അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 163-170) ഒഴിവുകഴിവുകള്‍ പറയാതിരിക്കാനാണ് ദൂതന്മാരെ അയച്ചത്

തിരുനബി (صلى الله عليه وسلم), അല്ലാഹു അയച്ച ദൂതനാണെന്നതിന് തെളിവായി, ഒറ്റത്തവണയായി എഴുതപ്പെട്ടൊരു ഗ്രന്ഥം ആകാശത്തു നിന്ന് ഇറക്കികൊടുക്കാന്‍ യഹൂദികള്‍ തിരുനബി (صلى الله عليه وسلم) യോട് ആവശ്യപ്പെട്ടുവെന്ന് 153 ആം ആയത്തില്‍ പറഞ്ഞിരുന്നുവല്ലോ. അതിനുശേഷം അവരുടെ മോശം സ്വഭാവങ്ങളും ധിക്കാരപരമായ പല ചെയ്തികളും വിവരിച്ചു. അതുമായി ബന്ധപ്പെട്ടുതന്നെ ചില കാര്യങ്ങള്‍ പറയുകയാണിനി.

അല്ലാഹു പ്രവാചകന്മാരെ അയക്കുന്നതും അവര്‍ക്ക് സന്ദേശങ്ങള്‍ നല്‍കുന്നതും പുതിയൊരു സമ്പദ്രായമല്ല. പണ്ടുമുതലേ തുടര്‍ന്നുവരുന്നൊരു നടപടിയാണ്.

മഹാനായ നൂഹ് നബി(عليه السلام) മുതലുള്ള സുപ്രസിദ്ധരായ പല പ്രവാചകന്മാരുടെയും പേരുകള്‍ പറഞ്ഞ്, അവര്‍ക്കെല്ലാം സന്ദേശം നല്‍കിയതുപോലെത്തന്നെയാണ് മുഹമ്മദ് നബി (صلى الله عليه وسلم) ക്കും സന്ദേശം നല്കിയത് എന്നുണര്‍ത്തുകയാണ്. അവരെയെല്ലാം നിങ്ങള്‍ക്ക് വിശ്വസിക്കാമെങ്കില്‍, എന്തുകൊണ്ട് മുഹമ്മദ് നബി (صلى الله عليه وسلم) യെയും വിശ്വസിച്ചുകൂടാ എന്നാണ് ചോദ്യം.

നൂഹ് നബി (عليه السلام)നും  ശേഷം വന്ന മറ്റു പല പ്രവാചകന്‍മാര്‍ക്കും അല്ലാഹു ദിവ്യസന്ദേശങ്ങള്‍ നല്‍കിവന്നിട്ടുണ്ട്. വേദക്കാരുടേയും അറബികളുടെയും വംശപിതാവായി അറിയപ്പെടുന്ന ഇബ്‌റാഹീം നബി (عليه السلام), മഹാനവര്‍കളുടെ മക്കളായ ഇസ്മാഈല്‍, ഇസ്ഹാഖ് (عليهما السلام), പൗത്രനായ യഅ്ഖൂബ് (عليه السلام) എന്നിവര്‍ക്കും നല്‍കിയിട്ടുണ്ട്.

യഅ്ഖൂബ് (عليه السلام)ന്‍റെ മക്കള്‍വഴി 12 ഇസ്‌റാഈലി ഗോത്രങ്ങളില്‍ വന്ന നിരവധി പ്രവാചകന്മാര്‍ക്കും ദിവ്യസന്ദേശം നല്കിയിട്ടുണ്ട്. പ്രവാചക കുടുംബത്തിലെ പ്രശസ്തരായിരുന്ന ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ (عليهم السلام) എന്നിവര്‍ക്കും, എന്നുവേണ്ട, ഖുര്‍ആന്‍ മുഖേനയോ മറ്റോ പരിചയെപ്പടുത്തപ്പെട്ടവരോ അല്ലാത്തവരോ ആയി ഏതെല്ലാം പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ടോ, അവര്‍ക്കെല്ലാംതന്നെ അല്ലാഹു സന്ദേശങ്ങള്‍ നല്‍കി വന്നിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്നിരിക്കെ, തിരുനബി صلى الله عليه وسلم യോട് മാത്രമെന്താണ് നിങ്ങള്‍ നിഷേധനയം സ്വീകരിക്കുന്നത്?!

إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا (163)

നൂഹ് നബിക്കും തന്‍റെ ശേഷം വന്ന പ്രവാചകന്മാര്‍ക്കും നാം ദിവ്യബോധനം നല്‍കിയതുപോലെ താങ്കള്‍ക്കും നാം വഹ്‌യ് നല്‍കി. ഇബ്രാഹീംഇസ്മാഈല്‍ഇസ്ഹാഖ്യഅ്ഖൂബ്തന്‍റെ സന്തതീ പരമ്പരഈസാഅയ്യൂബ്യൂനുസ്ഹാറൂന്‍സുലൈമാന്‍ എന്നീനബിമാര്‍ക്കും നാം ദിവ്യ സന്ദേശമേകിദാവൂദ് നബിക്ക് സബൂര്‍ എന്ന ഗ്രന്ഥം അവതരിപ്പിച്ചു കൊടുത്തു.

ദാവൂദ് നബി(عليه السلام)ന് ഗ്രന്ഥം നല്‍കിയ കാര്യം വേറെ സ്ഥലത്തും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ പ്രവാചകന്മാരെ കുറിച്ച് മൊത്തത്തില്‍ പറയുന്നതിനിടക്ക്, മഹാനവര്‍കളുടെ പദവി എടുത്തുകാണിക്കാനാണ് 'സബൂര്‍ നല്‍കി' എന്ന് പ്രത്യേകം പറഞ്ഞത്.

നൂറ്റി അമ്പത് സൂറകളാണ് സബൂറിലുള്ളത്; അതില്‍ വിധികളോ ഹലാല്‍-ഹറാമോ ഇല്ല, തത്ത്വസൂക്തങ്ങളും ഉപദേശങ്ങളുമാകുന്നു. (ഖുര്‍ഥുബി رحمه الله -അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 6:17).

إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا

വഹ്‌യ് എന്ന വാക്കിന് സ്വകാര്യ ഭാഷണം, രഹസ്യബോധനം, എന്നെല്ലാമാണ് ഭാഷാര്‍ത്ഥം. പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കുന്ന സന്ദേശങ്ങളെക്കുറിച്ചാണ് സാധാരണ ‘വഹ്‌യ്’ എന്ന് പറയാറുള്ളത്.

പല രൂപത്തിലൂടെയും വഹ്‍യ് നല്‍കാറുണ്ട്. മലക്കുകള്‍ മുഖേന, മനസ്സില്‍ വെളിപാട് നല്‍കിയിട്ട്, ഒരു മറയുടെ പിന്നില്‍ നിന്ന് അല്ലാഹുവിന്‍റെ സംസാരം കേട്ടിട്ട്... ഇങ്ങനെ പല രൂപത്തിലും. സൂറത്തുശ്ശൂറാ 51ല്‍ ഇതുസംബന്ധിച്ച് പരാമര്‍ശമുണ്ട്.

അടുത്ത ആയത്ത് 164

ഇവിടെ പറയപ്പെട്ടവര്‍ മാത്രമല്ല അല്ലാഹുവിന്‍റെ ദൂതന്മാര്‍. ഇതിനുമുമ്പ് മറ്റു ചിലരെയും തിരുനബി (صلى الله عليه وسلم) ക്ക് അല്ലാഹു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. തിരുനബി (صلى الله عليه وسلم) ക്ക് പരിചയപ്പെടുത്തിക്കൊടുക്കാത്ത പലരുമുണ്ട്.

മൂസാ നബി (عليه السلام) നാകട്ടെ, തൗറാത്ത് നല്‍കി എന്നു മാത്രമല്ല, മഹാനവര്‍കളോട് അല്ലാഹു നേരിട്ടുതന്നെ, മലക്കുകളുടെയോ മറ്റോ മാദ്ധ്യമമൊന്നും കൂടാതെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഥൂര്‍ സീനാ മലയില്‍ വെച്ചായിരുന്നു ആ സംസാരം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാര്യത്തില്‍ മാത്രമെന്താണിത്ര സംശയിക്കാനുള്ളത്?!

وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِنْ قَبْلُ وَرُسُلًا لَمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا (164)

മുമ്പ് താങ്കള്‍ക്കു നാം വിവരിച്ചുതന്നവരും അല്ലാത്തവരുമായ ദൂതന്മാരെയും നാം നിയോഗിച്ചു. മൂസാ നബിയോട് അല്ലാഹു നേരിട്ടുതന്നെ സംസാരിക്കയുണ്ടായി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അനേകം പേരെ അല്ലാഹു ദൂതന്മാരായി നിയോഗിച്ചിട്ടുണ്ട്. 25 ആളുകളുടെ പേരുകള്‍ ഖുര്‍ആനില്‍ പറയപ്പെട്ടിട്ടുമുണ്ട്.

അമ്പിയാമുര്‍സലുകളുടെ ടോട്ടല്‍ എണ്ണം പറഞ്ഞ ചില ഹദീസുകളുണ്ട്. അമ്പിയാഇന്‍റെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി നാലായിരമാണെന്നും അവരില്‍ മുര്‍സലുകള്‍ 313 ആണെന്നും ഹദീസിലുണ്ട്. എണ്ണത്തെക്കുറിച്ച് പറയുന്ന വേറെയും ഹദീസുകളുണ്ട്. അത് സംബന്ധമായി പല അഭിപ്രായങ്ങളും നിലവിലുമുണ്ട്.

അടുത്ത ആയത്ത് 165

അല്ലാഹു ദൂതന്മാരെ അയച്ചത്, ആളുകള്‍ Excuse പറയാതിരിക്കാന്‍ വേണ്ടിയാണെന്നാണിനി പറയുന്നത്. ദുന്‍യാവില്‍ അശ്രദ്ധവും അന്ധവുമായ സുഖജീവിതം നയിച്ച് പരലോകത്തെത്തുന്ന മനുഷ്യന്‍ നരകം മുന്നില്‍ കാണും. ഇത്ര അപകടകരമാണിവിടത്തെ അവസ്ഥയെങ്കില്‍, ഒരു മുന്നറിയിപ്പുകാരനെ അയച്ച് ഇക്കാര്യം ഞങ്ങളെ അറിയിച്ചു കൂടായിരുന്നോ എന്നു മനുഷ്യര്‍ അല്ലാഹുവിനോടു ചോദിക്കും. അതില്ലാതിരിക്കാനാണ് ദൂതന്മാരെ അയച്ച് മുന്നറിയിപ്പുകള്‍ തന്നത്. വിശുദ്ധ ഖുര്‍ആനില്‍ മറ്റു പലയിടത്തും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ഉത്തരവാദിത്തങ്ങളാണ് പ്രധാനമായും റസൂലുകള്‍ നിര്‍വഹിക്കുന്നത്: സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക.  സ്വീകരിക്കാത്തവര്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷകളെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക.

رُسُلًا مُبَشِّرِينَ وَمُنْذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا (165)

ശുഭവാര്‍ത്തയറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായാണവര്‍ നിയുക്തരായത്. വഴിയെ അല്ലാഹുവിനെതിരെ മനുഷ്യര്‍ക്ക് യാതൊരു തെളിവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. 

പരലോകത്തുവെച്ച് കാര്യങ്ങളെല്ലാം നേരില്‍കണ്ട് ബോധ്യപ്പെടുമ്പോള്‍, പരാജിതര്‍ ഇങ്ങനെ പറയുമത്രേ: ഒന്നുകൂടി ദുന്‍യാവിലേക്ക് ഞങ്ങളെ തിരിച്ചയച്ചു തന്നാല്‍ സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച് ഞങ്ങള്‍ ഉത്തമമനുഷ്യരായിക്കൊള്ളാം. അതൊരധരവ്യായാമം മാത്രം! (ഫാഥിര്‍: 37, ശുഅറാഅ് :102).

അടുത്ത ആയത്ത് 166

തിരുനബി (صلى الله عليه وسلم)യെ സമാധാനിപ്പിക്കുകയാണിനി. അവിടത്തെ പ്രവാചകത്വം വേദക്കാരോ മറ്റോ ആര് നിഷേധിച്ചാലും അതൊന്നും കാര്യമാക്കേണ്ടതില്ല, അവരുടെയൊന്നും സാക്ഷ്യം ആവശ്യമേയില്ല. കാരണം, അമാനുഷികമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്ത്, തിരുനബി صلى الله عليه وسلم യഥാര്‍ത്ഥ പ്രവാചകനാണെന്ന് അല്ലാഹു തന്നെ തെളിയിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ സാക്ഷ്യം തന്നെ മതി.

തിരുനബി (صلى الله عليه وسلم) യുടെ പ്രവാചകത്വത്തിന് വിശുദ്ധ ഖുര്‍ആനിനപ്പുറം മറ്റൊരു തെളിവും ആവശ്യമില്ല. ഈ ഗ്രന്ഥം സത്യമാണ്, യാഥാര്‍ത്ഥ്യമാണ്; അല്ലാഹുവും അവന്‍റെ മലക്കുകളും അതിന് സാക്ഷികളാണ്. (മലക്കുകള്‍ക്കും അത് നന്നായി അറിയാമെന്നര്‍ത്ഥം).

لَٰكِنِ اللَّهُ يَشْهَدُ بِمَا أَنْزَلَ إِلَيْكَ ۖ أَنْزَلَهُ بِعِلْمِهِ ۖ وَالْمَلَائِكَةُ يَشْهَدُونَ ۚ وَكَفَىٰ بِاللَّهِ شَهِيدًا (166)

എന്നാല്‍ (അവര്‍ വിശ്വസിക്കുന്നില്ലെങ്കിലും) താങ്കള്‍ക്കല്ലാഹു അവതരിപ്പിച്ചു തന്നതു സംബന്ധിച്ച് അവന്‍ സാക്ഷിയാണ്. തന്‍റെ ജ്ഞാനപൂര്‍വം തന്നെയാണ് അവനത് അവതരിപ്പിച്ചിരിക്കുന്നത്. മലക്കുകളുമതിന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. അല്ലാഹു തന്നെ മതി സാക്ഷിയായി.

أَنزَلَهُ بِعِلْمِهِ എന്ന വാക്യത്തിന് വിവിധ വ്യാഖ്യാനങ്ങളുണ്ട്:

- മറ്റാര്‍ക്കും നേടാന്‍ കഴിയാത്ത, അവന്‍റെ സ്വന്തമായ അറിവും കഴിവും അനുസരിച്ചാണ് ഖുര്‍ആന്‍ ഇറക്കിയത്.

- അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ ആരൊക്കെയാണെന്നും, അത് കൈകാര്യം ചെയ്യപ്പെടുന്ന ചുറ്റുപാടുകള്‍ എന്തായിരിക്കുമെന്നുമൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണത് അവതരിപ്പിച്ചിരിക്കുന്നത്.

- ജനങ്ങളുടെ നന്‍മയും വിജയവും ഏതൊക്കെയാണെന്നറിഞ്ഞുകൊണ്ട് അതിനനുസരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ വ്യാഖ്യാനങ്ങളും പരസ്പരം യോജിപ്പുള്ളതുതന്നെ.

അടുത്ത ആയത്തുകള്‍ 167-169

സത്യസന്ധരായി പ്രവാചകന്മാര്‍ വരികയും അല്ലാഹുവിന്‍റെ ദീന്‍ പഠിപ്പിക്കുകയും ചെയ്തുവെന്നു മുകളില്‍ പറഞ്ഞുവല്ലോ.  തിരുനബി (صلى الله عليه وسلم) അല്ലാഹുവിന്‍റെ ദൂതരാണെന്നതിന്ന് വിശുദ്ധ ഖുര്‍ആനടക്കം പല തെളിവുകളുണ്ടെന്നും പറഞ്ഞു.

എന്തൊക്കെയായിട്ടെന്താ, സത്യദീനിന്‍റെ അധ്യാപനങ്ങള്‍ പലതും സ്വേച്ഛാനുസൃതം തള്ളിക്കളയുകയാണ് പലരും ചെയ്തത്. സത്യദീന്‍ നിഷേധിക്കുകയും തിരുനബി (صلى الله عليه وسلم) യെയും സത്യവിശ്വാസികളെയും ദ്രോഹിക്കുകയുമാണ് വേദക്കാരും മുശ്‌രിക്കുകളും കപടവിശ്വാസികളും ചെയ്തത്.

ഇതവര്‍ നിര്‍ത്താത്ത കാലത്തോളം, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയോ അവര്‍ തെരഞ്ഞെടുത്ത നരകത്തിന്‍റെ വഴിയില്‍ നിന്ന് മാറ്റി സ്വര്‍ഗത്തിന്‍റെ വഴിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യുന്നതല്ല. ശാശ്വത നരകത്തിന്‍റെ അവകാശികളാണവര്‍. ഞങ്ങള്‍ മൂസാ നബി عليه السلام യുടെ ആളുകളാണ്, ഈസാ നബി عليه السلام യുടെ മതക്കാരാണ് എന്നിങ്ങനെയുള്ള വ്യാജമായ അവകാശവാദങ്ങള്‍ കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല. ശാശ്വത നരകം നല്‍കി അവരെ ശിക്ഷിക്കുക എന്നത് അല്ലാഹുവിന്ന് ഒട്ടുമേ പ്രയാസമുള്ള കാര്യമല്ല.

 إِنَّ الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ قَدْ ضَلُّوا ضَلَالًا بَعِيدًا (167)

സത്യനിഷേധം കൈകൊള്ളുകയും അല്ലാഹുവിന്‍റെ വഴിയില്‍ നിന്നു മറ്റുള്ളവരെ തടയുകയും ചെയ്തവര്‍ സന്മാര്‍ഗത്തില്‍ നിന്നു ബഹുദൂരം അകന്നുപോയതു തന്നെ!

 إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا (168)

അവിശ്വസിക്കുകയും അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയോ മറ്റൊരു വഴിയിലേക്ക് അവരെയവന്‍ നയിക്കുകയോ ചെയ്യുന്നതേയല്ല;

 إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا (169)

നരകമാര്‍ഗത്തിലേക്കല്ലാതെ. ആ നരകത്തിലവര്‍ ശാശ്വതവാസികളായിരിക്കും. അല്ലാഹുവിനത് നിഷ്പ്രയാസകരമത്രെ.

സജ്ജനങ്ങളുടെ സ്വര്‍ഗീയ ജീവിതവും സ്വര്‍ഗീയാനുഭൂതികളും ശാശ്വതമായിരിക്കും. അവിശ്വാസികളുടെ നരകജീവിതവും ശിക്ഷാനുഭവങ്ങളും അങ്ങനെത്തന്നെ; അതും ശാശ്വതമായിരിക്കും. മറ്റു പലയിടത്തും അല്ലാഹു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 33:64,65; 72:23 ഉദാഹരണം.

അടുത്ത ആയത്ത് 170

ഇനിയിപ്പോള്‍, നിങ്ങളെല്ലാവരും കൂടി അവിശ്വാസികളായി എന്ന് വെക്കുക. അല്ലാഹുവിന്നതുകാരണം ഒരു നഷ്ടവും വരാനില്ല. നഷ്ടം നിങ്ങള്‍ക്കുതന്നെയാണ്. തക്കനടപടി എടുക്കാന്‍ അവനൊരു പ്രയാസവുമില്ല. കാരണം, ഭുവന-വാനങ്ങളിലുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ സൃഷ്ടികളാണ്, അവന്‍റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്; ഇത് നിങ്ങള്‍ക്കെപ്പോഴും ഓര്‍മ വേണം.

يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الرَّسُولُ بِالْحَقِّ مِنْ رَبِّكُمْ فَآمِنُوا خَيْرًا لَكُمْ ۚ وَإِنْ تَكْفُرُوا فَإِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا (170)

ഹേ മനുഷ്യരേനിങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള സത്യസമേതം ഇതാ റസൂല്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നുഅതിനാല്‍ സ്വന്തം നന്മക്കായി റസൂലിനെ വിശ്വസിക്കൂഇനി നിങ്ങള്‍ അവിശ്വസിക്കുന്നുവെങ്കിലോആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്നുള്ളതാണ്അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

----------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter