ശഹീദ അല്‍ഇബ്‍രിയ്യ(റ): ഹദീസ് രംഗത്തെ വനിതാസാന്നിധ്യം
ഇസ്‍ലാമിക ലോകത്തിന് കുലപതികളായ പ്രതിഭകളെ സംഭാവന ചെയ്ത കാലമാണ് അബ്ബാസിയ്യ ഖിലാഫത്ത്. അഗ്രഗണ്യരായ പണ്ഡിതന്മാരെയും പണ്ഡിതകളെയും ധാരാളം വളർത്തിയെടുക്കാൻ കഴിഞ്ഞത് ഈ കാലത്തെ എടുത്തു പറയേണ്ട ഗുണമാണ്. വിജ്ഞാനത്തിന് വലിയ പ്രാധാന്യം നൽകുകയും അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിൽ അബ്ബാസി ഖിലാഫത്ത് എന്നും മാതൃകയാണ്.
സ്ത്രീ വിദ്യാഭ്യാസം ഇന്നും ഇസ്‌ലാമിനെ ആക്ഷേപിക്കാനുള്ള ഉപകരണമാണെങ്കിൽ പൂർവ്വ കാലത്ത്, ലോകത്ത് സകല വിജ്ഞാനങ്ങളിലും തിളങ്ങി നിന്ന പണ്ഡിത മഹിളകളുണ്ടായിരുന്നുവെന്ന ചരിത്രം അവർ അറിയാതെ പോവുകയാണ്. വിശിഷ്യാ അബ്ബാസി ഖിലാഫത്ത് കാലത്ത് ലോകത്തിന് ലഭിച്ച ശഹീദത് ബിൻത് അഹ്മദ് അല്‍ഇബ്‍രിയ്യ(റ) എന്ന ഹദീസ് വിജ്ഞാനത്തിലെ പണ്ഡിത വനിത ഈ ഗണത്തിലെ അഗ്രേസരിയാണ്.
ഹി. 484 ൽ ബഗ്ദാദിലാണ് മഹതി ജനിച്ചത്. കുടുംബ പാരമ്പര്യം കച്ചവടമായിരുനെങ്കിലും പിതാവ് അബൂ നസ്ർ അഹ് മദ് ബ്നുൽ ഫറജ് മഹതിയിൽ ഹദീസ് വിജ്ഞാനത്തിനോട് താൽപര്യം ജനിപ്പിക്കുകയായിരുന്നു. അതിനായി, ചെറുപ്പത്തിൽ വ്യവസ്ഥാപിത പഠനരീതി പിതാവ് തന്നെ നൽകുകയും പിന്നീട് ആ കാലത്തെ പ്രഗൽഭരായ പണ്ഡിതരെ അധ്യാപകരായി മകൾക്ക് സംഘടിപ്പിച്ച് നൽകുകയും ചെയ്തു.
പ്രാഥമിക പഠനത്തിന് ശേഷം ഹദീസ് ജ്ഞാനത്തിൽ വ്യുൽപത്തി നേടാനുള്ള മഹതിയുടെ മോഹം പിതാവ് സാധിപ്പിച്ചു കൊടുത്തു. ആ കാലത്ത് ഹദീസ് പണ്ഡിതന്മാരിൽ ശ്രദ്ധേയ സ്ഥാനം നേടിയിരുന്ന തരിയാദ് ബ്നു മുഹമ്മദ് സൈനബി, ഇബ്നു ത്വൽഹതു നഅ്ലി, അഹ്മദ് ബ്നു അബ്ദുൽ ഖാദർ, അബൂ അബ്ദില്ല ഹസൻ ബ്നു അഹ്മദ് നുഅ്മാനി, അബൂബക്കർ മുഹമ്മദ് കശാശി തുടങ്ങിയ പ്രഗൽഭരെ ഗുരുനാഥന്മാരായി സ്വീകരിക്കാൻ മഹതിക്ക് ഭാഗ്യം ലഭിച്ചു.
ചെറുപ്പം മുതൽ മനോഹരമായ കൈയക്ഷരം കൊണ്ട് പ്രസിദ്ധയായിരുന്നു ശഹീദത്. കൈയെഴുത്ത് ശൈലികളിൽ പ്രസിദ്ധമായ 'ഫഖ്റു നിസാഅ്' എന്ന പേരിൽ അറിയപ്പെടുന്ന ശൈലി മഹതിയിലേക്ക് ചേർത്തിക്കൊണ്ടാണ് പറയുന്നത്. 'ഫഖ്റു നിസാഅ്' എന്നുള്ളത് മഹതിയുടെ മഹത്വവും ഉന്നതിയും കാരണം പണ്ഡിതന്മാർ നല്കിയ അപരനാമമായിരുന്നു.
വിവാഹത്തിൻ്റെ നാൽപതാം വർഷം ഭർത്താവ് മരണപ്പെട്ടതോടെ ആ ദുഃഖത്തെയും പ്രതിസന്ധിയേയും മറികടക്കാൻ ഹദീസ് ജ്ഞാനം പകർന്ന് നൽകുന്നതിൽ മുഴുസമയം മാറ്റിവെക്കാൻ മഹതി തീരുമാനിച്ചു. അധ്യാപനത്തിലുള്ള മഹതിയുടെ താൽപര്യം മനസിലാക്കിയ അബ്ബാസി ഖലീഫ മുഖ്തദിര്‍ ബില്ലാഹ് വലിയൊരു പ്രദേശം തന്നെ പാഠശാലക്ക് വേണ്ടി നൽകിയിരുന്നുവത്രെ. ടൈഗ്രീസിൻ്റെ തീരത്തുണ്ടായിരുന്ന ആ പാഠശാലയിൽ ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ അറിവ് തേടി വന്നിരുന്നു. അവിടെ ആവശ്യമായ മുഴുവൻ ചിലവുകളും മഹതി ശഹീദത് തന്നെ സ്വന്തം എടുക്കാൻ ശുഷ്കാന്തി കാണിക്കുമായിരുന്നു വെന്ന് ചരിത്രം വിവരിക്കുന്നു.
ഹദീസ് വിജ്ഞാന ശാസ്ത്രത്തിലെ വിവിധ ശാഖകളിൽ മഹതി നിപുണയായിരുന്നു. ഹദീസ് റിപ്പോർട്ടർമാരെ കുറിച്ചുള്ള ചരിത്രബോധവും ഹദീസ് നിരൂപണ വിജ്ഞാനവും ഹദീസ് താരതമ്യം വിലയിരുത്താനുള്ള പ്രാഗൽഭ്യവും മഹതിയുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. ഹദീസ് ജ്ഞാന ശാസ്ത്രത്തിലെ മഹതിയുടെ നൈപുണ്യം പഠനവിധേയമാക്കിയ പല പണ്ഡിതരും ഇമാം മുസ്‍ലിം(റ)വിനോട്, ഹദീസ് റിപ്പോർട്ടിൻ്റെ വിഷയത്തിൽ, തുലനം ചെയ്ത് പറഞ്ഞിട്ടുണ്ട്.
പ്രഗൽഭരായ ഗുരുനാഥന്മാരെ ലഭിച്ച പോലെ ലോക പ്രശസ്തരായ പണ്ഡിതരെ വാര്‍ത്തെടുക്കാനും മഹതിക്ക് അല്ലാഹു ഭാഗ്യം നൽകി. ഇബ്നു അസാകിർ, സംആനി, ഇബ്നുൽ ജൗസി, അബ്ദുൽഗനിയ്യ്, അബ്ദുൽഖാദർ റഹാവിയ്യ്, ഇബ്നുൽ അഖ്ളർ, ശൈഖുൽ മുവഫഖ്, ശൈഖുൽ ഉമ്മാദ്, ശിഹാബ് ബ്നു റാജിഹ്, ബഹാഅ് അബ്ദുറഹ്മാൻ, അൽഫഖ്റുൽ ഇർബിലിയ്യ് തുടങ്ങി എണ്ണമറ്റ ശിഷ്യൻമാർ ആ പരമ്പരയിലുണ്ട്.
ഹി: 574 ൽ, തൊണ്ണൂറാമത്തെ വയസിലാണ് ഹദീസ് വിജ്ഞാനത്തിലെ കുലപതിയായി ശോഭിച്ചു നിന്ന ആ ധന്യജീവിതം വിടവാങ്ങിയത്.



Leave A Comment