിലൂടെ ഒരു പര്യടനം നടത്തുന്നത്. പലയിടങ്ങളിലും സന്ദര്‍ശനം നടത്തിയ അദ്ദേഹത്തിന് ചെമ്മാട് ദാറുല്‍ഹുദായുടെ സംവിധാനം വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സമാനമായൊരു സ്ഥാപനം കാസര്‍കോട് സ്ഥാപിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത്. ആയിടെ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഇടവന്നു. മലബാറിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങളിലും സംതൃപ്തനായ അദ്ദേഹം ഒടുവില്‍ ഈ സ്വപ്ന സാക്ഷാല്‍കാരത്തിനായി സി.എം. ഉസ്താദിനെ ഏല്‍പിക്കുകയായിരുന്നു. അതിനായി തന്റെ പഴയ വീട് ഒഴിഞ്ഞുതരികയും ചെയ്തു. അങ്ങനെയാണ് ദാറുല്‍ ഇര്‍ശാദ് അക്കാദമി തുടങ്ങുന്നത്. ഉദുമ പടിഞ്ഞാറിലെ അദ്ദേഹത്തിന്റെ പഴയ വീട്ടിലായിരുന്നു തുടക്കം. 1999 ലായിരുന്നു ഇത്. ഇതിന്റെ ഉല്‍ഘാടന ചടങ്ങില്‍ ചെറുശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. സത്യത്തില്‍ ഇതാണ് മലബാറിന്റെ സ്വപ്ന സ്ഥാപനം. ഇതാണ് അതിന്റെ അടിസ്ഥാന ലക്ഷ്യം. അഞ്ചു വര്‍ഷം കഴിഞ്ഞാണ് അതിന്റെ ഒരു ബാച്ച് ചട്ടഞ്ചാലിലെത്തിയിരുന്നത്. അതുവരെ ഉദുമയില്‍തന്നെയായിരുന്നു. സ്ഥാപനത്തിന്റെ ഒരു ഭാഗം എപ്പോഴും അവിടെത്തന്നെയായിരിക്കണമെന്ന് അബ്ദുല്ല ഹാജിയുടെ നിര്‍ബന്ധവുമുണ്ടായിരുന്നു. അല്‍ഹംദുലില്ലാഹ്... ഇന്നത് വളരെ മനോഹരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇതില്‍നിന്നും കുട്ടികള്‍ പുറത്തിറങ്ങുന്നത് കാണാന്‍ സി.എം. ഉസ്താദ് ഇന്ന് ബാക്കിയില്ലല്ലോ എന്നതുമാത്രമാണ് ഇന്ന് എന്നെ വേദനിപ്പിക്കുന്നത്. കാരണം, ഉസ്താദ് വളരെ അധികം പ്രതീക്ഷിച്ചിരുന്ന ഒരു സ്ഥാപനമായിരുന്നു ഇര്‍ശാദ്. അവിടെനിന്നും കുട്ടികള്‍ പഠനം കഴിഞ്ഞ് സമൂഹത്തിലേക്കിറങ്ങുന്നതിനെ അവര്‍ എപ്പോഴും സ്വപ്നം കണ്ടിരുന്നു.
സി.എം. എന്ന വിസ്മയം
കാസര്‍കോട് സമസ്തയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മത ഭൗതിക മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും അതില്‍ സി.എം. ഉസ്താദിന്റെ പങ്കിനെക്കുറിച്ചുമെല്ലാമാണല്ലോ ഇതുവരെ നാം സംസാരിച്ചത്. ഇനി, സി.എം. ഉസ്താദുമായുള്ള താങ്കളുടെ വ്യക്തിപരമായ ബന്ധത്തിലേക്കും പരിചയത്തിലേക്കും കടക്കാം. ഏറ്റവും കൂടുതല്‍ ഉസ്താദിനോടൊപ്പം ജീവിക്കുകയും ഉസ്താദിനെ എല്ലാ അര്‍ത്ഥത്തിലും അനുഭവിക്കുകയും അറിയുകയും ചെയ്ത ഒരാളാണല്ലോ താങ്കള്‍. ഉസ്താദുമായുള്ള ബന്ധത്തെ മൊത്തത്തില്‍ എങ്ങനെ വിലയിരുത്തുന്നു?
ഗുരുശിഷ്യന്മാരെപ്പോലെയുള്ള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. എന്നാല്‍, ഞങ്ങള്‍ ഗുരുവും ശിഷ്യനും ആയിരുന്നില്ലതാനും. സഅദിയ്യ മുതല്‍ എം.ഐ.സി. വരെയും അതുമുതല്‍ മരണംവരെയുമുള്ള ഒരു നീണ്ട കാല ബന്ധം തന്നെ ഞങ്ങള്‍ തമ്മിലുണ്ട്. ഞങ്ങളുടെ ബന്ധം സാധാരണ പലരും പറയുന്നപോലെയുള്ള ഒരു ബന്ധമായിരുന്നില്ല. പലപ്പോഴും കുടുംബ ബന്ധത്തെക്കാള്‍ അടുത്തുപോകുന്ന ബന്ധമായിരുന്നു. ഞങ്ങളുടെ മനസ്സുകള്‍ അങ്ങനെയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ വളര്‍ന്നതും പ്രവര്‍ത്തിച്ചതും.
ഉസ്താദുമായി കൂടുതല്‍ അടുക്കുന്നത്?
1970 ന്റെ തുടക്കത്തില്‍ സഅദിയ്യ തുടങ്ങിയതു മുതല്‍ തന്നെ സി.എം. ഉസ്താദുമായി വളരെ നല്ല അടുപ്പത്തിലാണ്. 1984 ല്‍ ഞാന്‍ കളനാട് മുദരിസായി വന്നതോടെ ഞങ്ങള്‍ തമ്മിലുള്ള അടുപ്പം വളരെ ശക്തമായി. 12 വര്‍ഷത്തോളം ഞാന്‍ അവിടെയുണ്ടായിരുന്നു. 1997 ലാണ് അവിടെനിന്നും വിടുന്നത്. വിടുന്നതാവട്ടെ എപ്പോഴും സി.എം. ഉസ്താദിനോടൊപ്പം നടക്കാന്‍ വേണ്ടിയുമായിരുന്നു. ഇതിനിടയില്‍ പലപ്പോഴും ഞാന്‍ സി.എമ്മും സി.എം. ഞാനുമായി മാറുകയായിരുന്നു. അത്രമാത്രം ഹൃദയ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പല കാര്യങ്ങളും സംസാരിക്കാനും ചര്‍ച്ച ചെയ്യാനുമായി സി.എം. ഉസ്താദ് വരുമായിരുന്നു. ഞാന്‍ അങ്ങോട്ടും പോവുമായിരുന്നു. കളനാട് പള്ളിയിലെ എന്റെ കിടപ്പ് മുറിയായിരുന്നു കാലങ്ങളോളം ഞങ്ങളുടെ ചര്‍ച്ചാമുറി. അവിടെവെച്ചാണ് സമസ്തയുടെയും സഅദിയ്യയുടെയുമൊക്കെ പല ചര്‍ച്ചകളും നടന്നിരുന്നത്. ഞാനും ഉസ്താദും എപ്പോഴും അവിടെ ഇരുന്നു സംസാരിക്കും. പലപ്പോഴും പള്ളിപ്പുഴ അബ്ദുല്ല മൗലവിയും ഉണ്ടായിരിക്കും. പള്ളിപ്പുഴ പുറത്തെ സ്റ്റപ്പിലിരിക്കും. ഞങ്ങള്‍ അടുത്തടുത്തായും. പിന്നെ, പല വിധ സംസാരം നടക്കും. പദ്ധതികള്‍ ആവിഷ്‌കരിക്കും. അനുഭവങ്ങള്‍ ഷയര്‍ ചെയ്യും. പലപ്പോഴും വാതിലിലെ മുട്ടു കേട്ട് തുറന്നാല്‍ സി.എം. ഉസ്താദിനെയാണ് കണാന്‍ കഴിഞ്ഞിരുന്നത്. പലപ്പോഴും പല യാത്രകള്‍ക്കു വേണ്ടിയാണ് വരുക. സ്ഥാപന സംബന്ധമായോ മറ്റു കാര്യങ്ങള്‍ക്കോ വേണ്ടിയുള്ള യാത്ര. അങ്ങനെ രണ്ടു പേരും യാത്ര പോകും. കാര്യങ്ങളെല്ലാം നിര്‍വഹിച്ചുവരും. പലപ്പോഴും ഈ യാത്ര കൂടുമ്പോള്‍ എനിക്ക് ക്ലാസെടുക്കാന്‍പോലും സമയം ലഭിക്കുമായിരുന്നില്ല. ക്രമേണ സ്ഥാപനം വളര്‍ന്നുവരാന്‍ തുടങ്ങി. അതിന് കൂടുതല്‍ ആളുകളുടെ നിരന്തര സേവനം ആവശ്യമായി. അതുകൊണ്ടുതന്നെ, 1997 ല്‍ ഞാന്‍ ദര്‍സ് ഒഴിയുകയും പൂര്‍ണമായും സി.എം. ഉസ്താദിനോടൊപ്പം മലബാറിന്റെ സേവനത്തിനായി ഒഴിഞ്ഞിരിക്കുകയും ചെയ്തു.
പള്ളിപ്പുഴ അബ്ദുല്ല മൗലവിയെക്കുറിച്ച്?
നമ്മുടെ സ്ഥാപനങ്ങളുടെയും സമസ്തയുടെയും ഒരു സജീവ പ്രവര്‍ത്തകനും ആത്മാര്‍ത്ഥ സേവകനുമായിരുന്നു പള്ളിപ്പുഴ. എപ്പോഴും ഞങ്ങള്‍ക്കൊപ്പം മൂന്നാമതൊരാളായി ഉണ്ടാകുമായിരുന്നു. ഞങ്ങളുടെ മുക്കൂട്ടു കമ്പനിയാണ് എപ്പോഴും എന്തിനുമിറങ്ങിയിരുന്നത്. നല്ല അറിയപ്പെട്ട പ്രഭാഷകനായിരുന്നു അദ്ദേഹം. സഅദിയ്യയുടെയും മലബാറിന്റെ ഉള്ളറിഞ്ഞ സേവകനായിരുന്നു. മലബാറിന്റെ കമ്മിറ്റിയിലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും മരണവുമെല്ലാം സമസ്തക്കും മലബാറിനും വേണ്ടിയായിരുന്നു.
ഒരിക്കല്‍ ഞാനും സി.എം. ഉസ്താദും അദ്ദേഹവും കൂടി ഏതോ ഒരു യാത്രക്കു വേണ്ടി പുറപ്പെടുകയാണ്. ഞാന്‍ മലബാറില്‍ അവരെ കാത്തുനില്‍ക്കുന്നു. ഉസ്താദും പള്ളിപ്പുഴയും ചെമ്പിരിക്കയില്‍നിന്നും കാറില്‍ വരുന്നു. മേല്‍പറമ്പിലെത്തിയപ്പോള്‍ അദ്ദേഹം രോഗം പിടിച്ചു. വയ്യാതെയായി. ഉടനെത്തന്നെ ഹോസ്പിറ്റലില്‍കൊണ്ടുപോയി. പക്ഷെ, രക്ഷിക്കാനായില്ല. അദ്ദേഹം അങ്ങനെ മരിക്കുകയായിരുന്നു. മലബാറിന്റെ സേവനപാതയില്‍തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം. അല്ലാഹു അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഖബൂല്‍ ചെയ്യുമാറാവട്ടെ.
ഖാസി അനുഭവങ്ങള്‍
മൂന്നു പതിറ്റാണ്ടിലേറെ ചെമ്പിരിക്ക ഖാസിയായിരുന്നുവല്ലോ സി.എം. ഉസ്താദ്. ഖാസിയായ ഉസ്താദിനെ എങ്ങനെയാണ് അനുഭവിച്ചത്?
തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ഖളാഇന്റെ കാര്യങ്ങള്‍ക്കും ഉസ്താദ് സമയം കണ്ടെത്തുമായിരുന്നു. നാട്ടുകാര്‍ക്കെല്ലാം വളരെ വലിയ ആദരവും ബഹുമാനവുമായിരുന്നു. അവരുടെ നികാഹിന്റെയും വിവാഹങ്ങളുടെയും ചടങ്ങുകളില്‍ ഉസ്താദ് പങ്കെടുക്കും. പല പല പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ പരിഹരിക്കും. അങ്ങനെ, ശാന്തമായാണെങ്കിലും എല്ലാറ്റിലും ഇടപെടുമായിരുന്നു.
ഖാസിയായ സി.എം. ഉസ്താദിനെക്കുറിച്ച് പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവരുന്നത് മറ്റൊരു സംഭവമാണ്. സി.എം. ഉസ്താദ് ചെമ്പിരിക്ക ഖാസിയായി അവരോധിക്കപ്പെട്ട യോഗത്തില്‍ ഞാനാണ് സ്വാഗതം പറഞ്ഞിരുന്നത്. അതിനു പിന്നില്‍ മറ്റൊരു രസമുണ്ട്. ഞാന്‍ സാധാരണപോലെ പരിപാടി വീക്ഷിക്കാനായി പോയതായിരുന്നു. അപ്പോഴാണ് ഉസ്താദ് എന്നെ കാണുന്നത്. നീ പരിപാടിക്ക് സ്വാഗതം പറയണമെന്ന് എന്നെ നിര്‍ബന്ധിച്ചു. ഞാനത് സ്വീകരിക്കുകയും ചെയ്തു. കളനാട്ടുകാര്‍ സ്വാഗതം പറയുക, കീഴൂര്‍ തലപ്പാവ് ധരിപ്പിക്കുക തുടങ്ങിയവയായിരുന്നു നിയമങ്ങള്‍. വന്‍ ജനാവലി തടിച്ചുകൂടിയ പരിപാടിയായിരുന്നു അത്. അന്നത്തെ കാസര്‍കോട് ഖാസി വെളിമുക്ക് അവറാന്‍ മുസ്‌ലിയാരായിരുന്നു അധ്യക്ഷന്‍.
മംഗലാപുരം ഖാസിയായി വന്നപ്പോഴുള്ള വല്ല അനുഭവങ്ങളും?
ഉസ്താദിനെ മംഗലാപുരം ഖാസിയായി അവരോധിച്ച പരിപാടിയിലും പങ്കെടുത്തിരുന്നു. ഇവിടെനിന്നുതന്നെ മംഗലാപുരത്തേക്ക് ഒരുമിച്ചു പോകാമെന്നായിരുന്നു ഉസ്താദ് പറഞ്ഞിരുന്നത്. പക്ഷെ, പല തിരക്കുകളിലുമായിരുന്നതിനാല്‍ അതിനു പറ്റിയില്ല. ഞാന്‍ പിന്നീട് പരിപാടിയിലെത്തുകയായിരുന്നു. പല പ്രമുഖരും സമ്മേളിച്ച സദസ്സായിരുന്നു അത്. വന്‍ ജനാവലിയും തടിച്ചുകൂടിയിരുന്നു. ആ യോഗത്തില്‍ ഉസ്താദ് ഇംഗ്ലീഷിലും പ്രസംഗിക്കുകയുണ്ടായി.
പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വളരെ യുക്തനായിരുന്നു ഉസ്താദ്. നല്ല ഹിക്മത്തിന്റെ ആളായിരുന്നു. ഏതു പ്രശ്‌നം വന്നാലും അനുയോജ്യമായ പരിഹാരങ്ങള്‍ വളരെ പെട്ടന്ന് മനസ്സില്‍ ഉദിച്ചുവരുമായിരുന്നു.
പൊതുപ്രവര്‍ത്തനത്തിനുള്ള അംഗീകാരങ്ങള്‍
ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു സമൂഹം വല്ല അംഗീകാരവും നല്‍കിയിരുന്നോ?
തീര്‍ച്ചയായും. ഉസ്താദിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും പൊതു സമൂഹം പൂര്‍ണ സംതൃപ്തരായിരുന്നു. ഉസ്താദിനോട് അവര്‍ കാണിച്ച സ്‌നേഹത്തില്‍നിന്നും ആദരവില്‍നിന്നും അത് ശരിക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
കൂടാതെ രണ്ടു തവണ ഉസ്താദിനുള്ള ആദരിക്കല്‍ ചടങ്ങുകളും നടന്നിരുന്നു. ഒന്ന്, എം.ഐ.സിയില്‍വെച്ച്. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു. മറ്റൊന്ന്, മേല്‍പറമ്പില്‍ വെച്ച്. പൊതുപ്രവര്‍ത്തനത്തിന്റെ നാല്‍പതാം വാര്‍ഷികം എന്ന നിലക്കായിരുന്നു അത്. അന്നുതന്നെ, മേല്‍പറമ്പ് ഖഥീബ്ച്ചയെയും ആദരിച്ചിരുന്നു. ഉസ്താദിന്റെ ഭാവി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശക്തി പകരാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ഞങ്ങളെല്ലാം എല്ലാ പ്രവര്‍ത്തനങ്ങളിലും ഉസ്താദിനോട് കൂടെയുണ്ടെന്ന് വ്യക്തമാക്കാന്‍ വേണ്ടിയും.
നന്തി ദാറുസ്സലാമില്‍ വെച്ചും ഉസ്താദിന് വലിയൊരു ആദരിക്കല്‍ പരിപാടിയുണ്ടായിരുന്നു. ശംസുല്‍ഉലമാ അവാര്‍ഡ് നല്‍കിയാണ് അന്ന് ആദരിച്ചിരുന്നത്. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ ഉസ്താദിന്റെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയായിരുന്നു ഈ അവാര്‍ഡ്. ഇതില്‍, പതിനായിരത്തിയൊന്ന് രൂപ കാഷ് അവാര്‍ഡ് ആയി ലഭിച്ചു. ഇതില്‍ അയ്യായിരം രൂപ ഉസ്താദ് നന്തി കോളേജിനു തന്നെ സംഭാവന നല്‍കി. അയ്യായിരം രൂപ മലബാറിനും സംഭാവന നല്‍കി. ഇതില്‍ ബാക്കി വന്ന ഒരു രൂപ തന്റെ അടുത്തുനിന്നും കാണാതായിപ്പോയിയെന്ന് ഒരിക്കല്‍ ഉസ്താദ് തമാശയായി പറഞ്ഞത് ഓര്‍ക്കുന്നു. എന്തും ചിലവഴിക്കാനും നല്ലതെന്തും പ്രവര്‍ത്തിക്കാനും വിശാല മനസ്സുള്ള ഒരു വലിയ മനുഷ്യനായിരുന്നു ഉസ്താദ്.
യോഗങ്ങളിലെ ഉസ്താദ്
വ്യത്യസ്ത മേഖലയിലെ പ്രമുഖരും പ്രമാണിമാരുമൊക്കെയായിരുന്നുവല്ലോ സി.എം. ഉസ്താദിന്റെ പല കമ്മിറ്റികളിലുമുണ്ടായിരുന്നത്. സ്വാഭാവികമായും അഭിപ്രായങ്ങളും ചര്‍ച്ചകളും കൂടുതലുണ്ടാവും. ഇവരെയെല്ലാം തൃപ്തിപ്പെടുത്തി ഉസ്താദ് വളരെ അനുയോജ്യമായ ഒരു തീരുമാനത്തിലേക്ക് കൊണ്ടെത്തിക്കുമായിരുന്നു ചര്‍ച്ച എന്നു കേട്ടിട്ടുണ്ട്. യോഗങ്ങളിലെ ഉസ്താദിനെ എങ്ങനെ കാണുന്നു?
യോഗങ്ങളില്‍ അഭിപ്രായം പറയാനും അത് പ്രതിഫലിപ്പിക്കാനുമെല്ലാം അസാധാരണ കഴിവായിരുന്നു ഉസ്താദിന്. പറഞ്ഞപോലെ പല ചര്‍ച്ചകളും അവസാനം ഉസ്താദിന്റെ തീരുമാനത്തിലാണ് ചെന്നെത്തിയിരുന്നത്. ചിലപ്പോള്‍ ചര്‍ച്ചയില്‍നിന്നും ഉരുതിരിഞ്ഞുവരുന്ന നല്ല അഭിപ്രായം കൈകൊള്ളും. ചിലപ്പോള്‍, നിങ്ങളുടെ അഭിപ്രായത്തിന് വിട്ടു; നിങ്ങള്‍ സ്വന്തമായി തീരുമാനമെടുക്കുകയെന്ന് അംഗങ്ങള്‍ പറയാറായിരുന്നു പതിവ്.
പലപ്പോഴും യോഗത്തിലെത്തുന്നതിന് മുമ്പ് സെക്രട്ടറിയെന്ന നിലക്ക് ഞാനുമായി ചര്‍ച്ച ചെയ്യുമായിരുന്നു. പലതിലും അഭിപ്രായം ചോദിക്കുമായിരുന്നു. പണമിടപാടുകളുടെ കാര്യത്തില്‍ ഉസ്താദ് എല്ലാവരെയൊന്നും വിശ്വസിച്ചിരുന്നില്ല. എന്നാല്‍, എന്റെ കാര്യത്തില്‍ അങ്ങനെയൊരു പ്രശ്‌നമേ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഹജ്ജിനു പോയിവന്നാല്‍ ഉസ്താദ് എല്ലാ രേഖകളും പൂര്‍ണമായും ചെക്ക് ചെയ്യുമായിരുന്നു. അതില്‍ യാതൊരു പിഴവും കാണുമായിരുന്നില്ല. അതുകൊണ്ടുതന്നെ, പലപ്പോഴും എന്റെ അഭാവത്തില്‍ എന്നെക്കുറിച്ച മതിപ്പ് പറയുന്നത് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
ഉസ്താദുമൊന്നിച്ചുള്ള യാത്രകള്‍?
ഉസ്താദിനോടുകൂടെ അനവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തും. ഒരു തവണ ഹജ്ജിനും കൂടെയായിരുന്നു. ദുബൈ, ബോംബെ, മംഗലാപുരം തുടങ്ങി പല സ്ഥലങ്ങളിലേക്കും ഒപ്പം പോയിട്ടുണ്ട്. ഏറ്റവും നല്ലൊരു സുഹൃത്തായിരുന്നു യാത്രകളിലെ ഉസ്താദ്. പല കാര്യങ്ങളും ചോദിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു.
അവസാന കാലത്തെ അനുഭവങ്ങള്‍
അവസാന കാലം. സി.എം. ഉസ്താദ് രോഗബാധിതനായി യേനപോയ ഹോസ്പിറ്റലില്‍ കിടന്നിരുന്നുവല്ലോ. ഈ സമയത്തെ വല്ല സംഭവങ്ങളും?
ഉസ്താദ് രോഗബാധിതനായി കിടക്കുന്ന ഈ ഘട്ടത്തില്‍ നടന്ന ഒരു സംഭവം ഇപ്പോഴും എന്റെ മനസ്സില്‍ ഞെട്ടല്‍ വിടാതെ നിലനില്‍ക്കുന്നുണ്ട്. ഉസ്താദ് ഹോസ്പിറ്റലില്‍ അഡ്മിറ്റായ ദിവസം. രാവിലെ ആര്‍ക്കും ഒന്നും അറിയുമായിരുന്നില്ലല്ലോ. പതിവ് പോലെ അന്നും ഉസ്താദ് മംഗലാപുരം പോയി. മൊഗ്രാലില്‍വെച്ച് ഞാന്‍ ഉസ്താദിന്റെ കാറ് കണ്ടിരുന്നു. പക്ഷെ, സാധാരണപോലെയുള്ള യാത്ര ആണെന്നതിനാല്‍ സംസാരിച്ചിരുന്നില്ല. പൊതുവെ, യാത്രകളില്‍ വഴിയില്‍ നിര്‍ത്തി സംസാരിക്കുന്ന സ്വഭാവവും ഉസ്താദിനില്ലല്ലോ.
അന്ന് വൈകുന്നേരമായപ്പോള്‍ സി.എം. ഉസ്താദിന്റെ ഒരു ഫോണ്‍ കോള്‍ വന്നു: 'ഉടനെ വരണം. ഞാന്‍ മംഗലാപുരം ഹോസ്പിറ്റലിലാണ്.' ഉടനെത്തന്നെ ഞാന്‍ കാറില്‍ മംഗലാപുരത്തേക്കു പുറപ്പെട്ടു. എത്തിയപ്പോള്‍ കൂടുതലാരും ഉസ്താദിനടുത്ത് ഉണ്ടായിരുന്നില്ല. ഉസ്താദ് അഡ്മിറ്റായ വിവരം കൂടുതലാരും അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഞാനെത്തുമ്പോള്‍ ഉസ്താദ് സ്ട്രക്ചറില്‍ കിടക്കുകയാണ്. മൂക്കിലൂടെ വയറുകള്‍ ഇട്ടിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ ഉസ്താദ് മൂക്കില്‍നിന്നും പമ്പെടുത്തു. ചെറിയ നിലക്ക് സംസാരിച്ചു. ശേഷം കീശയില്‍നിന്നും ഒരു കടലാസെടുത്തു കയ്യില്‍ തന്നു. പണ്ട് ഞാന്‍ ഉസ്താദിന് കൈമാറിയ പൈസയുടെ ഒരു കണക്കായിരുന്നു അത്. അതില്‍ എത്ര ചെലവായെന്നും എത്ര കമ്മിയുണ്ടെന്നും അതിന്റെ മറുഭാഗത്ത് എഴുതിയിട്ടുണ്ടായിരുന്നു. കമ്മിയുള്ളത് മക്കളോട് വാങ്ങിക്കോളൂ എന്നും പറഞ്ഞു. ശേഷം വാച്ച് കയിച്ച് എന്നെ ഏല്‍പിച്ചു. ചാവിയും എന്റെ കയ്യില്‍ തന്നു. ഞാനാകെ തരിച്ചു പോയി. സ്ട്രക്ച്ചറില്‍ കിടക്കുന്ന ഉസ്താദ് എന്തോ മുമ്പില്‍ കാണുന്നപോലെയുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്തിരുന്നത്. കരളില്‍ നിന്നും കുടലിലേക്ക് രക്തം കിനിയുകയെന്നതായിരുന്നു പ്രശ്‌നം. ഓപറേഷന്‍ ആവശ്യമായിരുന്നു. അതിനുവേണ്ടി ഒപ്പിട്ടുകൊടുക്കണം. അപ്പോള്‍ പോലും വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നില്ല. പിന്നെയാണ് വീട്ടുകാരെത്തുന്നത്. ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴമായിരുന്നു ഇത്. രോഗത്തിന്റെ ഏറ്റവും ഭീകരമായ നിമിഷയങ്ങളില്‍പോലും ഉസ്താദ് അത് കാത്തിരുന്നു. രോഗങ്ങളെ വളരെ ലാഘവത്തോടെയാണ് ഉസ്താദ് കണ്ടിരുന്നത്.
ഈ രോഗത്തിനു ശമനം ലഭിച്ച ശേഷം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?
രോഗം ഭേദമായി വീട്ടില്‍ വിശ്രമത്തിലിരിക്കുമ്പോഴം സ്ഥാപനത്തിന്റെ കാര്യങ്ങള്‍ ഉസ്താദ് ശ്രദ്ധിക്കുമായിരുന്നു. അതിനിടെ ഇവിടെ വരുകയും ചെയ്തിരുന്നു. പള്ളിക്കുമുമ്പില്‍ പുതിയ ബാത്ത്‌റൂം ഉണ്ടാക്കാന്‍ അതിന് സ്ഥല നിര്‍ണയം നടത്താന്‍ വേണ്ടിയായിരുന്നു ഒരു തവണ വന്നിരുന്നത്. തുടര്‍ന്നുവന്ന റമളാനില്‍ നോമ്പ് തുറക്കും ഉസ്താദ് കാമ്പസിലെത്തിയിരുന്നു. ശേഷവും പല പ്രവര്‍ത്തനങ്ങളിലും ഉസ്താദ് സജീവമായി ഇടപെട്ടു തുടങ്ങിയിരുന്നു.
അവസാനമായി കണ്ടത് എന്നായിരുന്നു?
2010 ഫൈബ്രുവരി പത്താം തിയ്യതി. ഉസ്താദ് വഫാത്താകുന്നതിന്റെ നാലു ദിവസം മുമ്പ്. അന്ന് ഉസ്താദ് മലബാറില്‍ വന്നിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പല കാര്യങ്ങളും സംസാരിച്ചിരുന്നു. അന്ന് സാധാരണ പോലെ വിട്ട്പിരിഞ്ഞു. പിന്നീട് പതിനഞ്ചാം തിയ്യതി ഉസ്താദിന്റെ മയ്യിത്താണ് ഞാന്‍ കാണുന്നത്. ഏറെ വേദനാജനകമായ ഒരു നിമിഷമായിരുന്നു അത്.
ഏതായാലും 47 കൊല്ലത്തെ ഒന്നിച്ചുള്ള ജീവിതം വലിയ വലിയ പാഠങ്ങളാണ് എനിക്ക് നല്‍കിയത്. പല കാര്യങ്ങളും ആ ജീവിതത്തില്‍നിന്നും ഞാന്‍ പഠിച്ചിട്ടുണ്ട്. ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമ എന്നു ഉസ്താദിനെ നമുക്ക് വിശേഷിപ്പിക്കാന്‍ പറ്റും. ഏതു ബുദ്ധിമുട്ടുള്ള സമയത്തും പുഞ്ചിരി തൂകിക്കൊണ്ടാണ് ഉസ്താദ് സമീപിച്ചിരുന്നത്. ആരെയും വേദനിപ്പിക്കുമായിരുന്നില്ല. ഇത്രയും കാലം ഓരോ ദിവസവും 18 മണിക്കൂറിന്റെ അടുപ്പവും ബന്ധവുമുണ്ടായിട്ടും ഒരു തവണപോലും ഞങ്ങള്‍ മാനസികമായി അകലുകയോ തെറ്റുകയോ ചെയ്തിരുന്നില്ല. ഉസ്താദിന്റെ വശ്യമായ സ്വഭാവത്തിന്റെ ഫലമായിരുന്നു ഇത്. ആ മഹാത്മാവിനൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗലോകത്ത് ഒരുമിച്ചു കൂട്ടുമാറാവട്ടെ. ആമീന്‍.
Leave A Comment