ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി: മലബാറിന്റെ ഹാത്വിമുത്ത്വാഈ
1983ലെ ഒരു പ്രഭാതം. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ എ.എം ടൂറിസ്റ്റ് ഹോമില്‍ 2 പണ്ഡിതരും 3 പ്രമാണിമാരും അടങ്ങുന്ന 5 അംഗസംഘം ഗാഢമായ ചിന്തയിലും ചര്‍ച്ചയിലുമാണ്. സമുദായത്തിന്റെ വൈജ്ഞാനിക-സാംസ്കാരിക മുന്നേറ്റം തന്നെയാണ് അവരുടെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, സുന്നി മഹല്ല് ഫെഡറേഷന്‍ എന്ന സംഘടനയിലൂടെ കേരളത്തിലെ പല മഹല്ലുകളിലും സവിശേഷമായ മാറ്റത്തിന്റെ കൊടുങ്കാറ്റ് തീര്‍ത്തവരായിരുന്നു അവര്‍.
അതിന്റെ തുടര്‍ച്ചയെന്നോണം, മാതൃകാദര്‍സ് എന്ന ആശയത്തിലൂടെ ദര്‍സ് രംഗത്ത് കൊണ്ടുവരാന്‍ ഉദ്ദേശിച്ച മാറ്റങ്ങളെ കൂടുതല്‍ ഫലപ്രദമായി എങ്ങനെ നടപ്പിലാക്കാമെന്നതായിരുന്നു ആ സംഘത്തെ അലട്ടിയിരുന്ന പ്രധാന വിഷയം. മണിക്കൂറുകളോളം നീണ്ട ആ ചര്‍ച്ച എത്തിപ്പെട്ടത്, മത-ഭൌതിക വിഷയങ്ങളെയും വിവിധ ഭാഷകളും സമന്വയിപ്പിച്ച് പഠിപ്പിക്കുന്ന ഒരു മതസ്ഥാപനം എന്ന ആശയത്തിലായിരുന്നു, ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ദാറുല്‍ഹുദാ ഇസ്‍ലാമിക് അക്കാദമി അവിടെ പിറവിയെടുക്കുകയായിരുന്നു. എം.എം. ബശീര്‍ മുസ്‍ലിയാര്‍, സി.എച്ച്. ഐദറൂസ് മുസ്‍ലിയാര്‍, ഡോ. യു ബാപ്പുട്ടി ഹാജി, കെ.എം. സൈദലവി ഹാജി എന്നിവരുടെ കൂടെ അഞ്ചാമനായുണ്ടായിരുന്നത് മര്‍ഹൂം ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയായിരുന്നു.
കേരള മുസ്‍ലിംകള്‍ക്ക് അന്ന് വരെ കേട്ടുകേള്‍വി പോലുമില്ലാത്ത ആശയം ആയിരുന്നതിനാല്‍, ഇത് വിജയത്തിലെത്തുന്നത് വരെ മറ്റാരും കൂടെയുണ്ടാവില്ലെന്നും എല്ലാം നാം തന്നെ വേണ്ടിവരും ചെയ്യാന്‍ എന്നുമുള്ള തീരുമാനത്തോടെയാണ് ആ സംഘം അവിടെ നിന്ന് പുറത്തിറങ്ങിയത്. ശേഷം, ആശയം മഹല്ല് ഫെഡറേഷന്‍റെ യോഗത്തില്‍ വെച്ച് പാസാക്കിയെടുത്തതോടെ ആ സംഘം അക്ഷരാര്‍ത്ഥത്തില്‍ സര്‍വ്വസ്വവും അതിനായി മാറ്റി വെക്കുകയായിരുന്നു. സ്ഥാപനത്തിനാവശ്യമായ സ്ഥലം വാങ്ങലായിരുന്നു ആദ്യ കടമ്പ. സ്ഥലം കണ്ടെത്തിയതോടെ, അതിനാവശ്യമായ തുകക്ക് അവര്‍ മറ്റാരെയും സമീപിച്ചില്ല. ബാപ്പുട്ടി ഹാജിയും സൈദലവി ഹാജിയും സാധ്യമായത്ര അതിലേക്ക് നല്‍കിയപ്പോള്‍, ബാക്കി സംഖ്യ മുഴുവനും കുഞ്ഞാപ്പു ഹാജിയുടേതായിരുന്നു. നാഥന്‍ നല്‍കിയ സമ്പത്ത് ദീനീമാര്‍ഗ്ഗത്തില്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിന് ഒട്ടും മടിയുണ്ടായിരുന്നില്ല.
1940 ലാണ് ചെറുശ്ശോലക്കാരന്‍ ചെമ്മുക്കന്‍ മുഹമ്മദ്കുട്ടി ഹാജിയുടെയും തയ്യില്‍ കുഞ്ഞായിശുമ്മയുടെയും ഏഴു മക്കളില്‍ ഏറ്റവും ഇളയവനായി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ ജനനം. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂള്‍, കോട്ടക്കല്‍ ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. മലയാളത്തിനു പുറമേ തമിഴ് ഭാഷയും അറിയാമായിരുന്നു. മനോഹരമായ കയ്യക്ഷരവും, നന്നായി വരക്കാനുള്ള കഴിവുമുണ്ടായിരുന്നു കുഞ്ഞാപ്പു ഹാജിക്ക്. സ്‌കൂള്‍ പഠനകാലത്ത് ചിത്ര രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരിലൂടെയാണ് സമുദായ നേതൃത്വത്തിലേക്ക് കുഞ്ഞാപ്പു ഹാജി കടന്നുവരുന്നത്. പഠന കാലത്ത് അഭിനയ കലയോട് താത്പര്യമുണ്ടായിരുന്ന കുഞ്ഞാപ്പു ഹാജി സ്‌കൂള്‍ ജീവിതത്തിനു ശേഷം അഭിനയം പരിപോഷിപ്പിക്കാനുള്ള വഴികള്‍ തേടിയെങ്കിലും പിന്നീട് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിനു വേണ്ടി തന്റെ സമ്പത്തും സമയവും ആരോഗ്യവും നീക്കിവെക്കാന്‍ മുന്നോട്ട് വരികയായിരുന്നു. ഈ വഴിത്തിരിവില്‍ പ്രധാന പങ്ക് വഹിച്ചത് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ ആയിരുന്നു.
പിതാവിന്റെ വിയോഗശേഷം മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അനുചരനായിട്ടാണ് കുഞ്ഞാപ്പുഹാജി ജീവിതം നയിച്ചത്. ബാപ്പു മുസ്‌ലിയാര്‍ കുഞ്ഞാപ്പു ഹാജിക്ക് സ്വന്തം പിതാവിനെ പോലെയായിരുന്നു. ബാപ്പു മുസ്‌ലിയാരുടെ മിക്ക യാത്രകളും കുഞ്ഞാപ്പുഹാജിയുടെ കൂടെ അദ്ദേഹത്തിന്റ കാറില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഇസ്‌ലാമിക മൂല്യങ്ങളുടെ സ്വാധീനം നിറഞ്ഞുനിന്നിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെന്ന സൂഫീവര്യന്റെ സാമീപ്യവും സാരോപദേശങ്ങളും അദ്ദേഹത്തെ ദീനീമാര്‍ഗത്തില്‍ തന്നെ തെല്ലും വ്യതിചലിക്കാതെ മുന്നോട്ടു നയിച്ചു.
മര്‍ഹൂം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായുള്ള നിരന്തര സമ്പര്‍ക്കം കുഞ്ഞാപ്പുഹാജിയെ പ്രഗല്‍ഭ ദീനീ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ്, വളവന്നൂര്‍ ബാഫഖി യതീംഖാന, ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, കോട്ടക്കല്‍ കാവതികളം നജ്മുല്‍ഹുദാ, തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃപദവി വഹിച്ചു. തന്റെ ശാരീരിക വൈഷമ്യങ്ങളെല്ലാം മറന്ന് കുഞ്ഞാപ്പുഹാജി ദീനി സ്ഥാപനങ്ങളുടെ അമരത്ത് ഉത്തരവാദിത്വബോധമുള്ള കാര്യദര്‍ശിയായി മാറി.
1977ലാണ് സമസ്തയുടെ കീഴില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടന രൂപീകരിക്കുന്നത്. കേരളീയ മഹല്ല് സംവീധാനങ്ങളെ ഏകോപിപ്പിച്ച് സമുദായ ശാക്തീകരണത്തിന് വേണ്ടി പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് എസ്.എം.എഫ് ചെയ്യുന്നത്. ആ എസ്.എം.എഫിന്റെ രൂപീകരണ കാലം മുതല്‍ വിടപറയുന്നത് വരെ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ്. കേരളീയ മുസ്‌ലിംകളുടെ മഹല്ല് സംവിധാനത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നവീകരിക്കുന്ന പ്രക്രിയയില്‍ കുഞ്ഞാപ്പു ഹാജിയുടെ പങ്ക് വളരെ വലുതാണ്.1971ലാണ് പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡണ്ട് സ്ഥാനം ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കുഞ്ഞാപ്പു ഹാജി ഏറ്റെടുത്തത്. മഹല്ല് പ്രസിഡന്റ് സ്ഥാനത്ത് അഞ്ച് പതിറ്റാണ്ട് നേതൃത്വം നല്‍കി.
മേല്‍ സൂചിപ്പിച്ച പോലെ, 1986ല്‍ തുടക്കം കുറിച്ച മതഭൗതിക സ്ഥാപനമായ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി.
ഇന്ന് മതഭൗതിക സമന്വയ പണ്ഡിതന്മാരായ നിരവധി ഹുദവികള്‍ അവിടെ നിന്ന് പഠിച്ചിറങ്ങി ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങളും മറ്റു ജോലികളുമായി ബന്ധപ്പെട്ട് പ്രവവര്‍ത്തിക്കുന്നു.
കോട്ടക്കല്‍ പ്രദേശത്തെ പ്രമുഖ കന്നുകാലി തോല്‍ കച്ചവടക്കാരന്‍ കൂടിയായിരുന്നു കുഞ്ഞാപ്പു ഹാജി. അളവു തൂക്കത്തിലും സാമ്പത്തിക ഇടപാടുകളിലും സത്യസന്ധത പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ തനിക്ക് കിട്ടിയ ധനം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ യാതൊരു മടിയുമില്ലാത്ത മലബാറിന്റെ ഹാത്വിമുത്ത്വാഇയുമായി.
തന്നെ സമീപിച്ച അഗതികള്‍ക്കും ആലംബഹീനര്‍ക്കും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ കാരുണ്യം കൈനീട്ടമായി നല്‍കി. സകാത്ത് വിതരണത്തില്‍ കണിശതയും സൂക്ഷ്മതയും പുലര്‍ത്തി.
Also Read:ദാറുല്‍ഹുദാ: ചരിത്രമുഹൂര്‍ത്തങ്ങള്‍
സമസ്തയുടെ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സമുദായ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലും കുഞ്ഞാപ്പു ഹാജി സജീവമായിരുന്നു. കോട്ടക്കലിലെ പ്രാദേശിക രാഷ്ട്രീയ രംഗത്തും കുഞ്ഞാപ്പു ഹാജി തിളങ്ങി. 1995 ലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് പുലിക്കോട് വാര്‍ഡില്‍ നിന്നും മുസ് ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. ദീര്‍ഘ കാലം കോട്ടക്കല്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് സ്ഥാനവും കുഞ്ഞാപ്പു ഹാജി അലങ്കരിച്ചു.
നാട്ടിലെ പ്രശ്‌നങ്ങള്‍, എണ്ണിയാലൊടുങ്ങാത്തത്ര സാമൂഹ്യ, രാഷ്ട്രീയ, കുടുംബ തര്‍ക്കങ്ങള്‍ എന്നിവ തീര്‍പ്പാക്കി പ്രദേശത്ത് മസ്വ്‌ലഹത്തിന് വേണ്ടി വര്‍ത്തിച്ച കുഞ്ഞാപ്പുഹാജി നാട്ടുമധ്യസ്ഥനുമായി. മലപ്പുറം ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മ ഹജ്ജുമ്മയാണ് കുഞ്ഞാപ്പു ഹാജി യുടെ ഭാര്യ. ആ ദാമ്പത്യ വല്ലരിയിൽ 14 മക്കളുണ്ടായി, അതില്‍ രണ്ടു പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. നിരവധി അവസരമുണ്ടായിരുന്നിട്ടും പ്രസംഗിക്കുമായിരുന്നില്ല, പ്രവര്‍ത്തനം തന്നെയായിരുന്നു കുഞ്ഞാപ്പുഹാജിയുടെ കര്‍മപഥം.കേരളീയ മുസ്‌ലിംകളുടെ ഇടയില്‍ ഇക്കാലത്ത് പ്രവര്‍ത്തിച്ച ഉമറാക്കളുടെ കൂട്ടത്തില്‍ തന്നെയാണ് കുഞ്ഞാപ്പു ഹാജിയെ ചരിത്രം ഓര്‍ക്കുകയെന്ന് തീര്‍ച്ചയാണ്. പ്രവര്‍ത്തനങ്ങള്‍ നാഥന്‍ സ്വീകരിക്കട്ടെ,
Leave A Comment