തദബ്ബുർ: അന്ധമായ അനുകരണത്തിൽ നിന്ന് ബുദ്ധിയുടെ മോചനത്തിലേക്ക്

"അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതാണ് അതെങ്കിൽ ഒട്ടേറെ വൈരുദ്ധ്യങ്ങൾ അവർക്കതിൽ കാണാമായിരുന്നു."(സൂറത്തുന്നിസാഅ് 82)

കാലാതീതവും സാർവത്രിക പ്രസക്തവുമായ വിശുദ്ധ ഖുർആൻ, ഇന്ന് മാനവികത നേരിടുന്ന കാലിക വിഷയങ്ങൾക്കെല്ലാം മാർഗനിർദേശം നൽകുന്ന വേദഗ്രന്ഥമാണ്. വിശുദ്ധ ഗ്രന്ഥത്തിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് ആരോപിക്കുന്ന ഓറിയന്റലിസ്റ്റുകൾക്കുള്ള ശക്തമായ മറുപടിയാണ് സൂറത്തുന്നിസാഇലെ 82-ാം സൂക്തം. ഈ ദൈവിക വചനം ഖുർആനിന്റെ ഉത്ഭവത്തെ വീണ്ടും സ്ഥിരീകരിക്കുകയും, അതിൽ ആഴത്തിൽ ചിന്തിക്കാനും വിശ്വസിക്കാനും മനുഷ്യരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഖുർആനിൽ 'അഫലാ' ( أفلا) എന്ന ചോദ്യരൂപം അഞ്ച് വ്യത്യസ്ത രീതികളിലാണ് പ്രയോഗിച്ചിട്ടുള്ളത്. 'അഫലാ' എന്ന പദത്തെ പിന്തുടർന്ന് താഴെ പറയുന്ന അഞ്ച് ക്രിയകൾ ഖുർആനിൽ നിരവധി തവണ ആവർത്തിച്ചിരിക്കുന്നു:

  1. (أفلا يتدبرون):നിങ്ങൾ ചിന്തിക്കുന്നില്ലേ? (ആഴത്തിലുള്ള ചിന്ത)
  2. (أفلا يعقلون):നിങ്ങൾ മനസ്സിലാക്കുന്നില്ലേ? (ബുദ്ധി ഉപയോഗിക്കൽ)
  3. (أفلا يتذكرون):നിങ്ങൾ ഓർമ്മിക്കുന്നില്ലേ? (ഉദ്ബോധനം)
  4. (أفلا تتفكرون):നിങ്ങൾ ആലോചിക്കുന്നില്ലേ? (വിശദമായ ആലോചന)
  5. (أفلا يعلمون):നിങ്ങൾ അറിയുന്നില്ലേ? (വിജ്ഞാനം നേടൽ)

ഈ അഞ്ച് ശേഷികളും ഉപയോഗിക്കാത്തവരോട്, അഥവാ ചിന്താശേഷി നിർജ്ജീവമാക്കിയവരോടാണ് ഖുർആൻ ഈ ചോദ്യശൈലിയിലൂടെ സംവദിക്കുന്നത്.

അറബിയിൽ 'തദബ്ബുർ' (تدبر) എന്ന പദം ഉപയോഗിക്കുന്നത്, ബുദ്ധി ശ്രദ്ധാപൂർവ്വം പ്രയോഗിച്ചാൽ സത്യത്തിലേക്ക് എത്തിച്ചേരാമെന്ന് ഉറപ്പുള്ള കാര്യങ്ങളിലാണ്. ഇവിടെ, ചിന്തിക്കുന്നതിലൂടെ വിമർശനാത്മക കഴിവുകൾ പ്രയോഗിക്കപ്പെടുന്നു. വഞ്ചിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ ഒരിക്കലും മറ്റൊരാളുടെ വിമർശനാത്മക കഴിവുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടില്ല. കാരണം, അത്തരമൊരു ചിന്തയിലൂടെ ആ വിഷയത്തിലെ ന്യൂനതകൾ വെളിവാകും. അതിനാൽ, ന്യൂനതകൾ മറച്ചുവെക്കണമെന്ന് ആഗ്രഹിക്കുന്ന ആള്‍ ഒരിക്കലും ചിന്തിക്കാൻ ആവശ്യപ്പെടുകയില്ല. തദബ്ബുർ എന്നത് വിവരങ്ങളെക്കുറിച്ചുള്ള ചിന്താപൂർവ്വവും ബോധപൂർവവുമായ പ്രതിഫലനത്തെയാണ് സൂചിപ്പിക്കുന്നത്. വിമർശനാത്മക ചിന്തയിലൂടെ യഥാർത്ഥ ധാരണയിലും സത്യത്തിലും എത്തിച്ചേരാൻ ഒരു വ്യക്തിയെ ഇത് പ്രാപ്തനാക്കുന്നു. ഇതിൽ വിശദാംശങ്ങൾ ശ്രദ്ധാപൂർവം വിശകലനം ചെയ്യുക, അനുമാനങ്ങളെ ചോദ്യം ചെയ്യുക, അർത്ഥങ്ങളെ ആഴത്തിൽ ചിന്തിക്കുക എന്നിവ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഒരു തുണികച്ചവടക്കാരൻ തന്റെ ഉൽപ്പന്നത്തിന് ന്യൂനതയുണ്ടെങ്കിൽ, ഉപഭോക്താവിനോട് തുണി വലിച്ചുനോക്കാനോ വെള്ളം ഒഴിച്ച് നിറവ്യത്യാസം പരിശോധിക്കാനോ ആവശ്യപ്പെടില്ല. എന്നാൽ, തന്റെ വസ്ത്രം പൂർണ്ണമായും ന്യൂനതാരഹിതമാണെന്ന് ഉറപ്പുള്ള സത്യസന്ധനായ കച്ചവടക്കാരൻ ആത്മവിശ്വാസത്തോടെ ഈ വിമർശനാത്മക പരിശോധനയെ സ്വാഗതം ചെയ്യും. അതുപോലെ, ഖുർആൻ, അതിലെ സത്യസന്ധതയിലും ദൈവികതയിലും പൂർണബോധ്യമുള്ളതുകൊണ്ട്, നിരന്തരം 'തദബ്ബുറിന്' വേണ്ടി മനുഷ്യരെ ക്ഷണിക്കുന്നു.

അല്ലാഹു വിശുദ്ധ ഖുർആനിൽ, 'അവർ ഖുർആനെപ്പറ്റി ചിന്തിക്കുന്നില്ലേ?' എന്ന് നിരന്തരം ചോദിക്കുന്നതിലൂടെ, ഒരു വസ്തുനിഷ്ഠമായ സമീപനത്തോടെ ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ, ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്നും അതിൽ വൈരുദ്ധ്യങ്ങളൊന്നും ഇല്ലെന്നും മനുഷ്യന് ബോധ്യപ്പെടാൻ സാധിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. വിമർശനാത്മക ചിന്തയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നതിലൂടെ, അല്ലാഹു വിശ്വാസികളെ തന്റെ വചനങ്ങളെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കാൻ ക്ഷണിക്കുന്നു. ഈ ചോദ്യത്തിലൂടെ, മനുഷ്യന് ചിന്തിക്കാനുള്ള ബുദ്ധിശക്തി നൽകി അവനെ ആദരിക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധ ഖുർആനിൽ 'അഫലാ' (أفلا) എന്ന ചോദ്യരൂപത്തിനു ശേഷം പ്രയോഗിച്ച അഞ്ചു ക്രിയാ രൂപങ്ങൾക്കും വ്യത്യസ്തമായ ആശയങ്ങളാണ് ഉള്ളത്. ഓരോന്നും ചിന്തയുടെ പ്രത്യേക തലങ്ങളെ സൂചിപ്പിക്കുന്നു:

  1. തദബ്ബുർ (تدبر): കാര്യങ്ങളുടെ അനന്തരഫലങ്ങൾ(عواقب الأمور) പരിഗണിച്ചുകൊണ്ട്, അവയിൽ നിന്നുണ്ടാകുന്ന ഫലങ്ങൾ മുൻകൂട്ടി കാണാൻ ശ്രമിക്കുക.(ആഴത്തിലുള്ള വിമർശനാത്മക ചിന്ത).
  2. തഫക്കുർ (تفكر):മറന്നുപോയ കാര്യങ്ങൾ തിരിച്ചെടുക്കാനും അവയെക്കുറിച്ച് സമഗ്രമായി ആലോചിക്കാനും ശ്രമിക്കുക.(വിശദമായ, ദീർഘമായ ആലോചന).

3.യഅ്ഖിലൂന (يعقلون): വിവേകം, ബുദ്ധി, യുക്തി എന്നിവ ഉപയോഗിച്ച് കാര്യങ്ങളെ ബന്ധിപ്പിച്ച് മനസ്സിലാക്കുക അഥവാ അനുമാനങ്ങളിൽ എത്തിച്ചേരുക.

4.യഅ്‌ലമൂന (يعلمون): അറിയുക, വിജ്ഞാനം നേടുക, സത്യം കണ്ടെത്തുക.

5.യതദക്കറൂന (يتذكرون): ഓർമ്മിക്കുക/ഉദ്ബോധനം നേടുക, ഓർമ്മപ്പെടുത്തുക, ഉണരുക, അല്ലെങ്കിൽ വിസ്മരിച്ച സത്യങ്ങളെ തിരികെ കൊണ്ടുവരുക.

ഈ അഞ്ച് തലങ്ങളിലൂടെയും മനുഷ്യൻ ചിന്താശേഷി ഉപയോഗിക്കുമ്പോൾ മാത്രമേ ഖുർആനിന്റെ സന്ദേശം പൂർണ്ണമായി ഗ്രഹിക്കാൻ സാധിക്കൂ എന്ന് ഈ പ്രയോഗങ്ങൾ ഓർമ്മിപ്പിക്കുന്നു.

ഇമാം ഖുർതുബി (റ) തൻ്റെ 'അൽജാമിഉ ലിഅഹ്കാമിൽ ഖുർആൻ' എന്ന തഫ്സീറിൽ സൂറത്തുന്നിസാഇലെ 82-ംാ സൂക്തത്തിൻ്റെ വ്യാഖ്യാനത്തില്‍ അന്ധമായ അനുകരണത്തെ (تقليد - തഖ്ലീദ്) ശക്തമായി നിരാകരിക്കുന്നു. 'തദബ്ബുർ' (تدبر) എന്ന പദം ഉപയോഗിച്ചുകൊണ്ട്, ഖുർആൻ മനുഷ്യരോട് യുക്തിസഹമായി ചിന്തിക്കാനുള്ള കൽപ്പന നൽകുകയാണ്. അതായത്, ചിന്താശേഷിയെ നിർജ്ജീവമാക്കി പൂർവ്വികരെ കണ്ണടച്ച് അനുകരിക്കുന്നതിന് പകരം, സ്വന്തം ബുദ്ധി ഉപയോഗിച്ച് ഖുർആനിലെ സത്യങ്ങൾ വിമർശനാത്മകമായി വിലയിരുത്തണം എന്ന് ഇമാം ഖുർത്തുബി ഇവിടെ ഊന്നിപ്പറയുന്നു.

وَإِذَا قِيلَ لَهُمُ ٱتَّبِعُوا۟ مَآ أَنزَلَ ٱللَّهُ قَالُوا۟ بَلْ نَتَّبِعُ مَآ أَلْفَيْنَا عَلَيْهِ ءَابَآءَنَآ ۗ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْقِلُونَ شَيْـًۭٔا وَلَا يَهْتَدُونَ

അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ അനുധാവനം ചെയ്യൂ എന്ന് അനുശാസിക്കപ്പെടുമ്പോൾ "ഇല്ല , പൂർവ്വപിതാക്കൾ സ്വീകരിച്ചതായിക്കണ്ടതേ ഞങ്ങൾ പിന്തുടരൂ' എന്നാണവരുടെ പ്രതികരണം. പൂർവികർ യാതൊന്നും ഗ്രഹിക്കാത്തവരും സന്മാർഗം പ്രാപിക്കാത്തവരുംമായിരുന്നെങ്കിലും പിന്തുടരുകയോ?! (സൂറത്തുൽ ബഖറ : 170 )

وَإِذَا قِيلَ لَهُمْ تَعَالَوْا۟ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُوا۟ حَسْبُنَا مَا وَجَدْنَا عَلَيْهِ ءَابَآءَنَآ ۚ أَوَلَوْ كَانَ ءَابَآؤُهُمْ لَا يَعْلَمُونَ شَيْـًۭٔا وَلَا يَهْتَدُونَ (١٠٤)

അല്ലാഹു അവതരിപ്പിച്ചതിലേക്കും റസൂലിന്റെ അധ്യാപനങ്ങളിലേക്കും വരൂ എന്ന് ശാസിക്കപ്പെടുമ്പോൾ, ഏതൊരു പന്ഥാവിൽ ഞങ്ങളുടെ പിതാക്കളെ കണ്ടുവോ അതുമതി ഞങ്ങൾക്ക് എന്നാണ് അവരുടെ പ്രതികരണം! അവരുടെ പിതാക്കൾ യാതൊന്നും അറിയാത്തവരും സന്മാർഗ്ഗ പ്രാപ്തരാകാത്തവരും ആണെങ്കിലും അതു മതിയോ അവർക്ക് ? (സൂറത്തുൽ മാഇദ 104)

ഇവിടെ ഒന്നാമത്തെ സൂക്തത്തിൽ 'ലായഅ്ഖിലൂന' (لَا يَعْقِلُونَ - അവർ യുക്തി ഉപയോഗിക്കുന്നില്ല) എന്നും രണ്ടാമത്തെ സൂക്തത്തിൽ 'ലായഅ്‌ലമൂന' (لَا يَعْلَمُونَ - അവർ അറിയുന്നില്ല) എന്നും പ്രയോഗിച്ചത് സൂക്തങ്ങളിലെ അവിശ്വാസികളുടെ മറുപടിയിലുള്ള വ്യത്യാസം കണക്കിലെടുത്താണ്. രണ്ടാമത്തെ സൂക്തത്തിൽ അവിശ്വാസികളുടെ മറുപടി 'അതുമതി ഞങ്ങൾക്ക്' (حَسْبُنَا) എന്ന് പ്രസ്താവിക്കുമ്പോൾ, അവർ സത്യം മനസ്സിലാക്കിയിട്ടും തെറ്റിൽത്തന്നെ ഉറച്ചുനിൽക്കാനുള്ള ശാഠ്യം പ്രകടിപ്പിക്കുന്നു.

അതുകൊണ്ടാണ്, ഒന്നാം സൂക്തത്തിൽ അവർക്ക് ബുദ്ധിയെ (لَا يَعْقِلُونَ) നിഷേധിച്ചപ്പോൾ, രണ്ടാം സൂക്തത്തിൽ അറിവിനെ (لَا يَعْلَمُونَ) നിഷേധിച്ചത്. കാരണം, ബുദ്ധിശക്തിയെക്കാൾ (عقل) വിശാലമാണ് അറിവ് (علم). സ്വന്തം ബുദ്ധി ഉപയോഗിച്ചുള്ള ചിന്തയിലൂടെ മാത്രമല്ല, മറ്റുള്ളവർ മനസ്സിലാക്കിയ കാര്യങ്ങൾ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതിലൂടെയും അറിവ് സമ്പാദിക്കാൻ സാധിക്കും. എന്നാൽ, ഒന്നാം സൂക്തത്തിൽ 'ബുദ്ധിയെ ഇല്ലാതാക്കി' എന്നതിലൂടെ സ്വന്തം കഴിവുപയോഗിച്ച് ചിന്തിച്ച് ഗവേഷണം ചെയ്യാനും വിമർശനാത്മകമായി വിലയിരുത്താനുമുള്ള അവരുടെ കഴിവിനെ മാത്രമാണ് നിഷേധിക്കുന്നത്.

വിശുദ്ധ ഖുർആനിലെ സൂറത്തുന്നിസാഇലെ 82-ാം സൂക്തം അതിനു മുമ്പുള്ള രണ്ട് സൂക്തങ്ങളുമായി (80, 81) എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇമാം ശഅ്റാവി തൻ്റെ 'തഫ്സീറുൽ ശഅ്റാവി'യിൽ വിശദീകരിക്കുന്നു.

مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ وَمَن تَوَلَّىٰ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًۭا (٨٠)

وَيَقُولُونَ طَاعَةٌۭ فَإِذَا بَرَزُوا۟ مِنْ عِندِكَ بَيَّتَ طَآئِفَةٌۭ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ ۖ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ ۖ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا (٨١)

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَـٰفًۭا كَثِيرًۭا (٨٢)

റസൂല്‍(സ്വ)യുടെ കൽപ്പനകൾ അല്ലാഹുവിൻ്റെ കൽപ്പനകളാണ് എന്ന് പ്രഖ്യാപിക്കുന്ന 80-ാം സൂക്തത്തിൻ്റെ അപ്രമാദിത്വത്തെ, തുടർന്നുള്ള സൂക്തങ്ങൾ യുക്തിപരമായി സ്ഥാപിക്കുകയാണ്. 81-ാം സൂക്തത്തിൽ, കപടവിശ്വാസികളുടെ ഗൂഢാലോചനകളും രഹസ്യവിചാരങ്ങളും അല്ലാഹു തൻ്റെ ദൂതന് വെളിപ്പെടുത്തിക്കൊണ്ട്, അവരുടെ രാത്രികാല ചർച്ചകളെ പകൽ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. ഈ സൂക്ഷ്മമായ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് 82-ാം സൂക്തത്തിലെ (അവർ ചിന്തിക്കുന്നില്ലേ?) എന്ന വിസ്മയകരമായ ചോദ്യം ഉയരുന്നത്. ഈ ചോദ്യം കേവലമൊരു അന്വേഷണമല്ല, മറിച്ച് ദിവ്യജ്ഞാനത്തിൻ്റെ ഉറപ്പുള്ള ഒരു പ്രഖ്യാപനമാണ്. അതായത്, ഖുർആനെ നിരാകരിക്കുന്നവർ അതിൻ്റെ ഉള്ളടക്കത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ, റസൂലിന് ഈ രഹസ്യങ്ങൾ വെളിപ്പെടുത്തിയത് സർവ്വജ്ഞനായ അല്ലാഹുവാണെന്നും, അതിനാൽ റസൂൽ പ്രബോധനം ചെയ്യുന്നതെല്ലാം സത്യമാണെന്നും അവർക്ക് ബോധ്യമാകും എന്നാണ് ഇതിലൂടെ പ്രഖ്യാപിക്കുന്നത്. ഈ ബോധ്യം 80-ാം സൂക്തത്തിലെ 'റസൂലിനെ അനുസരിക്കുന്നവൻ അല്ലാഹുവിനെ അനുസരിച്ചു' എന്ന തത്വത്തിന് യുക്തിപരമായ അടിത്തറ നൽകുകയും, ഈ മൂന്ന് സൂക്തങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിശ്വാസപരമായ ഒരു ദൃഢീകരണം നൽകുകയും ചെയ്യുന്നു.

അറബി ഭാഷയിൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ, അതിൻ്റെ ആദ്യഘട്ടത്തിൽ തന്നെ എല്ലാവരാലും അനായാസം വിശ്വസിക്കപ്പെടേണ്ടതില്ല എന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നു. കാരണം, ആദ്യമേ ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടുന്ന ഗ്രന്ഥത്തിന്മേൽ ദിവ്യത്വത്തിൻ്റെ വെല്ലുവിളികൾ (ഇഅ്‌ജാസ്) സ്ഥാപിക്കപ്പെടുകയില്ല. അവിടെ, വിശ്വസിച്ചവർക്ക് തങ്ങളുടെ വിശ്വാസമാണ് കാരണം എന്ന് പറഞ്ഞ് ഗ്രന്ഥത്തിൻ്റെ അമാനുഷികത ചോദ്യം ചെയ്യപ്പെടാതെ പോയേനെ. എന്നാൽ, ഖുർആൻ അവതരിക്കുന്ന സന്ദർഭത്തിൽ, അതിൻ്റെ സ്വതസിദ്ധമായ ശൈലിയെയും ഭാഷാപരമായ സൗന്ദര്യത്തെയും ചോദ്യം ചെയ്ത അറബികളായ അവിശ്വാസികൾക്ക് ഖുർആൻ ഒരു നേരിട്ടുള്ള വെല്ലുവിളി ഉയർത്തി. അതിലൂടെ, ഖുർആനിലെ സൂറത്തുകൾക്ക് സമാനമായ സൂറത്തുകളോ, അല്ലെങ്കിൽ ഏറ്റവും ചെറിയ ഒരു സൂറത്തിന് തുല്യമായ ഒരധ്യായം പോലുമോ കൊണ്ടുവരാൻ അവർക്ക് സാധിക്കുകയില്ലെന്ന് ബോധിപ്പിച്ചു. ഈ വെല്ലുവിളിയും അതിനെ മറികടക്കാൻ അറബി ഭാഷാ പണ്ഡിതന്മാർക്ക് പോലും സാധിക്കാതെ പോയതുമാണ്, ഖുർആൻ ദൈവികമാണ് എന്നതിൻ്റെ ഏറ്റവും വലിയ ബാഹ്യമായ തെളിവായി ഇന്നും നിലകൊള്ളുന്നത്.

പ്രവാചകർ(സ്വ)ക്ക് ഔപചാരികമായ ഒരു ഗുരു ഉണ്ടായിരുന്നില്ലെന്നും, അറേബ്യൻ ഉപദ്വീപിനു പുറത്ത് ശാമിലേക്ക് മാത്രമാണ് അവിടുന്ന് യാത്ര നടത്തിയിട്ടുള്ളതെന്നും അക്കാലത്തെ അറബികൾക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും, ശത്രുക്കൾ ഒരു അനറബിയാണ് നബിയെ ഖുർആൻ പഠിപ്പിച്ചത് എന്ന് ആരോപണം ഉന്നയിച്ചപ്പോൾ, ഖുർആൻ അതിന്  മറുപടി നൽകിയത് ഇങ്ങനെയാണ്.

وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُۥ بَشَرٌۭ ۗ لِّسَانُ ٱلَّذِى يُلْحِدُونَ إِلَيْهِ أَعْجَمِىٌّۭ وَهَـٰذَا لِسَانٌ عَرَبِىٌّۭ مُّبِينٌ ١٠٣

ഈ മറുപടി, ഖുർആൻ ദൈവികമാണ് എന്നതിനും പ്രവാചകൻ സത്യസന്ധനാണ് എന്നതിനും കൂടുതൽ ദൃഢമായ തെളിവ് നൽകുന്നു.

മുഹമ്മദ്(സ്വ)ക്ക് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ അമാനുഷിക ശക്തിയും സാഹിത്യപരമായ സമ്പുഷ്ടിയും ഉള്ള ഗ്രന്ഥമാണ് എന്ന കാര്യത്തിൽ, അതിൻ്റെ അവതരണ കാലഘട്ടത്തിലെ വിശ്വാസികളോ അവിശ്വാസികളോ ഒരു തരത്തിലുള്ള വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ല. ഖുർആൻ അവതരിച്ച കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും അറബി സാഹിത്യത്തിൽ അതിപ്രാവീണരുമായിരുന്ന അവിശ്വാസികൾ പോലും ഖുർആനിനെ നിഷേധിച്ചപ്പോൾ, അതിൻ്റെ ഭാഷാപരമായ സൗന്ദര്യത്തെ നേരിട്ട് ചോദ്യം ചെയ്യുന്നതിനു പകരം, അത് മനുഷ്യരചിതമാണ്, പൂർവ്വികരുടെ കെട്ടുകഥകളാണ്, അല്ലെങ്കിൽ കവിതയാണ് എന്ന തരത്തിലുള്ള തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, പിന്നീട് വന്ന കാലഘട്ടങ്ങളിൽ, അറബി ഭാഷാ പരിജ്ഞാനം ഇല്ലാത്തവരും അറബി സാഹിത്യത്തിൽ പ്രാവീണ്യമില്ലാത്തവരുമായ ഓറിയൻ്റലിസ്റ്റുകൾ (പൗരസ്ത്യവാദികൾ) ഖുർആനിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് ആരോപിക്കാൻ തുടങ്ങി. അറബി ഭാഷയുടെ സൂക്ഷ്മമായ അർത്ഥതലങ്ങളും ബലാഗയും (വാചാലത) കൈവശമില്ലാത്തതിനാലാണ് അവർക്ക് ഈ വൈരുദ്ധ്യങ്ങൾ തോന്നിയത്. ഇത്, ഖുർആൻ്റെ അമാനുഷികതയെ ചോദ്യം ചെയ്യുന്നവർക്ക് ഭാഷാപരമായ അറിവിൻ്റെ കുറവ് ഒരു വലിയ തടസ്സമാണ് എന്ന് വ്യക്തമാക്കുന്നു.

വിശുദ്ധ ഖുർആനിൻ്റെ അമാനുഷികത അതിൻ്റെ കേവലമായ സാഹിത്യസമ്പുഷ്ടിയിൽ മാത്രം ഒതുങ്ങുന്നില്ല. അങ്ങനെയെങ്കിൽ, ഖുർആൻ അറബികൾക്ക് മാത്രമായി അവതരിച്ച ഒരു ഗ്രന്ഥമാണ് എന്ന തെറ്റായ നിഗമനത്തിലേക്ക് അത് വഴിവെച്ചേനെ. എന്നാൽ, ഖുർആൻ അറബികളെയും അനറബികളെയും ഒരേപോലെയാണ് അഭിസംബോധന ചെയ്യുന്നത്. ഖുർആനിൻ്റെ സാർവത്രികമായ അമാനുഷികത നിലനിൽക്കുന്നത്, ഒരു മനുഷ്യൻ്റെ പരിമിതമായ അറിവുകൾക്ക് അതീതമായ പ്രപഞ്ചപരമായ സത്യങ്ങളെയും, ചരിത്രപരമായ സംഭവങ്ങളെയും, അജ്ഞാത വസ്തുതകളെയും അത് ഉൾക്കൊള്ളുന്നു എന്നതിലാണ്.

വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യങ്ങളുണ്ട് എന്ന് വാദിക്കുന്ന ഓറിയൻ്റലിസ്റ്റുകൾക്ക് ഇമാം ശഅ്റാവി തൻ്റെ 'തഫ്സീറുൽ ശഅ്റാവി'യിൽ ശക്തമായ മറുപടി നൽകുന്നു. സാധാരണ ഗതിയിൽ തെളിയിക്കപ്പെട്ട ഒരു കാര്യത്തെ നിഷേധിക്കാനോ, നിഷേധിക്കപ്പെട്ട ഒന്നിനെ സ്ഥിരീകരിക്കാനോ ഒരേസമയം സാധ്യമല്ല എന്ന പൊതുതത്വത്തെ മുൻനിർത്തിയാണ് അവർ ഖുർആനെ വിമർശിക്കുന്നത്.

ഓറിയൻ്റലിസ്റ്റുകൾ വൈരുദ്ധ്യത്തിന് തെളിവായി ഉദ്ധരിക്കുന്നത് സൂറത്തുൽ അൻഫാലിലെ പതിനേഴാം സൂക്തമാണ്

وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ

"(നബിയേ,) താങ്കളവരെ എറിഞ്ഞപ്പോൾ, യഥാർത്ഥത്തിൽ എറിഞ്ഞത് താങ്കളല്ല, പ്രത്യുത, അല്ലാഹുവാണ് എറിഞ്ഞത്." (സൂറത്തുൽ അൻഫാൽ 17). ഈ വാക്യം ഒരേ സമയം 'നീ എറിഞ്ഞു' (إِذْ رَمَيْتَ) എന്ന് സ്ഥിരീകരിക്കുകയും, 'നീ എറിഞ്ഞതല്ല' (وَمَا رَمَيْتَ) എന്ന് നിഷേധിക്കുകയും ചെയ്യുന്നു എന്ന് അവർ വാദിക്കുന്നു.

ഇമാം ശഅ്റാവിയുടെ വീക്ഷണത്തിൽ, ഈ വിമർശനം അറബി ഭാഷയിലെ 'ക്രിയ' (فعل) യുടെ സൂക്ഷ്മമായ അർത്ഥങ്ങൾ അറിയാത്തതിനാലുള്ള അബദ്ധമാണ്. ഈ സൂക്തത്തിലെ വൈരുദ്ധ്യം പ്രത്യക്ഷത്തിൽ മാത്രമുള്ളതാണ് :

"നീ എറിഞ്ഞു" (إِذْ رَمَيْتَ): ഈ ഭാഗം ക്രിയയുടെ 'പ്രവൃത്തിയുടെ സാക്ഷാത്കാരം' അഥവാ നബി (സ്വ) കല്ലെടുത്ത് ശത്രുക്കൾക്ക് നേരെ എറിഞ്ഞ ശാരീരിക പ്രവൃത്തി (Physical Action) സ്ഥിരീകരിക്കുന്നു. എറിഞ്ഞത് നബിയാണ്. "നീ എറിഞ്ഞതല്ല" (وَمَا رَمَيْتَ): ഈ ഭാഗം നിഷേധിക്കുന്നത്, ആ എറിഞ്ഞതിൻ്റെ 'ഫലത്തെ' അഥവാ ശക്തിയെയും വ്യാപ്തിയെയും ആണ്. അതായത്, നബി (സ്വ) എറിഞ്ഞ ആ പിടി കല്ലുകൾ ശത്രുക്കളുടെ കണ്ണുകളിൽ ഒരുപോലെ എത്തിച്ച് അവരെ പരാജയപ്പെടുത്തിയ അമാനുഷിക ഫലം നബിയുടെ സ്വന്തം ശക്തിയാൽ ഉണ്ടായതല്ല; അത് അല്ലാഹുവിൻ്റെ ശക്തിയാൽ സംഭവിച്ചതാണ്.

ചുരുക്കത്തിൽ, സൂക്തം നിഷേധിക്കുന്നത് പ്രവൃത്തിയുടെ സാക്ഷാത്കാരത്തെ (عمل) അല്ല, മറിച്ച് അതിൻ്റെ ഫലത്തെ (أثر) ആണ്. അതുകൊണ്ട്, സൂക്തം ഒരേ കാര്യത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, പ്രവൃത്തി മനുഷ്യൻ്റെ ഭാഗത്തുനിന്നും, അതിൻ്റെ ഫലം ദൈവത്തിൻ്റെ ഭാഗത്തുനിന്നുമാണ് എന്ന് വേർതിരിച്ച് മനസ്സിലാക്കുകയാണ് ഇവിടെ ചെയ്യുന്നത്. അറബി ഭാഷയുടെ ഈ കൃത്യത മനസ്സിലാക്കാത്തതിനാലാണ് ഓറിയൻ്റലിസ്റ്റുകൾക്ക് തെറ്റിദ്ധാരണ ഉണ്ടായതെന്ന് ഇമാം ശഅ്റാവി സ്ഥാപിക്കുന്നു.

ആകാശഭൂമികൾ ആറുദിവസംകൊണ്ടാണ് സൃഷ്ടിച്ചത് എന്ന ഖുർആനിക പ്രഖ്യാപനത്തിന് വിരുദ്ധമായി, സൂറത്തുൽ ഫുസ്സിലത്തിലെ 9 മുതൽ 12 വരെയുള്ള സൂക്തങ്ങൾ തെളിവായി ഉദ്ധരിച്ച് എട്ട് ദിവസമാണ് സൃഷ്ടിപ്പിന് എടുത്തതെന്ന് ഓറിയന്റലിസ്റ്റുകൾ വാദിക്കുന്നു.

۞ قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًۭا ۚ ذَٰلِكَ رَبُّ ٱلْعَـٰلَمِينَ (٩)

وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَـٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍۢ سَوَآءًۭ لِّلسَّآئِلِينَ (١٠)

ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌۭ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًۭا قَالَتَآ أَتَيْنَا طَآئِعِينَ (١١)

فَقَضَىٰهُنَّ سَبْعَ سَمَـٰوَاتٍۢ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَـٰبِيحَ وَحِفْظًۭا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ (١٢)

ഈ വാദം ഖുർആനിന്റെ ഭാഷാപരമായ ശൈലിയെ വേണ്ടത്ര ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്തതിൻ്റെ ഫലമാണ്. 10-ാം സൂക്തത്തിൽ പറയുന്ന "നാല് ദിവസങ്ങൾ" (فِيٓ أَرْبَعَةِ أَيَّامٍۢ) എന്നത് 9-ാം സൂക്തത്തിൽ പറഞ്ഞ രണ്ടു ദിവസങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള തുടർച്ചയായ സമയമാണ്. അതായത്, 9-ാം സൂക്തത്തിൽ ഭൂമിയെ സൃഷ്ടിക്കാൻ എടുത്തത് രണ്ടു ദിവസങ്ങളാണ്. ഭൂമിയുടെ സൃഷ്ടിപ്പും, അതിലെ പർവതങ്ങൾ, അനുഗ്രഹങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയുടെ ക്രമീകരണവും തുടർച്ചയായ നാല് ദിവസങ്ങൾ (2 + 2 = 4) കൊണ്ടാണ് പൂർത്തിയായത്. ഭൂമിയുടെ സൃഷ്ടിപ്പും ക്രമീകരണങ്ങളും നാല് ദിവസവും ആകാശത്തിന്റെ സൃഷ്ടിപ്പ് രണ്ട് ദിവസവും (4+2=6) ആണെന്ന് ഖുർആൻ കൃത്യമായി പറയുന്നു. ഓറിയൻ്റലിസ്റ്റുകളുടെ ഈ വാദം ഖുർആനിലെ വിവരങ്ങളെ വേണ്ടത്ര ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്തതിൻ്റെ ഫലമാണ്. ശരിയായ ഭാഷാപരമായ വിശകലനത്തിലൂടെ, സൃഷ്ടിപ്പ് ആറു ദിവസങ്ങൾ കൊണ്ടാണെന്ന ഖുർആനിക പ്രഖ്യാപനവും ഫുസ്സിലത്തിലെ സൂക്തങ്ങളും തമ്മിൽ ഒരൊറ്റ വൈരുദ്ധ്യവുമില്ല എന്ന് ബോധ്യമാകും.

വിശുദ്ധ ഖുർആനിന്റെ പാരായണ ശൈലികളിൽ (ഖിറാഅത്തുകളിൽ) വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് ചിലർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, സൂറത്തുൽ ഫാത്തിഹയിലെ നാലാം സൂക്തത്തിൽ 'മാലികി' (ഉടമസ്ഥൻ) എന്നതിനോടൊപ്പം 'മലികി' (രാജാവ്) എന്നും പാരായണ രീതിയുണ്ട് എന്ന് അവർ തെളിവായി വാദിക്കുന്നു. എന്നാൽ, ഈ പാരായണ ശൈലികളിലെ വ്യത്യാസം വൈരുദ്ധ്യം (Contradiction) അല്ല, മറിച്ച് അർത്ഥത്തിൻ്റെ ശക്തിയും വ്യാപ്തിയും വർദ്ധിപ്പിക്കുന്ന വൈവിധ്യത്തിൻ്റെ (Diversity) വ്യത്യാസമാണ്. 'മാലികി' എന്നും 'മലികി' എന്നും പാരായണം ചെയ്യുമ്പോൾ, അല്ലാഹുവിൻ്റെ ഉടമസ്ഥതയും (Ownership) രാജത്വവും (Sovereignty) ഒരേസമയം സ്ഥാപിക്കപ്പെടുകയും, അർത്ഥം കൂടുതൽ സമ്പന്നമാവുകയും ചെയ്യുന്നു. വിവിധ ഖിറാഅത്തുകൾ, ഖുർആൻ ഉദ്ദേശിച്ച ലക്ഷ്യത്തിൽ നിന്ന് വ്യതിചലിപ്പിക്കാതെ, യഥാർത്ഥ അർത്ഥത്തെ ശക്തിപ്പെടുത്തുകയും അതിൻ്റെ വ്യാപ്തിയെ വികസിപ്പിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.

ഖുർആനിൽ ഏതെങ്കിലും ചോദ്യങ്ങൾ ഉയർത്തുന്നതോ, വൈരുദ്ധ്യങ്ങളുണ്ടെന്ന് തോന്നുന്നതോ ആയ ഒരു ഭാഗം കണ്ടാൽ, ബുദ്ധി ഉപയോഗിച്ച് ആഴത്തിൽ ചിന്തിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് അല്ലാഹു ഖുർആനിൽ നിരന്തരം "നിങ്ങൾ ചിന്തിക്കുന്നില്ലേ?" എന്ന് ചോദിക്കുന്നത്.

വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകില്ല എന്നതിന് കാരണം, ഖുർആൻ മാറ്റമില്ലാത്ത ദിവ്യജ്ഞാനത്തിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നതുകൊണ്ടാണ്. മറിച്ച്, വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നത് മനുഷ്യരുടെ ധാരണകളിലും ചിന്തകളിലുമുള്ള പിഴവുകൾ മൂലമാണ്. ഈ വൈരുദ്ധ്യം സ്ഥാപിക്കാൻ പ്രശസ്ത അറബി കവിയായ അബുൽഅലാഅ് അൽമഅർരിയുടെ കവിതകൾ ഉദാഹരണമായി എടുക്കാം. അദ്ദേഹം ഒരു കവിതയിൽ ഇങ്ങനെ പറയുന്നു:

تحطَّمنَا الأَيَّامُ حتى كأنَّنا زُجاجٌ ولكِنْ لا يُعادُ لَنَا سَبْكُ

(കാലം നമ്മെ തകർത്തിരിക്കുന്നു, നാം ഗ്ലാസ് പോലെയായി; എന്നാൽ അതിനെ വീണ്ടും ഉരുക്കി പഴയ രൂപത്തിലാക്കാൻ കഴിയില്ല.)

ഈ വരികളിലൂടെ, ഗ്ലാസ് പൊട്ടിയാൽ പഴയ രൂപത്തിലേക്ക് മാറ്റം സാധ്യമല്ലാത്തതുപോലെ, മനുഷ്യന് പുനരുത്ഥാനമില്ല എന്ന ചിന്ത അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ, മറ്റൊരു കവിതയിൽ, പുനർജന്മത്തെക്കുറിച്ച് അദ്ദേഹം തൻ്റെ സംശയം പ്രകടിപ്പിക്കുന്നു:

زَعَمَ المنَّجْمُ والطَّيبُ كِلاهُما لَا تُحْشَرُ الأَجْسَادُ فَقُلْتُ لِكِلْكُمَا

إنْ صَحَّ قَوْلُكمَا فَلَسْتُ بِخَاسِرٍ أَوْ صَحَّ قَوْلِي فَالخسْارُ عَليْكُمَا

(ജ്യോതിഷിയും വൈദ്യനും പറഞ്ഞു: 'ശരീരങ്ങൾ പുനരുത്ഥാനത്തിനായി ഒരുമിച്ചു കൂട്ടപ്പെടുകയില്ല.' അപ്പോൾ ഞാൻ ഇരുവരോടുമായി പറഞ്ഞു: നിങ്ങളുടെ വാദം ശരിയാണെങ്കിൽ എനിക്ക് നഷ്ടമില്ല; എൻ്റെ വാദമാണ് ശരിയെങ്കിൽ, നഷ്ടം നിങ്ങൾക്കാണ്.)

ഒരു കവി തന്നെ തൻ്റെ ആശയങ്ങളിൽ മാറ്റം വരുത്തുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ ഉദാഹരണം, അനുഭവങ്ങളാലും യാഥാർത്ഥ്യങ്ങളാലും മാറ്റത്തിന് സാധ്യതയുള്ള ഒരു വ്യക്തിയിൽ നിന്നാണ് വൈരുദ്ധ്യങ്ങൾ ഉത്ഭവിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. എന്നാൽ , അല്ലാഹുവിന്റെ അറിവിൽ ഒരിക്കലും മാറ്റങ്ങളോ കുറവുകളോ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ, അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ കാലാതീതവും വൈരുദ്ധ്യങ്ങളിൽ നിന്ന് മുക്തവുമാണ്. മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ടുള്ള വിശകലനമാണ് ഖുർആനിൽ പിഴവുകൾഉണ്ടെന്ന് തെറ്റിദ്ധാരണക്ക് കാരണം.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അറിവ് പരിമിതവും കാലികവുമാണ്. എന്നാൽ, അല്ലാഹുവിൻ്റെ അറിവിൽ ഭൂതകാലവും ഭാവിയും ഒരുപോലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ അനന്തമായ ജ്ഞാനത്തിൻ്റെ വെളിച്ചത്തിലാണ് പ്രവാചകൻ മുഹമ്മദ്(സ്വ) ഭാവിയിലെ സംഭവങ്ങളെയും കഴിഞ്ഞുപോയ ചരിത്രങ്ങളെയും കുറിച്ച് വിവരം നൽകിയത്. പ്രവാചകന് മുമ്പുള്ള പ്രവാചകന്മാരെക്കുറിച്ചും അവരുടെ ജനതയെക്കുറിച്ചുമുള്ള ചരിത്രങ്ങൾ, നേരിട്ടുള്ള അറിവില്ലാതെ നബി(സ്വ) വിവരിച്ചത് ദിവ്യബോധനത്തിൻ്റെ (വഹിയ്) തെളിവാണ്. "നബീ, മൂസാ നബിക്ക് നാം ദൗത്യമേൽപ്പിച്ചു കൊടുക്കുമ്പോൾ ആ പശ്ചിമ പർവ്വതത്തിൻ്റെ ഓരത്ത് താങ്കളില്ലായിരുന്നു; അതിൻ്റെ സാക്ഷികളിലും താങ്കൾ ഉണ്ടായിരുന്നില്ല. പക്ഷേ, പല തലമുറകളെയും പിന്നീട് നാം സൃഷ്ടിക്കുകയും അവർക്ക് കാലദൈർഘ്യം ഉണ്ടാവുകയും ചെയ്തു. നമ്മുടെ സൂക്തങ്ങൾ പാരായണം ചെയ്തു കൊടുക്കാനായി മദ്‍യൻ നിവാസികളിൽ താങ്കൾ കഴിഞ്ഞുകൂടിയിട്ടും ഇല്ലായിരുന്നു. എന്നാൽ ദൂതനിയോഗം നാം നിർവഹിച്ചു കൊണ്ടേയിരുന്നു." (സൂറത്തുൽ ഖസ്വസ്: 44, 45). ഈ സൂക്തങ്ങൾ, നബി(സ്വ)യുടെ ജ്ഞാനത്തിൻ്റെ ഉറവിടം കേവലം മനുഷ്യസമ്പർക്കമല്ല, മറിച്ച് അല്ലാഹുവാണ് എന്ന് ദൃഢീകരിക്കുന്നു.

മുസ്‍ലിംകൾ ബലഹീനരായ അവസ്ഥയിൽ, ഖുർആൻ ഭാവിയിലെ മഹത്തായ വിജയത്തെക്കുറിച്ച് പ്രവചിച്ചു: "എന്നാൽ ഈ സംഘം പരാജിതരാകുന്നതും പിന്തിരിഞ്ഞോടുന്നതുമാകുന്നു." (സൂറത്തുൽ ഖമർ: 45). തുടർന്ന്, ബദർ യുദ്ധത്തിൽ ശത്രുപക്ഷം പരാജിതരായി പിന്തിരിഞ്ഞോടിയപ്പോൾ ഈ പ്രവചനം സത്യമായി ഭവിച്ചു. അതുപോലെ, വലീദ് ഇബ്നു മുഗീറയെ സംബന്ധിച്ച്: "അവന്റെ തുമ്പിക്കയ്യിന് നാം അടയാളം വെക്കാൻ പോവുകയാണ്" (സൂറത്തുൽ ഖലം: 16) എന്ന സൂക്തം അവതരിച്ചപ്പോൾ 'അതിനു സാധിക്കുമോ' എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബദർ ദിനത്തിൽ അദ്ദേഹത്തിൻ്റെ മൂക്കിൽ വെട്ടേൽക്കുകയും, അതിൻ്റെ അപമാനകരമായ അടയാളം മരണം വരെ നിലനിൽക്കുകയും ചെയ്തു.

ഗൂഢസംഭാഷണം നടത്തുന്ന കപടവിശ്വാസികളെക്കുറിച്ച് ഖുർആൻ വെളിപ്പെടുത്തി: രഹസ്യ സംഭാഷണം നടത്തുന്നതിൽ നിന്ന് നിരോധിക്കപ്പെടുകയും എന്നിട്ടും അത് ആവർത്തിക്കുകയും, കുറ്റത്തിനും അതിക്രമത്തിനും നബിക്ക് വിരോധം പ്രവർത്തിക്കുന്നതിനും ഗൂഢ സംസാരം നടത്തുകയും ചെയ്യുന്നവരെ താങ്കൾ കാണുന്നില്ലേ? അങ്ങയുടെ സന്നിധിയിൽ എത്തിയാൽ അല്ലാഹു ചെയ്യാത്ത അഭിവാദ്യം കൊണ്ട് അവർ താങ്കളെ അഭിവാദ്യം ചെയ്യുന്നു. 'ഇപ്പറയുന്നതിന്റെ പേരിൽ അല്ലാഹു നമ്മെ ശിക്ഷിക്കാത്തതെന്ത്' എന്ന് പരസ്പരം അവർ ജൽപിക്കുകയാണ്. നരകം അവർക്ക് എത്രയോ പര്യാപ്തം! അവരതിൽ പ്രവേശിക്കുന്നതാണ്. എത്ര ഹീനമാണ് ആ സങ്കേതം!. (സൂറത്തുൽ മുജാദില 8)

നബി(സ്വ) അവിശ്വാസികൾക്കിടയിലെ രഹസ്യങ്ങളും അവരുടെ ഹൃദയത്തിൽ മറച്ചുവെച്ചതും അറിഞ്ഞിരുന്നത് വഹിയ് (ദിവ്യബോധനം) വഴിയാണ്. ഭാവിയുടെ മറകൾ ഭേദിച്ചും ഭൂതകാലത്തെ പുനഃസൃഷ്ടിച്ചുമുള്ള ഈ വെളിപ്പെടുത്തലുകൾ, പ്രവാചകൻ(സ്വ)  അല്ലാഹുവിൻ്റെ ദൂതൻ മാത്രമാണ് എന്ന സത്യത്തെ സ്ഥാപിക്കുകയും, ഖുർആൻ ദൈവികമാണ് എന്നതിന് അവിതർക്കമായ തെളിവ് നൽകുകയും ചെയ്യുന്നു.

പരിശുദ്ധ ഖുർആനിൻ്റെ അർത്ഥതലങ്ങൾ വിശാലവും ആഴമേറിയതുമാണ്. അവ യഥാർത്ഥത്തിൽ ഗ്രഹിക്കണമെങ്കിൽ ആഴത്തിലുള്ള ചിന്തയും (തദബ്ബുർ) വിശകലനവും അനിവാര്യമാണ്. ഈ ചിന്തയുടെ അഭാവത്തെ സൂറത്തുൽ മുഹമ്മദിലെ 24-ാം സൂക്തം ശക്തമായി ചോദ്യം ചെയ്യുന്നു: "അവർ എന്തുകൊണ്ട് ഖുർആൻ ചിന്തിച്ചു ഗ്രഹിക്കുന്നില്ല? അതോ, ഹൃദയങ്ങളിൽ പൂട്ടുകൾ ഇട്ടിട്ടുണ്ടോ?" (സൂറത്തുൽ മുഹമ്മദ്: 24).

ഖുർആനിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്നവരുടെ വാദങ്ങളെ സൂറത്തുന്നിസാഇലെ എൺപത്തിരണ്ടാം സൂക്തം ബൗദ്ധികമായി നിരാകരിക്കുന്നു. ഖുർആനിൽ വൈരുധ്യങ്ങൾ ഉണ്ടെന്ന നിലക്കുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നത് ഭാഷയിലുള്ള അഗാധമായ അവബോധമില്ലായ്മയും നിഷ്പക്ഷമായ വിമർശനാത്മക ചിന്തയുടെ അഭാവവും കാരണത്താലാണ്. ഖുർആനിക സത്യങ്ങൾ ഗ്രഹിക്കാൻ ഹൃദയങ്ങളിലെ അജ്ഞതയുടെ പൂട്ട് തുറന്ന്, തദബ്ബുറിൻ്റെ വാതിൽ തുറക്കുകയാണ് വേണ്ടത്. നാഥന്‍ തുണക്കട്ടെ.

 About the author:

ചെമ്മാട് ഫാതിമാ സഹ്റാ ഇസ്‍ലാമിക് വനിതാ കോളേജ്, ഡിപാര്‍ട്മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സ് വിഭാഗത്തിലെ, ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter