അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 71-76)  ത്രിയേകത്വം

ഇസ്രാഈലുകാരെക്കുറിച്ചായിരുന്നല്ലോ ചര്‍ച്ച. പ്രവാചകന്മാരെ അംഗീകരിക്കാതിരുന്നതും ചിലരെ കൊന്നുകളഞ്ഞതുമൊക്കെയാണ് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്.

അവരുടെ തെറ്റായൊരു ധാരണയെക്കുറിച്ചാണിനി 71 ആം ആയത്തില്‍ പറയുന്നത്. പ്രവാചകന്മാരുടെ സന്താന പരമ്പരയില്‍ പെട്ടവരാണല്ലോ അവര്‍. അതുകൊണ്ടുതന്നെ എന്ത് തെറ്റ് ചെയ്താലും, എന്ത് നിലപാടുകള്‍ സ്വീകരിച്ചാലും ആപത്തുകളോ അല്ലാഹുവിന്‍റെ ഭാഗത്തു നിന്ന് പരീക്ഷണങ്ങളോ ഒന്നും നേരിടേണ്ടി വരില്ലെന്ന് ധരിച്ചുവശായിരിക്കുകയാണവര്‍. മോക്ഷവും വിജയവും അവരുടെ മാത്രം കുത്തകയാണെന്നുമവര്‍ കരുതി.

അല്ലാഹുവിന്‍റെ നിയമവും രീതിയും മറ്റൊന്നാണെന്ന് അവര്‍ ആലോചിച്ചില്ല. ദുഷ്ടന്മാരെ ശിക്ഷിക്കുക, നല്ലവരെ രക്ഷിക്കുക - ഇതാണല്ലോ അല്ലാഹുവിന്‍റെ നിയമം.

നേരത്തെ പറഞ്ഞ ആ ധാരണയില്‍, ധിക്കാരവും അതിക്രമവും കൂസലന്യേ അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. തന്മൂലം അവര്‍ അന്ധരും ബധിരരുമായി മാറി - സത്യം കാണാനുള്ള കണ്ണോ കേള്‍ക്കാനുള്ള കാതോ ഇല്ലാതെയായി. പ്രവാചകരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതെ തോന്നിയതുപോലെ ജീവിച്ചു. തല്‍ഫലമായി, അല്ലാഹു അവരെ പല പരീക്ഷണങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയരാക്കുകയും ചെയ്തു.

ബാബിലോണിയന്‍ സൈന്യം അവരെ അക്രമിച്ചു.

ബുഖ്ത്തുനസ്സര്‍ (നെബുഖേദ് നേസര്‍) രാജാവ് ബൈത്തുല്‍ മുഖദ്ദസ് നശിപ്പിച്ചു. ഈസ്രാഈലികളെ കൂട്ടക്കൊല നടത്തി. പലരെയും കൂട്ടത്തോടെ അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയി.

ഇത്ര വലിയ ആപത്ത് നേരിട്ടപ്പോള്‍ അവര്‍ക്ക് ബോധോദയമുണ്ടായി. അല്ലാഹുവിനെ ഓര്‍മ വന്നു. ഖേദിച്ചു മടങ്ങി. കരുണാനിധിയായ റബ്ബ്‌ അവരെ അനുഗ്രഹിക്കുകയും അവരുടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ചെയ്തു.

പക്ഷേ, ഈ മാറ്റത്തിന് കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. എല്ലാം മറന്ന്‌ പിന്നെയും പഴയ ശൈലിയിലേക്കവര്‍ നീങ്ങി. പഴയപടി തന്നെ അന്ധരും ബധിരരുമായി മാറി.

അങ്ങനെയാണ്, റോമക്കാരുടെയും പേര്‍ഷ്യക്കാരുടെയും ആക്രമണങ്ങള്‍ക്ക് വീണ്ടുമവര്‍ വിധേരായത്. അവരുടെ രാജ്യവും അധികാരവുമെല്ലാം നഷ്ടപ്പെട്ടു. ചുരുക്കം ചില നല്ല ആളുകളുമുണ്ടായിരുന്നു. അവരിതില്‍നിന്ന് ഒഴിവാണ്.

അവരുടെ ഈ നിഷേധ മനഃസ്ഥിതിയും ഹൃദയ കാഠിന്യവുമൊക്കെ അല്ലാഹു നന്നായി അറിയുകയും കാണുകയും ചെയ്യുന്നുണ്ട്. അതിനു തക്ക പ്രതിഫലം അവന്‍ നല്‍കുകതന്നെ ചെയ്യും.

وَحَسِبُوا أَلَّا تَكُونَ فِتْنَةٌ فَعَمُوا وَصَمُّوا ثُمَّ تَابَ اللَّهُ عَلَيْهِمْ ثُمَّ عَمُوا وَصَمُّوا كَثِيرٌ مِنْهُمْ ۚ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ (71)

ഒരു ദൈവിക പരീക്ഷണവും ഉണ്ടാവില്ലെന്നായിരുന്നു അവരുടെ ധാരണ. തന്മൂലം അവര്‍ അന്ധരും ബധിരരുമായി. പിന്നീട് അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. എന്നിട്ട് പിന്നെയുമവര്‍ അന്ധരും ബധിരരുമായി. എന്നാല്‍അവരുടെ ചെയ്തികളെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു. 

നേരത്തെ പറഞ്ഞതിനുപുറമെ ഇസ്‌റാഈല്യരുടെ ചരിത്രത്തില്‍, വേറെയും വലിയ പരീക്ഷണങ്ങള്‍ക്കവര്‍ വിധേയരായിട്ടുണ്ട്. തോന്നിവാസവും അതിക്രമങ്ങളും പടര്‍ന്നുപിടിച്ച പല ഘട്ടങ്ങളും കഴിഞ്ഞുപോയിട്ടുമുണ്ട്.

ഇന്നിപ്പോള്‍ ഇസ്‍ലാമിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ജൂതന്മാരെ, ഇനിയും അല്ലാഹു പരാജയപ്പെടുത്തുകതന്നെ ചെയ്യും. ചരിത്രം ആവര്‍ത്തിക്കും. അല്ലാഹുവിന്‍റെ രീതിയും നടപടിക്രമവും അങ്ങനെയാണ്. `അല്ലാഹുവിന്‍റെ രീതികള്‍ക്ക് യാതൊരു മാറ്റവും താങ്കള്‍ കണ്ടെത്തുന്നതല്ല' (സൂറത്തുല്‍ അഹ്‌സാബ്‌ 62).

ഇത്തരം സംഭവങ്ങള്‍ നിരന്തരം അല്ലാഹു നമ്മെ ഓര്‍മിപ്പിക്കുന്നത്, നാം പാഠമുള്‍ക്കൊള്ളാനാണ്. അല്ലാഹുവുമായുള്ള കരാര്‍ ലംഘിച്ച യഹൂദികളുടെ അനുഭവം നമുക്ക് പാഠമാകണം. പേരിനുമാത്രം ഇസ്‍ലാം കൊണ്ടുനടന്ന്, എന്തു വേണ്ടാത്തരങ്ങള്‍ക്കും തയ്യാറാകുന്ന പ്രവണത ഒഴിവാക്കണം. അല്ലാഹുവിന്‍റെയും റസൂല്‍  صلى الله عليه وسمയുടെയും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി തോന്നിയതുപോലെ ജീവിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നാം പ്രത്യേകം ജാഗ്രത പാലിക്കണം.

അടുത്ത ആയത്തുകള്‍ 72-74

വേദക്കാരായ യഹൂദികള്‍ പ്രവാചകരെ നിഷേധിക്കുകയും ചിലരെ വധിച്ചുകളയുകയുമാണ്‌ ചെയ്‌തതെന്ന് മുമ്പ് പറഞ്ഞല്ലോ. ഇനി, വേദക്കാര്‍ തന്നെയായ നസ്വാറാക്കള്‍ തങ്ങളുടെ പ്രവാചകനായ ഈസാനബി (عليه السلام) - യേശുക്രിസ്തു - യോട് ചെയ്തതെന്താണെന്ന് പറയുകയാണ്.

ഈസാ നബി عليه السلامയെ സ്രഷ്ടാവായ അല്ലാഹുവിന്‍റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയെന്ന കഠോര പാപമാണവര്‍ ചെയ്‌തത്! ഏക ദൈവ വിശ്വാസമാണല്ലോ ഈമാനിന്‍റെ അച്ചുതണ്ട്. അതുതന്നെ നിഷേധിച്ച്, അക്കാര്യം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഈസാ നബി عليه السلامയെ അല്ലാഹുവിന്‍റെ പങ്കാളിയാക്കി. യേശു ദൈവമാണെന്നതും ദൈവ പുത്രനാണെന്നതും ത്രിയേകത്വവും ഒരേ പോലെ മൗഢ്യമാണ്. അല്ലാഹുവിന് ഭാര്യയോ മക്കളോ ഉണ്ടാവില്ല.

സത്യത്തില്‍, ഈസാ(عليه السلام) തൊട്ടിലില്‍ കിടക്കുന്ന ശിശുവായിരുന്നപ്പോള്‍ ആദ്യമായി സംസാരിച്ചത്‌, താന്‍ അല്ലാഹുവിന്‍റെ അടിമയാണ് എന്നായിരുന്നു (സൂറ മര്‍യം 30).

എന്‍റെയും നിങ്ങളുടെയുമെല്ലാം റബ്ബാണ് അല്ലാഹു, അവനെ മാത്രമേ ആരാധിക്കാവൂ, അവനോട് വല്ലതും പങ്ക് ചേര്‍ക്കുന്നവര്‍ വലിയം അതിക്രമം ചെയ്തവരാണ്. സഹായിക്കാന്‍ ആരുമില്ലാത്തൊരു ഘട്ടം അവര്‍ക്ക് വരാനുണ്ട്.  അവര്‍ക്ക് സ്വര്‍ഗം ലഭിക്കില്ല; നരകമായിരിക്കും പ്രതിഫലം... ഇങ്ങനെ ശരിയായ ഏകദൈവവിശ്വാസത്തിലേക്കായിരുന്നു ഈസാ നബി (عليه السلام) അവരെ ക്ഷണിച്ചത്. എന്നിട്ടും അവരിലൊരു വിഭാഗം, ഈസാ عليه السلام തന്നെയാണ് അല്ലാഹു എന്ന് ജല്‍പിച്ചു. അതാണിനി സൂക്തം 72 ല്‍ പറയുന്നത്.

വേറൊരു വിഭാഗം, (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ) മൂന്നുപേര്‍ -ത്രിഭൂതങ്ങള്‍- ചേര്‍ന്നതാണ് സാക്ഷാല്‍ ഇലാഹെന്നും അവയില്‍ ഒന്നാണ് (പിതാവായ) അല്ലാഹു എന്നും പറഞ്ഞുണ്ടാക്കി. അതിനെക്കുറിച്ചാണ്  സൂക്തം 73 ല്‍ പറയുന്നത്. അതായത്, അല്ലാഹു മൂവരില്‍ ഒരാള്‍ മാത്രമാണത്രെ:  അല്ലാഹു ഒരു ഇലാഹ്‌, ഈസാനബി(عليه السلام) ഒരു ഇലാഹ്‌, അദ്ദേഹത്തിന്‍റെ മാതാവായ മര്‍യം ബീവി ഒരു ഇലാഹ്‌ (ഇബ്‌നു കസീര്‍). സൂറത്തുന്നിസാഅ് 171 ലും ‘ഇങ്ങനെ പറയരുതേ’ എന്ന് അല്ലാഹു വിലക്കുകയും അതവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം തെറ്റായ വാദങ്ങളെല്ലാം അവസാനിപ്പിച്ച് തൗബ ചെയ്തുമടങ്ങാന്‍, കരുണാനിധിയും ദയാലുവുമായ അല്ലാഹു അവരെ പ്രേരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്നപക്ഷം അവര്‍ക്കവന്‍ പൊറുത്തുകൊടുക്കും. ഇല്ലെങ്കില്‍, അതികഠിനമായ ശിക്ഷയായിരിക്കും ലഭിക്കുക.

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (72)

മര്‍യമിന്‍റെ പുത്രന്‍ മസീഹ് ഈസാ തന്നെയാണ് അല്ലാഹു എന്നു ജല്‍പിച്ചവര്‍ സത്യനിഷേധികളായിരിക്കുന്നുതീര്‍ച്ച. എന്നാല്‍ മസീഹ് പറഞ്ഞത് ഇതായിരുന്നു: ഇസ്രയേല്യരേഎന്‍റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ ആരാധിക്കൂഅവനോടാരെങ്കിലും എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നു എങ്കില്‍ അയാള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്തീര്‍ച്ചഅയാളുടെ ആവാസ കേന്ദ്രം നരകമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. 

لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ ۚ وَإِنْ لَمْ يَنْتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ (73)

മൂന്നില്‍ ഒരു ദൈവമാണ് അല്ലാഹു എന്നു തട്ടിവിടുന്നവരും സത്യനിഷേധികളായിക്കഴിഞ്ഞിട്ടുണ്ട്തീര്‍ച്ച. ഏകനായ ആരാധ്യനല്ലാതെ മറ്റൊരു ദൈവവും ഇല്ല തന്നെ. തങ്ങള്‍ ജല്‍പിക്കുന്നതില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍അവരില്‍ അവിശ്വസിച്ചവരെ വേദനാ ജനകമായ ശിക്ഷ ബാധിക്കുക തന്നെ ചെയ്യുന്നതാണ്. 

أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ ۚ وَاللَّهُ غَفُورٌ رَحِيمٌ (74)

എന്നിട്ടും അവര്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നില്ലേപാപങ്ങള്‍ ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു. 

الْمَسِيحُ ابْنُ مَرْيَمَ

മസീഹ് എന്ന വാക്കിന്‍റെ അര്‍ത്ഥവും, ഈസാ നബി (عليه السلام) നെക്കുറിച്ച് അങ്ങനെ പറയാനുള്ള കാരണവും സൂറത്തു ആലു ഇംറാന്‍ സൂക്തം 45 ന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു.

ഈസാ എന്നാണ് സ്വന്തം പേര്; മറ്റേത് സ്ഥാനപ്പേരും. ‘മശീഹ’ അല്ലെങ്കില്‍ ‘മിശിഹാ’ എന്നൊക്കെയാണ് ഹിബ്രു ഭാഷില്‍ പറയാറ്.

മസീഹ് എന്ന് പറയാന്‍ കാരണം, വിവിധ അഭിപ്രായങ്ങളുണ്ട്:

ധാരാളം യാത്ര ചെയ്യുന്ന ആളായതുകൊണ്ടാണെന്നാണ് ഒരു അഭിപ്രായം. 'مَسَحَ' എന്ന പദത്തിന് യാത്ര ചെയ്തു എന്നര്‍ത്ഥമുണ്ട്. (ഭൂമിയില്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണ് മസീഹ് എന്ന് പേര്‍ വന്നത്-റാസി 8:49).

രോഗികളെ കൈ കൊണ്ട് തടവിയാല്‍ അല്ലാഹുവിന്‍റെ സമ്മതത്തോടെ ഉടനെ രോഗം മാറിയിരുന്നതുകൊണ്ടാണെന്നാണ് മറ്റൊരു അഭിപ്രായം. (ഇബ്‌നു കസീര്‍). ' مَسَحَ' എന്നാല്‍ തടവി എന്നര്‍ഥം.

സാക്ഷാല്‍ പേരായ عيسى  എന്ന് പറഞ്ഞു മാത്രം മതിയാക്കാതെ ابن مريم (മര്‍യമിന്‍റെ മകന്‍) എന്നുകൂടി വിശേഷിപ്പിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും ഇങ്ങനെ മര്‍യമിന്‍റെ മകന്‍ എന്നാണ് പറയാറ്. പിതാവില്ലാതെ- മാതാവില്‍നിന്ന് മാത്രം- ജനിച്ച ആളാണെന്നതിനുപുറമെ, ഈ പ്രയോഗത്തില്‍ വേറെയും ചില കാര്യമുണ്ട്.

അതായത്, ദൈവപുത്രനാണെന്നാണല്ലോ നസ്വാറാക്കളുടെ വാദം. ജാരസന്തതി എന്ന് യഹൂദികളും ആരോപിച്ചിരുന്നു. ഈ രണ്ട് വാദത്തിന്‍റെയും മുനയൊടിക്കുക കൂടിയാണ് ഈ പ്രയോഗത്തിലൂടെ. രണ്ടുമല്ല; ഈസാ നബി عليه السلام  മര്‍യമിന്‍റെ മകന്‍ മാത്രമാണ്. സ്വഭാവികമായി ജനിച്ച ഒരാള്‍ എങ്ങനെയാണ് ദൈവമാവുക?!

അല്ലാഹുവിന് മക്കളുണ്ടെന്ന് പറയുന്നത് ഗുരുതര പാതകമാണ്. അങ്ങനെ പറയല്ലേ... മക്കളുണ്ടെന്ന് പറയല്ലേ... ഗുരുതരമായ വാക്കാണത്. ആകാശഭൂമികളും പര്‍വതങ്ങളുമെല്ലാം ആ വാക്ക് കേട്ട് പൊട്ടിപ്പിളരാനായിട്ടുണ്ട്...! അത്രക്കും ഗൌരവതരമാണത്... കടുപ്പമേറിയ വാക്കുകളാണത് (സൂറത്തു മര്‍യം 88-92).

يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ

ഏകദൈവ സിദ്ധാന്തമാണ് ഈസാ നബി عليه السلام പ്രബോധനം ചെയ്തതെന്ന് ഒറിജിനല്‍ ബൈബിളില്‍ നിന്നുതന്നെ സുതരാം വ്യക്തമാണ്. ഈസാ നബി  عليه السلام യോ മഹാനവര്‍കളുടെ ശിഷ്യന്മാരോ ത്രിയേകത്വമോ മറ്റോ  പഠിപ്പിച്ചിട്ടില്ല. ആദ്യകാല ക്രിസ്റ്റ്യാനിറ്റിയിലെ മഹാപണ്ഡിതന്മാരൊന്നും അത് പ്രബോധനം ചെയ്തിട്ടുമില്ല. മറിച്ച്, ഈസാ നബി عليه السلام വിടവാങ്ങി മുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം തന്‍റെ  അധ്യാപനങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണതെല്ലാം.

أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ

തൗബ ചെയ്യാന്‍ റബ്ബ് പ്രേരിപ്പിക്കുകയാണ് അല്ലാഹു. എത്ര കൊടിയ തെറ്റ് ചെ്യതവരാണെങ്കിലും, ഇവിടെ പറഞ്ഞപോലെ ശിര്‍ക്കാണെങ്കില്‍  പോലും, എല്ലാം അവസാനിപ്പിച്ച് ശരിയായി ഖേദിച്ചുമടങ്ങിയാല്‍ കരുണാവാരിധിയായ റബ്ബ് പൊറുത്തരികതന്നെ ചെയ്യും.

വല്ല തെറ്റും വന്നുപോയെങ്കില്‍, പെട്ടെന്ന് തൗബ ചെയ്തു മടങ്ങുകയാണ് വേണ്ടത്. പടപ്പുകളോട് ഹഖിടപാടുള്ള വിഷയമാണെങ്കില്‍, അവരുടെ പൊരുത്തം വാങ്ങിയതിനു ശേഷം തൌബ ചെയ്യുക.

ഇങ്ങനെ ഖേദിച്ചുമടങ്ങുന്നവരെ അല്ലാഹുവിന് വലിയ ഇഷ്ടമാണ്. ഖല്‍ബില്‍ ഈമാനുണ്ടെന്നതിന്‍റെ ലക്ഷണവുമാണത്. എന്തെങ്കിലും തെറ്റ് പറ്റിപ്പോയാല്‍ മുഅ്മിനിന്‍റെ മനസ്സ് അസ്വസ്ഥമാകും. അതില്‍നിന്ന് പിന്മാറി ശരിയായി ഖേദിച്ചുമടങ്ങിയാലേ അവന് ആശ്വാസമാവുകയുള്ളൂ.

وَاللَّهُ غَفُورٌ رَحِيمٌ

ഇത്തരം സ്ഥലങ്ങള്‍ പാരായണം ചെയ്യുമ്പോഴോ കേള്‍ക്കുമ്പോഴോ, നമ്മളും അല്ലാഹുവിനോട് മാപ്പ് ചോദിക്കണം. ഇത്തരം വാക്യങ്ങള്‍ക്ക് ഒരു ജവാബെ (മറുപടി)ന്ന പോലെ,  رَبِّ اغْفِرْ وَارْحَمْ وَاَنْتَ خَيْرُ الرَّاحِمِين എന്ന് പറഞ്ഞുശീലിക്കുക. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനിടയിലുള്ള ദുആകള്‍ ഉത്തരം ലഭിക്കുന്നതാണല്ലോ.

അടുത്ത ആയത്ത് 75

ദൈവമായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ഈസാനബി عليه السلام മുന്‍ഗാമികളായ ദൈവദൂതന്മാരെപ്പോലെ ഒരു റസൂല്‍ മാത്രമാണ്, ദൈവമല്ല.

ഈസാ നബി  عليه السلامന് പിതാവില്ലെന്നത് ശരി, എന്നാലും മാതാവുണ്ടല്ലോ. ആ മാതാവ്, സത്യസന്ധയായ ഒരു ഉത്തമ വനിതയായിരുന്നു എന്നതും ശരിയാണ്. പക്ഷേ, അതുകൊണ്ടവര്‍ക്ക് ദൈവത്വം കല്‍പിക്കാന്‍ പറ്റുമോ? അവരെപ്പോലെ സച്ചരിതരായ സ്ത്രീകള്‍ പലരുമുണ്ടായിട്ടില്ലേ..?

ഇവര്‍ രണ്ടുപേരും ഭക്ഷണം കഴിക്കുമായിരുന്നു എന്നത്  മനുഷ്യസൃഷ്ടികളായിരുന്നു എന്നതിന് തെളിവല്ലേ. മാനവതയുടെ ലക്ഷണമായ ഭക്ഷണം പോലെയുള്ള സംഗതികള്‍ ആവശ്യമുള്ളവര്‍ എങ്ങനെയാണ് ആരാധ്യരാവുക?!

ഭക്ഷണം കഴിക്കുക എന്നതു മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ. വിശുദ്ധ ഖുര്‍ആന്‍റെ മാന്യത അതാണ്. അന്നപാനാദികള്‍ കഴിക്കുന്നവരുടെ ക്രമപ്രവൃദ്ധ വളര്‍ച്ച, ശാരീരിക മാറ്റങ്ങള്‍, മലമൂത്ര വിസര്‍ജനം തുടങ്ങിയവയൊക്കെ അവര്‍ക്കുണ്ടായിരുന്നു. ദൈവത്തിന് അങ്ങനെയുണ്ടാകുമോ?

ഇത്രയും സ്പഷ്ടമായ ദൃഷ്ടാന്തങ്ങളുണ്ടായിട്ടും, അതെല്ലാം വേണ്ടതുപോലെ വിവരിച്ചുകൊടുത്തിട്ടും നസ്വാറാക്കള്‍ സത്യമാര്‍ഗത്തില്‍ നിന്ന് മാറിസഞ്ചരിക്കുന്നതു നോക്കൂ! ആശ്ചര്യം തന്നെ!

مَا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انْظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انْظُرْ أَنَّىٰ يُؤْفَكُونَ (75)

മര്‍യം ബീവിയുടെ പുത്രന്‍ മസീഹ് ഈസാ ഒരു റസൂല്‍ മാത്രമാണ്. തനിക്കു മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉമ്മ പരമ സത്യസന്ധയാണ്. അവരിരുവരും ആഹാരം കഴിച്ചിരുന്നു. (ദൈവം ആഹാരം കഴിക്കില്ലല്ലോ). ആ ജനതക്ക് എങ്ങനെയെല്ലാമാണ് നാം ദൃഷ്ടാന്തങ്ങള്‍ പ്രതിപാദിച്ചുകൊടുക്കുന്നതെന്നു ചിന്തിച്ചുനോക്കൂ! എന്നിട്ടും അവര്‍ എങ്ങനെയാണ് വഴിതെറ്റിക്കപ്പെടുന്നത് എന്ന് വീണ്ടും ആലോചിക്കുക!

ഈസാനബി(عليه السلام) കുറെ അത്ഭുതങ്ങള്‍ കാണിച്ചിരുന്നല്ലോ എന്നാണ് പിന്നെയവര്‍ പറയാറ്. അതും ആരാധ്യനാണെന്ന് പറയാന്‍ തെളിവല്ലല്ലോ. വേറെയും പ്രവാചകന്മാര്‍ നിരവധി അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ടല്ലോ. മൂസാനബി(عليه السلام)യുടെ വടി ഇഴഞ്ഞുനടക്കുന്ന പാമ്പായി മാറിയില്ലേ-ഉദാഹരണം.

ഈസാനബി(عليه السلام)ക്ക്‌ പിതാവാണ് ഇല്ലാത്തതെങ്കില്‍, ആദം നബി(عليه السلام)ക്ക്‌ പിതാവും മാതാവുമില്ലല്ലോ. ഹവ്വാ ബീവിയോ, പെണ്ണില്ലാതെ ആണില്‍ നിന്നു മാത്രമല്ലേ സൃഷ്ടിക്കപ്പെട്ടത്! അവരൊന്നും ദൈവമല്ലെങ്കില്‍, മര്‍യമിന്‍റെ പുത്രനെ മാത്രം ദൈവമാക്കാന്‍ ഒരു ന്യായവുമില്ല.

അടുത്ത ആയത്ത് 76

സ്വന്തം നിലക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ കഴിവില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നതിന്‍റെ അര്‍ത്ഥശൂന്യതയാണ് ഇനി മനസ്സിലാക്കിത്തരുന്നത്. ഈസാ നബി (عليه السلام)യും ഇപ്പറഞ്ഞതില്‍ നിന്ന് ഒഴിവല്ലല്ലോ.

നേരത്തെ പറഞ്ഞപോലെ, മനുഷ്യപ്രകൃതങ്ങളായ സ്വഭാവങ്ങളെല്ലാം ഇസാനബിയി عليه السلام ലും ഉണ്ടായിരുന്നു, മഹാനവര്‍കള്‍ക്ക് ഒരുപാട് വേദനകളും യാതനകളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം നസ്വാറാക്കള്‍ പോലും സമ്മതിക്കുന്നുമുണ്ട്. സ്വന്തം ദേഹത്തിനുപോലും ബുദ്ധിമുട്ട് വരാതെ സംരക്ഷിക്കാന്‍ കഴിയാത്ത ഈസാനബി عليه السلام ക്ക് മറ്റുള്ളവര്‍ക്കെങ്ങനെ സംരക്ഷണവും മോക്ഷവും മുക്തിയുമൊക്കെ നല്‍കാന്‍ കഴിയും?!

 قُلْ أَتَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَاللَّهُ هُوَ السَّمِيعُ الْعَلِيمُ (76)

നബിയേചോദിക്കുക: യാതൊരു വിധ ഉപകാരവും ഉപദ്രവവും ചെയ്യാനാകാത്തവയെയാണോ അല്ലാഹുവിനെ വിട്ട് നിങ്ങള്‍ ആരാധിക്കുന്നത്അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു. 

ഇലാഹിന് ചെയ്യുന്ന വണക്കമാണല്ലോ ഇബാദത്ത്‌. മറ്റുള്ളവര്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്വന്തമായ കഴിവുള്ളവന് മാത്രമേ ഇലാഹായിരിക്കാന്‍ അര്‍ഹതയുള്ളു. അത്തരം കഴിവ്‌ അല്ലാഹുവിന്നല്ലാതെ വേറെ ആര്‍ക്കുമില്ല. ആത് ഈസാ നബി عليه السلام യാകട്ടെ, മറ്റാരെങ്കിലുമോ ആകട്ടെ.

ഈസാനബി(عليه السلام)നും മറ്റും അല്ലാഹു നല്‍കിയ കഴിവ് മാത്രമേയുള്ളൂ. അതിനാല്‍, മഹാനവര്‍കളോ മറ്റോ ഇലാഹുകളാകാന്‍ അര്‍ഹരല്ല. (ബൈളാവി 18 നോക്കുക). ഇതാണ്‌ ഈ വാക്യത്തിന്‍റെ സാരം. 

--------------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter