ഭരണാധികാരികളേ, നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്

ഖത്തറിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ അല്‍വുകൈര്‍ ഗ്രാന്‍ഡ് മസ്ജിദില്‍, ഖതീബ് ശൈഖ് ഫൗസി അബൂസഅ്‍ദി (ഈജിപ്ത്) നടത്തിയ ഖുതുബയുടെ ആശയവിവര്‍ത്തനം

ഫലസ്തീനിന്റെ മക്കളുടെ മേല്‍ സയണിസ്റ്റ് കിരാതന്മാര്‍ നടത്തുന്ന നരമേധം തുടങ്ങിയിട്ട് നാല്‍പത് ദിവസത്തിലേറെയായിരിക്കുകയാണ്. രക്തമൊലിക്കുന്ന ചിത്രങ്ങളാണ് ഗസ്സയില്‍നിന്ന് ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. സഹായത്തിനായി കേഴുന്ന സ്ത്രീകളും വാവിട്ട് കരയുന്ന കൊച്ചുകുഞ്ഞുങ്ങളും. അവരോട് അല്പമെങ്കിലും കരുണ കാണിച്ച് ആരും തന്നെ ശക്തമായി രംഗത്ത് വരുന്നില്ലല്ലോ എന്നത് വല്ലാതെ അല്‍ഭുതപ്പെടുത്തുന്നു, അതിലേറെ മനുഷ്യത്വവും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും നഷ്ടപ്പെട്ട ഈ ലോകത്തോട് മനസ്സിനുള്ളില്‍ വെറുപ്പ് തോന്നുന്നു, ഇത്തരം ഒരു കാലത്ത് ജനിച്ചുപോയല്ലോ എന്നതില്‍ ലജ്ജ തോന്നുന്നു. ഈ അവസരത്തില്‍ എനിക്ക് പ്രധാനമായും പറയാനുള്ളത് അറബ്-മുസ്‍ലിം ഭരണാധികാരികളോടാണ്.

അധികാരത്തിന്റെ സോപാനനങ്ങളില്‍ ഇരിക്കുന്നവരേ, 
നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്. നമ്മുടെ സഹോദരങ്ങളും നിസ്സഹായരായ സ്ത്രീകളും നിഷ്കളങ്കരായ കൊച്ചുകുഞ്ഞുങ്ങളും ഭക്ഷണവും വെള്ളവുമില്ലാതെ കരയുന്നത് നിങ്ങള്‍ കാണുന്നില്ലേ. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട് കിടക്കുന്ന തന്റെ മക്കളുടെ ശരീരാവശിഷ്ടങ്ങളെങ്കിലും ഒന്ന് പെറുക്കിതരാമോ എന്ന് ചോദിക്കുന്ന ഉമ്മമാരെ നിങ്ങള്‍ കാണുന്നില്ലേ. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം ജനിച്ചുവീണ കൈക്കുഞ്ഞുങ്ങള്‍ വരെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭിക്കാതെ ജീവന് വേണ്ടി പിടയുന്നത് നിങ്ങള്‍ കാണുന്നില്ലേ. 

ഇന്നത്തെ മുസ്‍ലിം സമൂഹത്തിന്റെ കൈകാര്യ കര്‍തൃത്വം നിങ്ങളുടെ കൈകളിലാണ് അല്ലാഹു ഏല്‍പിച്ചിരിക്കുന്നത്. എന്തേ, ഈ മനുഷ്യത്വവിരുദ്ധ കാടത്തത്തിനെതിരെ ഒരു വാക്ക് പോലും ഉറക്കെ പറയാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത്. ആരെയാണ് നിങ്ങള്‍ ഭയക്കുന്നത്. എന്നും മുസ്‍ലിം വിരുദ്ധ പക്ഷത്ത് നിലകൊണ്ട ചരിത്രമുള്ള, അമേരിക്കയെയാണോ നിങ്ങള്‍ ഭയക്കുന്നത്. അതോ, നിങ്ങളെ ആ സ്ഥാനങ്ങളില്‍ അവരോധിച്ചത് പോലും അവര്‍ തന്നെയാണോ. അറബ്-മുസ്‍ലിം രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെയും നല്ല ഭരണത്തിന്റെയും ശുഭലക്ഷണങ്ങള്‍ കാണുമ്പോഴേക്കും അതിന് തടയിടുന്നത് അവരാണല്ലോ. മുസ്‍ലിം നാടുകളിലെ സ്വേഛാധിപതികളെ അവരോധിക്കുന്നതും വാഴ്ത്തുന്നതും അവരാണല്ലോ. 

എങ്കില്‍ നിങ്ങള്‍ തിരിച്ചറിയുക, വൈകാതെ ഈ ശത്രു നിങ്ങളെയും തേടി എത്താതിരിക്കില്ല. സ്പെയ്ന്‍ തകരുന്നത് കണ്ട് മറ്റുള്ളവര്‍ മൗനം പാലിച്ചതോടെയാണ്, ശേഷം ഇസ്‍ലാമിക പ്രദേശങ്ങളോരോന്നായി നഷ്ടമാവുന്നതും അവസാനം തലസ്ഥാന നഗരിയായ ബഗ്ദാദ് പോലും കൈവിട്ട് പോവുന്നതും. ശത്രുവിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുന്നവരെ കിട്ടിയപ്പോള്‍ മാത്രമാണ്, നൂറ്റാണ്ടുകളോളം പ്രതാപത്തോടെ നില കൊണ്ട ഉസ്മാനിയാ ഖിലാഫത് നാമാവശേഷമായത്, അല്ലെങ്കില്‍ അവര്‍ നാമാവശേഷമാക്കിയത്. ഇത് ചരിത്രം നമുക്ക് നല്കുന്ന പാഠങ്ങളാണ്. എത്ര ശക്തരായാലും ഭിന്നിക്കുന്നതോടെ അവരുടെ ശക്തിചോരുന്നതും എത്ര ദുര്‍ബലരും ഒന്നിക്കുന്നതോടെ ശക്തമാവുന്നതും ചരിത്രത്തിലെ നിഷേധിക്കാനാവാത്ത ഏടുകളാണ്. അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക.   

അധികാരികളേ,
ഭൂമിയില്‍ നീതിയും ന്യായവും നടപ്പാക്കിയതാണ് മുസ്‍ലിം അധികാരികളുടെ രീതിയും ശൈലിയും. ഇതര മതസ്ഥര്‍ പോലും തങ്ങളുടെ നാടും ഈ ഭരണത്തിന് കീഴിലാവട്ടെ എന്ന് ആഗ്രഹിച്ചതായിരുന്നു നമ്മുടെ ഗതകാല ചരിത്രം. ഒരു മനുഷ്യക്കുഞ്ഞ് പോയിട്ട്, ഒരു കോവര്‍കഴുത പോലും നടക്കാനുള്ള വഴി സുഗമമാവാത്തതിന്റെ പേരില്‍ കാല്‍വഴുതി വീഴരുതെന്ന് ശഠിച്ചവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. അങ്ങനെ സംഭവിച്ചാല്‍ അതിന് അല്ലാഹുവിനോട് ഉത്തരം പറയേണ്ടത് ഞാനായിരിക്കും എന്നതായിരുന്നു അവരെ മുന്നോട്ട് നയിച്ച ഉത്തരവാദിത്തബോധം. അതാണ് മുസ്‍ലിം ഭരണാധികാരികള്‍ ഈ ലോകത്ത് നിര്‍വ്വഹിച്ച ദൗത്യം. ഒരു സമൂഹത്തോട് വെറുപ്പുണ്ടെങ്കില്‍ പോലും നീതി നടപ്പാക്കാന്‍ അത് തടസ്സമാവരുത് എന്നതാണ് ഖുര്‍ആന്‍ അതിന്റെ അനുയായികളോട് പറയുന്നത്. മാനുഷിക അവകാശങ്ങളൊന്നും ഹനിക്കപ്പെടാത്ത, എല്ലാവരും സ്വസ്ഥമായും സ്വഛന്ദമായും ജീവിക്കുന്ന ഭൂമി ഉറപ്പ് വരുത്തുക എന്നത് മുസ്‍‍ലിം ഭരണാധികാരികളുടെ കടമയാണ്. ഇസ്‍ലാമിക കര്‍മ്മ ശാസ്ത്രം അനുശാസിക്കുന്ന ജിഹാദ് (ധര്‍മ്മ സമരം) പോലും അതിനുള്ളതാണ്.

ഇക്കാലത്ത് അത് നിര്‍വ്വഹിക്കേണ്ടത് നിങ്ങളാണ്. അല്ലാഹു നിങ്ങളോടായിരിക്കും ചോദിക്കുക. വിവിധ രാജ്യങ്ങളായി നിലകൊള്ളുന്ന ആധുനിക ലോക രാഷ്ട്ര ക്രമത്തില്‍, സാധാരണക്കാരായ  ഞങ്ങള്‍ക്ക് സാധിക്കുന്ന സാമ്പത്തിക-മാനസിക പിന്തുണ നല്കി, അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനേ സാധിക്കൂ. പണ്ഡിതര്‍ക്ക് നിങ്ങളെ ഉണര്‍ത്താനും. നാളെ അല്ലാഹു ചോദിക്കുമ്പോള്‍, ഞങ്ങളെക്കൊണ്ട് ആവുന്നത് ചെയ്തു എന്ന് ഞങ്ങള്‍ പറയും. ബാക്കി പറയേണ്ടത് നിങ്ങളായിരിക്കും, ആ ചിന്തയും ബോധവും നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ.

ഇത്രയൊക്കെ പറയുമ്പോഴും, നമ്മുടെ ഖത്തറെന്ന കൊച്ചുരാഷ്ട്രവും അതിന്റെ ഭരണാധികാരിയും ഈ രംഗത്ത് ചെയ്യുന്ന സാധ്യമായ നീക്കങ്ങളെ പ്രശംസിക്കാതിരിക്കാനാവില്ല. മനുഷ്യത്വവും സമുദായബോധവും ശേഷിക്കുന്ന ഒരു ഭരണാധികാരിയുടെയും, മനുഷ്യത്വരഹിതരരെ വെളിച്ചത്ത് കൊണ്ട് വരാന്‍ ധൈര്യപ്പെടുന്ന അല്‍ജസീറ ചാനലിന്റെയും നാട്ടിലാണല്ലോ നാം എന്നതില്‍ അനല്‍പമായ അഭിമാനമുണ്ട്. 

ഇനി എനിക്ക് പറയാനുള്ളത് ഫലസ്തീനികളോടാണ്, 
പ്രിയ സഹോദരങ്ങളേ, നിങ്ങള്‍ സഹിക്കുന്ന പ്രയാസങ്ങള്‍ വെറുതെയാവില്ല. നിങ്ങള്‍ ചിന്തുന്ന രക്തം നിഷ്ഫലമാവില്ല. യാസിര്‍ കുടുംബത്തോട് പ്രവാചകര്‍(സ്വ) പറഞ്ഞതാണ് നിങ്ങളോട് എനിക്കും പറയാനുള്ളത്, സ്വബ്റന്‍ അഹ്‍ലു ഗസ്സാ, ഗസ്സക്കാരേ ക്ഷമിക്കുക, നിങ്ങളെ കാത്തിരിക്കുന്നത് സ്വര്‍ഗ്ഗമാണ്. ഈ ഉമ്മതിന്റെ സിരകളില്‍ രക്തം വറ്റിയിരിക്കുന്നു. മരിച്ചുവീഴുന്നത് നിങ്ങളാണെങ്കിലും യഥാര്‍ത്ഥത്തില്‍ മൃതശരീരങ്ങളായിരിക്കുന്നത് ഞങ്ങളാണ്. നിങ്ങള്‍ എന്നെന്നും ജീവിക്കുന്ന അമരപുരുഷന്മാരാണ്. ഖലീഫാ ഉമര്‍(റ)ന്റെയും ഖാലിദുബ്നുല്‍വലീദ്(റ)ന്റെയും സുല്‍താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും അനന്തരാവകാശികള്‍ നിങ്ങളാണ്. നിങ്ങളുടെ ഈ ചെറുത്ത് നില്‍പിലൂടെ മുസ്‍ലിം ലോകത്ത് ഇന്നും എന്നും ശേഷിക്കുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുബ്നുസലൂലിന്റെ പിന്മുറക്കാരായ കപടവിശ്വാസികളെയും നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. സമുദായത്തിന്റെ അഭിമാനവും അന്തസ്സും സംരക്ഷിക്കാനാണ് നിങ്ങള്‍ ഇതെല്ലാം സഹിക്കുന്നത്, ഉറ്റവരെയും ഉടവരെയും സ്വജീവന്‍ പോലും ബലി കഴിക്കുന്നത്.  നിങ്ങളെ അല്ലാഹു സ്വീകരിക്കട്ടെ.

വിവര്‍ത്തനം: മജീദ് ഹുദവി പുതുപ്പറമ്പ്

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter