അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത്

യഹൂദികളെയും മുനാഫിഖുകളെയും കുറിച്ചായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്.

അവര്‍ കളവുകള്‍ കേള്‍ക്കാന്‍ കാതുകൊടുക്കുന്നവരാണ്, ഹറാം തിന്നുന്നവരാണ് എന്ന് ഒന്നുകൂടി ഊന്നിപ്പറയുകയാണിനി. അത്രമാത്രം ഈ സ്വഭാവങ്ങള്‍ അവരില്‍ രൂഢമൂലമായിരുന്നുവെന്ന് സൂചിപ്പിക്കുകയാണ്.

അവരുടെ എല്ല കാര്യങ്ങളും നുണയിലധിഷ്ഠിതമാണ്; വ്യാജങ്ങള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അല്ലാഹുവിലോ തൗറാത്തിലോ ഖുര്‍ആനിലോ ഒന്നും അവര്‍ക്ക് വിശ്വാസമില്ല. മതവിധികള്‍ മാറ്റിമറിച്ച് വാങ്ങുന്ന കൈക്കൂലിയും കോഴയുമാണവരുടെ ഉപജീവനമാര്‍ഗം. ഇത്തരം തനിച്ച ഹറാമുകള്‍ ശീലമാക്കിയവര്‍ എങ്ങനെ നന്നാകാനാണ്?! ഇതാണ് ആവര്‍ത്തിച്ചുപറയുന്നതിലെ സൂചന. ഇത്തരം വിശേഷണങ്ങളുടെ കുത്തകക്കാര്‍ അന്നും ഇന്നും യഹൂദികള്‍ തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണല്ലോ.

എന്തെങ്കിലും കേസുമായി അവര്‍ അങ്ങയുടെ അടുത്തുവന്നാല്‍ വിധി കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം എന്നാണ് തിരുനബി صلى الله عليه وسلم യോട് അല്ലാഹു പറയുന്നത്.

ഒരു കാര്യത്തെക്കുറിച്ച മതവിധി എന്താണെന്നറിയാനാണല്ലോ തിരുനബി    صلى الله عليه وسلم യെ അവര്‍ സമീപിക്കുന്നത്. എന്നാല്‍, മതവിധി അവര്‍ക്കുതന്നെ അറിയാം; അതു രേഖപ്പെടുത്തിയ തൗറാത്ത് അവരുടെ കൈയില്‍ തന്നെയുണ്ട്. അതിലുള്ളതല്ലാത്തതും തങ്ങളുടെ തന്നിഷ്ടത്തിനൊത്തതുമായ നിയമം കിട്ടിയാല്‍ കൊള്ളാം, അല്ലെങ്കില്‍ തള്ളാം- ഈ മുന്‍വിധിയാണവര്‍ക്ക്. അല്ലാതെ, സത്യം കേട്ട് അനുസരിക്കാനല്ല തിരുനബി (صلى الله عليه وسلم)യോടവര്‍ വിധി തേടുന്നത്. അതുകൊണ്ടാണ്‌ വിധി കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാമെന്ന് പറഞ്ഞത്‌. വിധി കൊടുക്കുന്ന പക്ഷം അത് നീതിപൂര്‍വകമായേ കൊടുക്കാവൂ.

سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ ۚ فَإِنْ جَاءُوكَ فَاحْكُمْ بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِنْ تُعْرِضْ عَنْهُمْ فَلَنْ يَضُرُّوكَ شَيْئًا ۖ وَإِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (42)

ഒട്ടേറെ നുണ കേള്‍ക്കുകയും നിഷിദ്ധമായത് ധാരാളം കഴിക്കുകയും ചെയ്യുന്നവരാണവര്‍. താങ്കളുടെ സമീപം വരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയോ അവരെയവഗണിക്കുകയോ ചെയ്യാം. അവരില്‍ നിന്നു പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ താങ്കള്‍ക്ക് ഒരു ദ്രോഹവുമേല്‍പിക്കാന്‍ അവര്‍ക്കാവില്ലതന്നെ. ഇനിഅവര്‍ക്കിടയില്‍ വിധിക്കുന്നുവെങ്കില്‍ അങ്ങ് നീതി പൂര്‍വം അത് നിര്‍വഹിക്കുക. നീതിമാന്മാരെ അല്ലാഹു സ്‌നേഹിക്കുന്നുതീര്‍ച്ച. 

ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക - ഈ ആയത്തിലെ വിധി നസ്ഖ് ചെയ്യപ്പെിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ‘അല്ലാഹു ഇറക്കിയതുകൊണ്ട്‌ അവര്‍ക്കിടയില്‍ താങ്കള്‍ വിധി കല്‍പിക്കുക’ എന്ന് ഇനി 49 ആം ആയത്തില്‍ പറയുന്നുണ്ട്. ആ ആയത്തു കൊണ്ട്‌ ഈ കല്‍പന (വിധിക്കുകയോ വിധിക്കാതിരിക്കുകയോ ചെയ്യാമെന്നത്‌) ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നാണ്‌ ഇബ്‌നു അബ്ബാസ്, മുജാഹിദ്‌, ഇക്‌രിമ, അഥാഅ്‌, ഹസന്‍ ബസ്വരി, ഖതാദ, സുദ്ദി, സൈദുബ്‌നു അസ്‌ലം(رحمهم الله) തുടങ്ങി നിരവധി വ്യാഖ്യാതാക്കള്‍ പറയുന്നത്. ശാഫിഈ മദ്‌ഹബും അതുതന്നെ.

അടുത്ത ആയത്ത് 43

യഹൂദികള്‍ ചിലപ്പോഴൊക്കെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന് പല വിഷയങ്ങളിലും മതവിധി തേടിയിരുന്നു എന്ന് പറഞ്ഞല്ലോ. ഇങ്ങനെ വിധി ചോദിക്കുന്നത് അത്ഭുതകരമാണെന്നാണിനി പറയുന്നത്.

‘ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണ്, അവന്‍റെ കല്‍പനകള്‍ ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുകയാണ്‌ ചെയ്യുന്നത്’ എന്നൊക്കെ തിരുനബി صلى الله عليه وسلم നിരന്തരം പറയുന്നുണ്ട്. അപ്പോള്‍പിന്നെ തിരുനബി (صلى الله عليه وسلم) യോട് വിധിതേടുക എന്നതുകൊണ്ട് ന്യായമായും അവര്‍ ഉദ്ദേശിക്കേണ്ടത്, അല്ലാഹുവിന്‍റെ വിധിയും നിയമവും എന്താണെന്നറിഞ്ഞ് അത് നടപ്പിലാക്കാന്‍ സന്നദ്ധമാവുക എന്നതാണ്.  

പക്ഷേ, ഇവിടെ സംഭവിക്കുന്നതെന്താണ്? അല്ലാഹുവിന്‍റെ വിധി അവരുടെ കൈയില്‍ തന്നെയുണ്ട്‌-തൗറാത്ത്‌. അത് പൂഴ്‌ത്തിവെക്കുകയും അതിലെ നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്യും. എന്നിട്ട്, ആ  വളച്ചൊടിച്ചതിന് അനുകലമായ വല്ല വിധിയും തിരുനബി صلى الله عليه وسلمയുടെ അടുത്തുനിന്ന് കിട്ടുമോ എന്ന് നോക്കാനാണവര്‍ വരുന്നത്. അല്ലാതെ സത്യം മനസ്സിലാക്കാനോ അതനുസരിച്ച് നടക്കാനോ ഒന്നുമല്ല. കേവലം പരിഹാസവും ധിക്കാരമനോഭാവവും സത്യനിഷേധവും മാത്രം.

ഇങ്ങനെയൊക്കെ ചെയ്തിട്ടും നാഴികക്ക് നാല്പത് വട്ടം, തങ്ങളും വിശ്വാസികള്‍ തന്നെയാണെന്ന്  പറഞ്ഞുനടക്കും. തൗറാത്തും തിരുനബി (صلى الله عليه وسلم) യെയും ധിക്കരിക്കുന്നവരെങ്ങനെ വിശ്വാസികളാകും?! 

وَكَيْفَ يُحَكِّمُونَكَ وَعِنْدَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ ثُمَّ يَتَوَلَّوْنَ مِنْ بَعْدِ ذَٰلِكَ ۚ وَمَا أُولَٰئِكَ بِالْمُؤْمِنِينَ (43)

തങ്ങളുടെ പക്കല്‍ ദൈവികവിധികള്‍ രേഖപ്പെടുത്തിയ തൗറാത്ത് ഉണ്ടായിരിക്കുകയും എന്നിട്ട് അതില്‍ നിന്ന് പിന്തിരിയുകയും ചെയ്തുകൊണ്ട് അവര്‍ അങ്ങയെ വിധികര്‍ത്താവാക്കുന്നതെങ്ങനെ?! അവര്‍ സത്യത്തില്‍ വിശ്വസിക്കുന്നവരേയല്ല. 

അടുത്ത ആയത്ത് 44

യഹൂദികള്‍ സത്യം മറച്ചുവെക്കുന്നവരാണെന്ന്‌ സമര്‍ത്ഥിച്ച ശേഷം, അവരുടെ പൂര്‍വികരായ മഹാത്മാക്കള്‍ തൗറാത്തനുസരിച്ച്‌ ജീവിച്ചിരുന്നതുപോലെ ജീവിക്കാന്‍ അവരെ ഉപദേശിക്കുകയാണ്.

വേദഗ്രന്ഥത്തിന്‍റെ സംരക്ഷണവും പ്രബോധന കൃത്യവും ഏല്‍പിക്കപ്പെട്ടവരായിരുന്നു അവര്‍. അതായത്, അക്ഷരത്തിലും അര്‍ഥത്തിലും തൗറാത്ത് സംരക്ഷിച്ചുപോരണമെന്നും അത് മറന്നുകളയുകയോ അതില്‍ വല്ല ദുര്‍വ്യാഖ്യാനമോ കൃത്രിമമോ ചെയ്യരുതെന്നും അവരോട്‌ കല്‍പിച്ചിരുന്നു. അതിനവര്‍ സാക്ഷികളുമായിരുന്നു. അതുകൊണ്ട് ആ ചുമതല അവര്‍ കൃത്യമായി നിര്‍വ്വഹിച്ചുപോന്നു. അക്കാര്യം ഉണര്‍ത്തി പൂര്‍വികരെ അനുകരിക്കാന്‍ യഹൂദികളെ ഉപദേശിക്കുകയാണ്. ആ പാരമ്പര്യം നിലനിറുത്തുകയാണ് നിങ്ങള്‍ യഹൂദികള്‍ ചെയ്യേണ്ടത്.

തൗറാത്ത് അല്ലാഹു അവതരിപ്പിച്ചതാണ്. മാര്‍ഗദര്‍ശനങ്ങളും, ഇരുട്ടുകളില്‍നിന്ന് മോചനം നേടാനുള്ള പ്രകാശവും അതിലുണ്ട്. മുസ്‍ലിംകള്‍ എന്ന നിലക്ക് അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുപോന്നിരുന്ന പല പ്രവാചകന്മാരും, അതത് കാലങ്ങളിലെ മത നേതാക്കളും പുണ്യവാന്മാരുമായിരുന്ന ‘റബ്ബാനി’കളും പണ്ഡിതന്മാരുമൊക്കെ ആ തൗറാത്തിലെ നിയമങ്ങളനുസരിച്ച്  ഒരുപാട് കാലം വിധി പറഞ്ഞുപോന്നിട്ടുണ്ട്.

വ്യഭിചരിച്ചവനെ കല്ലെറിഞ്ഞുകൊല്ലണമെന്ന തൗറാത്തിന്‍റെ വിധി പോലെ, മറ്റു പല വിധികളും നിഷേധിച്ചിരുന്ന യഹൂദികള്‍, സത്യനിഷേധികള്‍ തന്നെയാണെന്ന്‌ സഗൗരവം ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്.

إِنَّا أَنْزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ ۚ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالْأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ ۚ فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ (44)

നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചത്സന്മാര്‍ഗവും പ്രകാശവും അതിലുണ്ട്. അല്ലാഹുവിനോട് വിധേയത്വമുള്ള നബിമാരും പുണ്യവാളന്മാരും പുരോഹിതന്മാരും തദനുസൃതം ജൂതന്മാര്‍ക്കു വിധി നല്‍കിവന്നു. കാരണംദൈവിക ഗ്രന്ഥത്തിന്‍റെ സംരക്ഷണോത്തരവാദിത്വം അവരിലര്‍പ്പിതമായിരുന്നുഅതിനവര്‍ സാക്ഷികളുമായിരുന്നു.

'അതുകൊണ്ട്ആളുകളെയല്ല പേടിക്കേണ്ടത്എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുകഎന്‍റെ സൂക്തങ്ങള്‍ തുച്ഛവിലയ്ക്ക് വില്‍ക്കരുത്. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര് വിധികല്‍പിക്കുന്നില്ലയോ അവര്‍ തന്നെയാണ് സത്യനിഷേധികള്‍.

فِيهَا هُدًى وَنُورٌ

തൗറാത്തില്‍ `മാര്‍ഗദര്‍ശനമുണ്ട്‌' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, അനുഷ്‌ഠാന കര്‍മങ്ങള്‍ വിവരിച്ചിട്ടുണ്ടെന്നും, `പ്രകാശമുണ്ട്‌' എന്നതിന്‍റെ ഉദ്ദേശ്യം വിശ്വാസ പ്രമാണങ്ങള്‍ ഉണ്ട്‌ എന്നുമാണ്‌. വേറെയും അഭിപ്രായങ്ങളുണ്ട്.

يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا

ഇസ്രാഈല്യരിലെ നബിമാരാണുദ്ദേശ്യം. `അല്ലാഹുവിന്‌ കീഴ്‌പ്പെട്ട് ജീവിക്കുന്നവര്‍' എന്ന വിശേഷണത്തിലൂടെ അവരെ പ്രശംസിച്ചിരിക്കുകയാണ്‌. നബിമാരുടെ മതം ഇസ്‌ലാമാണെന്നും ഇവിടെ സൂചനയുണ്ട്‌.

وَالرَّبَّانِيُّونَ وَالْأَحْبَارُ

അഹ്‌ബാറുകളെക്കാള്‍ ഉന്നതമായ സ്ഥാനമാണ്‌ `റബ്ബാനിയ്യീങ്ങള്‍ക്കു'ള്ളത്‌. രണ്ടും പണ്ഡിതവിഭാഗത്തില്‍ പെട്ടവരാണെങ്കിലും, റബ്ബാനിയ്യീന് മുജ്‌തഹിദായ പണ്ഡിതന്‍റെയും, അഹ്‌ബാറുകള്‍ക്ക് മറ്റു പണ്ഡിതന്മാരുടെയും സ്ഥാനമാണുള്ളത് (ഗറാഇബുല്‍ ഖുര്‍ആന്‍).

فَلَا تَخْشَوُا النَّاسَ وَاخْشَوْنِ

'അതുകൊണ്ട്, ആളുകളെയല്ല പേടിക്കേണ്ടത്, എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക‘– ഈ വാക്യം യഹൂദികളെയും സത്യവിശ്വാസികളെയും അഭിമുഖീകരിച്ചുള്ളതാണ്.

ജനങ്ങളെ പേടിച്ച്- അവരില്‍ നിന്ന് കിട്ടുന്ന വല്ല ആനുകൂല്യവും നഷ്ടപ്പെടുമെന്ന് പേടിച്ച്- അല്ലാഹുവിന്‍റെ നിയമങ്ങള്‍ മാറ്റിമറിക്കുന്നതും, അതൊരു വരുമാനമാര്‍ഗമായി സ്വീകരിക്കുന്നതും നിറുത്തല്‍ ചെയ്യണം എന്നൊരു സൂചനകൂടി ഇതിലുണ്ട്. യഹൂദികളുടെ ഇത്തരം ദുഃസ്വഭാവങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്ന് സത്യവിശ്വാസികളോട് താക്കീത് ചെയ്യുകയും ചെയ്യുന്നു.

وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا

‘എന്‍റെ സൂക്തങ്ങള്‍ തുച്ഛവിലയ്ക്ക് വില്‍ക്കരുത്’ – ഇപ്പണി ചെയ്യുന്ന ആളുകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്, അന്നും – ഇന്നും. അവര്‍ക്കെല്ലാം താക്കീതാണ്.

وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ 

അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാത്തവരെപ്പറ്റി  അക്രമികളാണെന്ന് (هُمُ الظَّالِمُونَ) അടുത്ത വചനത്തിലും, അധര്‍മകാരികളാണെന്ന് (هُمُ الْفَاسِقُونَ) 50 ആം വചനത്തിലും അല്ലാഹു പറയുന്നുണ്ട്. ഈ വചനത്തില്‍ അവര്‍ അവിശ്വാസികളാണ് (هُمُ الْكَافِرُونَ) എന്നാണ് പറഞ്ഞിരിക്കുന്നത്.

അല്ലാഹു അവതരിപ്പിച്ചത് നിഷേധിച്ച യഹൂദികളെക്കുറിച്ചാണല്ലോ ഇവിടെ പ്രദിപാതിക്കുന്നത്‌. അല്ലാഹു അവതരിപ്പിച്ചത് മനസ്സുകൊണ്ട്‌ നിഷേധിക്കുന്നവര്‍ പ്രവാചകന്മാരെയും നിഷേധിച്ചവരായിരിക്കും. അതുകൊണ്ട് അവര്‍ കാഫിറുകളാണ്.

മറിച്ച്‌, അല്ലാഹു അവതരിപ്പിച്ചതാണെന്ന് സമ്മതിക്കുന്നുണ്ട്; മനസ്സുകൊണ്ടത് നിഷേധിക്കുന്നില്ല. എങ്കില്‍ അവന്‍ വിശ്വാസി തന്നെയാണ്. ഏതെങ്കിലും കാരണവശാല്‍ പ്രവൃത്തിയില്‍ വല്ല വൈകല്യവും വന്നുപോയെങ്കില്‍തന്നെ മേല്‍പറഞ്ഞ നിഷേധിയെ പോലെയല്ല അവന്‍. നിരവധി പണ്ഡിതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ ജമാആയുടെ വിശ്വാസവും അതാണ്‌.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം – പലരും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരായത്താണിത്. ഖവാരിജുകള്‍ ഉദാഹരണം.

സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി, വാക്കര്‍ത്ഥം മാത്രം പരിഗണിക്കുന്ന വിഭാഗമാണ് ഖവാരിജുകള്‍. നിരവധി മുസ്‍ലിംകളെ കൊന്നൊടുക്കിയും മറ്റും മുസ്‌ലിം ലോകത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടാക്കിയ ഒരു വിഭാഗമാണിത്.  അലി (رضي الله عنه) ഉള്‍പ്പെടെ പല സ്വഹാബികളുടെയും മുസ്‍ലിം സ്ത്രീകളുടെയും കുട്ടികളുടെയും രക്തം ചിന്തിയവരാണ് അവര്‍.

ഈ ആയത്തും പൊക്കിപ്പിടിച്ച് അവര്‍ വാദിക്കുന്നത്, ഖുര്‍ആനില്‍ പറയപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലും വിധി ആരെങ്കിലുമുണ്ടാക്കിയാല്‍ അവര്‍ അവിശ്വാസികളാണ്; ഇസ്‌ലാമില്‍ നിന്ന് പുറത്താണ് എന്നാണ്.

മഹാന്മാരായ അലി(رضي الله عنه)യും മുആവിയ (رضي الله عنه) യും തമ്മില്‍ ഖിലാഫത്ത് സംബന്ധമായി ചില പ്രശ്നങ്ങളുണ്ടായിരുന്ന സമയത്ത്, ഇവര്‍ രണ്ടു പേരും മദ്ധ്യസ്ഥന്മാരെ നിയമിക്കുകയും അവര്‍ പറയുന്നതനുസരിച്ച് മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ചരിത്ര പ്രസിദ്ധമാണീ സംഭവം.

ഈ തീരുമാനം വന്നതോടുകൂടി ഖവാരിജുകളിങ്ങനെ പ്രഖ്യാപിച്ചുവത്രേ: ഇവര്‍ രണ്ടുപേരും (അലി-മുആവിയ رضي الله عنهما) കൂടെയുള്ളവരും അവിശ്വാസികളായി മാറിയിരിക്കുന്നു, ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയിരിക്കുന്നു. കാരണം, രണ്ടു കൂട്ടരും ഖുര്‍ആന്‍റെ വിധിയല്ല സ്വീകരിച്ചത്; മധ്യസ്ഥന്മാരുടെ വിധിയാണ് സ്വീകരിച്ചത്.

ഈ ആയത്ത് ദുര്‍വ്യഖ്യാനം ചെയ്യുകയാണവര്‍ ചെയ്തത്. അലി(رضي الله عنه) ഇവരെ നേരിടാന്‍ പിന്നീട് പലപ്പോഴും സൈനിക നീക്കം നടത്തിയിട്ടുണ്ട്.

 إِنِ الْحُكْمُ إِلَّا لِلَّهِ (അല്ലാഹുവിനല്ലാതെ വിധിയില്ല - അന്‍ആം: 57, യൂസുഫ്: 40) എന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യമായിരുന്നു ഖവാരിജുകളുടെ മുദ്രാവാക്യം. ഈ ദുര്‍വ്യാഖ്യാനത്തെ അലി (رضي الله عنه) പൊളിച്ചടുക്കിയതിങ്ങനെയാണ്:  كَلِمَةُ حَقٍّ اُرِيدَ بِھَا الْبَاطِل (യഥാര്‍ത്ഥമായ ഒരു വാക്കുതന്നെ. പക്ഷേ, ഉദ്ദേശിക്കപ്പെട്ടത് അയഥാര്‍ത്ഥമാണെന്നുമാത്രം.)

ഈ വിഭാഗം ഇന്ന് നിലവിലില്ല. എങ്കിലും, അവരുടേതു പോലെയുള്ള പല അഭിപ്രായങ്ങളും സ്വീകരിച്ചുവരുന്ന പലരും ഇന്നുമുണ്ട്.

ഇസ്‌ലാമിന്‍റെ ശത്രുക്കളുമായി ചങ്ങാത്തം സ്ഥാപിച്ച്, അവരില്‍ നിന്നുപോലും ഭൗതിക നേട്ടങ്ങളുണ്ടാക്കി ഇസ്‌ലാമിക നിയമങ്ങള്‍ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന അത്തരക്കാര്‍ക്കെല്ലാം ഈ ആയത്ത് ശക്തമായ താക്കീതാണ്.

അടുത്ത ആയത്ത് 45

യഹൂദികള്‍ തൗറാത്തിലെ പല മതവിധികളും മാറ്റിമറിച്ചിരുന്നു എന്ന് പറഞ്ഞല്ലോ. വ്യഭിചാരത്തിന്‍റെ ശിക്ഷവിധി മാറ്റിയ കാര്യം മുമ്പ് പറഞ്ഞു. അതുപോലെ മാറ്റം വരുത്തിയ മറ്റൊരു വിഷയമാണിനി പറയുന്നത്.

കൊന്നവനെ കൊല്ലുക തുടങ്ങിയ നീതിയുക്തമായ ശിക്ഷാനടപടി ക്രമങ്ങള്‍ തൗറാത്തിലുണ്ടായിരുന്നു. പക്ഷേ, അതനുസരിച്ചല്ല  ഇവര്‍ വിധി പറഞ്ഞിരുന്നത്. പണക്കാര്‍ക്കൊരു നിയമവും സാധുക്കള്‍ക്ക്‌ മറ്റൊരു നിയമവുമുണ്ടാക്കി.

ഉന്നതര്‍ വ്യഭിചരിച്ചാല്‍ ശിക്ഷയില്‍ ഇളവ് നല്‍കിയിരുന്നതുപോലെ, ഉന്നതര്‍ കൊലക്കുറ്റം ചെയ്താല്‍ പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കുകയും ബ്ലഡ് മണിയില്‍ ഇളവ് നല്‍കുകയും ചെയ്തിരുന്നു.

സത്യത്തില്‍ തൗറാത്തിലുള്ളതെന്താണ് - കൊന്നവനെ കൊല്ലുക, കണ്ണ്, മൂക്ക്, ചെവി മുതലായ അവയവങ്ങള്‍ നഷ്ടപ്പെടുത്തുന്നവരോട് അതേ രൂപത്തില്‍തന്നെ പകരം ചെയ്യുക, മുറിവുകള്‍ വരുത്തുന്ന പക്ഷം അതേ പ്രകാരം അങ്ങോട്ടും മുറിവ് വരുത്തുക എന്നാണ്. യോഗ്യരും അയോഗ്യരുമെന്നോ, പ്രമാണിയും അല്ലാത്തവരുമെന്നോ ഉള്ള വ്യത്യാസമൊന്നും തൗറാത്തിലില്ല.

പ്രതിക്രിയ ചെയ്യാതെ മാപ്പ് കൊടുത്ത് പ്രതികാരത്തില്‍നിന്ന് ഒഴിവാക്കുകയെന്നത് വളരെ പുണ്യമുള്ള കാര്യമാണെന്നും തൗറാത്തിലുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവന്‍റെ പാപങ്ങള്‍ പൊറുക്കപ്പെടാനും അല്ലാഹുവിന്‍റെ പ്രീതി സമ്പാദിക്കാനും അത് നിമിത്തമായി ഭവിക്കും.

തൗറാത്തിലെ വിധി നടപ്പില്‍ വരുത്താതെ തല്‍സ്ഥാനത്ത് പുതിയൊരു വിധിയുണ്ടാക്കി നടപ്പില്‍ വരുത്തുന്നത് അക്രമവും അനീതിയുമാണ്.

وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚ فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ ۚ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَٰئِكَ هُمُ الظَّالِمُونَ (45)

ജൂതന്മാര്‍ക്ക് നാം തൗറാത്തില്‍ ഇപ്രകാരം നിയമം നിശ്ചയിച്ചിരുന്നു: ജീവനു പകരം ജീവന്‍കണ്ണിനു കണ്ണ്മൂക്കിനു മൂക്ക്ചെവിക്കു ചെവിപല്ലിനു പല്ല്മറ്റു മുറിവുകള്‍ക്കു തത്തുല്യ പ്രതിക്രിയ. എന്നാല്‍ ഒരാള്‍ മാപ്പാക്കുന്നുവെങ്കില്‍ അതവന്ന് പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച പ്രകാരം ആര് വിധി കല്‍പിക്കുന്നില്ലയോ അവര്‍ തന്നെയാണ് അതിക്രമകാരികള്‍. 

കഴിഞ്ഞ വചനത്തില്‍, അല്ലാഹുവിന്‍റെ നിയമമല്ലാതെ മറ്റൊരു നിയമം സ്വീകരിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ വേദഗ്രന്ഥംതന്നെ നിഷേധിക്കുകയാണ് എന്ന നിലക്ക്, ‘അവര്‍ അവിശ്വാസികളാണ്’  هُمُ الْكَافِرُونَ)) എന്ന് പറഞ്ഞിരുന്നു.

ഇവിടെ പറഞ്ഞത് ‘അവര്‍ അക്രമികളാണെന്നാണ്’ (هُمُ الظَّالِمُونَ). കാരണം,  പ്രതികാര നടപടി സംബന്ധമായി അവര്‍ നടത്തിയ മാറ്റത്തിരുത്തലുകള്‍ അക്രമവിധേയരായ ആളുകളോട് ചെയ്യുന്ന അനീതിയാണല്ലോ.

ഇന്ന്‌ നിലവിലുള്ള ബൈബിളില്‍ പോലും ഈ ശിക്ഷാമുറകള്‍ കാണാവുന്നതാണ്. ബൈബിള്‍ പഴയ നിയമത്തില്‍ ഇങ്ങനെ പറയുന്നു: മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍... അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍, കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌, കൈക്കു കൈ, കാലിനു കാല്‌, പൊള്ളലിനു പൊള്ളല്‍, മുറിവിന്‌ മുറിവ്‌, അടിക്ക്‌ അടി എന്ന മുറക്ക്‌ ശിക്ഷ നല്‍കണം (പുറപ്പാട്‌ 21:23-25).

ഇങ്ങനെ അല്ലാഹുവിന്‍റെ നിയമങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും, സ്വന്തം വേദഗ്രന്ഥത്തില്‍ അതെല്ലാം വ്യക്തമായി പ്രതിപാദിച്ചിട്ടും, അതെല്ലാമവര്‍  തള്ളുകയും സ്വേച്ഛാനുസൃതം മതവിധികള്‍ ഉണ്ടാക്കുകയുമാണ് ചെ്യതത്. ഇത് മഹാപാതകമാണ്! 

കൊന്നവനെ കൊല്ലുക തുടങ്ങി 45-ആം വാക്യത്തില്‍ പറഞ്ഞ ശിക്ഷകള്‍ തന്നെയാണ്‌ ഇസ്‌ലാമിലെയും ശിക്ഷാനടപടികള്‍.

------------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter