അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍

ഖാബീല്‍ ഹാബീലിനെ കൊന്നതിനെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്. അസൂയയില്‍ നിന്നുടലെടുത്ത ഭൂമിയിലെ ആദ്യത്തെ കൊല!

ഇനി പറയുന്നത് അതുമായി ബന്ധപ്പെട്ടുതന്നെ, വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. കൊന്നവനെ പ്രതിക്രിയക്കുവേണ്ടി (قِصَاص) കൊല്ലാം. അതുപോലെത്തന്നെ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരാളെ, കൊല്ലുകയല്ലാതെ രക്ഷയില്ലെങ്കില്‍ അവനെയും വധിക്കാം.

ഇങ്ങനെ ഏതെങ്കിലുമൊരു നിലക്ക് കൊല്ലപ്പെടേണ്ടവനല്ലാത്ത ഒരാളെ കൊല്ലുന്നത് അതീവ ഗുരുതരമായ മഹാപാതകമാണ്. അതയാളോട് ചെയ്യുന്ന അക്രമമെന്നതിനു പുറമെ  മനുഷ്യത്വത്തോടുതന്നെ ചെയ്യുന്ന അക്രമമാണ്. സര്‍വമനുഷ്യരെയും വധിക്കുന്നതിന് തുല്യമാണ്.

അതേപോലെത്തന്നെ, ഒരാളെ കൊലയില്‍ നിന്നോ മരണത്തില്‍ നിന്നോ രക്ഷപ്പെടുത്തുന്നത് വളരെ മഹത്തായ പുണ്യകര്‍മവുമാണ്.

മനുഷ്യാത്മാവിനോട്‌, മനുഷ്യത്വത്തിനോട് കാണിക്കുന്ന സ്നേഹമാണ്, ആദരവാണ്. അതുകൊണ്ട്, അത്‌ എല്ലാവരോടും കാണിച്ചതുപോലെയാണ്‌.

ഇക്കാര്യങ്ങളെല്ലാം അല്ലാഹു ഇസ്രാഈല്യരെ അറിയിക്കുകയും, ആദ്യം അവതീര്‍ണമായ ദിവ്യഗ്രന്ഥമായ തൗറാത്തില്‍ അതിന്‍റെ ഗൗരവവും തീക്ഷ്ണതയും വ്യക്തമാക്കിയിട്ടുമുണ്ട്. ഇടക്കിടെ അതവരെ ഉണര്‍ത്താന്‍ നിരവധി പ്രവാചകന്മാരെ അയക്കുകയും ചെയ്‌തിട്ടുണ്ട്. എന്നിട്ടും അവര്‍ അതിക്രമം കാണിച്ച്, ഭൂമിയില്‍ പല കുഴപ്പങ്ങളുണ്ടാക്കുകയും അനേകം പ്രവാചകന്മാരെ വധിച്ചുകളയുകയുമാണ് ചെയ്തത്.

مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِنْهُمْ بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ (32)

ഈ വധമുണ്ടായ കാരണത്താല്‍ഇസ്രയേല്യര്‍ക്ക് ഇപ്രകാരം നാം വിധി നല്‍കി: പ്രതിക്രിയയായോ നാട്ടില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാള്‍ മറ്റൊരാളെ വധിച്ചാല്‍, മനുഷ്യകുലത്തെ ഒന്നടങ്കം അവന്‍ കൊന്നതുപോലെയാണ്ഒരാളെ കൊലയില്‍ നിന്നു വിമുക്തനാക്കിയാല്‍ മനുഷ്യരെ മുഴുവന്‍ അതില്‍ നിന്നു രക്ഷിച്ചതു പോലെയും. നമ്മുടെ ദൂതന്മാര്‍ സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ട് ചെന്നിട്ടും അവരിലധികപേരും പിന്നെയും ഭൂമിയില്‍ അതിക്രമം കാട്ടുകയാകുന്നു. 

مِنْ أَجْلِ ذَٰلِكَ

`അക്കാരണത്താല്‍' എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, ഹാബീലിനെ കൊന്നപ്പോള്‍ ഖാബീലാകെ പരാജയപ്പെട്ടുപോയല്ലോ. ഇരുലോകവിജയവും അവന് നഷ്ടപ്പെട്ടു, നരകശിക്ഷക്കര്‍ഹനായി തുടങ്ങിയ കടുത്ത പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഒരാളെ അന്യായമായി വധിക്കുന്നതുകാരണം ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നതിനാല്‍, അതിനെക്കുറിച്ച്‌ ബനൂഇസ്രാഈലിന് ശക്തമായ താക്കീത്‌ നല്‍കുകയാണിവിടെ ചെയ്യുന്നത്‌.

ഒരു മതഗ്രന്ഥത്തിന്‍റെ, ദൈവിക ശരീഅത്തിന്‍റെ അനുയായികളായി അറിയപ്പെടുന്ന സമുദായങ്ങളില്‍ ഒന്നാമത്തവരാണല്ലോ ബനൂ ഇസ്‌റാഈല്‍.  മറ്റേതു സമുദായത്തെക്കാളുമധികം വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചതും അവരെക്കുറിച്ചുതന്നെ. അവരെക്കുറിച്ചു സംസാരിച്ചു വരുന്നതിനിടയിലാണ് ഈ സംഭവം ഇവിടെ ഉദ്ധരിച്ചതും. അതുകൊണ്ടാണ്, അവര്‍ക്ക് ശക്തമായ താക്കീതാണെന്ന് പറഞ്ഞത്.

പ്രതികാര നടപടിയെന്ന നിലക്കോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെയുള്ള വധത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്. ആ രണ്ടു തരത്തിലുള്ള വധവും ആക്ഷേപാര്‍ഹമല്ല. പ്രതിക്കൊലയെ സംബന്ധിച്ച വിവരങ്ങള്‍ സൂറത്തുല്‍ ബഖറ 178, 179 ആയത്തുകളില്‍ പഠിച്ചിട്ടുണ്ട്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതു സംബന്ധിച്ച വിവരം അടുത്ത ആയത്തില്‍ വരുന്നുമുണ്ട്- إن شاء الله

مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا

ഒരാളെ കൊന്നാല്‍ എല്ലാവരെയും കൊന്നതുപോലെയാണെന്നും, കൊലയില്‍ നിന്ന് രക്ഷിച്ചാല്‍ എല്ലാവരെയും ജീവിപ്പിച്ചതുപോലെയാണെന്നും പറഞ്ഞത്, കൊലപാതകത്തിന്‍റെ ഗൗരവം മനസ്സിലാക്കിത്തരാനാണ്.

ഒരു ജീവന്‍ അന്യായമായി എടുക്കാന്‍ മുതിരുന്നവനെ സംബന്ധിച്ചിടത്തോളം, വേണ്ടിവന്നാല്‍ ആരെയും കൊല്ലാം എന്നൊരു മനസ്ഥിതിയായിരിക്കുമല്ലോ ഉണ്ടാവുക. മറിച്ച്, ഒരാളെ രക്ഷപ്പെടുത്തുകയോ, കൊല്ലാനുള്ള അവസരം ഉണ്ടായിട്ടുപോലും അതിനു തയ്യാറാകാതെ മാറിനില്‍ക്കുകയോ ചെയ്യുന്നവനെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരുടെ ജീവനും രക്ഷിച്ചതുപോലെയാണ്. മാക്സിമം എല്ലാവരെയും രക്ഷപ്പെടുത്താനുള്ള ചിന്തയാണല്ലോ അയാള്‍ക്ക് സ്വഭാവികമായും ഉണ്ടാവുക.

അടുത്ത ആയത്ത് 33

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുക എന്നത് ഖുര്‍ആന്‍ അതീവ ഗൗരവത്തോടെ കാണുന്ന മഹാപാതകമാണ്. മനുഷ്യരുടെ ശാന്തിക്കും സമാധാനത്തിനും സുരക്ഷക്കും വളരെ വലിയ വിലയാണ് അല്ലാഹു നല്‍കിയിരിക്കുന്നത്.

ഇത്തരം വിനാശകാരികള്‍ക്കുള്ള കടുത്ത ശിക്ഷയാണെക്കുറിച്ചാണിനി പറയുന്നത്. അട്ടിമറികള്‍, കൊള്ള, കൊല, കവര്‍ച്ച തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നവര്‍ക്കെതിരെ ഭരണാധികാരികള്‍ എടുക്കേണ്ട ശിക്ഷാനടപടികള്‍.

 إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ (33)

അല്ലാഹുവിനോടും റസൂലിനോടും പോരാടുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷകൊല്ലുകയോ ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും  ഭിന്നവശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ നാടുകടത്തപ്പെടുകയോ ആകുന്നു. അവര്‍ക്ക് ഐഹിക ലോകത്തുള്ള അപമാന മാണിത്പാരത്രികലോകത്താകട്ടെ കഠിനശിക്ഷയുമുണ്ടായിരിക്കും. 

ഭരണകര്‍ത്താക്കളുടെ കല്‍പനകള്‍ ലംഘിച്ച്, ധാര്‍മിക വ്യവസ്ഥകള്‍ക്കെതിരെ അക്രമങ്ങളും സമരങ്ങളും നടത്തി, ഭൂമിയില്‍ കൊള്ളയും കൊലയും നടത്തി സമാധാന ജീവിതം താറുമാറാക്കുന്നവര്‍ക്ക്‌ നല്‍കണമെന്ന് പറഞ്ഞ ഈ ശിക്ഷാനടപടികള്‍, കുറ്റത്തിന്‍റെ തോതനുസരിച്ചാണ് ഭരണാധികാരികള്‍ നിശ്ചയിക്കേണ്ടത്.

കൊല നടത്തിയവനെ കൊല്ലുക മാത്രം ചെയ്യണം. കൊല്ലുകയും ധനം കൊള്ളയടിക്കുകയും ചെയ്‌തവനെ കൊല്ലുകയും എന്നിട്ടു കുരിശില്‍ തറക്കുകയും വേണം.

ധനം പിടിച്ചു പറിക്കുക മാത്രമാണ്‌ ചെയ്‌തതെങ്കില്‍ അവയവങ്ങള്‍ മുറിച്ചുമാറ്റണം. അതായത്‌ വലത്തെ കൈയും ഇടത്തെ കാലും മുറിക്കണം. അല്ലെങ്കില്‍ മറിച്ച്. അതാണ്‌ `ഭിന്നവശങ്ങളില്‍ നിന്ന്' എന്നതിന്‍റെ താല്‍പര്യം.

ജനങ്ങളെ ഭയപ്പെടുത്തുക മാത്രമാണ്‌ ചെയ്‌തതെങ്കില്‍ നാടുകടത്തണം. ഇതാണ്‌ ശാഫിഈ മദ്‌ഹബ്‌. ഇബ്‌നു അബ്ബാസ്(رضي الله عنهما) യും ഇങ്ങനെ വ്യാഖ്യാനിച്ചുണ്ട്. ഭൂരിപക്ഷം ഉലമാഇന്‍റെ അഭിപ്രായവും ഇതുതന്നെയാണ്‌ (ഇബ്‌നുകസീര്‍). നാടുകടത്തുന്നതു പോലെയാണ്‌ ജയിലിലടക്കുന്നതും.

ശിക്ഷാക്രമം വിവരിച്ചപ്പോള്‍ يُقْتَلُوا يُصْلَبُوا، تُقْطَعَ، എന്നിങ്ങനെ സാധാരണക്രിയാരൂപങ്ങള്‍ ഉപയോഗിക്കാതെ يُقَتَّلُوا، يُصَلَّبُوا، تُقَطَّعَ എന്നിങ്ങനെയാണ്  അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം ശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ യാതൊരു വിട്ടുവീഴ്ചയും ദയയും കാണിക്കേണ്ടതില്ലെന്ന് മനസ്സിലാക്കിത്തരികയാണ്.

ഇപ്പറഞ്ഞതെല്ലാം ഇഹലോകത്തെ ശിക്ഷകള്‍ മാത്രമാണ്. ഈ കുറ്റവാളികളെ അപമാനിക്കുകയും നിന്ദിക്കുകയുമാണ് ലക്ഷ്യം. മേലിലലത് ചെയ്യാന്‍ അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ധൈര്യം വരരുത്. പരലോകത്ത് നരകശിക്ഷ വേറെയുമുണ്ടാകും.

ഈ ആയത്തില്‍ പറഞ്ഞ ശിക്ഷാ നടപടി എടുക്കേണ്ടിവന്ന ഒരു സന്ദര്‍ഭം തിരുനബി (صلى الله عليه وسلم) യുടെ കാലത്തുണ്ടായി.

ഉക്ല്‍, ഉറയ്‌ന (عُكْل، عُرَيْنَةَ) എന്നീ ഗോത്രങ്ങളില്‍പെട്ട ഒരു സംഘം ആളുകള്‍ തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) സന്നിധിയിലെത്തി മുസ്‌ലിംകളായി. രോഗബാധിതരായിരുന്നു അവര്‍. വയറ് തടിച്ചിട്ടുണ്ട്. ശരീരം മഞ്ഞക്കളറായിട്ടുണ്ട്. അവര്‍ക്ക് മദീനയിലെ പ്രകൃതി പിടിക്കാതായപ്പോള്‍, അവരോട് ‘ബൈത്തുല്‍മാല്‍’ (പൊതുഖജനാവ്) വക ഒട്ടകങ്ങളെ മേക്കുന്ന ഇടയന്‍റെ കൂടെ വെളിയില്‍ പോയി താമസിക്കാനും ചികിത്സ തേടാനും  തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കല്‍പിച്ചു. അങ്ങനെ, അവിടെ താമസിച്ച് ചികിത്സ ലഭിച്ചപ്പോള്‍ അവരുടെ അസുഖം മാറി, ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു.

പക്ഷേ, ഗുരുതരമായൊരു പാതകമാണ് പിന്നെയവര്‍ ചെയ്തത്. ആ ഇടയനെ മൃഗീയമായി കൊന്നുകളഞ്ഞു. കൈകാലുകള്‍ മുറിക്കുകയും കണ്ണുകുത്തുകയും ചെയ്താണ് കൊന്നത്. എന്നിട്ട് ഒട്ടകങ്ങളുമായി കടന്നുകളയുകയും ചെയ്തു!

വിവരമറിഞ്ഞപ്പോള്‍ അവരെ തെരഞ്ഞുപിടിക്കാന്‍ തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) ആളെയയച്ചു. കണ്ടുകിട്ടിയാല്‍ അവരുടെ കൈകാലുകള്‍ മുറിക്കാനും കണ്ണുകുത്താനും തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കല്‍പിക്കുകയും ചെയ്തു. അങ്ങനെയവര്‍ വെയിലത്തു കിടന്നു മരണപ്പെടുകയാണുണ്ടായത്. പ്രധാനപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.

പ്രത്യേകം ശ്രദ്ധിക്കണം. അംഗഛേദം ചെയ്ത് കൊല്ലുന്നതും കൊല്ലപ്പെട്ടവരെ അംഗഭംഗം വരുത്തുന്നതും തിരുനബി (صَلَّى اللّٰهُ عَلَيْهِ وَسَلَّم) കര്‍ശനമായി നിരോധിച്ചതാണ്. ഇവിടെ ഇങ്ങനെ ചെയ്യാന്‍ കാരണം, അവര്‍ ചെയ്ത നന്ദികേടോ വിശ്വാസവഞ്ചനയോ അല്ല. മറിച്ച്, ആ ഇടയനെ കൈകാലുകള്‍ മുറിക്കുകയും കണ്ണുകുത്തുകയും ചെയ്താണല്ലോ അവര്‍ കൊന്നത്. അതിന് പകരമായി ചെയ്തതാണ്. ഇതാണതിന് കാരണമെന്ന് ഈ ഹദീസിന്‍റെ മറ്റു പല രിവായത്തുകളിലും കാണാവുന്നതുമാണ്.

അടുത്ത ആയത്ത് 34

ഇത്തരം കുറ്റവാളികള്‍ അവരെ പിടികൂടുന്നതിനു മുമ്പ് സ്വയം പശ്ചാത്തപിച്ചാല്‍, ശിക്ഷാനടപടിയെടുക്കേണ്ടതില്ലെന്നാണിനി പറയുന്നത്. അല്ലാഹു അവര്‍ക്കു പൊറുത്തുകൊടുത്തേക്കും. ആരെയും വെറുതെ ശിക്ഷിക്കണമെന്ന് റബ്ബിന് ഉദ്ദേശ്യമില്ലല്ലോ. അതേസമയം, പിടികിട്ടിയ ശേഷമാണ് തൗബ ചെയ്യുന്നതെങ്കില്‍ ശിക്ഷയില്‍ നിന്നൊഴിവാകില്ല.

അല്ലാഹുവിന്‍റെ ശിക്ഷാനപടികള്‍ ഒഴിവാകുമെങ്കിലും, മനുഷ്യരുടെ അവകാശങ്ങള്‍ ഒഴിവാകുകയില്ല. അതായത്, ഒരാള്‍ കൊള്ളയടിച്ചു, പിടികൂടുന്നതിനുമുമ്പ് തൗബയും ചെയ്തു. എങ്കില്‍ കൈകാലുകള്‍ മുറിക്കണമെന്ന ശിക്ഷയില്‍ നിന്നയാള്‍ ഒഴിവായി; പക്ഷേ, ആ മുതലില്ലേ, അത് ഉടമക്ക്‌ മടക്കിക്കൊടുത്തേ പറ്റൂ. കാരണം, അത് മനുഷ്യരുടെ അവകാശമാണ്.

ഈ അക്രമികള്‍ അവിശ്വാസികളായിരുന്നു എങ്കില്‍, അവരെ പിടികൂടുന്നതിന്‍റെ മുമ്പോ പിമ്പോ സത്യവിശ്വാസികളായി മാറിയാല്‍ എല്ലാ ശിക്ഷാനടപടികളില്‍ നിന്നും അവര്‍ ഒഴിവാകുകയും ചെയ്യും.

 إِلَّا الَّذِينَ تَابُوا مِنْ قَبْلِ أَنْ تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّهَ غَفُورٌ رَحِيمٌ (34)

എന്നാല്‍നിങ്ങള്‍ പിടികൂടുന്നതിനുമുമ്പ് പശ്ചാത്തപിച്ചവര്‍ ഇതില്‍ നിന്നൊഴിവാണ്. അറിയുകഅല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമാകുന്നു. 

പരിശുദ്ധ ദീനിലെ ഇത്തരം ശിക്ഷാനടപടികള്‍ അല്‍പം കാഠിന്യം കൂടിപ്പോയോ എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. പക്ഷേ, കൊലയും കൊള്ളയും മറ്റു തെമ്മാടിത്തരങ്ങളൊക്കെ പരിപൂര്‍ണമായും നിര്‍മാര്‍ജനം ചെയ്‌ത്, നാട് സമാധാനപൂര്‍ണമാകണമെങ്കില്‍ ഇത്തരം കടുത്ത നടപടികള്‍ അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്നത്തെ കാലത്ത് വിശേഷിച്ചും ഇത് മനസ്സിലാക്കാന്‍ എളുപ്പമാണ്. അനുഭവങ്ങള്‍ എമ്പാടുമുണ്ടല്ലോ.

അടുത്ത ആയത്ത് 35

ഇനി മുഅ്മിനീങ്ങളെ അഭിസംബോധന ചെയ്ത് ചില കാര്യങ്ങള്‍ പറയുകയാണ്.  അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ആജ്ഞകള്‍ ധിക്കരിച്ച യഹൂദികളെക്കുറിച്ചാണല്ലോ കുറച്ചുമുമ്പ് പറഞ്ഞിരുന്നത്. സത്യവിശ്വാസികള്‍ അങ്ങനെയാകരുത്.

ആദ്യമായി പറയുന്നത്, അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്നാണ്. അതായത്, അവന്‍ ചെയ്യാന്‍ പറഞ്ഞത് ചെയ്യുകയും വിരോധിച്ചത് വര്‍ജ്ജിക്കുകയും ചെയ്യുക. ആവശ്യം വരുമ്പോള്‍ അവന്‍റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുകയും ചെയ്യണം. ഈ രണ്ട് കാര്യങ്ങളെക്കുറിച്ചും മുമ്പ് പലപ്പോഴും വിവരിച്ചിട്ടുണ്ട്.

ഇവിടെ പ്രത്യേകം ചേര്‍ത്തു പറയുന്ന മറ്റൊരു കാര്യം, നിങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടണം എന്നാണ്.

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ (35)

സത്യവിശ്വാസികളേനിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനോടടുക്കാനുള്ള വഴികള്‍ തേടുകയും അവന്‍റെ മാര്‍ഗത്തില്‍ ധര്‍മസമരമനുഷ്ഠിക്കുകയും ചെയ്യുകനിങ്ങള്‍ വിജയം വരിക്കാന്‍ വേണ്ടി. 

എന്താണ് ‘വസീല’ യെന്ന് പ്രത്യേകം മനസ്സിലാക്കണം. ഏതൊരു കാര്യം മുഖേനയാണോ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് അതിനാണ് `വസീല' എന്നു പറയുന്നത്. . ഈ വാക്കിന് ‘ഇടതേട്ടം’ എന്നും, تَوَسَّلَ എന്ന ക്രിയക്ക് ‘ഇടതേടി’ എന്നും അര്‍ത്ഥമുണ്ട്.

അല്ലാഹുവിങ്കലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗം (വസീല) അന്വേഷിക്കുക എന്ന് പറഞ്ഞാല്‍,  വിശാലമായ അര്‍ത്ഥത്തിലാണത് മനസ്സിലാക്കേണ്ടത്. ഇമാം ഖതാദ(رحمه الله) പറയുന്നു: അല്ലാഹുവിനെ അനുസരിച്ചും അവനെ തൃപ്‌തിപ്പെടുത്തുന്ന കര്‍മങ്ങള്‍ ചെയ്‌തും അവനിലേക്ക്‌ നിങ്ങള്‍ അടുക്കുകയെന്നാണര്‍ഥം (അദ്ദുര്‍റുല്‍ മന്‍സൂര്‍ 6:71).

‘വസീല’ എന്ന വാക്ക്‌ വളരെ വിപുലമായ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. നമസ്‌കാരം, നോമ്പ്‌ തുടങ്ങി ശരീരം കൊണ്ട്‌ ചെയ്യുന്ന സല്‍ക്കര്‍മങ്ങളും സകാത്ത്‌, സദഖ തുടങ്ങിയ സമ്പുത്തുമായി  ബന്ധപ്പെട്ട സല്‍ക്കര്‍മങ്ങളും ദിക്‌ര്‍-ദുആ മുതലായവയും അതില്‍ പെടും.

മുന്‍ഗമികളായ മൂന്നുപേര്‍ ഗുഹയില്‍ കുടുങ്ങിപ്പോയ കഥ ഹദീസിലുണ്ടല്ലോ. രക്ഷപ്പെടാന്‍ ഓരോരുത്തരായി തങ്ങള്‍ ചെയ്ത നന്മകളെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് ദുആ ചെയ്തു, അങ്ങനെ രക്ഷപ്പെട്ടു. ഈ സംഭവം സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തവസ്സുലിന് ഉദാഹരണമാണ്.

അബ്ദുല്ലാഹിബ്‌നു ഉമറില്‍(رضي الله عنهما) നിന്നും നിവേദനം : തിരുനബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ യാത്ര പുറപ്പെട്ടു. രാത്രി ഒരു ഗുഹയില്‍ വിശ്രമിച്ചു. അതിനുള്ളില്‍ കടന്നപ്പോള്‍, അപ്രതീക്ഷിതമായി മലമുകളില്‍ നിന്നും ഉരുണ്ടുവന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു.

നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും രക്ഷപ്പെടാനാവില്ലെന്നവര്‍ അഭിപ്രായപ്പെട്ടു.

ഒരാള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു മുമ്പായി എന്‍റെ കുടുംബത്തിനോ ഭൃത്യ൪ക്കോ ഞാനൊന്നും നല്‍കാറുണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ കാലികള്‍ക്ക് ഇല തേടി കുറെ ദൂരം പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. രാത്രി ഭക്ഷണവുമായി ഞാന്‍ പാല്‍ കറന്ന് ചെന്നപ്പോഴും അവര്‍ ഉറങ്ങിപ്പോയിരുന്നു. അവരെ വിളിച്ചുണ൪ത്തുന്നതും അവര്‍ക്കു മുമ്പ് കുടുംബത്തിനും ഭൃത്യ൪ക്കും ഭക്ഷണം കൊടുക്കുന്നതും അരോചകമായി തോന്നിയതിനാല്‍, പാത്രം കൈയില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുനിന്നു. നേരം വെളുക്കുന്നതുവരെ അവ൪ ഉണരുന്നതും കാത്ത് ഞാന്‍ നിന്നു. കുട്ടികള്‍ എന്‍റെ കാല്‍ക്കലുണ്ട്, വല്ലാത്ത വിശപ്പുണ്ടവര്‍ക്ക്. അങ്ങനെ രാവിലെ അവ൪ ഉണര്‍ന്നു, പാല്‍ അവരെ കുടിപ്പിക്കുകയും ചെയ്തു. അല്ലാഹുവേ, നിന്‍റെ തൃപ്തി ആഗ്രഹിച്ചാണ് ഞാനിങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!”. അത്ഭുതം - പാറ അല്‍പം നീങ്ങി. പക്ഷേ, ആ വിടവിലൂടെ പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.

രണ്ടാമത്തെയാള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ഞാന്‍ അവളെ സ൪വ്വോപരി സ്നേഹിച്ചിരുന്നു. തീവ്രമായി  അവളെ ഇഷ്ടപ്പെട്ടു. അവളുമായി ശാരീരികമായി ബന്ധപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു, അവളത് നിരസിച്ചു. പിന്നീട് ക്ഷാമം വന്നപ്പോള്‍ അവളെന്നെ സമീപിച്ചു. അവളുടെ ശരീരം എനിക്ക് അനുവദിച്ചുതരാം എന്ന വ്യവസ്ഥയില്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. അങ്ങനെ എല്ലാ സാഹചര്യവും ഒത്തുവന്നു, ശാരീരികമായി ബന്ധപ്പെടാനൊരുങ്ങി. അപ്പോഴവള്‍ പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്കുക, അവകാശമില്ലാതെ (അനുവദനീയമായ വഴിക്കല്ലാതെ) എന്‍റെ ചാരിത്ര്യം നശിപ്പിക്കരുത്. എല്ലാറ്റിനേക്കാളും അവളെനിക്ക് പ്രിയപ്പെട്ടവളായിരുന്നിട്ടും തല്‍ക്ഷണം ഞാന്‍ പിന്‍മാറി. അവള്‍ക്ക് നല്‍കിയിരുന്ന പണം ഞാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തേണമേ. പാറ അല്‍പം കൂടി നീങ്ങി. പക്ഷേ, അപ്പോഴും ആ വിടവിലൂടെ പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.

മൂന്നാമത്തെയാള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, ഞാന്‍ കുറെ ജോലിക്കാരെ പണിക്ക് വിളിച്ചിരുന്നു. എല്ലാവ൪ക്കും കൂലി നല്‍കുകയും ചെയ്തിരുന്നു. ഒരാള്‍ക്ക് കൂലി കൊടുക്കാന്‍ കഴിഞ്ഞില്ല (അയാള്‍ കൂലി വാങ്ങാതെ പോയി). പക്ഷേ, അവന്‍റെ കൂലിസംഖ്യ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്ത് വള൪ത്തികൊണ്ടുവന്നു. അങ്ങനെ അത് വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു പ്രസ്തുത തൊഴിലാളി എന്‍റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: എനിക്കെന്‍റെ കൂലി തരണം. ഞാന്‍ പറഞ്ഞു: ഈ കൊണുന്ന ഒട്ടകങ്ങളും ആടുകളും അടിമകളുമെല്ലാം നിന്‍റെ കൂലിയാണ്. അയാള്‍ പറഞ്ഞു: എന്നെ പരിഹസിക്കരുത്. ഞാന്‍ പറഞ്ഞു: പരിഹസിക്കുകയല്ല. അയാള്‍ ഒന്നും ബാക്കിവെക്കാതെ അതെല്ലാം തെളിച്ചുകൊണ്ടുപോയി. അല്ലാഹുവേ, ഞാനീ ചെയ്തത് നിന്‍റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.

തത്സമയം ആ പാറ മുഴുവനും നീങ്ങി. അവര്‍ പുറത്തുകടന്ന് രക്ഷപെടുകയും ചെയ്തു (മുസ്‍ലിം).

മറ്റുള്ളവരുടെ സല്‍ക്കര്‍മങ്ങള്‍ മുന്‍നിറുത്തി ചോദിക്കുന്നതും വസീലയുടെ പരിധിയില്‍ വരും. സ്വഹാബി പ്രമുഖനായ സ്വുഹൈബ്‌(رضي الله) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഹദീസില്‍ ഇക്കാര്യം സ്‌പഷ്ടമായി കാണാം. മുന്‍കാലത്തെ ഒരു ചെറുപ്പക്കാരന്‍റെ കഥയാണവിടെ  തിരുനബി صلى الله عليه وسلم വിവരിക്കുന്നത്.

തന്‍റെ രണ്ട് ഗുരുനാഥന്‍മാരായിരുന്ന പുരോഹിതന്‍റെയും ആഭിചാരകന്‍റെയും സത്യാവസ്ഥ മനസ്സിലാക്കാന്‍ ആ യുവാവ്‌, പുരോഹിതന്‍റെ സല്കര്‍മങ്ങള്‍ മുന്‍നിറുത്തി പ്രാര്‍ത്ഥിച്ചുവെന്നും അതിന് അല്ലാഹു ഉത്തരം ചെയ്‌തുവെന്നുമാണ്‌ കഥയുടെ ചുരുക്കം (മുസ്‌ലിം, രിയാളുസ്സ്വാലിഹീന്‍).

മഹാത്മാക്കളെ മുന്‍നിറുത്തി ചോദിക്കലും വസീലയില്‍ പെട്ടതു തന്നെയാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങളില്‍ അതിനും തെളിവുകളുണ്ട്. (അന്ധന്‍റെ സംഭവം ഉദ്ധരിച്ച ഹദീസ് ഉദാഹരണം. തുര്‍മുദി, നസാഈ, ഇബ്‌നു മാജ, ഹാകിം, അബൂ നഈം, ത്വബ്‌റാനി رحمهم الله എന്നിവരും ഇമാം ബുഖാരി- തന്‍റെ താരീഖിലും- ഈ ഹദീസ്‌ റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌).

അന്ധനായ ഒരാള്‍ തിരുനബി صلى الله عليه وسلمയുടെ സവിധത്തിലെത്തി, സുഖപ്പെടാന്‍ ദുആ ചെയ്യണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോള്‍, വുളു എടുത്തുവരാനും രണ്ട് റക്അത്ത് നിസ്കരിക്കാനും എന്നിട്ട് താഴെ പറയുന്ന ദുആ ചെയ്യാന്‍ പറഞ്ഞതും, അങ്ങനെ സുഖപ്പെട്ടതുമാണ് സംഭവത്തിന്‍റെ ചുരുക്കം. ഈ ഹദീസില്‍ തിരുനബിصلى الله عليه وسلمയെ മുന്‍നിറുത്തി ചോദിക്കാനാണ്, തിരുനബിصلى الله عليه وسلم തന്നെ അയാളോട് പറയുന്നത്.

اللَّهمَّ إنِّي أسألُكَ وأتوجَّهُ إليكَ بنبيِّكَ محمدٍ صَلَّى اللَّهُ عليْهِ وعلى آلهِ وسلَّمَ نبيِّ الرحمةِ ، يا محمدُ إنِّي أتوجَّهُ بكَ إلى ربِّي في حاجَتي هذه فتُقْضَى لِي، اللهم فَشَفِّعْهُ فِيَّ. قال : فكان يقولُ هذا مرارًا – قال : ففعلَ الرجلُ فبرأَ

അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയ മഹാത്മാക്കളെക്കൊണ്ട്‌ ഇടതേടുന്നത് ഇവിടെ പറഞ്ഞ വസ്വീലയില്‍ പെട്ടതാണ്. അത് തെറ്റാണെന്ന് പറയുന്നത്‌ അടിസ്ഥാനരഹിതവുമാണ്

അടുത്ത ആയത്ത് 36

അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാനും അവന്‍റെ സാമീപ്യം കരസ്ഥമാക്കാനുള്ള മാധ്യമങ്ങള്‍ തേടിപ്പിടിക്കാനും ധര്‍മസമരമനുഷ്‌ഠിക്കാനുമൊക്കെയാണല്ലോ തൊട്ടുമുമ്പ് പറഞ്ഞത്‌. അതാണ് ശാശ്വത വിജയത്തിനുള്ള വഴിയെന്നും പറഞ്ഞു.

ഇനി, അല്ലാഹു സജ്ജീകരിച്ച സംവിധാനങ്ങളത്രയും അനുഭവിച്ചാസ്വദിച്ച്, അവന്‍റെ കല്‍പനകള്‍ ധിക്കരിച്ച്,  നിഷേധിച്ച് ജീവിച്ചന്നവരെക്കുറിച്ചാണ് പറയുന്നത്. അവര്‍ കൊടുംകുറ്റവാളികളാണ്; ആ നിഷേധസ്വഭാവം കാരണം പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്നത് കഠിനമായ ശിക്ഷയുമാണ്.

ഭീകരമായ ആ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ എല്ലാ വഴിയും നോക്കും. ഭൂമിയിലുള്ള സര്‍വവസ്‌തുക്കളും സമ്പത്തും അതിന്‍റെ ഇരട്ടികൂടിയും അവന്‍റെ അടുത്തുണ്ടെങ്കില്‍, അതൊക്കെയും പ്രായശ്ചിത്തമായി നല്‍കി രക്ഷപ്പെടാന്‍ സന്നദ്ധനായിരിക്കും.

പക്ഷേ, അതൊന്നും സ്വീകരിക്കപ്പെടില്ല. അല്ലാഹു പറയും: ഇതിനെക്കാള്‍ എത്രയോ ലളിതമായ കാര്യം -ശിര്‍ക്ക് പാടില്ലെന്ന്- അല്ലേ ഞാന്‍ നിന്നോടാവശ്യപ്പെട്ടിരുന്നുള്ളൂ.? എന്നാല്‍, ശിര്‍ക്കൊഴിവാക്കി മറ്റൊന്നുമായിക്കൂടാ എന്ന നിലപാടാണ് നീ സ്വീകരിച്ചത്. പിന്നീടവനെ നരകത്തിലിടാന്‍ കല്‍പിക്കും (മുസ്‌ലിം).

إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُمْ مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ ۖ وَلَهُمْ عَذَابٌ أَلِيمٌ (36)

ഖിയാമനാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയുംഅത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല തന്നെ. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്‌.

------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter