മോസ്ക് മാന്‍ ഗോപാലകൃഷ്ണന്‍ ഇനി ഓര്‍മ്മ

കേരളത്തിലെ നൂറിലേറെ പള്ളികളുടെ രൂപകൽപ്പനയിലൂടെ “Mosque Man” എന്നറിയപ്പെട്ട വാസ്തുശില്പി തിരുവനന്തപുരം ജി. ഗോപാലകൃഷ്ണൻ (90) നിര്യാതനായി.

കൊല്ലൂർവിള ജമാഅത്ത് പള്ളി, ബീമാപള്ളി, പാളയം ജുമാ മസ്ജിദ്, കടുവയിൽ പള്ളി, ആലംകോട് പള്ളി, എരുമേലി വാവർ പള്ളി തുടങ്ങി കേരളത്തിലും പുറത്തുമായി നൂറിലേറെ മസ്ജിദുകളുടെ രൂപകൽപ്പനയിലും നിർമാണത്തിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. നാല് ക്രൈസ്തവ ദേവാലയങ്ങളും ഒരു ഹൈന്ദവ ക്ഷേത്രവും അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്.

നിര്‍മ്മാണ രംഗത്ത് ഔദ്യോഗിക വിദ്യാഭ്യാസം ഒന്നും ഇല്ലാതെയാണ് ഗോപാലകൃഷ്ണൻ ഈ രംഗത്തെത്തിയത്. കെട്ടിട നിര്‍മ്മാണ കരാറുകാരനായിരുന്ന പിതാവ് ഗോവിന്ദനോടൊപ്പം പാളയം ജുമാ മസ്ജിദിന്റെ പുനർനിർമാണത്തിൽ പ്രവർത്തിച്ചതിലൂടെയാണ് പള്ളി നിര്‍മ്മാണ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. പിന്നീട് ബീമാപള്ളിയുടെ ദീർഘകാല നിർമാണപ്രവർത്തനം അദ്ദേഹത്തെ മുസ്‌ലിം സമൂഹത്തിനിടയിൽ കൂടുതൽ പരിചിതനാക്കി.

ഓരോ പള്ളിക്കും വ്യത്യസ്തമായ രൂപഭാവം നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. ഇസ്‍ലാമിക നിര്‍മ്മാണ രീതി പഠിക്കാൻ ഗ്രന്ഥങ്ങളെയും ചിത്രങ്ങളെയും ആശ്രയിച്ചു. പള്ളികളിൽ ഖുർആൻ വചനങ്ങൾ എഴുതുമ്പോൾ അവയുടെ മലയാള പരിഭാഷയും നൽകാൻ അദ്ദേഹം പ്രത്യേകം താൽപര്യം കാണിച്ചിരുന്നു.

പള്ളികളുമായുള്ള ദീർഘകാല ബന്ധം അദ്ദേഹത്തെ ഖുർആൻ പഠനത്തിലേക്കും നയിച്ചു. ഖുർആൻ, ബൈബിൾ, ഗീത എന്നിവ വായിക്കുകയും അവയിലെ ആശയങ്ങളെ താരതമ്യം ചെയ്ത് “ഞാൻ കണ്ട ഖുർആൻ” എന്ന പേരിൽ വിപുലമായൊരു രചന തയ്യാറാക്കുകയും ചെയ്തിരുന്നു. മതങ്ങൾക്കിടയിലെ സൗഹൃദം ലക്ഷ്യമിട്ട് മാനവമൈത്രി എന്ന കൂട്ടായ്മയും ആരംഭിച്ചു.

ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച അദ്ദേഹം, ജീവിതത്തിന്റെ വലിയൊരു ഭാഗം മുസ്‌ലിംകൾക്ക് നിസ്കരിക്കാനുള്ള പള്ളികൾക്ക് രൂപം നൽകാനാണ് ചെലവഴിച്ചത് എന്നത് ഏറെ കൗതുകകരമാണ്. മുസ്‌ലിം സമൂഹം അവരുടെ ആരാധനാലയങ്ങളുടെ രൂപകൽപ്പന അദ്ദേഹത്തെ വിശ്വസിച്ചേൽപ്പിക്കുകയും ചെയ്തു.

വിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും മനുഷ്യർക്ക് പരസ്പരം വിശ്വസിക്കാനും ചേർന്ന് മനോഹരമായത് സൃഷ്ടിക്കാനും കഴിയുമെന്ന കേരളത്തിന്റെ അനുഭവത്തിന്റെ ഒരു പ്രതീകം കൂടിയായിരുന്നു ഗോപാലകൃഷ്ണൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter