തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു... തുരുപ്പ് ചീട്ട് വഖ്ഫ് തന്നെ

ആഗസ്റ്റ് 08ന്, പുതിയ വഖ്ഫ് നിയമ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതോടെ, വഖ്ഫ് ബോഡും വഖ്ഫ് സ്വത്തുക്കളും വീണ്ടും വിവാദ വിഷയമായിരിക്കുകയാണ്. മതവിശ്വാസങ്ങളുടെ ഭാഗമായി, ഉത്തമമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് സ്വകാര്യ സ്വത്തുക്കള്‍ അതിനായി നീക്കി വെക്കുന്ന രീതി ഏറെക്കുറെ എല്ലാ മതവിശ്വാസികള്‍ക്കിടയിലുമുണ്ട്. ഹിന്ദുക്കളുടെ ഇത്തരം നീക്കിവെക്കലുകളെ ദേവസ്വം എന്ന് പറയുന്നത് പോലെ, ഇസ്‍ലാമില്‍ ഇതിനെ വിളിക്കുന്ന പേരാണ് വഖ്ഫ്. മുസ്‍ലിം സമുദായത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ സുരക്ഷക്കും അഭിവൃദ്ധിക്കും വളരെയേറെ ഗുണകരമായ വര്‍ത്തിച്ച സംവിധാനമാണ് വഖ്ഫ്. വഖ്ഫിന്റെ വിശദമായ ചരിത്രവും പ്രയോഗവും അതിലൂടെ സമുദായം നേടിയ പ്രയോജനങ്ങളും ഇവിടെ വായിക്കാവുന്നതാണ്.

നൂറ്റാണ്ടുകളോളം മുസ്‍ലിംകള്‍ ഭരണം നടത്തിയ ഇന്ത്യയില്‍ ഒട്ടേറെ വഖ്ഫ് സ്വത്തുക്കളുണ്ട്. 2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ആറ് ലക്ഷത്തിലേറെ ഏക്കര്‍ സ്ഥലം ഈ ഇനത്തില്‍ ഔദ്യോഗികമായി റെജിസ്റ്റര്‍ ചെയ്തതുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അല്ലാത്തവ കൂടി ചേര്‍ക്കുമ്പോള്‍, അത് എട്ട് ലക്ഷത്തിലധികം വരും എന്നും പറയപ്പെടുന്നു. അഥവാ, ഇന്ത്യന്‍ റെയില്‍വേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാല്‍ പിന്നെ, ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വെക്കുന്ന സമിതിയാണ് ഇന്ത്യന്‍ വഖ്ഫ് ബോഡ് എന്നര്‍ത്ഥം. അതേസമയം, ആദ്യ രണ്ട് മന്ത്രാലയങ്ങളില്‍നിന്ന് വ്യത്യസ്തമായി, വഖ്ഫ് ബോഡിന്റെ സ്വത്തുവകകളിലധികവും ഏറ്റവും കണ്ണായ സുപ്രധാന നഗരങ്ങളിലാണെന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട് പ്രകാരം, അറുപത് ബില്യണ്‍ രൂപ എന്നാണ് ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളുടെ ബുക് വാല്യൂ ആയി കണക്കാക്കിയിരിരിക്കുന്നത്. യഥാര്‍ത്ഥ വില ഇതിന്റെ എത്രയോ മടങ്ങുകള്‍ വരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുസ്‍ലിം ഭരണാധികാരികള്‍ മുതല്‍ സാധാരണക്കാര്‍ വരെ വിവിധ ആവശ്യങ്ങള്‍ക്കായി വഖ്ഫ് ചെയ്ത സ്വത്തുക്കളാണ് ഇവ. വിധവകള്‍ക്ക്, രോഗികള്‍ക്ക്, യാത്രക്കാര്‍ക്ക്, തുടങ്ങി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് വരെ ഇന്ത്യയില്‍ വഖ്ഫ് സ്വത്തുക്കളുണ്ടെന്നത്, ഈ സംരംഭത്തെ എത്ര പവിത്രമായാണ് സമുദായം കണ്ടിരുന്നതെന്നും ഇവ കൃത്യമായി ഉപയോഗിക്കപ്പെട്ടാല്‍ തന്നെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖ പുരോഗതി എത്രമാത്രം അനായാസകരമാവുമെന്നും ആര്‍ക്കും വ്യക്തമാവുന്നതാണ്.

പ്രവിശാലമായി കിടക്കുന്ന ഈ സ്വത്ത് വകകളിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കഴുകക്കണ്ണ് പതിഞ്ഞിരിക്കുന്നത്. സര്‍ക്കാറിന്റെ നിയന്ത്രണത്തിന് പുറത്ത് നില്ക്കുന്ന വഖ്ഫ് ഭൂമികളെ എങ്ങനെ തങ്ങളുടെ വരുതിയിലാക്കാമെന്നാണ് പ്രധാനമായും അവര്‍ ആലോചിക്കുന്നത്. ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭേദഗതികള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാവുന്നതും ഇക്കാര്യം തന്നെയാണ്. വഖ്ഫ് ബോഡിന്റെയും ട്രൈബ്യൂണലിന്റെയും സ്വതന്ത്രാധികാരം എടുത്തുകളയുകയാണ് ഈ ഭേദഗതികളില്‍ ഏറ്റവും പ്രധാനം. ഈ അധികാരം കലക്ടര്‍മാരിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാരിലുമാക്കി, അവരുടെ ഇംഗിതത്തിനനുസരിച്ച് വഖ്ഫ് സ്വത്തുക്കളെ പിടിച്ചെടുക്കാനും തരം മാറ്റാനുമുള്ള ശ്രമാണ് ഇതെന്ന് സംശയിക്കാതെ വയ്യ. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് പല വഖ്ഫ് സ്വത്തുക്കളും അന്യാധീനപ്പെട്ടതോടെ, പലതും ഇത് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി ഉടമപ്പെടുത്തി വെച്ചിരിക്കുകയാണ്. ഇത്തരം അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ ഏറ്റവും കൂടുതലുള്ളത്, അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലാണെന്നത് തന്നെ, വിഭജനം വഖ്ഫ് സ്വത്തുക്കളെ എങ്ങനെ ബാധിച്ചു എന്നതിന്റെ സൂചനയാണ്. അംബാനി അടക്കമുള്ള പല മുതലാളിമാരുടെയും കൊട്ടാരങ്ങള്‍ നിലകൊള്ളുന്നത് വഖ്ഫ് ഭൂമികളിലാണെന്ന് ഇതിനകം തന്നെ രാജ്യം മനസ്സിലാക്കിയതാണ്. അത്തരം ഭൂമികളെല്ലാം അവര്‍ക്ക് തന്നെ പതിച്ച് നല്‍കുക കൂടി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.  

പുതിയ ബില്ലിലെ പ്രധാന ഭേദഗതികള്‍ ഇവയാണ്.
1.  വഖ്ഫ് ബോഡിന്റെയും ട്രൈബ്യൂണലിന്റെയും പരമാധികാരം ഒഴിവാക്കുന്നു. പകരം, കലക്ടര്‍ക്കും അദ്ദേഹത്തിന്റെ റിപോര്ട് പ്രകാരം സര്‍കാറുകള്‍ക്കും ഈ അധികാരം നല്കുന്നു. 
2. സ്വത്തിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സമയത്ത് വഖ്ഫ് ചെയ്ത ആളുടെ കൂടെ അഭിപ്രായം മാനിച്ച് ട്രൈബ്യൂണല്‍ തീരുമാനങ്ങളെടുക്കണമെന്നതിന് പകരം, കലക്ടറുടെ റിപോര്‍ട് പ്രകാരം സര്‍കാരിന് തീരുമാനമെടുക്കാനുള്ള അധികാരം നല്കുന്നു.
3. രേഖകള്‍ സമര്‍പ്പിക്കാന്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അത് വരെയുള്ള നടപ്പും രീതിയും നോക്കി ട്രൈബ്യൂണലിന് തീരുമാനമെടുക്കാം എന്നതിന് പകരം, സര്‍കാറുകള്‍ക്ക് അധികാരം നല്കുന്നു. ഇന്ത്യയിലെ പല വഖ്ഫ് സ്വത്തുക്കലും മുസ്‍ലിം ഭരണാധികാരികളുടെ കാലത്തോ ഏറ്റവും ചുരുങ്ങിയത്, നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പോ ഉള്ളതാണെന്നതിനാല്‍ പലതിന്റെയും രേഖകള്‍ കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
4. വഖ്ഫ് ബോഡിന്, ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഫുള്‍ടൈം സി.ഇ.ഒയെ നിയമിക്കണമെന്നും അദ്ദേഹം മുസ്‍ലിം തന്നെ ആവണമെന്നില്ലെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം. വഖ്ഫ് സ്വത്തുക്കളെല്ലാം പൂര്‍ണ്ണമായും മുസ്‍ലിംകളാണെന്നതിനാല്‍ ഇതിന്റെ തലപ്പത്ത് വരുന്ന വ്യക്തി മുസ്‍ലിം തന്നെ ആവേണ്ടതിന്റെ ആവശ്യകതയും അവകാശവും ആര്‍ക്കാണ് അറിയാത്തത്. ദേവസ്വം ബോഡ് സ്വത്തുക്കള്‍ മുസ്‍ലിംകളെയോ ഹിന്ദുക്കളല്ലാത്ത ഇതര മതസ്ഥരെയോ ഏല്‍പിക്കുകയാണെങ്കില്‍, അത് എത്രമാത്രം വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നും അതിലുപരി അത് വലിയ അനീതിയാവുമെന്നും പറയേണ്ടതില്ലല്ലോ. ബോഡിലെ അംഗങ്ങളില്‍ ഏഴ് പേര്‍ വരെ അമുസ്‍ലിംകളാവാമെന്ന ഭേദഗതിയും ഇതോട് കൂട്ടി വായിക്കേണ്ടതാണ്.
5. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. മുത്തലാഖ് തുടങ്ങിയ വിഷയങ്ങളെ വിവാദങ്ങളാക്കി മുസ്‍ലിം സ്ത്രീകളെ കൂടെ നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ വ്യര്‍ത്ഥ ശ്രമങ്ങളുടെ മറ്റൊരു പതിപ്പായേ ഇതിനെയും കാണാനാവൂ.
ആര്‍.എസ്.എസും വി.എച്ച്.പിയും വഖ്ഫ് സ്വത്തുക്കള്‍ക്കെതിരെ ശബ്ദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പല വഖ്ഫ് സ്വത്തുക്കളും ക്ഷേത്രങ്ങളുടേതാണെന്ന പതിവ് പല്ലവിയാണ് അവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും അത് ഏറ്റ് പിടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പല സര്‍ക്കാര്‍ ഭൂമിയും വഖ്ഫ് സ്വത്തുക്കളാക്കി മാറ്റിയിരിക്കുന്നുവെന്നാണ് അവര്‍ അതിന് പറയുന്ന ന്യായം. അതേ സമയം,  അത്തരം സ്വത്തുക്കളുണ്ടെന്നതും ഇരുപതിനായിരം കോടി മൂല്യമുള്ള സര്‍ക്കാര്‍ സ്വത്തുക്കള്‍ തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണെന്നും ഏവര്‍ക്കും അറിയുന്നതാണ്. പലയിടത്തും ഇതിന്റെ മറവില്‍, പള്ളികള്‍ പൊളിക്കുന്നതും മുസ്‍ലിംകളെ കുടിയിറക്കുന്നതും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നാം കാണുന്നതുമാണ്.

എന്നാല്‍, ഇപ്പോള്‍ മുന്നോട്ട് വെച്ച ഈ ഭേദഗതിക്ക് പിന്നില്‍ തികച്ചും രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ബി.ജെ.പിക്കുള്ളത് എന്ന് പറയാതെ വയ്യ. വരും മാസങ്ങളിലായി നടക്കാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പ്രധാനമായും മുന്നിലുള്ളത്. ഏതൊരു തെരഞ്ഞെടുപ്പിനും മുന്നോടിയായി സാമുദായിക ധ്രുവീകരണം ബി.ജെ.പി പ്രയോഗിക്കാറുള്ളതാണ്. അതിന് ഏറ്റവും നല്ല ഇര മുസ്‍ലിംകളാണെന്നതും ഏവര്‍ക്കും അറിയുന്നതാണ്. ഇവിടെയും അത് തന്നെയാണ് ലക്ഷ്യം. ഈ ബില്ല് കൊണ്ട് വരികയും രാജ്യത്തിന്റെയും ക്ഷേത്രങ്ങളുടെയും സ്വത്ത് വകകള്‍ വഖ്ഫിന്റെ പേരില്‍ മുസ്‍ലിംകള്‍ കൈയ്യടക്കി വെച്ചിരിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുക. ബില്ലിനെതിരെ പാര്‍ലിമെന്റിലും മറ്റും നടക്കുന്ന പ്രതിഷേധങ്ങളുടെ തൊപ്പിയിട്ട ചിത്രങ്ങള്‍ കൂടി പ്രചരിപ്പിക്കുക. അതോടെ വീണ്ടും ഹൈന്ദവ വികാരം ഉണരും. അവ വോട്ടുകളായി മാറും.

ഇതല്ലാതെ, വഖ്ഫിന്റെ സംരക്ഷണവും സര്‍ക്കാര്‍ ഭൂമികള്‍ തിരിച്ചുപിടിക്കലുമാണ് ലക്ഷ്യമെങ്കില്‍, ഇത്തരം ഒരു ബില്‍ പാസാക്കേണ്ട കാര്യം തന്നെയില്ല. ഇനി നിലവിലെ നിയമത്തില്‍ എന്തെങ്കിലും ഭേദഗതി ആവശ്യമുണ്ടെന്ന് തോന്നുന്നുവെങ്കില്‍, ഇതിന്റെ ഏക ഉപഭോക്താക്കളും ഗുണഭോക്താക്കളുമായ മുസ്‍ലിംകളുടെ പ്രതിനിധികളുമായും നിലവിലെ വിവിധ ബോഡ് ചെയര്‍മാന്മാരുമായും ചര്‍ച്ച നടത്തി, യഥാര്‍ത്ഥ പ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്താണല്ലോ ഇത്തരം ഒരു ഭേദഗതി കൊണ്ട് വരേണ്ടത്. അതൊന്നും ഉണ്ടായില്ലെന്നത് തന്നെ ഇതിന്റെ വ്യക്തമായ തെളിവാണ്.

അതേ സമയം, ഇനിയെങ്കിലും മുസ്‍ലിം സമുദായം ഇത്തരം കുറുക്കകൗശലങ്ങളോട് ക്രിയാത്മകമായി വേണം പ്രതികരിക്കാന്‍. കേവലം ഒരു വൈകാരിക വിഷയമാക്കി എടുക്കുന്നതിന് പകരം, ജനപ്രതിനിധി സഭകളിലും ഉദ്യോഗസ്ഥ തലങ്ങളിലും കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയും പരമാവധി ആളുകളെ കൂടെ നിര്‍ത്തിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ഇതിന്റെ വരുംവരായ്കകളും നടപ്പാക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയുമാവണം ഇതിനോട് പ്രതികരിക്കേണ്ടത്. വിഷയങ്ങളെ കുറിച്ച് ആഴത്തില്‍ പഠിച്ച്, ഏത് ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ സാധിക്കുന്ന തിങ്ക് ടാങ്കുകളും ഈ രംഗത്ത് ഉണ്ടാവേണ്ടിയിരിക്കുന്നു. 
അതോടൊപ്പം, നിലവില്‍ വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ബോഡുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആസ്തികളുള്ള സമിതികളില്‍ ഒന്നായ വഖ്ഫ് ബോഡ്, അതിന്റെ ഗുണഭോക്താക്കളായ സമുദായത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്നും എന്തൊക്കെ ക്രിയാത്മകമായി ചെയ്യാനാവുമെന്നും ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ദീര്‍ഘകാലത്തേക്ക് ഉപകാരപ്രദമാവുന്ന, സര്‍വ്വോപരി ഈ സമുദായത്തിന്റെ തോളില്‍നിന്ന് പിന്നാക്കത്തിന്റെ കാവടി ഇറിക്കിവെക്കാന്‍ ഉതകുന്ന വിധം കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി അവ സമയബന്ധിതമായി നടപ്പിലാക്കാന്‍ ഇനിയെങ്കിലും മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഇത്രമാത്രം സ്വത്ത് വകകള്‍ വഖ്ഫുകളായുള്ള ഒരു സമുദായം ഒരിക്കലും ഇത്തരത്തില്‍ കഴിയേണ്ടവരല്ല. അവരുടെ ഭൂരിഭാഗ പ്രശ്നങ്ങള്‍ക്കും സാമൂഹിക-സാംസ്കാരിക-വൈജ്ഞാനിക നവോത്ഥാനം സാധ്യമാക്കി, അതിലൂടെ അഭിമാനകരമായ രാജ്യത്തിന്റെ തന്നെ വീണ്ടെടുപ്പിന് ഈ സ്വത്ത് വകകള്‍ തന്നെ ധാരാളമാണ്, ഒരു സര്‍ക്കാരിന്റെയും ഔദാര്യത്തിനോ ഓശാരത്തിനോ കാത്ത് കെട്ടി കിടക്കേണ്ടിവരില്ല, തീര്‍ച്ച. അത്തരം ക്രിയാത്മക ചിന്തകള്‍ക്ക് കൂടി വിത്ത് പാകുന്നതാവട്ടെ ഇത്തരം വിവാദങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter