അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 14-17) ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക്
തൗറാത്തനുസരിച്ച് നടന്നുകൊള്ളാമെന്ന്, ആ ഗ്രന്ഥം നല്കപ്പെട്ട യഹൂദികളില്‍ നിന്ന് കരാര്‍ വാങ്ങിയ കാര്യമാണ് കഴിഞ്ഞ പേജില്‍ അവസാനം അല്ലാഹു പറഞ്ഞത്. അതുപോലെത്തന്നെ, ഇന്‍ജീല്‍ അനുസരിച്ച് നടക്കാമെന്ന് നസ്വാറാക്കളില്‍ നിന്നും അല്ലാഹു കരാര്‍ വാങ്ങിയിരുന്നു എന്നാണിനി പറയുന്നത്.
പക്ഷേ, അവരും കരാര്‍ ലംഘിക്കുകയാണുണ്ടായത്. യഹൂദികള്‍ ചെയ്തതുപോലെ അവരും വേദം മാറ്റിമറിച്ചു. അതുകൊണ്ടുതന്നെ അവര്‍ അന്യോന്യം കടുത്ത വിദ്വേഷം കൊണ്ടുനടക്കുന്ന വിവിധ വിഭാഗങ്ങളായി മാറുകയും ചെയ്തു. ഈ ശത്രുതയും വിദ്വേഷവും അന്ത്യകാലം വരെ തുടരുകയും ചെയ്യും.
ഈസാ നബി عليه السلامയെ സംബന്ധിച്ച പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രിസ്ത്യാനികള്‍ ബഹുശ്ശതം വിഭാഗക്കാരാണ്. ഈ വിഭാഗങ്ങള്‍ പരസ്പരം വിവാഹം കഴിക്കുകയോ ആരാധനകളില്‍ പങ്കുചേരുകയോ ഇല്ല. ഓരോ കക്ഷിയും മറുകക്ഷിയെ അവിശ്വാസികളായിട്ടാണ് കണക്കാക്കുന്നത്.
കത്തോലിക്കരും പ്രോട്ടസ്റ്റന്റുകളും പോലുള്ള പ്രമുഖ വിഭാഗങ്ങള്‍ കടുത്ത ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തുന്നവരും സംഘട്ടനങ്ങളിലൂടെ നിരവധി പേരെ പരസ്പരം കൊന്നവരുമാണ്. യൂറോപ്പിലെ മതചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കുമിത് ബോധ്യപ്പെടും.
ഈ കരാര്ലംഘനമടക്കം അവരുടെ ചെയ്തികളുടെയൊക്കെ ശരിയായ പ്രതിഫലം വഴിയെ അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞാണ് ആയത്ത് അവസാനിക്കുന്നത്.
وَمِنَ الَّذِينَ قَالُوا إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ فَأَغْرَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ وَسَوْفَ يُنَبِّئُهُمُ اللَّهُ بِمَا كَانُوا يَصْنَعُونَ (14)
ഞങ്ങള്‍ നസ്വാറാക്കളാണ് എന്നു പറയുന്നവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നിട്ട്, തങ്ങള്‍ക്ക് ഉദ്ബോധനം നല്കപ്പെട്ടതില് നിന്ന് ഒരു ഭാഗം അവര്‍ വിസ്മരിച്ചു കളഞ്ഞു. തന്മൂലം ഖിയാമനാള്‍ വരെയും അവര്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. തങ്ങളുടെ ചെയ്തികളെപ്പറ്റി അവര്‍ക്ക് പിന്നീട് അല്ലാഹു അറിയിച്ചുകൊടുക്കുന്നതാണ്.
وَسَوْفَ يُنَبِّئُهُمُ اللَّهُ
അല്ലാഹു അറിയിച്ചു കൊടുക്കും എന്ന താക്കീതിന്റെ സ്വരം കടുത്ത ശിക്ഷയുണ്ടാകും എന്നാണ് വിവക്ഷിക്കുന്നത്.
യഹൂദികളുടെ കരാറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇസ്രാഈല്‍ സന്തതികളുടെ കരാര്‍ (مِيثَاقَ بَنِي إِسْرَائِيلَ) എന്നാണ് അല്ലാഹു പറഞ്ഞത് (ആയത്ത് 12). യഹൂദികളെ ഉദ്ദേശിച്ച് ഇസ്രാഈല്യര്/ഇസ്രാഈല്‍ സന്തതികള്‍ എന്ന് മുമ്പേ പറയാറുള്ളതാണ്.
ക്രിസ്ത്യാനികളെപ്പറ്റി സാധാരണ نَصَارَىٰ എന്നാണ് പറയെപ്പടാറെങ്കിലും ഇവിടെയും, താഴെ 85-ആം ആയത്തിലും അല്ലാഹു ഉപയോഗിച്ച വാക്ക് ‘ഞങ്ങള്‍ നസ്വാറാക്കളാണെന്ന് പറയുന്നവര്‍ (الَّذِينَ قَالُوا إِنَّا نَصَارَىٰ)’ എന്നാണ്. ഈ പേര് അവര്‍ സ്വയം സ്വീകരിച്ച പേരാണെന്നും, ആ പേരിലവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ടെന്നൊരു സൂചന ഈ പ്രയോഗത്തിലുണ്ട്.
ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്:
സൂറത്തു ആലു ഇംറാന്‍ 52-ആം ആയത്തില്‍, ഈസാ നബി (عليه السلام) തന്റെ കൂടെയുള്ള ശിഷ്യരോടൊരു ചോദ്യം ചോദിക്കുന്നുണ്ട് - ‘ഹവാരി’കള്‍ എന്നാണ് ആ ശിഷ്യര്‍ അറിയപ്പെടുന്നത്. مَنْ أَنصَارِي إِلَى اللَّهِ (അല്ലാഹുവിങ്കലേക്കു ക്ഷണിക്കാന്‍ എന്റെ സഹായികളായി ആരുണ്ട്?). نَحْنُ أَنصَارُ اللَّـهِ (ഞങ്ങള്‍ അല്ലാഹുവിന്റെ – അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കാന്‍ – സഹായികളാണ്) എന്ന് അവര്‍ മറുപടി പറയുകയും ചെയ്തു.
ഇത് അടിസ്ഥാനമാക്കി, സഹായം എന്ന് അര്‍ത്ഥമുള്ള نُصْرَة എന്ന വാക്കില്‍ നിന്നാണ് نَصَارَىٰ എന്ന പേര് ഉത്ഭവിച്ചത്. ഇതാണ് പല മുഫസ്സിറുകളുടെയും അഭിപ്രായം. ഇതനുസരിച്ച് ഈ പേര് ക്രിസ്ത്യാനികള്‍ സ്വയം സ്വീകരിച്ചതും തൃപ്തിപ്പെട്ടതുമായിരിക്കാം. ആയത്തില്‍ നിന്നും അതാണല്ലോ മനസ്സിലാകുന്നത് – അവര്‍ പറഞ്ഞു എന്നാണല്ലോ അല്ലാഹു പറഞ്ഞത്.
ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവിന്റെ മതത്തെ സഹായിക്കുന്ന ഒരു സമുദായമെന്ന് അഭിമാനം കൊള്ളുകയും, അതേസമയം ആ മതത്തിനു നിരക്കാത്ത മാര്‍ഗം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ് നസ്വാറാക്കള്‍ എന്നൊരു സൂചന കൂടി الَّذِينَ قَالُوا إِنَّا نَصَارَىٰ എന്ന പ്രയോഗത്തിലുണ്ട്. ആ പേരങ്ങനെ പറഞ്ഞുനടക്കാനും അതില്‍ അഭിമാനിക്കാനും എപ്പോഴും മുന്നിലാണ്. പക്ഷേ, ഈസാ നബി عليه السلام ന്റെ ദീനിനെ സഹായിക്കുന്നതിനു പകരം വികലമാക്കുകയാണവര്‍ ചെയ്യുന്നതെന്നുമാത്രം.
അടുത്ത ആയത്ത് 15
യഹൂദികളെയും നസ്വാറാക്കളെയും കുറിച്ചു വെവ്വേറെ പറഞ്ഞ ശേഷം, രണ്ടു കൂട്ടരെയും ഒന്നിച്ചഭിമുഖീകരിച്ച് സംസാരിക്കുകയാണിനി.
വേദഗ്രന്ഥത്തിലെ പല സത്യങ്ങളും ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കാതെ വേദക്കാര്‍ മറച്ചുവെച്ചിരുന്നു. പണ്ഡിതര്‍ക്കിടയിലുള്ള രഹസ്യങ്ങളായി മാത്രം അവ അവശേഷിക്കുകയും ചെയ്തിരുന്നു. അത്തരം പല രഹസ്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ വഴിയും വഹ്യു മൂലവും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുറന്നുകാട്ടിയിരുന്നു.
തിരുനബി (صلى الله عليه وسلم) സത്യപ്രവാചകന് തന്നെയാണെന്ന് വേദക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഇതുവഴി കഴിയുമല്ലോ. കാരണം, എഴുത്തും വായനയും അറിയാത്ത ഒരാള്‍ക്ക്, ഈ വക യാഥാര്‍ഥ്യങ്ങള്‍ വെളിച്ചത്താക്കാന്‍ സാധിച്ചതെങ്ങനെയെന്ന് അവര്‍ക്ക് ചിന്തിക്കാമല്ലോ.
തൗറാത്തും ഇന്ജീലും തിരുനബി (صلى الله عليه وسلم)വായിച്ചിട്ടില്ല. മറ്റുള്ളവരില്‍ നിന്ന് കേട്ടിട്ടുമില്ല. അക്കാലത്ത് പുരോഹിതന്മാരുടെ കുത്തകയായിരുന്നു വേദങ്ങള്‍. ഇങ്ങനെ വേദഗ്രന്ഥങ്ങളെക്കുറിച്ചു മുന്‍പരിചയമൊന്നും ഇല്ലാത്ത സ്ഥിതിക്ക് അല്ലാഹുവിങ്കല്‍ നിന്ന് അറിവ് കിട്ടിയല്ലാതെ അവിടുത്തേക്ക് അത്തരം കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ സാധ്യമല്ലല്ലോ.
അതേസമയം, വേദക്കാര്‍ ഒളിച്ചുവെച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ മുഴുവനും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുറന്നുകാട്ടിയിരുന്നുമില്ല. ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു ചിലതു മാത്രമേ വ്യക്തമാക്കിയിരുന്നുള്ളൂ. മറ്റുള്ളവയെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുകയാണ് ചെയ്തത്. സത്യത്തില്‍, അവരോട് കാട്ടിയ ഒരു ദയ കൂടിയാണത്.
يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِمَّا كُنْتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَنْ كَثِيرٍ ۚ قَدْ جَاءَكُمْ مِنَ اللَّهِ نُورٌ وَكِتَابٌ مُبِينٌ (15)
ഹേ വേദക്കാരേ, നമ്മുടെ ദൂതന് മുഹമ്മദ് നബി ഇതാ നിങ്ങളിലേക്ക് വന്നിരിക്കുന്നു, വേദത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന മിക്ക കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടും നിങ്ങളുടെ ചെയ്തികളധികവും മാപ്പാക്കിക്കൊണ്ടും. അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു.
‘പ്രകാശവും സ്പഷ്ടഗ്രന്ഥവും’ എന്ന് പറഞ്ഞത്, വിശുദ്ധ ഖുര്ആനിനെക്കുറിച്ചാണ്.
കിതാബ് കൊണ്ട് ഖുര്‍ആനും, നൂര്‍ (പ്രകാശം) കൊണ്ട് തിരുനബി صلى الله عليه وسلم യും ആണ് വിവക്ഷയെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
അടുത്ത ആയത്ത് 16
നിങ്ങള്‍ക്കിതാ വിശുദ്ധ ഖുര്‍ആന്‍ വന്നെത്തിയിരിക്കുന്നു എന്നാണല്ലോ തൊട്ടുമുമ്പുള്ള ആയത്തില്‍ അവസാനമായി പറഞ്ഞത്. ആ ഖുര്‍ആന്‍ മുഖേന എന്തൊക്കെയാണ് അല്ലാഹു ചെയ്യുന്നതെന്നാണ് അടുത്ത ആയത്തിലുള്ളത്.
يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُسْتَقِيمٍ (16)
അതു മുഖേന തന്റെ സംതൃപ്തി അനുധാവനം ചെയ്യുന്നവരെ അല്ലാഹു സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതും അന്ധകാരങ്ങളില്‍ നിന്ന് തന്റെ അനുമതിയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതും ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുന്നതുമാണ്.
مَنِ اتَّبَعَ رِضْوَانَهُ
അല്ലാഹുവിന്റെ സംതൃപ്തി അനുധാവനം ചെയ്യുക എന്നതിന്റെ ഉദ്ദേശ്യം ഇസ്ലാം സ്വീകരിക്കുക, ഇസ്ലാമിക നിയമം അനുസരിച്ചു ജീവിക്കുക എന്നക്കെയാണ്. ഇസ്ലാം നിങ്ങള്‍ക്ക് മതമായി ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്നു മൂന്നാമത്തെ ആയത്തില്‍ നമ്മള് പഠിച്ചല്ലോ.
وَيُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ
`ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക്' എന്നാല്‍ സത്യനിഷേധത്തില് നിന്ന് സത്യവിശ്വാസത്തിലേക്ക് എന്നാണ്. ഇരുട്ടുകള്‍ എന്നതിന്റെ വിപരീതമായി വെളിച്ചങ്ങള്‍ എന്ന് പറയാത്തത് ശ്രദ്ധേയമാണ്. അതുപോലെ, ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് എന്നുമല്ല പറഞ്ഞത്.
ഇങ്ങനെ പ്രയോഗിക്കാന്‍ കാരണമുണ്ട്. അതായത്, മനുഷ്യന് അകപ്പെട്ടുപോകുന്ന അന്ധകാരങ്ങള്‍ ഒന്നും രണ്ടുമൊന്നുമല്ല, നിരവധിയാണ്. അടിസ്ഥാനപരമായിത്തന്നെ അത് രണ്ടെണ്ണമുണ്ട്. ബഹുദൈവവിശ്വാസത്തിന്റെയും ദൈവനിഷേധത്തിന്റെയും ഇരുട്ടുകള്‍.
ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഒരുപാട് മതങ്ങളുണ്ട്. എല്ലാം ظلمات തന്നെയാണ്. അതുപോലെ ഒരു ദൈവത്തിലും വിശ്വാസമില്ലാത്ത പ്രകൃതിവാദികള്‍, നിരീശ്വരവാദികള്‍, യുക്തിവാദികള്‍, യാദൃശ്ചികവാദികള് എന്നിവരും അന്ധകാരത്തില്‍ തന്നെയാണ്.
ഇവരെയൊക്കെ വിശുദ്ധ ഖുര്‍ആന്‍ മുഖേന അല്ലാഹു കൊണ്ടുവരുന്നത് ഒരൊറ്റ വെളിച്ചത്തിലേക്കാണ്. അല്ലാഹുവിന്റെ വെളിച്ചം; അവന്റെ നേരായ മാര്‍ഗം; അത് ഒന്നു മാത്രമേയുള്ളൂ. അതാണ് വിശുദ്ധ ഇസ്ലാം.
അടുത്ത ആയത്ത് 17
ഈസാ നബി (عليه السلام) ദൈവം തന്നെയാണ് (ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതാണ്) എന്നും, 3 ദൈവങ്ങളില്‍ ഒന്നാണ് എന്നുമൊക്കെയാണല്ലോ നസ്വാറാക്കളുടെ വാദം. ഇതില്‍ ആദ്യത്തെ വാദക്കാരെക്കുറിച്ചാണ് അടുത്ത ആയത്തിലുള്ളത് - തീര്‍ച്ചയായും അവര്‍ സത്യനിഷേധികളായിരിക്കുന്നു എന്നാണ് പറയുന്നത്. 3 ദൈവങ്ങളില്‍ ഒരാളാണ് എന്ന് പറയുന്നവരെപ്പറ്റി 76-ആം വചനത്തിലും വരുന്നുണ്ട്.
ഈസാ നബി عليه السلامനെയും മാതാവ് മര്‍യം ബീവി رضي الله عنها യെയും, എന്നു വേണ്ട, ഭൂമിയിലുള്ള മുഴുവനാളുകളെയും നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അത് തടയാനോ, ആരെയെങ്കിലും ഏതെങ്കിലും വിധേന രക്ഷപ്പെടുത്താനോ ആര്‍ക്കെങ്കിലും കഴിയുമോ എന്നാണ് അല്ലാഹു ചോദിക്കുന്നത്? സര്‍വ വസ്തുക്കളും അവന്റെ ഉടമസ്ഥതയിലും അധികാരത്തിലുമാണ്; അവന് ഉദ്ദേശിക്കുന്നതെന്തും അവന് സൃഷ്ടിക്കും. ആര്‍ക്കും അതില്‍ പങ്കൊന്നുമില്ല.
ഈസാനബി(عليه السلام) ഒരു മനുഷ്യന് മാത്രമാണെന്നതിന് സൂറത്തു ആലുഇംറാനില്‍ പല തെളിവുകളും അല്ലാഹു ചൂണ്ടിക്കാണിച്ചത് നമ്മള് പഠിച്ചുവല്ലോ. മഹാനവര്‍കളുടെ മാനുഷികമായ പല ബലഹീനതകളും, അല്ലാഹു മഹാനവര്‍കളെ സഹായിച്ച പല ഘട്ടങ്ങളും അവിടെ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോള്‍ ഇവിടെ അല്ലാഹു ചോദിക്കുന്നതിതാണ്: യേശുവിനെ നശിപ്പിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അത് തടയാന്‍ അദ്ദേഹത്തിന് കഴിയുമോ? വളരെ യുക്തമായൊരു ചോദ്യം. കഴിയില്ല എന്ന് ഉറപ്പല്ലേ. ആ സ്ഥിതിക്ക് എങ്ങനെയാണ് അദ്ദേഹത്തെ ദൈവമാണെന്ന് പറഞ്ഞ് ആരാധിക്കുന്നത്? ദൈവമാണെങ്കില്‍ അതിന് കഴിയണ്ടേ...!
ആകാശഭൂമികളും അതിലെ സര്‍വവും അല്ലാഹുവിന്റെ ആധിപത്യത്തിലാണ്. ഈസാനബി(عليه السلام)യും അതില്‍ പെട്ട ഒരാളാണ്. അല്ലാഹു ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. ഈസാനബി(عليه السلام)യെ പിതാവില്ലാതെ സൃഷ്ടിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചു. അങ്ങനെ സൃഷ്ടിക്കുകയും ചെയ്തു. അത്രയേ സംഭവിച്ചിട്ടുള്ളൂ.
لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۚ قُلْ فَمَنْ يَمْلِكُ مِنَ اللَّهِ شَيْئًا إِنْ أَرَادَ أَنْ يُهْلِكَ الْمَسِيحَ ابْنَ مَرْيَمَ وَأُمَّهُ وَمَنْ فِي الْأَرْضِ جَمِيعًا ۗ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۚ يَخْلُقُ مَا يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ (17)
മര്‍യമിന്റെ പുത്രന് മസീഹ് ഈസാ തന്നെയാണ് അല്ലാഹു എന്നു ജല്പിക്കുന്നവര് തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. താങ്കള്‍ ചോദിക്കുക: എങ്കില്‍ അല്ലാഹു മസീഹുബ്നു മര്‍യമിനെയും മാതാവിനെയും ഭൂമിയിലുള്ള സകലരെയും നശിപ്പിക്കാനുദ്ദേശിച്ചാല്‍ അവനിലെന്തെങ്കിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കു സാധിക്കും?
ആകാശ ഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും രാജാധിപത്യം അല്ലാഹുവിനാകുന്നു. താനുദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അവന് എല്ലാ കാര്യത്തിനും കഴിവുറ്റവനത്രേ.
ഈസാനബി عليه السلامന് ശത്രുക്കളുടെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ലല്ലോ. മഹാനവര്‍കളെ ജൂതന്മാര് കുരിശില്‍ തറച്ചു കൊന്നുവെന്നാണല്ലോ വിശ്വസിക്കപ്പെടുന്നത്. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മഹാനവര്‍കള്‍ക്ക് കഴിഞ്ഞോ? ഇല്ല. (അവരുടെ വിശ്വാസപ്രകാരം).
ബൈബിളിലിങ്ങനെയുണ്ട്: ആ കുരിശിലേറ്റപ്പെട്ടയാള്‍ പറഞ്ഞത്രേ - പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നു നീങ്ങിപ്പോകേണമേ (മത്തായി 26:39, മാര്‍ക്കോസ് 14:35-36).
`നീ ക്രിസ്തു അല്ലെയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക' എന്ന് അവിടെ കൂടിയവര്‍ വിളിച്ചുകൂവുകയും ചെയ്തിരുന്നു (ലൂക്കോസ് 23:39).
എന്നിട്ടും യേശുവിന് രക്ഷപ്പെടാനായില്ല (അവരുടെ വിശ്വാസപ്രകാരം).
പക്ഷേ, യാഥാര്‍ഥത്തില്‍ മഹാനായ ആ പ്രവാചകന് ഇത്തരം ഒരു വിഷമവും ദുരന്തവും സംഭവിച്ചിട്ടേയില്ല. സൂറത്തുന്നിസാഅ് 157, 158 ല്‍ അല്ലാഹു ആ വിഷയം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. നമ്മളത് പഠിച്ചുകഴിഞ്ഞിട്ടുമുണ്ട്. അല്ലാഹു തന്റെയടുത്തേക്ക് മഹാനവര്‍കളെ ഉയര്‍ത്തുകയാണ് ചെയ്തത്. ഇതാണ് നമ്മള് മുസ്ലിംകളുടെ വിശ്വാസം; അതുതന്നെയാണ് വാസ്തവവും.
وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا(157) بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا (158)النساء
(യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെയവര്‍ വധിച്ചിട്ടില്ല, ക്രൂശിച്ചിട്ടുമില്ല; അവര്‍ക്ക് ആളെ തിരിച്ചറിയാതാവുകയാണുണ്ടായത്. ഈസാ നബിയുടെ കാര്യത്തില്‍ ഭിന്നപക്ഷക്കാരായവര് തദ്വിഷയകമായി സംശയത്തില്‍ തന്നെയാണ്. ഊഹാപോഹങ്ങള്‍ പിന്പറ്റുന്നുവെന്നല്ലാതെ അവര്‍ക്കതു സംബന്ധമായ അറിവ് ഒട്ടുമേയില്ല. ഒരുകാര്യം തീര്‍ച്ച - അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല; പ്രത്യുത, തന്റെയടുത്തേക്ക് അല്ലാഹു ഈസാ നബിയെ ഉയര്‍ത്തുകയാണുണ്ടായത്. അല്ലാഹു അഭിജാതനും യുക്തിമാനുമാകുന്നു).
---------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment